
#ഡോ. മൻസുഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി
ആരോഗ്യ സംരക്ഷണ മേഖലയിലെ സമകാലിക വെല്ലുവിളികളുടെ സങ്കീർണതകളും പരിണാമങ്ങളും വ്യക്തമാക്കുന്നത്, രാജ്യങ്ങളുടെ വ്യതിരിക്ത പ്രതികരണത്തേക്കാൾ ആഗോളതലത്തിൽ യോജിച്ചുള്ള പ്രവർത്തനങ്ങളാകും അവ നേരിടുന്നതിന് ഫലപ്രദമാവുക എന്നാണ്.
പുതിയ രോഗങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ആരോഗ്യ അടിയന്തരാവസ്ഥകൾ ഫലപ്രദമായി നേരിടുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് വികസിപ്പിക്കണമെങ്കിൽ ശാസ്ത്രജ്ഞർ, സർക്കാരുകൾ, സ്വകാര്യ വൻകിട കമ്പനികൾ, വിവിധ രാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകൾ, നിയന്ത്രക സംവിധാനങ്ങൾ, രാഷ്ട്രീയ നേതൃത്വം തുടങ്ങിയ ഘടകങ്ങൾ ഒറ്റക്കെട്ടായും തടസരഹിതമായും അതിശീഘ്രവും പ്രവർത്തിക്കേണ്ടി വരുമെന്ന് മഹാമാരിക്കാലത്തെ ആഗോളാനുഭവം തെളിയിച്ചു. ആവശ്യത്തിന് വാക്സിനുകൾ ഉള്ളതുകൊണ്ട് മാത്രം എല്ലായിടത്തും എല്ലാവർക്കും ജീവൻ രക്ഷാ ഔഷധം ലഭിക്കണമെന്നില്ലെന്നും മഹാമാരി തെളിയിച്ചു.
പരസ്പരാശ്രിതമായ ഒരു ലോകക്രമത്തിൽ, വൻ തോതിൽ പടർന്നു പിടിക്കാവുന്ന ഒരു വൈറസ് സൃഷ്ടിക്കുന്ന മഹാമാരിയിൽ നിന്ന് ചില രാജ്യങ്ങളിലെ ജനങ്ങളെ മാത്രം രക്ഷിക്കുന്നതിലൂടെ അനിവാര്യമായതിനെ വൈകിപ്പിക്കാനായേക്കും. പക്ഷേ അതിനെ പൂർണമായതും തടയുക അസാധ്യം തന്നെ. സമീപകാല അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് മികച്ച ഒരു ആരോഗ്യ സംരക്ഷണ മാതൃകയ്ക്കായി ലോകം കൂട്ടായ പുനർവിചിന്തനം നടത്തേണ്ടത് അനിവാര്യമാണ്.
ആഗോള തലത്തിൽ ശക്തവും കാര്യക്ഷമവുമായ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളാണ് നമുക്ക് വേണ്ടത്. രോഗങ്ങളെ മഹാമാരിയായി മാറാൻ അനുവദിക്കാതെ ഉരുവം കൊള്ളുന്ന പ്രദേശത്തു തന്നെ നിയന്ത്രിച്ച് പകർച്ച തടയാൻ കഴിയണം. ഇനിയൊരു ആരോഗ്യ അടിയന്തരാവസ്ഥ സംജാതമായാൽ, രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയെ ആധാരമാക്കിയല്ല മറിച്ച് ആവശ്യങ്ങളെ അടിസ്ഥാനമാക്കി, രോഗപ്രതിരോധ വാക്സിനുകൾ, മരുന്നുകൾ, രോഗനിർണയ പരിശോധനകൾ എന്നിവ വികസിപ്പിക്കാനും നിർമ്മിക്കാനും വിതരണം ചെയ്യാനും പ്രാപ്തിയും ഉത്തരവാദിത്തവുമുള്ള ആഗോള ആരോഗ്യ സംവിധാനമാണ് കാലഘട്ടത്തിന്റെ ആവശ്യം.
