
നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻറലിജെൻസ് ) സോഫ്റ്റ്വെയറുകൾ, ചാറ്റ് ചെയ്തു സംഭാഷണങ്ങളും സാഹിത്യ രചനകളുമുണ്ടാക്കുന്ന അപ്പുകൾ (ചാറ്റ്ജിപിടി -chatGPT- തുടങ്ങിയവ ) ഇപ്പോൾ തന്നെ ആനുകാലികങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. എഴുത്തുകാരെ വേണ്ട; പത്രാധിപർ തന്നെ കവിത എഴുതിയാൽ മതിയെന്ന് തീരുമാനിക്കുകയാണെങ്കിൽ ചാറ്റ്ജിപിടിയുടെ നിർദേശങ്ങളും സൂചനകളും കൊടുത്തു ഒരു കവിത ഉണ്ടാക്കിയെടുത്ത് പരിഭാഷപ്പെടുത്തി തിരുത്തൽ വരുത്തി മാഗസിനിൽ പ്രസിദ്ധീകരിക്കാം. ഇന്നത്തെ കവിതകൾക്ക് പൊതുവേ
ജീവിതത്തോട് വൈകാരിക ബന്ധമില്ല; പലരും അവനവന്റെ ആവശ്യത്തിനു വേണ്ടി കവിത നിർമിച്ചെടുക്കുകയാണ്. കവിത ഒരു ജനകീയ ഉല്പന്നമാണല്ലോ.ആരെന്ത് എഴുതിയാലും അതെല്ലാം പണം വാങ്ങി ആരെക്കൊണ്ടെങ്കിലും ചൊല്ലിച്ച്, റെക്കോർഡ് ചെയ്ത് ദൃശ്യഭംഗിയോടെ ഷൂട്ട് ചെയ്ത് ആൽബമായി പുറത്തിറക്കുന്നതാണ് ഇന്നത്തെ നാട്ടുനടപ്പ്.
അതിന്റെ മൂല്യം എന്നു പറയുന്നത് ചർച്ച ചെയ്യേണ്ട വിഷയം പോലുമല്ല. അങ്ങനെയൊരു ഉല്പന്നം നിലവിലുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി. അതിന്റെ സാന്നിധ്യം തന്നെയാണ് മൂല്യം. വ്യക്തിജീവിതത്തിൽ ഇപ്പോൾ വൈകാരിക ബന്ധം കുറയുകയാണല്ലോ. ഇമോജികളും അശരീരികളുമാണ് മുഖ്യം. നേരിൽ കാണണമെന്നില്ല. പ്രേമിക്കാൻ സമൂഹമാധ്യമങ്ങളും ചിഹ്നങ്ങളും ശബ്ദസന്ദേശങ്ങളും മതി. പരസ്പരം കാണാതെ എത്രകാലം വേണമെങ്കിലും ചാറ്റ് ചെയ്ത് ജീവിക്കാം. ഒരിക്കൽ പോലും കാണണമെന്നില്ല. ശരീരം കൊണ്ട് യാതൊരു ഉപയോഗവുമില്ലാതായി, പുതിയ ആപ്പുകൾ വന്നതോടെ. എന്നാൽ ഇതൊന്നും യഥാർത്ഥ പ്രേമമാണെന്നു തെറ്റിദ്ധരിക്കരുത്. വെറും അശയവിനിമയങ്ങൾ മാത്രം.
മനുഷ്യമനസ് ഒരു ഇമോജിയായി ചുരുങ്ങിയിരിക്കുകയാണ്. ഉള്ളിലുള്ള വികാരം എന്തു തന്നെയായാലും അതെല്ലാം മറച്ചുവെച്ച് വിരുദ്ധമായ ഒരു ഇമേജി അയയ്ക്കാൻ സൗകര്യമുണ്ട്. ആരെയും പ്രേമിക്കാതെ തന്നെ ആയിരക്കണക്കിനാളുകളോട് സ്വതന്ത്രമായി ഓൺലൈനിൽ സൗഹൃദത്തിന്റെ പല തലങ്ങളിൽ ബന്ധം പുലർത്താമെന്നതാണ് പുതിയ മനുഷ്യനെ പ്രതീതിയിലെത്തിക്കുന്ന വസ്തുത.
