
ഓംബുഡ്സ്മാന്റെ വിധിയിൽ ആശ്വാസമായത് പിഴ വിധിച്ച 10,000 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്ന് പിടിക്കണമെന്നുള്ളതാണ്. ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ടെങ്കിലും അതൊക്കെ മറികടക്കാനുള്ള വിദ്യ ഇന്ന് ഉദ്യോഗസ്ഥരിലൊരു വിഭാഗത്തിന് പരിചിതമാണ്. എത്ര വലിയ അഴിമതിയും ഭരണപക്ഷ യൂണിയനിൽ ചേർന്നാൽ വിശുദ്ധവത്കരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. "ചേരുക' എന്നു വച്ചാൽ യൂണിയന് സംഭാവന നൽകുക എന്നതാണ് ഇക്കാലത്തെ ഏറ്റവും വലിയ സംഘടനാ പ്രവർത്തനം! അതുകൊണ്ടു തന്നെ ഈ "സംഘടനാ പ്രവർത്തന'ത്തിനായി ജനങ്ങളെ പിഴിഞ്ഞ് കൈക്കൂലി വാങ്ങിയാൽ പോലും യൂണിയനുകൾ പിന്തുണയ്ക്കാൻ മടിക്കാറുമില്ല. പാവപ്പെട്ട നഗരവാസികൾ മുണ്ടുമുറുക്കി ഉടുത്ത് നഗരസഭയിലേയ്ക്ക് ഒടുക്കിയ നികുതി ഖജനാവിലേക്ക് അടയ്ക്കാതെ അടിച്ചുമാറ്റിയവർ മുതൽ പട്ടികവിഭാഗ ഫണ്ട് സ്വന്തം വകമാറ്റി സ്വന്തം കീശയിലേയ്ക്കും വേണ്ടപ്പെട്ടവർക്കും ഒഴുക്കിയവർക്കു പോലും മിടുക്കരും മാന്യരുമായി ഇപ്പോഴും വിലസുന്നു!
വട്ടിയൂർക്കാവ് വാഴോട്ടുകോണം കാപ്പിവിള വീട്ടിൽ ആർ. സുരേന്ദ്രൻ നായരുടെ പരാതിയിലാണ് ഓംബുഡ്സ്മാൻ ശിക്ഷ വിധിച്ചത്. 2018 ഏപ്രിൽ 6നാണ് സുരേന്ദ്രൻ നായർ ഒക്യുപ്പൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്.100 ദിവസം ഓവർസിയറുടെ ഓഫിസിൽ കയറിയിറങ്ങിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. 2,000 രൂപ കൈക്കൂലി നൽകിയപ്പോൾ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടു. കരം നിശ്ചയിക്കാൻ റവന്യൂ ഇൻസ്പെക്റ്റർ നടത്തിച്ചത് 18 ദിവസമാണ്. നഗരസഭയ്ക്ക് അടയ്ക്കാനുള്ള തുക നിശ്ചയിച്ചു കിട്ടാനാണ് ഇങ്ങനെ കേറിയിറങ്ങുന്നതെന്ന് ഓർക്കണം! എന്തായാലും 1,000 രൂപ "നടയ്ക്കിട്ട'തോടെ ആ ദൈവവും പ്രസാദിച്ചു!
ജോലിഭാരം കാരണമാണ് നടപടി വൈകിയതെന്നായിരുന്നു അസിസ്റ്റന്റ് എൻജിനീയറുടെ വിശദീകരണം. ഇടതുകാലിന് 60 ശതമാനം വൈകല്യമുണ്ടായിട്ടും ജോലി കൃത്യമായി നിറവേറ്റുന്നുവെന്നും പ്രത്യേകം പരാമർശിച്ചിരുന്നു. ജോലിഭാരത്താലുണ്ടായ വീഴ്ച മാപ്പാക്കണമെന്നേ ഓവർസിയർക്ക് ബോധിപ്പിക്കാനുണ്ടായിരുന്നുള്ളൂ.
ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് അപേക്ഷ കിട്ടിയാൽ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് ചാർജ് ഓഫിസർ (സെക്രട്ടറി) സമ്മതിക്കുന്നതായി ഓംബുഡ്സ്മാൻ വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ 100 ദിവസത്തിലേറെ കാലതാമസം വന്നിട്ടുണ്ട്. സേവനാവകാശ നിയമം നഗരസഭയ്ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ ശേഷമാണ് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ പിഴശിക്ഷ വിധിച്ചത്.
