
#സുധീർ നാഥ്
കേരളം നദികളാല്‍ ചുറ്റപ്പെട്ട വിഭവസമൃദ്ധമായ ഒരു പ്രദേശമാണ് എന്നാണ് അഭിമാനത്തോടെ നമ്മള് പറയാറുള്ളത്. എന്നാല്‍ ഇന്ന് വാര്‍ത്താമാധ്യമങ്ങളില്‍ ശുദ്ധജലത്തിനു വേണ്ടി വീർപ്പുമുട്ടുന്ന മലയാളികളുടെ വാര്‍ത്തകള്‍ നിറയുന്നു. കുടിവെള്ളത്തിനായി അലയുന്ന ഗ്രമീണരുടെ, പട്ടണവാസികളുടെ ചിത്രങ്ങള്‍ നമുക്കു മാധ്യമങ്ങള്‍ കാണിച്ചുതരുന്നു. കേരളത്തിലെ ചെറുഗ്രാമങ്ങളില്‍ പോലും കുപ്പിവെള്ളത്തിന്റെ കച്ചവടം വൻതോതിൽ നടക്കുന്നു. സുരക്ഷിതത്വത്തിന്റെ പേരിൽ കുപ്പിവെള്ളം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ജീവന്റെ നിലനിൽപിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജലം അഥവാ വെള്ളം എന്നതില്‍ തര്‍ക്കമില്ലല്ലോ. ശുദ്ധജലത്തിന് നിറമോ മണമോ രുചിയോ ഇല്ല. കിണറുകള്‍, പുഴകള്‍, തടാകങ്ങള്‍, സമുദ്രങ്ങള്‍ ഇവയിലെല്ലാം ജലം നിറഞ്ഞിരിക്കുന്നു. പക്ഷേ മനുഷ്യന് വിശ്വസിച്ചു കുടിക്കാൻ അനുയോജ്യമായ ജലം ഇപ്പോള്‍ കുപ്പിയിലാണു കിട്ടുന്നത് എന്നതാണ് അവസ്ഥ.
ജലം എന്ന വാക്കിന്റെ ഉത്പത്തിയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. ജനവാസമുള്ള എന്നും സമ്പന്നമായ എന്നും അര്‍ഥമുള്ള അബാദ് എന്ന പേര്‍ഷ്യന്‍ വാക്കും, വളര്‍ച്ച പ്രാപിക്കുന്ന എന്നര്‍ഥമുള്ള അബാദി എന്ന പേര്‍ഷ്യന്‍ വാക്കും ജലം എന്നര്‍ഥമുള്ള അബ് എന്ന വാക്കില്‍ നിന്നും ഉടലെടുത്തതാണ് ജലം. ജലതന്മാത്ര ഹൈഡ്രജന്റേയും ഓക്സിജന്റേയും ആറ്റങ്ങള്‍ അടങ്ങിയ ഒരു സംയുക്തമാണ്. ഓരോ തന്മാത്രയിലും ഹൈഡ്രജന്റെ 2 ആറ്റങ്ങളും ഓക്സിജന്റെ ഒരു ആറ്റവും അടങ്ങിയിരിക്കുന്നു. ജലത്തിന്റെ രാസവാക്യം H2O. മൂന്ന് അവസ്ഥകളിലും പ്രകൃതിയില്‍ കാണപ്പെടുന്ന ഒരേയൊരു വസ്തു ജലമാണ്.