ആശയധ്രുവങ്ങളില്ല
നവസാങ്കേതിക വിദ്യ, ഡിജിറ്റൽ മോഡേണിസം, ഉത്തര- ഉത്തരാധുനികത എന്നിവയുടെ ഫലമായുണ്ടായ പുതിയ മനുഷ്യനാണിപ്പോഴുള്ളത്. 1960കളിലെ റിയലിസമല്ല ഇത്. ഒരു കേന്ദ്രീകൃതമായ ശാസ്ത്രസത്യത്തിനു ചുറ്റും ഭ്രമണം നടത്തുന്ന മനുഷ്യബോധമല്ല ഇന്നത്തേത്. ആശയധ്രുവങ്ങൾ അസ്തമിച്ചിരിക്കുന്നു. ഇന്നു ആയിരക്കണക്കിന് ധ്രുവങ്ങളാണുളളത്. എണ്ണിയാൽ തീരാത്ത കമ്പാർട്ട്മെന്റുകളാണ്, മനുഷ്യവ്യവഹാരങ്ങളിൽ കാണാനാകുന്നത്.
കേന്ദ്രീകൃതമായ കർത്തൃത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അനുഭവലോകം പുസ്തകങ്ങളിലാണുള്ളത്. എന്നാൽ ഇന്ന് പുസ്തകങ്ങളേക്കാൾ, സാഹിത്യ സൃഷ്ടികളേക്കാൾ വ്യത്യസ്തമായ ലോകങ്ങൾ ഉണ്ടായിരിക്കുന്നു. ബ്രിട്ടീഷ് സൈദ്ധാന്തികനായ അലൻ കിർബിയുടെ "ഡിജിമോഡേണിസം' എന്ന കൃതിയിൽ ഗ്രന്ഥകാരകർത്തൃത്വത്തിനു പകരം ശിഥിലവും നൈമിഷികവുമായ അനുഭവങ്ങൾ പ്രസക്തമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. ആയിരം പേജുള്ള, ദസ്തയെവ്സ്കിയുടെ "കരമസോവ് സഹോദരന്മാർ' പൂർണമായാണ്, മുഴുവനായാണ് ഒരു അഖണ്ഡസൃഷ്ടിമായി നിൽക്കുന്നത്. പേജുകൾ പൂർണമായി വായിക്കുമ്പോഴാണ് ആ നോവലിനെ അനുഭവിക്കുന്നത്. ഒരു ശില്പം അങ്ങനെയാണ്. കാരണം, ഒരു ശില്പത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം ആ ശില്പത്തെ പ്രതിനിധീകരിക്കുന്നില്ല. അതുപോലെ ഒരു നോവലിലെ ഏതാനും പേജുകൾ ആ നോവലിനെ പൂർണമായി പ്രതിനിധീകരിക്കുന്നില്ല. അതിന്റെ പേജുകളിൽ മാറ്റം വരുത്താനോ, ക്രമം തെറ്റിച്ച് വായിക്കാനോ അതിൽ വ്യവസ്ഥയില്ല. ഇടയ്ക്ക് നിന്ന് കുറെ പേജുകൾ മാത്രം വായിച്ചാൽ പൂർണമായ അനുഭവം കിട്ടില്ല.
ഇതാണ് പരമ്പരാഗതമായ കർതൃത്വ സങ്കല്പം. ഒരു കർത്താവിന്റെ കേന്ദ്രമാണത്.അതിനെ ആശ്രയിച്ചാണ് വായനക്കാർ സഞ്ചരിക്കുന്നത്. എന്നാൽ അത് തകർന്നിരിക്കുന്നു. ഗൂഗിളിൽ പരതുമ്പോൾ നമുക്ക് എവിടെ നിന്നും തുടങ്ങാം. നിശ്ചിതമായ തുടക്കമോ അന്ത്യമോ ഇല്ല. ഏത് പേജും തുടക്കമാണ്, അന്ത്യമാണ്. ഇന്റർനെറ്റ് വ്യക്തികേന്ദ്രീകൃതമായ കർത്തൃത്വത്തെ ഇല്ലാതാക്കി ഉപയോക്താവിന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. ഇത് വലിയ വിപ്ലവമാണ്.ഇതിന്റെ തുടർച്ചയായാണ് സമൂഹമാധ്യമങ്ങൾ വരുന്നത്.