തിരുവനന്തപുരം നഗരസഭ ഉൾപ്പെടെ വിജിലൻസ് ഉദ്യോഗസ്ഥർ ഇടയ്ക്കിടെ പരിശോധിച്ച ശേഷം ക്രമക്കേട് കണ്ടെത്തി എന്നു പറഞ്ഞ് പത്രക്കുറിപ്പ് ഇറക്കാറുണ്ട്. എന്നാൽ, ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് ഇരിക്കുന്ന, സേവനാവകാശ നിയമ പ്രകാരം കാലവധിക്കുള്ളിൽ നടപടി എടുക്കാത്ത ഫയലുകളെക്കുറിച്ച് മാത്രം അന്വേഷിച്ചാൽ മതി, അഴിമതിയുടെ കുംഭമേളയ്ക്കുള്ള തെളിവുകൾ കിട്ടും. വിജിലൻസ് ഉദ്യോഗസ്ഥർക്കും അഴിമതി ഇല്ലാതാക്കലല്ലല്ലോ ഉദ്ദേശ്യം. "ജീവിച്ചിരിപ്പുണ്ട്' എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അടവിനപ്പുറം വിജിലൻസ് അന്വേഷണമൊരു ചടങ്ങായി മാറിയിട്ടെത്രയോ നാളായി. ഇപ്പോഴാണെങ്കിൽ "ക്വോട്ട' തികയ്ക്കാനാണ് പരിശോധനകൾ! അങ്ങനെയല്ലെങ്കിൽ അവർ ഇത്തരം റെയ്ഡുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരിൽ കോടതി ശിക്ഷിച്ചവരുടെ പേരുവിവരം പുറത്തുവിടട്ടെ. സർക്കാരിനും ഇത്തരക്കാർക്കെതിരെ നടപടി എടുക്കണമെന്ന് താല്പര്യമേ ഇല്ലെന്ന് അവരുടെ അഴിമതിയോട് സന്ധി ചെയ്യുന്ന നിലപാടുകൾ വിളിച്ചു പറയുന്നുണ്ട്.
ഭക്ഷ്യവിഷബാധാ മരണം ഉണ്ടാവുമ്പോൾ ഓടിയെത്തി കാടിളക്കി പരിശോധന നടത്തുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ്. ആവശ്യത്തിന് ആളില്ലെന്നാണ് ഇവരുടെ പരാതി. ഇപ്പോഴീ പരിശോധനയ്ക്കും നടപടിക്കുമുള്ള ആളുകൾ ബഹിരാകാശത്തു നിന്ന് വന്നതാണോ? അപ്പോൾ, ആളില്ലാത്തതല്ല കാരണം. എന്നും മൂന്നു നേരവും പ്രമുഖ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്സലായി വീട്ടിലെത്തുമ്പോൾ എത്ര ഉദ്യോഗസ്ഥർക്ക് അവിടെ പരിശോധനയ്ക്ക് കയറാനുള്ള ചങ്കുറപ്പുണ്ടാവും? "സുനാമി ഇറച്ചി' എന്ന കുപ്രസിദ്ധമായ ചിക്കൻ വേസ്റ്റും പഴകിയതുമായ ഇറച്ചി നൽകിയ ഹോട്ടലുകളുടെ പേര് പുറത്തുവരാതിരിക്കാൻ കളമശേരി നഗരസഭ നടത്തിയ ശ്രമങ്ങൾ നാം കണ്ടതാണല്ലോ. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും കിട്ടുന്ന കൈമടക്കും ആഹാര പായ്ക്കറ്റും തന്നെയാണ് ഇതിന്റെ കാരണം.140 ഉദ്യോഗസ്ഥർ സംസ്ഥാനത്താകെ ഭക്ഷ്യസുരക്ഷാ വകുപ്പിലുണ്ട്. ഇവർ ദിവസം ഒരു പരിശോധന നടത്തിയാൽതന്നെ ഒരു മാസത്തെ അവധി ദിനങ്ങൾ ഒഴിവാക്കിയാൽ തന്നെ 3,500 ആയി. അതൊന്നും ചെയ്യാതെ ഇത്രയും നാൾ കിമ്പളവും വാങ്ങി ഇരുന്നവരുടെ ഇത്തരം ന്യായവാദങ്ങളെ ജനം ചാണകത്തിൽ മുക്കുന്ന ചൂലിനടിച്ച് ചോദ്യം ചെയ്യേണ്ട കാലം അതിക്രമിച്ചു എന്ന് പറയാതെ വയ്യ. കൈനീട്ടി വാങ്ങുന്ന ശമ്പളം പാവങ്ങളുടെ നികുതിപ്പണമാണെന്ന് ഇവരെ ഓർമിപ്പിക്കാൻ അതൊക്കെയേ വഴിയുള്ളൂ. തദ്ദേശ സ്ഥാപന ആരോഗ്യവിഭാഗക്കാരും ഇതൊക്കെത്തന്നെയാണ് ചെയ്യുന്നത്.