കൊവിഡിനു ശേഷമുണ്ടായ
ആഗോള സഹകരണം
2020ൽ ആക്സസ് റ്റു കൊവിഡ്-19 ടൂൾസ് ആക്സിലറേറ്റർ (എസിടി- ആക്സിലറേറ്റർ) എന്ന ആശയം രൂപപ്പെടുത്തുകയും മഹാമാരിക്ക് അന്തിമ പരിഹാരം കണ്ടെത്താൻ പ്രവർത്തിക്കുകയും ചെയ്തതോടെ നാം ആഗോള പരിഹാരത്തിലേക്ക് കൂടുതൽ അടുത്തു. കൊവിഡ്19 പരിശോധനകളും ചികിത്സകളും കണ്ടെത്തുകയും വികസിപ്പിക്കുകയും, ഒരു പ്ലാറ്റ്ഫോം എന്ന നിലയിൽ അത് ആവശ്യമായ എല്ലാവർക്കും തുല്യമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും, അതിനായി സർക്കാരുകൾ, ശാസ്ത്രജ്ഞർ, ബിസിനസുകാർ, സന്നദ്ധസംഘടനകൾ, മനുഷ്യസ്നേഹികൾ എന്നിവരെ ഒരുമിച്ച് ചേർക്കുകയും ചെയ്തു.
കൂടുതൽ വെല്ലുവിളികൾ മെച്ചപ്പെട്ട രീതിയിൽ നേരിടാൻ തക്കവിധം ആക്സിലറേറ്ററിന്റെ രൂപഘടനയിൽ വരുത്താവുന്ന പരിവർത്തങ്ങൾ സംബന്ധിച്ച് പുനർവിചിന്തനം നടത്തേണ്ട സമയമാണിത്. കൊവിഡ് അവസാനത്തെ മഹാമാരിയല്ല എന്ന ബോധ്യത്തിൽ നിന്നുകൊണ്ട് ആരോഗ്യ സംരക്ഷണത്തിൽ സർക്കാരുകൾക്കും പൊതു-സ്വകാര്യ പങ്കാളികൾക്കും സമഞ്ജസമായി പ്രവർത്തിക്കാനുള്ള ഒരു ആഗോള ഘടന അത്യാവശ്യമാണ്.
ആന്റിമൈക്രോബയൽ പ്രതിരോധം, മറ്റൊരു വൈറൽ മഹാമാരി, അതുമല്ലെങ്കിൽ തികച്ചും അപ്രതീക്ഷിതമായ മറ്റെന്തെങ്കിലും ആരോഗ്യഭീഷണി എന്നിവയിൽ നിന്നുമാകാം അടുത്ത ആഗോള ആരോഗ്യ അടിയന്തരാവസ്ഥ. ആഗോളതലത്തിൽ നിർവചിക്കപ്പെട്ട ഒരു ചട്ടക്കൂട്, മോക്ക് ഡ്രില്ലുകളുടെ അനുഭവം, ഭീഷണികൾ കൈകാര്യം ചെയ്യാൻ പ്രാദേശികമായി ആർജ്ജിച്ച ശേഷി എന്നിവ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ആഗോളതലത്തിൽ മെച്ചപ്പെടുത്താൻ വേണ്ട വിലപ്പെട്ട അനുഭവങ്ങൾ പകർന്നുനൽകും.
