
ബ്രഹ്മപുരത്തെ കെടാവിളക്കിൽ നിന്നു ചുറ്റുവിളക്കിലേക്ക് അഗ്നി പടർന്നിരിക്കുന്നു. തിരുവിതാംകൂറിൽ വരെ ഉഷ്ണ വാതകങ്ങൾ എത്തിത്തുടങ്ങിയിരിക്കുന്നു. തലശ്ശേരിയിലും കണ്ണൂരിലും പുക എത്തിയാലുള്ള പുകിലെന്താണെന്ന് ആർക്കും പ്രവചിക്കാനാവില്ല. പെരുമ്പടപ്പു സ്വരൂപത്തിലെ ബ്രഹ്മാണ്ഡ സമാനമായ ചവറുകൂന കെടാവിളക്കു പോലെ കത്താൻ തുടങ്ങിയതിന്റെ കാരണമെന്താണ്? തീക്കൊള്ളികൊണ്ട് പുറം ചൊറിഞ്ഞവർ ആരായാലും ചെയ്തതു ശരിക്കും ഫലിച്ചു. പക്ഷെ, വാളെടുത്തവൻ വാളാൽ മരിക്കും. കൊള്ളിയെടുത്തവൻ കൊള്ളി കൊണ്ടു തീരും. അതാണ് പ്രകൃതി നിയമം. ബാർ അറ്റ് ലോ! ദ ലോ ഒഫ് ഡിവൈൻ! ദൈവനീതി!
ഇപ്പോൾ ബ്രഹ്മപുരത്തെ കെടാവിളക്കിൽ നിന്നു ചുറ്റുവിളക്കിലേക്ക് അഗ്നി പടർന്നിരിക്കുന്നു. തിരുവിതാംകൂറിൽ വരെ ഉഷ്ണ വാതകങ്ങൾ എത്തിത്തുടങ്ങിയിരിക്കുന്നു. തലശ്ശേരിയിലും കണ്ണൂരിലും പുക എത്തിയാലുള്ള പുകിലെന്താണെന്ന് ആർക്കും പ്രവചിക്കാനാവില്ല. തല പെരുക്കും, കണ്ണു നനയും.ഡിസാസ്റ്റർ മാനെജ്മെന്റ് വിദഗ്ധരുടെ ഉടുമുണ്ടിനും ഉടുക്കാത്ത മുണ്ടിനും തീ പിടിക്കും. നിലത്തു കുത്തിയിരുന്നു തീയുടെ നേരേ വെള്ളം തുപ്പന്ന ജല പീരങ്കികളുടെ തൊണ്ട പോലും വരളും. പുകച്ചൂടിൽ നാട് നരകമായി വാടിക്കരിയും.
തീയില്ലാതെ പുക!
ഇപ്പോഴത്തെ ഗ്ളോബൽ വാമിങ്ങിന്റെ ആസ്ഥാനമായ ബ്രഹ്മാവിന്റെ പുരത്ത് തീ കെട്ടാലും കെട്ടില്ലെങ്കിലും പുലിവാലാണ്. ഇരുപത്തിരണ്ടോളം ഹിറ്റാച്ചന്മാരും ഹിറ്റാച്ചികളും അനവരതം ആക്രികൾക്കിടയിൽ ആറാടിയിട്ടും പുക കെടുന്നില്ലെന്നു വന്നാൽ എന്തു ചെയ്യും? തീയില്ലാതെ പുക പൊങ്ങിയാൽ സൂക്ഷിക്കണമെന്നാണു മനുസ്മൃതിയുടെ മാനിഫസ്റ്റോയിൽ പറയുന്നത്. അതു വെറും പുകയല്ല, ജഗപൊകയായിരിക്കും.ദേശാധിപധ്യമുള്ള അധികാരിയെ സ്ഥലം മാറ്റിയാൽ പുക കെടുമെന്നാണ് ആസ്ഥാന ജോത്സ്യന്മർ കരുതിയത്. പക്ഷെ, ചൂടും പുകയും കൂടുകയാണ്. എരിതീയിൽ എണ്ണയൊഴിച്ച സ്ഥിതി.എതിരാളികളെക്കൂടി വിശ്വാസത്തിലെടുത്ത് തീ കെടുത്തുകയാണ് നല്ലതെന്ന് ചില മഷി നോട്ടക്കാർ പറയുന്നുണ്ട്. കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചാമ്പൽ വാരിക്കുകയുമാകാമല്ലോ.പുകഞ്ഞ കൊള്ളി പുറത്ത് എന്ന പ്രമാണമനുസരിച്ചാണ് തീ കെടുത്താൻ അമാന്തിക്കുന്നതെന്നാണ് നഗരത്തിലെ സംസാര വിഷയം. മുഖംമൂടികൾ വിതരണം ചെയ്താൽ അതൊരു മുഖം രക്ഷിക്കലിന്റെ ഫലം ചെയ്യുമെന്നും വാദമുണ്ട്.