ഏറ്റവുമൊടുവിൽ, പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടപെടലിനെ ഉദ്യോഗസ്ഥർ എത്ര വിദഗ്ധമായാണ് അട്ടിമറിക്കുന്നതെന്ന് നോക്കൂ. 2022 സെപ്തംബർ 23നായിരുന്നു ഹർത്താൽ. പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിന് അലംഭാവമെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തിയത് ഡിസംബർ 19നാണ്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് രൂക്ഷ വിമർശനം ഉണ്ടായത്. ജനുവരി 15ന് മുമ്പ് ജപ്തി നടപടികള് പൂര്ത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. അതിലും നടപടി കാണാതെ വന്നപ്പോൾ ഹൈക്കോടതി അന്ത്യശാസനം നൽകിയപ്പോഴാണ് സർക്കാർ ഓട്ടം തുടങ്ങിയത് . അപ്പോഴും ആ ഉത്തരവ് എങ്ങനെ അട്ടിമറിക്കാമെന്നായി ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അന്വേഷണം. നിരപരാധികളുടെ വസ്തുവകകൾ ജപ്തി ചെയ്തും ഹർത്താലിന് മാസങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ടയാളിന്റെ വസ്തു ജപ്തി ചെയ്തും ഹൈക്കോടതിയെ വെല്ലുവിളിക്കുകയായിരുന്നു, ഈ ഉദ്യോഗസ്ഥർ. ഇവർക്ക് ഒന്നും സംഭവിക്കില്ലെന്ന് ഇതുവരെയുള്ള അനുഭവം സാക്ഷിയാണ്.
സർക്കാരിന് ഏറ്റവുമധികം വരുമാനം കിട്ടുന്നവയിൽ പ്രധാനം മദ്യവില്പനയാണെന്നത് പുതിയ കാര്യമല്ല. ബെവ്റിജസ് കോർപ്പറേഷന്റെ 30 പ്രീമിയം മദ്യവില്പന കേന്ദ്രങ്ങളിൽ കച്ചവടം നിർത്തി. കാരണമെന്തെന്നോ? ആവശ്യത്തിന് ജീവനക്കാരില്ല!ഒരു ഷോപ്പിന് ഒരു സീനിയർ അസിസ്റ്റന്റാണ് ഷോപ്പിന്റെ മേൽനോട്ടത്തിന് വേണ്ടത്. എന്നാൽ, പലേടത്തും ആവശ്യത്തിന് ഇക്കൂട്ടരില്ല. ചിലേടത്ത് ഇതേ തസ്തികയിൽ രണ്ടും മൂന്നും പേരുണ്ട്! വരുമാനമില്ലെങ്കിലെന്ത്, ഓഫിസുകളിൽ ഉദ്യോഗസ്ഥരുടെ പൂരത്തിരക്കാണ്. സ്വാധീനമുള്ളവർ ഷോപ്പിൽ ജോലി ചെയ്യാതെ ഡെപ്യൂട്ടേഷനിൽ ഓഫിസുകളിൽ പോവും. നിലവിലുള്ളവരെ ശരിയായി വിന്യസിച്ചാൽ ഇപ്പോഴുള്ളവരെക്കൊണ്ട് നിലവിലുള്ളതിന് പുറമെ, ഇനിയും കുറെയേറെ ഷോപ്പുകൾ പ്രവർത്തിപ്പിക്കാം. അതിന് തുനിഞ്ഞാൽ ആ ഉദ്യോഗസ്ഥന്റെ "ചീട്ടു കീറും'എന്നതിനാൽ പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലാൻ ഇത്തരക്കാരും അറിഞ്ഞുകൊണ്ട് കൂട്ടുനിൽക്കുകയാണ്.
"മുത്തപ്പന്റെ വഞ്ചി, മൂന്നുപുത്തൻ കൂലി, എത്തുമ്പോഴെത്തും...' എന്ന ചൊല്ല് സർക്കാരിനെപ്പറ്റി അർഥവത്താണ്. "കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി...' എന്നു പറയുന്നതും മറ്റാരെക്കുറിച്ചുമല്ല. ആത്മാർഥതയോടെ അഴിമതിരഹിതമായി പ്രവർത്തിക്കുന്ന കുറേപ്പേരുണ്ട് എന്നത് വാസ്തവമാണ്. എന്നാൽ, അത്തരക്കാർ ഇപ്പോൾ കൂടുതൽ ഒതുക്കപ്പെടുകയോ നിസഹായരാവുകയോ ചെയ്തു എന്നതാണ് വാസ്തവം. ഇവർക്ക് പ്രചോദനമാവും ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ വിധി എന്നതിനാലാണ് അതേക്കുറിച്ച് തുടങ്ങിയത്.
ഇത് സർക്കാരിന്റെയോ അഴിമതി ഓഫിസുകളുടെയോ സ്ഥിതിയിൽ വലിയ മാറ്റമൊന്നും വരുത്തില്ല. അവർ "സർക്കാർ കാര്യം മുറ പോലെ' തുടരും. ഇപ്പോൾ, "പൊലീസ്- ഗൂണ്ടാ ഭായി ഭായി' ബന്ധം സർക്കാരിന് സമ്മതിക്കേണ്ടി വരികയും പിരിച്ചുവിടൽ ഇൾപ്പെടെ നടപടി എടുക്കേണ്ടിവരികയും ചെയ്തല്ലോ. അത്തരം നപടി നിർബന്ധിക്കപ്പെടുന്ന അവസ്ഥയിലേയ്ക്ക് എത്തണോ അതോ അതിനുമുമ്പ് ഉണരണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാർ തന്നെയാണ്.