രോഗനിർണയം, ചികിത്സ, പ്രതിരോധ കുത്തിവയ്പ്പ്, ആരോഗ്യ സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന 4 സ്തംഭങ്ങളിലൂന്നി എസിടി-ആക്സിലറേറ്റർ നടത്തിയ പ്രവർത്തങ്ങളെന്താണെന്നും ഏതൊക്കെ മേഖലകളിലാണ് മെച്ചപ്പെടുത്തലുകൾ ആവശ്യമെന്നും ആത്മാന്വേഷണം നടത്താനുള്ള സമയമാണിത്. ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ഒരു ആഗോള ഘടന, ബന്ധപ്പെട്ട മേഖലകളിലെ വ്യത്യസ്ത പങ്കാളികളെ ഒരുമിച്ചു ചേർത്ത് എങ്ങനെ കാര്യക്ഷമമായി പ്രവർത്തിച്ചു എന്നത് സംബന്ധിച്ച് വിശാല അർഥത്തിൽ അഭിപ്രായ സമന്വയമുണ്ടെങ്കിലും, മിക്ക പ്രവർത്തനങ്ങളും സ്വാഭാവികവും ഔപചാരിക ഘടനയുടെ കുറവ് വ്യക്തമാക്കുന്നതുമാണ്. എസിടി- ആക്സിലറേറ്ററിന്റെ വ്യാപ്തി പുനർനിർവചിക്കുകയും സമീപകാല മൂല്യനിർണയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കൂടുതൽ ഫലപ്രദമാം വിധം വ്യാപിപ്പിക്കാൻ ആഗോള പ്രതികരണം സമന്വയിപ്പിക്കുകയുമാണ് വേണ്ടത്.
ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ സംബന്ധിച്ച് വാക്സിനുകൾ, മരുന്നുകൾ, രോഗനിർണയ കിറ്റുകൾ എന്നിവ വികസിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും വാങ്ങുന്നതിലും ഉള്ള പോരായ്മകൾ കണക്കിലെടുക്കുമ്പോൾ എസിടി- ആക്സിലറേറ്റർ വളരെ പ്രസക്തമാണെന്ന് 2022 ഒക്ടോബറിൽ നടത്തിയ സ്വതന്ത്ര വിലയിരുത്തൽ വ്യക്തമാക്കുന്നു. ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളുടെ ശബ്ദം പരിഗണിച്ചില്ലെന്നും, തീരുമാനങ്ങൾ എടുക്കുന്നതിൽ അവരുടെ വീക്ഷണങ്ങൾ ഗൗരവമായി പരിഗണിച്ചില്ലെന്നും അഭിപ്രായമുണ്ട്. ആരോഗ്യ വെല്ലുവിളികളോടുള്ള പ്രതികരണത്തിന്റെ ഫലപ്രാപ്തിയെ ഇത്തരം ഘടകങ്ങൾ ബാധിച്ചതായി വിലയിരുത്തൽ സംഗ്രഹിച്ചു.
നിർവചിക്കപ്പെട്ട ഉത്തരവാദിത്തവും സമ്പൂർണ സുതാര്യതയും ഉള്ള ഔപചാരികമായ രൂപ, ഭരണ ഘടനകൾ ആഗോള ആരോഗ്യ ആക്സിലറേറ്ററിന് കൈവരിക്കാനായാൽ, അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയെ കൂടുതൽ ഫലപ്രദമായി നേരിടാൻ കഴിയും.
ജി20 അധ്യക്ഷസ്ഥാനം അടുത്തിടെ ഏറ്റെടുത്ത ഇന്ത്യ, അംഗരാജ്യങ്ങൾക്കിടയിൽ ഇത്തരമൊരു സ്ഥിരം സ്ഥാപന പ്ലാറ്റ്ഫോമിന്റെ ആവശ്യകത സംബന്ധിച്ച സമവായമുണ്ടാക്കാൻ പരിശ്രമിക്കും. അത്തരമൊരു പുതിയ സംവിധാനത്തിന് കീഴിൽ ഭരണനിർവഹണവും ഉത്തരവാദിത്വവും ആരോഗ്യ സംരക്ഷണവും കൂടുതൽ ഫലപ്രദമായി എങ്ങനെ വിപുലീകരിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് ആലോചനകൾ നടത്തും.