ഭാവി തലമുറയ്ക്കു വേണ്ടി ആക്രി സാധനങ്ങൾ പരിപാലിക്കാൻ ബ്രഹ്മപുരം പോല കുറെ ഉപദേവാലയങ്ങൾ കൂടി കൊച്ചിയിലും മറ്റും വേണമെന്നാണ് ചില പ്രജാ മുഖ്യരുടെ ഇപ്പോഴത്തെ നിലപാട്. അതിന് അമ്പലമേട്ടിലോ മറ്റോ പുതിയ ചവറ്റു കേന്ദ്രങ്ങളോ സാംസ്ക്കാരിക ഡമ്പ് യാഡുകളോ കണ്ടെത്താൻ വൈറ്റിലയിൽ വെറ്റില പ്രശ്നം വയ്ക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ബ്രഹ്മാണ്ടപ്പറമ്പിലെ തീയും പുകയും സ്കൂൾ വിദ്യാർഥികളുടെ പരീക്ഷയെ ബാധിക്കില്ലെന്നും അഗ്നിപരീക്ഷയുടെ നടത്തിപ്പുകാർ ഉറപ്പുതരുന്നു. പരീക്ഷാ കൺട്രോളറും ഡ്രഗ്സ് കൺട്രോളറും ഇക്കാരത്തിൽ ട്രോളുകളിറക്കിയിട്ടുണ്ട്. പരീക്ഷ മുടങ്ങിയാലും ഡ്രഗ്സ് മുടങ്ങുകയില്ലന്നാണ് അവർ പറയുന്നത്.
ബുദ്ധിജീവികൾ പറയുന്നത്!
വില്ലുവണ്ടിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലേക്ക് നമ്മൾ മാറിക്കയുമ്പോൾ ഉണ്ടാകുന്ന പുതിയ നവോത്ഥാന വെല്ലുവിളികളായി ഇത്തരം പ്രശ്നങ്ങളെ കണ്ടാൽ മതിയെന്നാണ് സംസ്കൃതചിത്തരും ഇളയിടത്തു തമ്പുരാക്കന്മാരുമായ ബുദ്ധിജീവികളുടെ വിലയിരുത്തൽ. അനുനിമിഷം മാറി വരുന്ന ആധുനിക ടെക്നോളജി, അർബനൈസേഷൻ, അണുകുടുംബങ്ങളിലെ സംഘർഷങ്ങൾ, പുതിയ തൊഴിൽ സംസ്കാരത്തിന്റെ ഫലമായുണ്ടാക്കുന്ന പിരിമുറുക്കങ്ങൾ, അടിച്ചമർത്തപ്പെടുന്ന ലൈംഗികത, മാനസികാരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, മയക്കുമരുന്നുകളുടെ ഉപയാഗം, പുതിയ തലമുറയുടെ ദേശാടനങ്ങൾ, വൃദ്ധ സമൂഹത്തിന്റെ ഏകാന്തതകൾ, പ്രത്യയ ശാസ്ത്ര പ്രതിസന്ധികൾ, ആരോഗ്യ രംഗത്തെ കച്ചവടവത്കരണം, സാമൂഹിക മാധ്യമങ്ങളുടെ ആധിക്യം, ആശയ വിനി മയത്തിന്റെ തടസങ്ങൾ - എന്നിങ്ങനെ ഓരോ കാര്യങ്ങളും ഇന്നത്തെ കാലത്തിന്റെ സംഭാവനകളാണ്. അതിലൊന്നു മാത്രമാണ് ചവറ്റു കൂന പ്രശ്നം.
