
"കാട്ടിലെ തടി, തേവരുടെ ആന, വലിയോടു വലി'. നമ്മുടേതല്ലാത്ത കാര്യങ്ങളിൽ ആളുകൾ വച്ചുപുലർത്തുന്ന അനാസ്ഥയെയാണ് ഈ ശൈലി സൂചിപ്പിക്കുന്നത്. 75 വർഷങ്ങൾക്കു മുൻപ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തുടങ്ങിവച്ച ആസൂത്രണ പദ്ധതികളിലാണെങ്കിലും, രാജീവ് ഗാന്ധി സർക്കാർ തുടക്കമിട്ട പഞ്ചായത്തീ രാജ്- നഗരപാലിക നിയമങ്ങളിലാണെങ്കിലും ഈ പഴഞ്ചൊല്ലിന്റെ പ്രസക്തി തുടരുകയാണ്.
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ മൊട്ടുസൂചി ഉത്പാദിപ്പിക്കുന്ന ഫാക്റ്ററികൾ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രാധാന്യം വന്നു. എന്നാൽ ലാഭകരമായി നടത്തിയിരുന്ന പല പൊതുമേഖലസ്ഥാപനങ്ങളുടെയും നിലനിൽപ്പ് ഇന്ന് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്. എച്ച്എംടി, എച്ച്ഐഎൽ, ഇന്ത്യൻ റെയ്ൽവേ, എയർ ഇന്ത്യ തുടങ്ങിയവയെല്ലാം ഒന്നുകിൽ സ്വയം നിന്നു പോകുന്നു, അല്ലെങ്കിൽ സ്വകാര്യ മേഖല ഏറ്റെടുക്കുന്നു.
ജനജീവിതത്തിന്റെ എല്ലാ കാര്യങ്ങളും സർക്കാർ തന്നെ ചെയ്യണമെന്നില്ല എന്ന കാഴ്ചപ്പാട് വന്നിരിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, ഊർജം, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യമേഖലകളിലെല്ലാം സ്വകാര്യ മേഖലയുടെ സ്വാധീനം കൂടിയിരിക്കുന്നു. ആധുനിക വ്യാപാര ശൃംഖല വന്നതോടുകൂടി ചെറുകിട കച്ചവടക്കാരുടെ വാതിലുകൾ കൊട്ടിയടക്കയ്പ്പെട്ടു. ആയിരക്കണക്കിനു കുടുംബങ്ങൾ വഴിയാധാരമായി.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അവതരിപ്പിക്കുന്ന ബജറ്റിന്റെ ഉദ്ദേശം തന്നെ വരവുചെലവ് കണക്കുകൾ വളരെ കൃത്യതയോടെ കൊണ്ടുപോകലാണ്. എന്നാൽ പലപ്പോഴും ആ കൃത്യത പാലിക്കപ്പെടാറില്ല. അതിനാൽ ഈ ബജറ്റുകളുടെ ഉത്തരവാദിത്വവും സത്യസന്ധതയും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നു.
ബജറ്റിൽ ഉൾക്കൊള്ളിക്കാൻ കഴിയാത്ത "സെസു'കൾ കേന്ദ്രങ്ങളും സംസ്ഥാനങ്ങളും പാർലമെന്റിന്റെയും നിയമസഭയുടെയും പരിധിക്കു പുറത്തേക്കു കൊണ്ടുവരുന്നു. ഇത്തരം "സെസു'കൾ പരിശോധിക്കാൻ "സിഎജി'യ്ക്ക് കഴിയില്ല. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പേരിൽ കൊണ്ടുവരുന്ന ക്ഷേമനിധികളും "സിഎജി'യുടെ അധികാര പരിധിക്ക് പുറത്താണ്.
ജനങ്ങളെ ഞെക്കിപ്പിഴിയുന്ന കാര്യത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും മത്സരത്തിലാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പെട്രോളിയം, ഡീസൽ മേഖലകളിൽ കൊണ്ടുവരുന്ന വില വർധനയും സെസും. ഈ വില വർധന നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടുന്നു. വിലക്കയറ്റം സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു.
കേന്ദ്ര- സംസ്ഥാന ഭരണത്തിൽ ഭരണച്ചെലവും പാഴ്ച്ചെലവും വർധിച്ചുകൊണ്ടേയിരിക്കുന്നു. ആർക്കും ആരോടും ഉത്തരവാദിത്വമില്ല. അവനവന്റെ കീശ വീർപ്പിക്കാനാണ് എല്ലാവരുടെയും ശ്രദ്ധ. അതിനു പുറമെയാണ് അനാസ്ഥ കൊണ്ടും അശ്രദ്ധ കൊണ്ടും രാജ്യത്തിനുണ്ടാകുന്ന നഷ്ടം. നർമദ ജലസേചന പദ്ധതി, ആസൂത്രണം ചെയ്തതു പോലെ നടപ്പിലാക്കാൻ കഴിയാത്തതിനാൽ കോടികളുടെ നഷ്ടമാണ് ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്.