ഭൂതത്തെ ഉച്ചാടനം ചെയ്യാൻ
ഇപ്പോൾ ചാറ്റ്ജിപിടി പോലുള്ള സങ്കേതങ്ങൾ വ്യക്തികൾക്ക് അവരുടെ ഇഷ്ടത്തിനൊത്ത് ഉള്ളടക്കം നിർമിക്കാൻ സഹായകമാണ്. സ്വന്തം മനസ് ഉപയോഗിക്കാതെ വസ്തുതകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ "രചന' എന്ന ഉത്പന്നമുണ്ടാക്കാം.
മാത്യു അർനോൾഡ് "ഡോവർ ബീച്ച്' എഴുതുന്നത് അദ്ദേഹത്തിന്റെ മനസിനെ മഥിക്കുന്ന ചില ഓർമകളിൽ നിന്നാണ്. അതിൽ ആ കവിയുടെ സഹനത്തിന്റെ ആഴം കാണാം. തന്നെ ബാധിച്ച ഒരു ഭൂതത്തെ ഉച്ചാടനം ചെയ്യുകയാണ് കവി. നീറി നിൽക്കുന്ന ഒരു വിഷാദമനസിൽ നിന്നാണ് ആ കവിത വരുന്നത്. അതുകൊണ്ടാണ് തിരകളിലും കാറ്റിലും പ്രാപഞ്ചികമായ വിഷാദത്തെ കവി അനുഭവിച്ചറിയുന്നത്.
എന്നാൽ ചാറ്റ്ജിപിടി ഉപയോഗിക്കുന്ന ഒരു പുതിയ കവി തന്റെ മനസിനെ ഒരു വിധത്തിലും ബാധിക്കാത്ത ചില താക്കോൽ വാക്കുകളും സ്ഥല നാമങ്ങളും ഉപയോഗിച്ച് ഒരു നിർമിത കവിത രചിക്കുകയാണെങ്കിൽ, അതിൽ ഒരു മനുഷ്യാത്മാവിന്റെ വൈയക്തികമായ പെരുമാറ്റ സൂക്ഷ്മതകൾ ഉണ്ടാകില്ല. ബുദ്ധിയുടെ യാന്ത്രികമായ പൂരണം മാത്രമേ ഉണ്ടാവൂ. ഇത് സർഗാത്മകതയിൽ നിന്ന് വിഭിന്നമായ ഒരു മേഖലയാണ്. സർഗാത്മകതയിൽ, വ്യക്തിയാണ് മൂല്യത്തെയും നവീനതയെയും നിർവ്വചിക്കുന്നത്.
അതേസമയം ചാറ്റിങ് യന്ത്രത്തിനു മൂല്യങ്ങളെക്കുറിച്ചുള്ള ആലോചനകൾ മൗലികമായി സൃഷ്ടിക്കാനാവില്ല. ഒരു വ്യവസ്ഥയിൽ പരിവർത്തനത്തിനു വേണ്ടി യാതനയനുഭവിക്കുന്നതും പൊരുതുന്നതും ആഗ്രഹിക്കുന്നതും ചാറ്റ്ജിപിടിക്ക് അറിയില്ല. അതിനു അറിഞ്ഞ അറിവിന്റെ അറിവാണുള്ളത്. ഇതുവരെ അറിയാത്തത് അറിയാനൊക്കില്ല. കാരണം, അത് ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണല്ലോ ചെയ്യുന്നത്. യാതൊരു വികാരവും തരാൻ ഇത്തരം യന്ത്രകവിതകൾക്ക് കഴിയില്ല. യഥാർഥ കവിതകളിൽ, മനസിലേക്ക് കുതിർന്നിറങ്ങുന്ന വികാരങ്ങൾ മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ആരായ ലുകൾ സൃഷ്ടിക്കുന്നു. പക്ഷേ, യന്ത്രകവിതകൾക്ക് അതിന്റെ ആവശ്യമില്ലല്ലോ. അത് കേവലം ഉപഭോക്തൃ വസ്തുവാണ്.