ചവറ്റുകൂനയുടെ മുകളിൽ പനിനീർ തളിച്ചാലും അന്തർഭാഗത്ത് അഗ്നിയുടെ അന്തർധാര സജീവമാണത്രെ. റാഡിക്കലായി ചിന്തിച്ചാൽ കാര്യം മനസിലാകുമത്രെ. ഈ ചവറ്റു ചാരത്തിൽ സവർണതയുടെ വിഷപ്പല്ലുകളും അസ്ഥിക്കഷണങ്ങളും തെളിഞ്ഞു കാണുന്നുണ്ടെന്നും അവ പെറുക്കിയെടുത്ത് ചേലാമറ്റത്തെ പേരാറ്റിലൊഴുക്കണമെന്നും അവറ്റകൾ നിർദേശിക്കുന്നു.
ഖാണ്ഡവ വന ദഹനം!
അർജുനനും കൃഷ്ണനും ചേർന്നു പണ്ടു ഖാണ്ഡവവനം കത്തിച്ചത് ഓർക്കുന്നില്ലേ? അതും പാപികളുടെ ചവറു കൂനയായിരുന്നു. ആ കാനനം കത്തിച്ച് ഭൂമിയുടെ ഭാരം കുറയ്ക്കുകയായിരുന്നു കൃഷ്ണന്റെ ഉദ്ദേശ്യം. അർജുനനും അദേഹത്തെ സഹായത്തിനെത്തി.
അക്കാലത്ത് ജലസേചന - തുറമുഖ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇന്ദ്രൻ പ്രത്യക്ഷപ്പെട്ട് മഴ പെയ്യിച്ച് കാട്ടിലെ തീ കെടുത്താൻ പല തവണ ശ്രമിച്ചു. കൃഷ്ണാർജുനന്മാരാകട്ടെ, അമ്പുകൾ കൊണ്ട് മറയുണ്ടാക്കി ഖാണ്ഡവാഗ്നി കെട്ടു പോകാതെ നോക്കി. തീ കത്തിക്കലും കെടുത്തലും അന്നും രാഷ്ട്രീയ അഡ്ജസ്റ്റുമെന്റുകളുടെ ഭാഗമായിരുന്നു. ഒടുവിൽ, ഈ തീക്കളിയിലും ഗോവിന്ദനായ കൃഷ്ണൻ തന്നെ വിജയിച്ചു.
ഗോവിന്ദം ഭജ മൂഢമതേ: എന്നു പുതിയ ശൈലി പിറന്നു. ഈ ഖാണ്ഡവവനം കത്തിയമർന്ന പ്രദേശമാണ് കുട്ടനാട് എന്ന് കേൾക്കുന്നു. പഴയ കാലത്തെ കത്തിക്കരിഞ്ഞ വനവൃഷങ്ങളുടെ അവശിഷ്ടങ്ങൾ നിറഞ്ഞ ഭാഗങ്ങളാണത്രെ 'കരികൾ' - എന്ന പേരിലറിയപ്പെടുന്ന രാമങ്കരിയും മിത്രക്കരിയും ചേന്നങ്കരിയുമൊക്കെ!
krpramodmenon@gmail.com
94478 09631