വികസന പദ്ധതികൾക്കു രൂപം നൽകുമ്പോൾ കൃത്യമായ പഠനവും ആസുത്രണവും ആവശ്യമാണ്. കോടിക്കണക്കിനു രൂപ ചെലവ് വരുന്ന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ചില്ലെങ്കിൽ ചെലവ് കുതിച്ചു കയറും, അവസാനം പദ്ധതി തന്നെ പരാജയപ്പെടും. അടുത്ത കാലത്ത് കേരളത്തിലെ ഒരു പ്രധാന പത്രം നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത് ഇത്തരം വീഴ്ചകളെക്കുറിച്ചാണ്.
കൊല്ലം- കപ്പലണ്ടിമുക്ക്- തോപ്പിൽക്കടവ് ലിങ്ക് പദ്ധതിയുടെ മൂന്നാം ഘട്ടം (102 കോടി), തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ പുതിയ മെഡിക്കൽ കോളെജിന് വേണ്ടി നിർമിച്ച കെട്ടിടം (35 കോടി), തൃശൂർ പുഴയ്ക്കലിലെ വ്യവസായ പാർക്ക് (43 കോടി), പാലക്കാട് ഇൻഡോർ സ്റ്റേഡിയം (13.25 കോടി), ആലപ്പുഴ മെഗാ ടൂറിസം പദ്ധതി (100 കോടി), കോഴിക്കോട് കെഎസ്ആർടിസിയുടെ സ്ഥലത്ത് നിർമിച്ച കെട്ടിടം (110 കോടി) തുടങ്ങിയവ ആസൂത്രണത്തിലെ പാളിച്ചകൾ വെളിവാക്കുന്നു.
ഒരേ ഓഫിസിനായി രണ്ടു കെട്ടിടങ്ങൾ ഒന്നര കിലോമീറ്ററിനുള്ളിൽ പണിത കോട്ടയം ജില്ല, മലപ്പുറം ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ്, 16 കോടി ചെലവഴിച്ചിട്ടും പണിതീരാത്ത വയനാട് ബത്തേരിയിലെ അതിഥി മന്ദിരം, പണി പൂർത്തിയായി 7 കൊല്ലമായിട്ടും ഒരു അപ്രോച്ച് റോഡ് പൂർത്തിയാകാത്തതിനാൽ പാഴായ മൂവാറ്റുപുഴ മുറിക്കല്ല് പാലം, കോടികൾ പാഴാക്കിയ അട്ടപ്പാടി അപ്പാരൽ പാർക്ക് തുടങ്ങിയ എത്രയേറെ പദ്ധതികൾ ഈ ഗണത്തിൽപ്പെടുന്നു.
കേരളം പോലുള്ള കൊച്ചു സംസ്ഥാനത്ത് ഇത്തരം വീഴ്ചകൾ സംഭവിക്കുമ്പോൾ ഇന്ത്യയെ പോലുള്ള വലിയ രാജ്യത്ത് വരുന്ന വീഴ്ചകൾ എത്ര ഭീമമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.അയൽ രാജ്യങ്ങളുമായുള്ള സംഘർഷം വർധിക്കുമ്പോൾ കോടിക്കണക്കിന് രൂപയുടെ ആയുധങ്ങൾ യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നാം വാങ്ങിക്കൂട്ടുന്നു. യുദ്ധത്തിനുള്ള സാധ്യത കുറവാണെങ്കിലും ആയുധം വാങ്ങിക്കൂട്ടുന്നതിന് യാതൊരു മടിയുമില്ല. എന്നാൽ രാജ്യത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ദേശീയപാതകൾ, തുറമുഖങ്ങൾ, എയർപോർട്ടുകൾ തുടങ്ങിയവയുടെ നിർമാണവും പരിപാലനവും പലപ്പോഴും സമയബന്ധിതമായി നടപ്പാക്കാൻ കഴിയുന്നുമില്ല.
പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ആ പ്രതിസന്ധി നമുക്ക് അനുകൂലമാക്കാൻ കഴിയണം. യുക്രെയ്ൻ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള പ്രതിസന്ധിയും കാണാതിരിക്കരുത്.
ഇന്ത്യയുടെ പ്രകൃതിസമ്പത്തായ കൽക്കരിയും ഇരുമ്പയിരും കരിമണലും വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താനാകുന്നില്ല. ഇരുമ്പയിര് ചൈനയിലേക്ക് കയറ്റുമതി ചെയ്ത് അവിടെ നിന്നും സ്റ്റീൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. എന്തുകൊണ്ട് ഇന്ത്യയിൽ തന്നെ ഉരുക്കും അതതോടനുബന്ധിച്ചുള്ള മറ്റ് ഉത്പന്നങ്ങളും ഉൽപ്പാദിപ്പിച്ചുകൂടാ?
ശാസ്ത്രീയമായ നികുതി പിരിവ്, കാര്യക്ഷമമായ ചെലവ്, ജനക്ഷേമ പദ്ധതികൾക്കുള്ള മുൻഗണന തുടങ്ങിയവ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫലപ്രദമായി നടപ്പാക്കണം. വരവുചെലവുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കുമുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥ ഇന്ത്യയിലും ഉണ്ടാകുമെന്നാണ് ജോത്സ്യനും പറയാനുള്ളത്.