ശുദ്ധജലമെന്നാല്‍ രാസപദാര്‍ഥം അഥവാ ലവണാംശം കലരാത്ത ജലമാണ്. കേരളത്തിലെ നദികള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവ പണ്ടുകാലത്ത് ശുദ്ധജല സ്രോതസുകളായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. സ്വന്തം കിണറ്റിലെ വെള്ളം പോലും ശുദ്ധജലമാണോ എന്ന് ജനം ഭയക്കുന്നു. അവരത് ഫിൽറ്ററുകൾ സ്ഥാപിച്ച് ശാസ്ത്രീയമായി സംസ്കരിച്ച് കുടിക്കുന്ന കാഴ്ച ഇപ്പോൾ സര്‍വസാധാരണം. ജലത്തിന്റെ മൂന്നവസ്ഥകള്‍ ഖരം, ദ്രാവകം, വാതകം എന്നിവയാണ്. താപനിലയനുസരിച്ച് ജലത്തിന്റെ രൂപത്തില്‍ മാറ്റം വരുന്ന ഖരാവസ്ഥയെ മഞ്ഞ് എന്നും വാതകാവസ്ഥയെ നീരാവി എന്നും പറയുന്നു. മണ്ണിലാണ് വെള്ളം ശേഖരിക്കപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതും എന്നതിനാല്‍ മണ്ണും, മണ്ണിനെ മണ്ണാക്കി നിര്‍ത്തുന്നത് ജൈവവസ്തുക്കളാകയാല് ജൈവവസ്തുക്കളും സംരക്ഷിച്ചുകൊണ്ടേ ജലത്തെ സംരക്ഷിക്കാനാവൂ. ഇവയെല്ലാം പ്രകൃതിയില്‍ പരസ്പര ബന്ധിതമായി നിലനില്ക്കുന്നു. നമ്മുടെ നാട്ടിലെ തെങ്ങിന് തോപ്പുകളും, ഓരോ തെങ്ങിനും ചുവടെയുള്ള തടങ്ങളും വളരെ പ്രധാനമാണ്. ഓരോ തടങ്ങളും മഴവെള്ളത്തിന്റെ ചെറു ശേഖരങ്ങളാണ്. അതൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. പറമ്പുകളിലെ കുളങ്ങളും പാത്തികളുമാണ് മഴവെള്ളത്തിന്റെ വലിയ ശേഖരങ്ങള്‍. അതും അപ്രത്യക്ഷമായിരിക്കുന്നു.
ഒരു മനുഷ്യന്റെ ശരീരത്തില്‍ 55% മുതല്‍ 78% വരെ ജലമാണുള്ളത്. മനുഷ്യന്റെ നിലനില്പ്പിൽ ജലത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്നതിന്റെ സൂചനയാണ് ഈ കണക്ക്. ഇക്കാരണത്താല്‍ തന്നെ ശരീരത്തിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിന് അത്യാവശ്യം വേണ്ടുന്ന ഒന്നാണ് ജലം എന്ന് തിരിച്ചറിയണം. നാം കഴിക്കുന്ന ഭക്ഷണത്തിത്തിലൂടെയോ കുടിക്കുന്ന പാനീയങ്ങളിലൂടെയോ ജലം ശരീരത്തിലെത്തുന്നു. ഒരു ദിവസം 7 മുതല്‍ 12 ഗ്ലാസ് വരെ വെള്ളം ഒരു മനുഷ്യന് ആവശ്യമാണ്. ധാരാളമായി ശുദ്ധജലം കുടിച്ചാല്‍ തന്നെ വലിയ അളവില്‍ രോഗങ്ങള്‍ മാറിപ്പോകും എന്ന് പറയുന്നുണ്ട്. അത് ശാസ്ത്രീയമായി തന്നെ തെളിഞ്ഞ കാര്യമാണെന്നും പറയുന്നു.