സാഹിത്യസൃഷ്ടിയിൽ നിന്ന് യാതൊരു മൗലികചിന്തയും ആവശ്യമില്ലാത്ത എഴുത്തുകാർക്കും വായനക്കാർക്കും ഒരു കൗതുകത്തിന് വേണ്ടി ചാറ്റ്ജിപിടി ഉപയോഗിക്കാം. പക്ഷേ, അതിന് ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽപ്പില്ല. വാൻഗോഗിന്റെ "പൊട്ടറ്റോ ഈറ്റേഴ്സ്' എന്ന ചിത്രത്തിലെ മനുഷ്യാവസ്ഥ യന്ത്രത്തിന് തരാനൊക്കില്ല.
മനുഷ്യനും ദൈവവും
കഴിഞ്ഞദിവസം അന്തരിച്ച ജാപ്പനീസ് സാഹിത്യകാരൻ കെൻസാബുറോ ഒയി മനുഷ്യ മനസിനെക്കുറിച്ച് ഞെട്ടലുണ്ടാക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയത് ഓർക്കുകയാണ്.
"ഒരു വ്യക്തി സ്വയം വഞ്ചിച്ചുകൊണ്ട് വിഷലിപ്തമായാൽ, അവനു പിന്നെ സ്വന്തമായി ഒരു നല്ല തീരുമാനവും എടുക്കാനാവില്ല'.
അതിന്റെയർഥം നമ്മൾ തന്നെയാണ് നമ്മുടെ ഭാവിയെ നിശ്ചയിക്കുന്നതെന്നാണ്. മനുഷ്യൻ സ്വയം വിമർശിക്കുകയും വിലയിരുത്തുകയും വേണം. അല്ലെങ്കിൽ അവന്റെ ദൈവമായിരിക്കും ആ തെറ്റെല്ലാം ചെയ്യുക. അങ്ങനെ വന്നാൽ അവനു എല്ലാ തീരുമാനങ്ങളിലും കറുപ്പ് പടർത്തേണ്ടി വരും.
ഉടലിനെ തേടുന്നവൾ
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പോളിഷ് പെൺ കവി അന്ന സ്വിർ എഴുതിയ "വൻകുടൽ' (പരിഭാഷ: വി. രവികുമാർ, ലിറ്റ്നൗ ഡോട്ട് കോം) എന്ന കവിത നല്ലൊരു വായനാനുഭവമായി. ഒരു സ്ത്രീ സ്വന്തം ഉടലിനെ നോക്കി കാണുന്നത് ഒരു പുരുഷന്റെ മനോഭാവത്തിനു അനുസരിച്ചായിരിക്കുമോ? മാധ്യമങ്ങളിലെയും കലകളിലെയും സ്ത്രീശരീരങ്ങൾ പുരുഷന്മാർ നിർമിച്ചതാണ്. "സ്ഫടികം' എന്ന ചിത്രത്തിൽ സംവിധായകൻ ഭദ്രൻ സിൽക്ക് സ്മിതയുടെ ഉടൽ നിർമിക്കുന്നു, പുരുഷന്റെ കണ്ണുകളുടെ താത്പര്യമനുസരിച്ച്.
"സന്ധ്യമയങ്ങും നേരം' എന്ന ചിത്രത്തിൽ ഭരതൻ ജയഭാരതിയുടെ ഉടൽ നിർമിക്കുന്നു, പ്രേക്ഷകന്റെ അറിയപ്പെടാത്ത കാമചക്ഷുസുകളെ മുന്നിൽ കണ്ട്. ഇതാണ് കലയിലെ സ്ത്രീശരീരം പറയുന്നത്. ഇതിനനുസരിച്ച് ചില സ്ത്രീ മനസുകളെങ്കിലും സ്വാധീനിക്കപ്പെടും. ആ സ്വാധീനത്തിലാണ് "അശ്ലീല' സാഹിത്യവും നഗ്ന ഫോട്ടോകളും ഉയർന്നുവരുന്നത്. എന്നാൽ ഒരു സ്ത്രീ ഈ പുരുഷ വീക്ഷണങ്ങളെയെല്ലാം തളളിക്കളഞ്ഞ്, ശരീരത്തെ തന്റേതായ രീതിയിൽ നോക്കി കാണുമ്പോൾ അതിൽ പുരുഷന്റെ കാമചക്ഷുസുകൾക്ക് സ്ഥാനമുണ്ടായിരിക്കുകയില്ല. പുരുഷൻ പുറത്താവുകയാണ് ചെയ്യുന്നത്.
