
വൈവിധ്യങ്ങളായ ഭാഷകളുടെ നാടാണ് ഇന്ത്യ. 2021 കണക്ക് പ്രകാരം ഇന്ത്യയില്‍ 122 പ്രധാന ഭാഷകളും 1,599 അപ്രധാന ഭാഷകളുമുണ്ട് എന്നു പറയുന്നു. അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, കശ്മീരി, കൊങ്ങിണി, മലയാളം, മണിപ്പുരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു, ബോഡോ, സന്താലി, മൈഥിലി, ഗോഗ്രി എന്നീ 22 ഭാഷകളാണ് പ്രധാനമായും നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്നത്. ഭരണഘടന ഈ 22 ഭാഷകളെയാണ് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. ഈ ഭാഷകളിലൊക്കെ ശക്തമായ സാഹിത്യ രചനകളും ഉണ്ടാകുന്നു. വൈവിധ്യങ്ങളായ ആശയങ്ങള്‍ സമ്മാനിക്കുന്ന രചനകള്‍ ഓരോ ഭാഷയിലും ഏറെ വായിക്കപ്പെടുന്നുമുണ്ട്. എന്നിരുന്നാലും രാജ്യത്ത് ഇതിനേക്കാളേറെ ഭാഷകള്‍ വ്യാപകമായി സംസാരിക്കുന്നുണ്ട്. പക്ഷെ പല ഭാഷകള്‍ക്കും ലിപിയില്ല. സംസാര ഭാഷയായിത്തന്നെ അത് നിലനില്ക്കുന്നു. അതിനിടെ, പല ഭാഷകളും അന്യം നിന്നു പോകുന്നുമുണ്ട്.
ഇന്ത്യന്‍ ഭാഷകളുടെ മാതാവായി സംസ്കൃതത്തെയാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അതിനു പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മലയാള ഭാഷയും സംസ്കൃത ഭാഷയോട് കടപ്പെട്ടിട്ടുണ്ട് എന്ന് ഭാഷാപണ്ഡിതര്‍ തന്നെ പറയുന്നു. ഭരണഘടന പ്രകാരം ഔദ്യോഗിക ഭാഷ ഹിന്ദിയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയും ഹിന്ദിയാണ്. ഹിന്ദിക്കു ശേഷം രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സംസാരിക്കുന്നത് ബംഗാളിയാണ്. ബംഗാളി ഭാഷ പശ്ചിമ ബംഗാളില്‍ മാത്രമല്ല, നോര്‍ത്ത് ഈസ്റ്റ് പ്രദേശങ്ങളിലും പ്രചാരത്തിലുണ്ട്.
രാജ്യത്തെ അതിപ്രധാനമായ പല കൃതികളും ബംഗാളി ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് എന്നുള്ളത് ഈ അവസരത്തില്‍ പറഞ്ഞു പോകുന്നതു നന്നായിരിക്കും. ഒട്ടേറെ ബംഗാളി കൃതികള്‍ മലയാളത്തിലേക്കും തര്‍ജമ ചെയ്തിട്ടുണ്ടല്ലോ. മഹാകവി രവീന്ദ്രനാഥ ടാഗോര്‍, ബങ്കിം ചന്ദ്ര ചാറ്റർജി അടക്കമുള്ള പ്രശസ്തരുടെ രചനകള്‍ മലയാളിക്ക് സുപരിചിതവുമാണ്. 2,000 വര്‍ഷത്തിലേറെ ചരിത്രമുള്ള ഭാഷകള്‍ക്ക് ഇന്ത്യന്‍ ഭരണകൂടം നല്കുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാ പദവി.
തമിഴ് (2004), സംസ്കൃതം (2005), തെലുങ്ക് (2008), കന്നട (2008), മലയാളം (2013), ഒഡിയ (2014) എന്നീ ഭാഷകള്‍ക്ക് ശ്രേഷ്ഠഭാഷാ പദവി ഉണ്ട്. ആ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. മലയാളത്തിനും ശേഷമാണ് ഒഡിയയ്ക്ക് ആ പദവി ലഭിച്ചത്. ഭാഷാ പരിപോഷണത്തിനും ഗവേഷണ- പഠന കേന്ദ്രങ്ങള്‍ തുടങ്ങാനും മികവിന്റെ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്താനും കേന്ദ്ര സര്‍ക്കാറിന്റെ 100 കോടി രൂപ ശ്രേഷ്ഠ ഭാഷകള്‍ക്ക് ലഭിക്കും. 2013 മേയ് 23നു ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്. അതിനു മുന്‍പ് സാഹിത്യ അക്കാദമിയുടെ ഉപസമിതി മലയാളത്തിന് 2000 വര്‍ഷം പഴക്കമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ശ്രേഷ്ഠഭാഷാ പദവി നിരസിച്ചിരുന്നു. പിന്നീട് കേരളം ആ കാലപ്പഴക്കം തെളിയിക്കുകയായിരുന്നു. 2012 ഡിസംബര്‍ 19ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധ സമിതി മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നത് അംഗീകരിച്ചു.
