കാശിയില്‍ നിന്ന് കെയര്‍ ഹോമിലേക്ക് ദൂരം കുറയുന്നു..!
മലയാളത്തില്‍ പണ്ടു മുതലേ ഒരു ചൊല്ലുണ്ട്; കാശിക്ക് പോവുക. എന്നുവച്ചാല്‍ സർവതുമുപേക്ഷിച്ച് മരണത്തിലേക്ക് പോകുക എന്ന് സാരം. മരണത്തിലേക്ക് തങ്ങള്‍ അടുക്കുകയാണ് എന്ന തോന്നല്‍ വന്നാല്‍ പണ്ടു പലരും കാശിക്ക് പോകുന്ന ഒരു പതിവുണ്ടായിരുന്നു. കാശീദേവന്റെ ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി മരണത്തിലേക്ക് പോയാല്‍ വളരെ പുണ്യമാണ് എന്നാണ് വിശ്വാസം. കാശി യാത്രയ്ക്കിറങ്ങിയാല്‍ മടങ്ങിവരണമെന്നില്ല. ഏറെക്കാലമായും മടങ്ങി വരാത്തവര്‍ മരണപ്പെട്ടു എന്നാണ് വിശ്വാസം. അത്തരത്തില്‍ ഒട്ടേറെപ്പേരെ സന്യാസീ വേഷങ്ങളിൽ വാരാണസിയിലും ഋഷീകേശിലും ഹരിദ്വാറിലുമൊക്കെ കാണാം. ഹിമാലയ താഴ്വരകളിലെ നദീതീര തീർഥാടന കേന്ദ്രങ്ങളിൽ ഇത്തരത്തില്‍ ഒട്ടേറെ സന്യാസിമാര്‍ വസിക്കുന്നുണ്ട്. ഇവരിൽ ധാരാളം മലയാളികളുമുണ്ട്. പലരും നാടും വീടും ബന്ധങ്ങളുമുപേക്ഷിച്ച് വന്നവരാണ്.
ക്രൂരകൃത്യങ്ങളിലും മറ്റു കേസുകളിലുമൊക്കെ പ്രതി ചേര്‍ക്കപ്പെടുകയും അവിടെ നിന്ന് രക്ഷപ്പെട്ട് ഇത്തരം തീർഥാടന കേന്ദ്രങ്ങളില്ലെത്തി ആരോരുമറിയാതെ ജീവിതം നയിക്കുകയും ചെയ്യുന്ന ഒട്ടേറെപ്പേര്‍ ഇക്കൂട്ടത്തിലുണ്ട് എന്നതും യാഥാർഥ്യമാണ്. ഇതില്‍ ചെറുപ്പക്കാര്‍ മുതല്‍ പ്രായം ചെന്നവര്‍ വരെയുണ്ട്. വളരെ ചെറുപ്പത്തില്‍ കുറ്റം ചെയ്തു നാടുവിട്ട് പുണ്യനദീ തീരങ്ങളില്‍ കഴിയുന്ന പലരെയും പിന്നീട് തിരിച്ചറിഞ്ഞു പിടിക്കപ്പെട്ടിട്ടുമുണ്ട്.
ഇന്നു കാശിക്കു പോക്ക് അത്ര സർവസാധാരണമല്ല. എന്നാൽ, വീടുവിട്ടുള്ള യാത്ര ഇല്ലാതായിട്ടില്ല. ""കാശിക്കു പോവുക'' എന്ന പഴയ പ്രയോഗം തന്നെയാണ് ഇപ്പോള്‍ കെയര്‍ ഹോമുകളിലേക്ക് പോകുക എന്നതിലൂടെ സംഭവിക്കുന്നത്. പ്രായമായവര്‍ക്ക് പാലിയേറ്റീവ് കെയര്‍ നല്കുന്ന ഒരു ബിസിനസ് സാമ്രാജ്യം തന്നെ കേരളത്തില്‍ വളര്‍ന്നുവന്നിരിക്കുന്നു. വലിയ പ്രതിഫലം വാങ്ങുന്ന ജോലി തേടി വിദേശങ്ങളിലേക്കു പോകുന്നവരിൽ പലരും തങ്ങളുടെ മാതാപിതാക്കളെ ഇവിടേയ്ക്ക് അയക്കുക എന്നത് ഇപ്പോള്‍ പതിവുള്ള കാഴ്ചയാണ്. മുന്തിയ സൗകര്യങ്ങളും സംവിധാനങ്ങളും പരിചരണവും മറ്റുമാണ് പല കെയര്‍ ഹോമുകളും ഉറപ്പുതരുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ വൃദ്ധസദനങ്ങളുടെ അഥവാ അതിന്റെ ഓമനപ്പേരായ കെയര്‍ ഹോമുകളുടെ എണ്ണം പെരുകി വരുന്നു. കുടുംബ ബന്ധങ്ങളില്‍ വലിയ വിടവ് വന്ന സമൂഹമാണ് ഇപ്പോള്‍. മാതാപിതാക്കളെ ബഹുമാനിക്കുന്ന പ്രകൃതം തന്നെ പുതിയ തലമുറയിലെ പലരും മറക്കുന്നു. സ്വന്തം സുഖത്തിനും സന്തോഷത്തിനും മാത്രം പലരും പ്രാധാന്യം നല്കുന്നു.