ലോകത്തെ ശുദ്ധജലത്തിന്റെ 71%ത്തോളം കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ലോകത്തെവിടേയും കര്‍ഷകരും, കാര്‍ഷിക ഉത്പന്നങ്ങളും മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ഗാര്‍ഹികാവശ്യങ്ങള്‍ക്ക് 10% ജലമേ ഉപയോഗിക്കുന്നുള്ളൂ. ലോകത്തെ ശുദ്ധജലത്തിന്റെ 45%ത്തോളം അമെരിക്കന്‍ ഭൂഖണ്ഡത്തിലാണ്. ഭാരതത്തില്‍ 4%. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ 71%ത്തോളം ജലം ഉപയോഗിച്ചുവരുന്നു എന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ജലം ഉപയോഗിച്ചുള്ള വൈദ്യുതി നിര്‍മാണം ഏറ്റവും ചെലവ് കുറഞ്ഞതാണ്. ഇതിനോടൊപ്പം തന്നെ ജലം നഷ്ടപ്പെടുന്നില്ല എന്നുള്ള ഒരു പ്രത്യേകത കൂടി അവിടെയുണ്ട്. വൈദ്യുതി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ജലം മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ലോകത്ത് എല്ലായിടത്തും ഡാമുകള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത് വൈദ്യുതി ഉത്പാദിപ്പിക്കാനും, കുടിവെള്ളത്തിനും, കൃഷിക്കും വേണ്ടിയാണ്. ഡാമുകളില്‍ നിന്നുള്ള വൈദ്യുതി നിര്‍മാണം പൂര്‍ത്തീകരിച്ച് കൃഷിയിടങ്ങളിലേക്ക് ജലം എത്തിക്കുന്നു. കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളില്‍ ജലം എത്തിക്കുന്നു. ഇത് ആഗോള തലത്തില്‍ പിന്തുടരുന്ന രീതിയാണ്. വടക്കേ ഇന്ത്യയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ഡാമുകളില്‍ ശേഖരിക്കുന്ന വെള്ളമാണ് കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നത്.
പ്രശസ്തമായ ഒരു ചൊല്ലുതന്നെയുണ്ട്- വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിക്കാനില്ലത്ര..! ഈ ഒരു അവസ്ഥയിലേക്ക് കേരളമെന്ന നമ്മുടെ നാടിനെ എത്തിച്ചതിനെക്കുറിച്ച് ഗഹനമായ ഒരു പഠനം ആവശ്യമാണ്. പ്രകൃതിയോടുള്ള ചൂഷണം മൂലം സംഭവിച്ച വ്യതിയാനങ്ങളാണ് അതിനു കാരണമെന്നു നാം അപ്പോൾ തിരിച്ചറിഞ്ഞേക്കും. ഇത് നമ്മുടെ നാടിനു മാത്രം സംഭവിച്ച ഒരു മാറ്റമല്ല. ലോകത്തിന്റെ എല്ലാ ഭാഗത്തും, എന്തിനേറെ നമ്മുടെ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഇത്തരമൊരു മാറ്റം വളരെ പ്രകടമാണ്. മനുഷ്യന് വികസിക്കുന്നതോടൊപ്പം പ്രകൃതിയെ അതിദാരുണമായി ചൂഷണം ചെയ്യുകയും ചെയ്തതാണ് ഇതിന്റെ കാരണം. ശുദ്ധജല തടാകങ്ങള്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴില്ല എന്നത് വേദനാജനകമാണ്. യമുനയും, ഗംഗയും മലിനമായി ഒഴുകുന്നു. ഭാരതപ്പുഴയും പെരിയാറും വരളുന്നു. ഇതൊക്കെ നേർക്കാഴ്ച്ചയാണ്.