വിവിധങ്ങളായ ഭാഷകളില്‍ ആയിരക്കണക്കിന് സാഹിത്യകൃതികളാണ് ഓരോ വര്‍ഷവും പുറത്തിറങ്ങുന്നത്. വ്യത്യസ്തങ്ങളായ ആശയങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഓരോ ഭാഷയും. അദ്ഭുതകരമായ ഭാവനകളാണ് ഓരോ ഭാഷയിലും ഉണ്ടാകുന്നത്. വ്യത്യസ്ത കോണുകളില്‍ നിന്നുള്ള വ്യത്യസ്ത ഭാവനകള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ സാഹിത്യ ലോകം.
നിരവധി സാഹിത്യ രചയിതാക്കളുടെ പ്രസിദ്ധീകരണങ്ങള്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഒരു കൂരയ്ക്കു കീഴില്‍ ഒന്നിച്ചെത്തിയിരിക്കുകയാണ്. ലോക പുസ്തകോത്സവം ഡല്‍ഹിയിൽ നടക്കുമ്പോള്‍ അത് ഇന്ത്യയുടെ സംസ്കാരത്തിന്റെ കൂട്ടായ്മയായി മാറുന്നു. ഓരോ സംസ്ഥാനത്തിന്റെയും സംസ്കാരം ഇവിടെ ഒന്നിച്ചു ചേരുന്നു. അക്ഷരങ്ങളിലൂടെ ഒന്നിച്ചു ചേര്‍ന്ന ഈ സംസ്കാരങ്ങള്‍ പരസ്പരം കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. വൈവിധ്യ ആശയങ്ങളിലൂടെ വായനക്കാരുടെ ചിന്തായാത്രകള്‍ തന്നെ മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിലെ സാഹിത്യ രചനകള്‍ ഒരു കുടക്കീഴില് നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ലോക പുസ്തകോത്സവത്തില്‍ ഒരുമിപ്പിക്കുമ്പോള്‍ അത് രാജ്യത്തെ ഭാഷകളുടെ സാംസ്കാരിക സംഗമമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ലോക പുസ്തകോത്സവം വ്യത്യസ്തമായ ഒന്നായി മാറുന്നു.
ലോക പുസ്തകോത്സവം ഡല്‍ഹി പ്രഗതി മൈതാനിയിൽ കഴിഞ്ഞദിവസം ആരംഭിച്ചു. മാര്‍ച്ച് 5 വരെ അതു തുടരും. ഫ്രാന്‍സ് ആണ് ഈവര്‍ഷത്തെ ഫോക്കസിങ് രാജ്യം. സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം നേടിയ ഫ്രഞ്ച് എഴുത്തുകാരി ആനി എര്നോക്സാണ് ലോക പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത് എന്നത് ആവേശകരമായിരുന്നു. അവരുടെ വാക്കുകള്‍ നേരിട്ട് കേള്‍ക്കാന്‍ അക്ഷരപ്രേമികളെത്തി. "ആസാദി കാ അമൃത് മഹോത്സവ്' എന്ന വിഷയം പ്രമേയമാക്കി എർനോ ഉള്‍പ്പെടെ 16 ഫ്രഞ്ച് എഴുത്തുകാരും 60ലധികം പ്രസാധകരും സാഹിത്യ ഏജന്റുമാരും സാംസ്കാരിക പ്രതിനിധികളും ഫ്രാന്‍സില്‍ നിന്ന് പങ്കെടുക്കുന്നു.
30 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര് പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നു. 1,600 സ്റ്റാളുകളിലായി ലക്ഷക്കണക്കിനു പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്നു എന്നതു നിസാരമല്ല. സാഹിത്യത്തിന്റെ വസന്തമാണ് കൊവിഡ് കാലത്തിനു ശേഷം ഡല്‍ഹിയില്‍ നാഷണൽ ബുക്ക് ട്രസ്റ്റ് ഒരുക്കുന്ന ഈ ആഗോള പുസ്തകോത്സവം എന്നതില്‍ സംശയമില്ല. നൂറുകണക്കിനു പുതിയ പുസ്തകങ്ങള്‍ ഇവിടെ പ്രകാശനം ചെയ്യപ്പെടുന്നു. രസകരമായ ഒട്ടേറെ സെല്‍ഫി പോയിന്റുകള്‍ ഇത്തവണയും ഇവിടത്തെ ആകര്‍ഷണമാണ്.