അന്നാ സ്വിർ എഴുതുന്നു :
"കണ്ണാടി നോക്കൂ,
നമുക്കിരുവർക്കും നോക്കാം
ഇതാ എന്റെ നഗ്നമായ ഉടൽ
നിനക്കതിനെ ഇഷ്ടമായിരിക്കാം
എനിക്കിഷ്ടപ്പെടാൻ ഒരു കാരണവുമില്ല
ഞങ്ങളെ തമ്മിൽ കൂട്ടിക്കെട്ടിയതാരാണ്?
എന്നെയും ഉടലിനെയും?
അത് മരിക്കുമ്പോൾ
എന്തിന് ഞാനും കൂടെ മരിക്കണം?
ഞങ്ങൾക്കിടയിലെ അതിർത്തി
എവിടെയാണെന്നറിയാൻ
എനിക്കവകാശമുണ്ട്.
എവിടെയാണ് ഞാൻ, ഞാൻ,
ഞാനായ ഞാൻ?
വൻകുടലിൽ?
കാലിടുക്കിലെ ദ്വാരത്തിൽ?
ഒരു കാൽവിരലിൽ?
തലച്ചോറിലാണെന്ന് വരാം.
എനിക്കത് കാണില്ല.
തലയോട്ടിയിൽ നിന്നെന്റെ
തലച്ചോറെടുക്കൂ
എനിക്കെന്നെ കാണാനുള്ള
അവകാശമുണ്ടെന്നറിയില്ലേ?
ചിരിക്കരുത്. ഭീകരമാണതെന്ന്
നീ പറയുന്നു'
എന്നാൽ ആനാപ്പുഴയ്ക്കൽ അനിൽ എഴുതിയ "എല്ലായിടത്തും' (സ്ത്രീശബ്ദം, മാർച്ച് ) എന്ന കവിതയിൽ ഇതുപോലൊരു സ്ത്രീയല്ല പ്രത്യക്ഷപ്പെടുന്നത്;അടുക്കളയിൽ പാചകം ചെയ്ത് എല്ലാവരെയും തൃപ്തിപ്പെടുത്തി സ്വപ്നത്തിൽ ജീവിക്കുന്നവളെയാണ്. സ്വന്തമായി ഒരു ജീവിതം വേണ്ടെന്ന് തീരുമാനിച്ച അവൾ ഊൺമേശയിൽ വിഭവങ്ങളൊരുക്കി ലക്ഷ്യം കണ്ടു.
"അടുക്കളയിൽ അടക്കം പറഞ്ഞു
ചിരികളെ ചുണ്ടിൽ കൊരുത്തിട്ടു
നിശ്വാസങ്ങളെ നേർത്ത കാറ്റാക്കി
ഊൺമേശയിൽ അവളുടെ മോഹങ്ങളിട്ട
വിഭവങ്ങൾ വിളമ്പി കഴിച്ച് എഴുന്നേറ്റ
മുഖങ്ങളിൽ കണ്ട വിസ്മയത്തിൽ
അവളുടെ മുഖം വിടർന്നു
നിശ്ശബ്ദതയിൽ കവിത
വായിച്ചു വായിച്ച് വായിച്ച്
അവൾ കവിതയിലേക്ക് കയറിപ്പോയി'.
ഇങ്ങനെ വല്ലവർക്കും വേണ്ടി കവിതയിലേക്ക് കയറിപ്പോയവൾ ഇന്നിന്റെ സ്ത്രീശക്തിയെ പ്രതിനിധാനം ചെയ്യുന്നില്ല. അവൾ ഏട്ടിലെ പശുവാണ്, പുല്ല് തിന്നില്ല.