കേരളത്തിന്റെ സാമൂഹികജീവിതത്തെ നേരിട്ട് ബാധിക്കുന്ന നമ്മുടെ ജലാശയങ്ങള്‍ ഉള്‍ക്കാഴ്ചയില്ലാത്ത വികസനം മൂലം ഇപ്പോള്‍ ശ്വാസംമുട്ടുന്നു. നമ്മുടെ കായലുകളും പുഴകളും തോടുകളുമെല്ലാം തിരിച്ചുപിടിക്കാന്‍ പറ്റാത്തവിധം മലിനമായിരിക്കുന്നു. പല തോടുകളും പുഴകളും നഷ്ടപ്പെടുകയോ, വീതി കുറയുകയോ ചെയ്തിരിക്കുന്നു. കുന്നിടിക്കലും, മണ്ണെടുക്കലും വയല്‍ നികത്തലും മണലൂറ്റലും വനംനശീകരണവും ജലാശയങ്ങള്‍ നികത്തലും ഗൗരവമായി പരിഗണിക്കപ്പെടുന്നില്ല. ഇതെല്ലാം ജനം നിസംഗതയോടെ കൈയുംകെട്ടി നോക്കിനില്ക്കുന്നത് തെറ്റാണെന്ന് തിരിച്ചറിയുന്നില്ല. നല്ല മഴ ലഭിക്കുന്ന നമ്മുടെ നാട്ടില്‍ മഴക്കാലത്തു പോലും ശുദ്ധജലത്തിനു ദൗര്‍ലഭ്യമുണ്ട്. മഴവെള്ളം പോലും മലിനമാണ്. അതിന് അന്തരീക്ഷ മലിനീകരണമാണു കാരണം.
ലോകത്താകമാനം രാജ്യങ്ങള്‍ ഇന്ന് ഒരേപോലെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളിലൊന്ന് കുടിവെള്ള മലിനീകരണമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാം കണക്കാക്കുന്നു. അതിന്റെ ഒരു ഭാഗം മാത്രമാണ് നമുക്ക് ചുറ്റും കാണുന്നത്. ഇതില്‍ നിന്ന് രക്ഷപ്പെടാൻ മലയാളികള്‍ മാത്രം വിചാരിച്ചാല്‍ സാധിക്കില്ല. ലോക മനുഷ്യരാശി ഒരുമയോടെ നിന്നാലേ ഈ വലിയ പ്രതിസന്ധിയില്‍ നിന്ന് ഈ ലോകത്തെ രക്ഷിക്കാന്‍ സാധിക്കൂ. ആഗോളതലത്തിലായാലും ദേശീയ തലത്തിലയാലും സംസ്ഥാന തലത്തിലായും ജല ലഭ്യതയും സുരക്ഷിതമായ കുടിവെള്ളവും ഗൗരവപ്പെട്ട പ്രശ്നമാണ്.
രാജ്യങ്ങള്‍ തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും പ്രദേശങ്ങള്‍ തമ്മിലും വെള്ളം സംബന്ധിച്ച് തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നു. ഇന്ന് ലോകത്ത് സുരക്ഷിതമായ കുടിവെള്ളം ഭൂമിയില്‍ ലഭ്യമാണോ എന്നതു സംശയമാണ്. നമ്മുടെ ജലസ്രോതസുകള്‍ നാള്‍ക്കുനാള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു തന്നെയാണ് ജലത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ അതിര്‍ത്തികള്‍ കടന്നുപോകാൻ കാരണം.
നിലവിലെ സാഹചര്യങ്ങൾ ജല മാനെജ്മെന്റ് കര്‍ശനമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യം വിളിച്ചോതുന്നു. ലഭ്യമായ വെള്ളം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെയാണ് ജല മാനെജ്മെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലഭിക്കുന്ന വെള്ളം എങ്ങനെ സംരക്ഷിച്ച് ആവശ്യത്തിനു ഉപയോഗിക്കാം എന്ന് സമൂഹം മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ലഭ്യമാകുന്ന ജലം മലിനപ്പെടാതിരിക്കാന്‍ എന്തു ചെയ്യണമെന്ന് നമ്മള് അറിഞ്ഞിരിക്കണം. ജലത്തിന്റെ ദുരുപയോഗവും, അമിത ഉപയോഗവും എങ്ങനെ തടയാം എന്നത് സമൂഹം അടിയന്തിരമായി മനസിലാക്കേണ്ടതുണ്ട്. വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുക എന്നതായിരിക്കണം ജല മാനെജ്മെന്റിന്റെ ലക്ഷ്യം.