സ്കൂള്‍ നടത്തിപ്പു പോലെ വലിയ ലാഭം ഉണ്ടാകുന്ന ഒരു മേഖലയാണ് വൃദ്ധസദനങ്ങള്‍ നടത്തുക എന്നത്. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് നിവൃത്തികേടുകള്‍ കൊണ്ട് പറഞ്ഞുവിടുന്നവരും, മുതിര്‍ന്ന മാതാപിതാക്കളുടെ ബാധ്യത ഒഴിവാക്കാനായി അവരെ വൃദ്ധസദനങ്ങളിലേക്ക് വിടുന്നവരും നമ്മുടെ നാട്ടിലുണ്ട്. മക്കളുടെ സമീപന രീതിയില്‍ മനം മടുത്ത് വൃദ്ധസദനങ്ങളെ സ്വയമേവ ആശ്രയിക്കുന്നവരുമുണ്ട്. മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ കഴിവും സൗകര്യവും ഉണ്ടായിട്ടും അവരെ വൃദ്ധസദനങ്ങളിലേക്ക് അയയ്ക്കുന്ന മക്കളുടെ എണ്ണം പെരുകി വരികയാണ്. കേരളത്തിലെ ഒരു പ്രശസ്ത നിർമാണ കമ്പനിയുടെ ഉടമ മരണപ്പെട്ടപ്പോള്‍ കമ്പനിയുടെ ഉടമസ്ഥരായി മക്കൾ തങ്ങളുടെ മാതാവിനെ വൃദ്ധസദനത്തിലാക്കിയ നേരനുഭവം പങ്കുവയ്ക്കട്ടെ. അവര്‍ അവിടെ വച്ച് മരണപ്പെട്ടപ്പോള്‍ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ഒന്നാം പേജില്‍ സ്നേഹനിധിയായ അമ്മയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് പരസ്യം നല്‍കിയത് കൗതുകത്തോടെയാണ് ലേഖകന്‍ വായിച്ചത്. ഇത്തരത്തില്‍ വൃദ്ധസദനങ്ങളില്‍ നടതള്ളപ്പെടുന്ന ഒട്ടേറെ മാതാപിതാക്കള്‍ നമ്മുടെ നാട്ടിലുണ്ട് എന്ന സത്യം തിരിച്ചറിയണം.
മാതാപിതാക്കളുടെ ലാളന ഏറ്റവുമേറെ അനുഭവിച്ച മക്കള്‍ തന്നെയാണ് ഈ ക്രൂരകൃത്യങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നത് എന്നത് ദയനീയമായിത്തന്നെ കാണേണ്ടിയിരിക്കുന്നു. ഈ വിഷയം ഒട്ടേറെ സാഹിത്യകൃതികളിലും കാണാം. ലച്ചുവമ്മയും മക്കളും എന്ന പേരില്‍ മലയാളികളുടെ പ്രിയ കഥാകൃത്ത് എം. മുകുന്ദന് എഴുതിയ ഒരു ചെറുകഥയുണ്ട്. ലച്ചുവമ്മ കാശിയിലേക്ക് പോകുന്നു, അവിടെ അവര്‍ മരണപ്പെടാതെയിരിക്കുന്നതാണ് കഥ. ടി.വി. കൊച്ചുബാവ എഴുതിയ വൃദ്ധസദനം എന്ന കഥ വായിക്കേണ്ട ഒന്നാണ്. ഈ കൃതിക്ക് 1996ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. അത്തരത്തില്‍ എം.ടിയുടെ വാനപ്രസ്ഥമടക്കം ഒട്ടേറെ സാഹിത്യകൃതികള്‍ മലയാളത്തില്‍ നമുക്ക് ഉണ്ടായിട്ടുണ്ട്. ഇതെല്ലാം വളരെ പ്രചാരത്തില്‍ ഉള്ളതു തന്നെയാണ്. മലയാള സിനിമയിലും സമാന വിഷയങ്ങള്‍ പലവട്ടം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു എന്നത് ഞെട്ടിക്കുന്ന ഒരു യാഥാർഥ്യം തന്നെ. വൃദ്ധസദനങ്ങളുടെ ബിസിനസ് സാധ്യതകളാണ് അതിന് കാരണമെന്ന് തിരിച്ചറിയാന്‍ സാമാന്യ ബോധം മാത്രം മതി.
കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒട്ടേറെ വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നു. മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ പാര്‍പ്പിച്ച് വിദേശത്തു ജോലി ചെയ്യുന്ന മക്കളുടെ എണ്ണം കൂടി വരുന്നതാണ് ഇതിന് കാരണം. ഇക്കഴിഞ്ഞ കേരള ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ദീര്‍ഘകാലമായി ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ബാധകമാക്കിയിട്ടുണ്ട്. ഇതിനെ രണ്ടുതരത്തില്‍ നോക്കിക്കാണേണ്ടതുണ്ട്. സ്വന്തമായി വീടുണ്ടായിട്ടും ആസ്തി എന്ന നിലയിൽ ജില്ലകള്‍തോറും വീടുകളും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടുന്ന ഒരു വിഭാഗമുണ്ട്. എന്നാല്‍, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയാല്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി വീടുകൾ വാങ്ങുന്ന മറ്റൊരു സമൂഹവുമുണ്ട്. രണ്ടു വിഭാഗത്തിലുള്ളവരുടെയും വീടുകൾ അടഞ്ഞു തന്നെയാണ് കിടക്കുന്നത്. നാട്ടില്‍ ഒരു വീട് സ്വന്തമായി വയ്ക്കുകയും പ്രവാസ കാലം അവസാനിപ്പിച്ച് തിരിച്ചെത്തി അവിടെ താമസിക്കുകയും ചെയ്യുക എന്ന ആഗ്രഹത്തോടെ നിർമിച്ച വീടുകൾ പ്രത്യേക നികുതിയുടെ പരിധിയില്‍ വരുന്നത് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഒന്നിലേറെ വീടുകളുള്ള വ്യക്തികള്‍ക്ക് പ്രത്യേക നികുതി അംഗീകരിക്കാവുന്നതുമാണ്. ഇനി മറ്റൊരു വിഭാഗമുണ്ട്. മക്കളെ വിദേശത്തേക്ക് അയച്ച് പഠിപ്പിക്കുകയും, അവര്‍ വിദേശത്തു തന്നെ ജോലി തേടുകയും ചെയ്യുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു. അവര്‍ വലിയ മാളികകള്‍ മാതാപിതാക്കള്‍ക്കായി നാട്ടില്‍ പണിയുന്നു. വൃദ്ധരായ മാതാപിതാക്കളെ അവിടെ താമസിപ്പിക്കുകയും സിസിടിവിയുടെ സഹായത്താല്‍ അവരെ നിയന്ത്രിക്കുകയും ചെയ്യുന്ന പ്രവണത നമ്മുടെ നാട്ടില്‍ വ്യാപകമായിവരുന്നു.
വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും നല്കുന്ന സ്നേഹം പോലും പല മാതാപിതാക്കള്‍ക്കും മക്കളില്‍ നിന്ന് നിഷേധിക്കപ്പെടുന്നു. ടെലിവിഷനും മൊബൈലും ജീവിത രീതി വരെ മാറ്റിമറിച്ചിരിക്കുന്നു. സ്വന്തം മാതാപിതാക്കളെ മര്‍ദിക്കുന്ന മക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരമായി കേള്‍ക്കുന്നു. മുന്‍ കാലങ്ങളില്‍ ഇതു സാധാരണമായിരുന്നില്ല. മനുഷ്യ ബന്ധങ്ങളില്‍ വന്ന വിടവ് വലിയ പ്രത്യാഘാതമാണ് സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന എണ്ണം മറ്റുള്ള സംസ്ഥാനങ്ങളേക്കാള്‍ കേരളത്തില്‍ ഏറിവരികയാണെന്നാണ് കണക്കുകള്‍ പറയുന്നത്.
വാർധക്യത്തില്‍ സമാധാനപരമായി ജീവിക്കുക എന്ന സ്വപ്നം പല മാതാപിതാക്കള്‍ക്കും നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഇന്ന് കേരളത്തിലുണ്ട് എന്നത് വാസ്തവമാണ്. സന്തോഷകരമായ വാർധക്യകാല ജീവിതം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒട്ടേറെപ്പേരുടെ നാടായി സാക്ഷര കേരളം മാറിയിരിക്കുന്നു. കേരളത്തിലെ പല മുന്തിയ കോളനികളിലെയും മിക്ക വലിയ വീടുകളിലും വൃദ്ധരായ മാതാപിതാക്കളെ മാത്രമേ കാണാന്‍ സാധിക്കൂ. മരണപ്പെടുന്ന പല വൃദ്ധരും ആഴ്ചകളോളം ആശുപത്രി മോര്‍ച്ചറിയില്‍ കഴിയേണ്ടിവരുന്ന ദയനീയ സാഹചര്യവും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. നിസഹായരായ വൃദ്ധജനങ്ങളുടെ സംരക്ഷണം കര്‍ശനമായ നിയമത്തിലൂടെ സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്. കാശിയില്‍ നിന്ന് കെയര്‍ ഹോമിലേക്കുള്ള മലയാളിയുടെ മാറ്റം അപകടകരമാണ്. ഈ വിഷയം ഗൗരവമായി നമ്മള് മലയാളികള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.