ഗാനത്തിൽ അപാരത
ഒരു പാട്ടിനെ എങ്ങനെയാണ് അപാരതയുമായി ബന്ധപ്പെടുത്താൻ കഴിയുന്നത്? സന്ദർഭത്തിനൊത്ത് ഒരു ഗാനത്തിന് ഈണം പകരാൻ പലർക്കും കഴിയും. എന്നാൽ കേൾക്കാൻ ഇമ്പമുള്ള താളം കൊടുക്കാൻ കുറച്ചു പേർക്കേ അറിയൂ. അതിനും അപ്പുറമാണ് ഗാനത്തിലേക്ക് സംഗീതത്തിലൂടെ ദർശനികമായ മാനം കൊണ്ടുവരുന്നത്.
ദേവരാജൻ മാഷ് അത് സാക്ഷാത്കരിച്ചിട്ടുണ്ട്. അത്യസാധാരണമാണത്. ഒരു ഗാനം ആവശ്യപ്പെടുന്നതിനുമപ്പുറമാണത്. മനുഷ്യാത്മാവിന്റെ അലൗകികമായ ഒരു വിമലീകരണമാണത്. "സൂസി' എന്ന ചിത്രത്തിൽ "നിത്യകാമുകി ഞാൻ നിൻ മടിയിലെ ചിത്രവിപഞ്ചികയാകാൻ കൊതിച്ചു "എന്ന പാട്ടിൽ അത്ഭുതകരമായ ആത്മസന്നിവേശമാണ് സംഗീത സംവിധായകൻ സാധിച്ചിരിക്കുന്നത്.
""ആശകൾ സങ്കല്പ ചക്രവാളത്തിലെ
ആലോല വാസന്ത മേഘങ്ങൾ
അവയുടെ ചിറകിലെ വൈഡൂര്യ മുത്തിന്
ഹൃദയമാം പുൽക്കൊടി കൈനീട്ടി
വെറുതെ കൈ നീട്ടി''
എന്നീ വയലാർ രാമവർമയുടെ വരികളിൽ അദ്ദേഹം ജീവന്റെ അപാരതയുടെ നേർക്കുള്ള അഭിനിവേശം എത്ര ശുദ്ധവും ദീപ്തവും നിഗൂഢവുമാണെന്ന് അറിയിക്കുന്നു. ആലോല, വാസന്ത എന്നീ പദങ്ങൾ ഒരു മിസ്റ്റിക്കിനെ പോലെയാണ് സംഗീതകാരൻ ഉൾക്കൊണ്ടിരിക്കുന്നത്.
മാഗസിൻ
ചാറ്റ്ജിപിടി വഴി ആപ്പ് നിർമിത കവിതകൊണ്ട് മാസിക ഇറക്കാമെന്നൊക്കെ വ്യാമോഹിക്കുന്നത് സാഹസമാണ്. വായനക്കാർ തിരസ്കരിക്കും. വായനക്കാർക്ക് വേണ്ടത് രക്തവും മാംസവുമുള്ള രചനകളാണ്. അതിൽ ഒരു രചയിതാവിന്റെ വ്യക്തിസവിശേഷത, പെരുമാറ്റ രീതി, പ്രതികരണക്ഷമത തുടങ്ങിയവ നിഴലിക്കണം.അപ്പോഴാണ് നമ്മുടെ ജീവിതവുമായി ബന്ധിപ്പിക്കാനാവുന്നത്. എവിടെയോ ഒരിടത്തിരുന്ന് ഒരു ആപ്പ് എന്തോ കേട്ട് തട്ടിക്കൂട്ടുന്ന കുറെ വാക്കുകൾ എങ്ങനെയാണ് നമ്മുടെ അബോധവുമായി, മനസിൽ അമർത്തപ്പെട്ട ചിന്തകളുമായി സംവേദനം നടത്തുന്നത്?