ഈ ലോക പുസ്തകോത്സവത്തില്‍ മലയാള ഭാഷയുടെ വലിയ സാന്നിധ്യം കാണാം. മനോരമ, ഡിസി ബുക്സ് തുടങ്ങിയ പ്രമുഖ മലയാളം പ്രസാധകര്‍ക്കൊപ്പം കേരള സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളും പുസ്തകങ്ങളുമായി എത്തിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കാളികളാണ്.
കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍, വൈജ്ഞാനിക പുസ്തകങ്ങള്‍, ശാസ്ത്രം, എന്‍ജിനീയറിങ്, ഭാഷ, സാഹിത്യം, കലകള്‍, സാമൂഹിക ശാസ്ത്രങ്ങള്‍, ചരിത്രം, ഭൂമിശാസ്ത്രം, ഭാഷാശാസ്ത്രം, കൃഷി, കായികം, ഗണിതശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ആരോഗ്യശാസ്ത്രം, ജന്തുശാസ്ത്രം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫോക്ലോര്, നാടകം, സംഗീതം, സിനിമ, ചിത്രകല, കേരള ചരിത്രം, ഇന്ത്യാ ചരിത്രം, ലോകചരിത്രം, രാഷ്ട്രതന്ത്രം, സാമ്പത്തിക ശാസ്ത്രം, ടൂറിസം, മാനെജ്മെന്റ്, സഹകരണം, വിദ്യാഭ്യാസം, മനഃശാസ്ത്രം, തത്വശാസ്ത്രം, ആധ്യാത്മികം, നിയമം, ജേണലിസം, സ്ത്രീ പഠനങ്ങള്‍, ശബ്ദാവലികള്‍, നിഘണ്ടുക്കള്‍, പദകോശം, ജീവചരിത്രങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വൈവിധ്യമാര്‍ന്ന ഗ്രന്ഥങ്ങള്‍ ഇവിടെ ലഭ്യമാണ്.
നാഷണല്‍ ബുക്ക് ട്രസ്റ്റ് കഴിഞ്ഞ 50 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ 31ാമത്തെ പുസ്തകോത്സവമാണ് സംഘടിപ്പിക്കുന്നത്. ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഓരോ വര്‍ഷവും ലോക പുസ്തകോത്സവത്തില്‍ നിന്ന് വിറ്റുപോകുന്നത്. അക്ഷരം ഒരു പ്രദേശത്തിന്റെ ശക്തിയാണെന്ന് തെളിയിക്കുന്നതാണ് ഓരോ പ്രദേശത്തു നിന്നും പുറത്തുവരുന്ന രചനകള്‍. ആ രചനകള്‍ വാങ്ങാനും വായിക്കാനും ആളുകളുണ്ട് എന്നത് ചെറിയ കാര്യമല്ല. ഇന്ത്യയെപ്പോലെ ഇത്രയേറെ പുസ്തകങ്ങള്‍ വിറ്റഴിക്കുന്ന രാജ്യം മറ്റെവിടെക്കാണും എന്നതും ചിന്തിക്കണം. ലക്ഷക്കണക്കിന് രൂപയുടെ പുസ്തകങ്ങള്‍ ഇവിടെ വിറ്റഴിക്കുമ്പോള്‍ അത് വാങ്ങുന്നത് റിക്ഷാ തൊഴിലാളി മുതല്‍ അക്ഷരങ്ങളെ സ്നേഹിക്കുന്ന കോടിപതികള്‍ വരെയാണ്.
ആദ്യമായി ഡല്‍ഹിയില്‍ ഒരു പുസ്തകോത്സവം നാഷണല്‍ ബുക്ക് ട്രസ്റ്റ് ഒരുക്കുന്നത് 1972ലാണ്. അന്ന് കേവലം 200 പ്രസാധകര് മാത്രമാണ് പങ്കെടുക്കാനെത്തിയത്. കൊല്‍ക്കത്ത ബുക്ക് ഫെയറാണ് രാജ്യത്തെ ഏറ്റവും മികച്ച പുസ്തകോത്സവമായി കണക്കാക്കപ്പെടുന്നത്. ഡല്‍ഹിയിലെ ആദ്യത്തെ പുസ്തകോത്സവം അന്നത്തെ രാഷ്ട്രപതി വി.വി. ഗിരിയാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ 50 വര്‍ഷം പുസ്തകങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാൻ വലിയ ശ്രമങ്ങള്‍ നടന്നത്തിയതിന്റെ വിജയമായി ഇത്തവണത്തെ പുസ്തകോത്സവത്തെ കാണണം. 200ൽ നിന്ന് പ്രസാധകരുടെ എണ്ണം 1,600 ആയി എന്നതു നിസാര കാര്യമല്ല. നമ്മുടെ രാജ്യത്തെ വ്യത്യസ്ത ഭാഷകളുടെ സാംസ്കാരിക സംഗമം തന്നെയാണ് ഈ ലോക പുസ്തകോത്സവം.