എസ്. ഗുപ്തൻ നായർ
എസ്. ഗുപ്തൻനായരുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് ഒരു ഭാഗം (ബി. ലക്ഷ്മികുമാരി) സമാഹരിച്ചത് കലാപൂർണ (മാർച്ച്) മാഗസിനിൽ വായിച്ചു. മഹാരാജാസ് കോളെജിൽ ഒരു സെമിനാറിൽ ഗുപ്തൻ നായർ പ്രസംഗിച്ചതിലെ ചില ആശയങ്ങൾ പ്രകോപനപരമായിരുന്നുവെന്ന് ആക്ഷേപിച്ചതിനെക്കുറിച്ചാണ് കുറിപ്പ്. "സഹൃദത്വമോ വകതിരിവോ ഇല്ലാത്ത ഗുപ്തൻ നായർ ആശാനെതിരെ പ്രസംഗിച്ചു' എന്ന റിപ്പോർട്ട് അദ്ദേഹത്തെ വിഷമിപ്പിച്ചു. ആശാൻ ജനകീയ കവിയല്ല, വിപ്ലവകവിയല്ല എന്ന തന്റെ നിലപാടിൽ ഊന്നി നിന്നുകൊണ്ട് ഈ പ്രശ്നത്തെ അദ്ദേഹം ഇങ്ങനെയാണ് വിശദീകരിക്കുന്നത്:
"ആശാനെ വലിയ വിപ്ലവകവിയാക്കുന്നതിൽ എനിക്ക് വിയോജിപ്പായിരുന്നു. കുഞ്ചൻ നമ്പ്യാരുടെയും ചങ്ങമ്പുഴയുടെയും നിരയിലുള്ള ഒരു കവിയല്ല ആശാൻ. നരജീവിതത്തിന്റെ നശ്വരതയെപ്പറ്റിയും ധർമാധർമ വിവേചനത്തിന്റെ വിഘ്നങ്ങളെപ്പറ്റിയും വിധിയുടെ വിപരീതഗതിയെപ്പറ്റിയും ഉള്ളുരുകി ചിന്തിച്ച ഒരു മനുഷ്യസ്നേഹിയാണ് ആശാൻ. ഉണ്മജ്ഞാനാമൃതത്തിന്റെ അമൃതബിന്ദുക്കൾ പകർന്നു തന്ന ഒരു കവിയെ എങ്ങനെ ജനകീയ കവി എന്നു വിളിക്കും. വിപ്ലവകവി എന്ന പട്ടം ആശാനു നല്കി അദ്ദേഹത്തെ പരിമിതപ്പെടുത്തുകയാണ് ചിലർ എന്നാണ് എനിക്കു തോന്നുന്നത്'.
ആശാനെ വിപ്ലവകവി എന്നു വിളിക്കാത്തതിനു കാരണം അദ്ദേഹം തൊഴിലാളിവർഗ വിപ്ലവത്തിനോ കമ്യൂണിസ്റ്റ് വിപ്ലവത്തിനോ ആഹ്വാനം ചെയ്തിട്ടില്ല എന്ന പശ്ചാത്തലത്തിലാണ്, കെടാമംഗലം പപ്പുവിനെ പോലെ. എന്നാൽ ആശാൻ, കവിതയിലെ പരിവർത്തനത്തിന്റെ നക്ഷത്രമാണ്. അതോടൊപ്പം ജ്ഞാനത്തെയും ദർശനത്തെയും ജീവിതത്തിലേക്ക് സന്നിവേശിപ്പിച്ച കവിയുമാണ്.
നോവ ഹരാരി
ഇസ്രയേലി ഗ്രന്ഥകാരനും ചരിത്രകാരനും നരവംശശാസ്ത്രജ്ഞനുമായ നോവാ ഹരാരി കുഴിഞ്ഞുമറിഞ്ഞ ഈ ലോകത്ത് സാർഥകമായ ഒരു കാര്യം പറയുന്നുണ്ട്: "ആരോടെങ്കിലും നിങ്ങൾക്ക് യഥാർഥ സ്നേഹമുണ്ടെങ്കിൽ, ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചോർത്ത് നിങ്ങൾ ഒരിക്കലും വേവലാതിപ്പെടില്ല'. അൽഗോരിതത്തിന്റെയും ഡേറ്റയുടെയും പ്രതീതി യാഥാർഥ്യങ്ങളുടെയും ഈ കാലത്തും മനുഷ്യൻ സ്നേഹത്തെയാണ് മുറുകെ പിടിക്കേണ്ടത്, കഴിയുമെങ്കിൽ.