ഗ്ലോബൽ സൗത്ത്
രാജ്യങ്ങളുടെ ശബ്ദം
ഗ്ലോബൽ സൗത്തിലുള്ള താഴ്ന്ന, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങൾ സ്വന്തം ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ മഹാമാരിയിലൂടെ വെളിവായിട്ടുണ്ട്. ആരോഗ്യ ഭീഷണിയുടെ ആവിർഭാവമുണ്ടായാൽ ജീവനും സാമ്പത്തിക വ്യവസ്ഥയും സംരക്ഷിക്കാനുതകും വിധം രോഗനിർണയം, വാക്സിനുകൾ, മരുന്നുകൾ എന്നിവ സാധാരണ ജനങ്ങൾക്ക് ഉറപ്പാക്കുന്നത് സംബന്ധിച്ചും പ്രാദേശികമായ ശേഷി കെട്ടിപ്പടുക്കുന്നതിനുള്ള നൂതന മാർഗങ്ങളുടെ ആവശ്യകതയെക്കുറിച്ചുമുള്ള പുനർവിചിന്തനത്തിന് ഈ അനുഭവം നമ്മെ പ്രേരിപ്പിക്കുന്നു.
ഭാവിയിലെ ആഗോള ആരോഗ്യ സംരക്ഷണ ഘടനയ്ക്ക് രൂപരേഖ തയാറാക്കുമ്പോൾ, ഈ സേവനങ്ങൾ തുല്യതയോടെ ലഭ്യമാക്കേണ്ട താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ സാഹചര്യങ്ങളും ആവശ്യകതകളും മനസിലാക്കുകയും ആ ഘടകങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഗോള സമൂഹം തയാറാകേണ്ടതുമാണ്. ഭാവിയിലുണ്ടാകാനിടയുള്ള മഹാമാരികളെ ഏകീകൃതമായി കൈകാര്യം ചെയ്യാൻ ലോകത്തെ സജ്ജമാകുന്നതിനുള്ള സംരംഭങ്ങൾ തീർച്ചയായും തുല്യപങ്കാളിത്തത്തോടെയുള്ളവ ആയിരിക്കണം.
ലോക നേതാക്കളുടെ രാഷ്ട്രീയ ഇച്ഛാശക്തി പ്രയോജനപ്പെടുത്തുന്നതിനൊപ്പം, അടുത്തുണ്ടാകാനിടയുള്ള ആരോഗ്യ അടിയന്തരാവസ്ഥയെ ഫലപ്രദമായി നേരിടാൻ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന വാക്സിൻ- ചികിത്സ- രോഗനിർണയ ശൃംഖലകൾ വിശാലമായും ധീരമായും ചിന്തിക്കേണ്ടതുണ്ട്. ആരോഗ്യ രംഗത്തെ ഭാവി വെല്ലുവിളികൾ നേരിടാൻ ലോകത്തിന് സഹായകമാകുന്ന പ്രാദേശിക ഗവേഷണത്തിലും നിർമ്മാണ ശേഷിയിലും നിക്ഷേപം നടത്തുകയെന്നത് നിർണായകമാണ്.
കമ്പനികൾക്ക് ശേഷിയുണ്ടെങ്കിൽപ്പോലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സ്വന്തം രാജ്യത്തെ വിവിധ പ്രദേശങ്ങളിലും, ചില സവിശേഷ സാഹചര്യങ്ങളിൽ അവശ്യ ഉത്പന്നങ്ങൾ എത്തിക്കാൻ കഴിയണമെന്നില്ലെന്ന് കഴിഞ്ഞ 3 വർഷങ്ങളിൽ വ്യക്തമായിട്ടുണ്ട്. ചില സമയങ്ങളിൽ ചില മെഡിക്കൽ ഉത്പന്നങ്ങളുടെ ആവശ്യത്തിലുള്ള കുതിച്ചുചാട്ടം പ്രവചനാതീതമോ അപ്രതീക്ഷിതമോ ആയിരുന്നതിനാലാണിത്; ചില സമയങ്ങളിൽ, ഉത്പാദനം ഒരു പരിധിക്കപ്പുറം വർധിപ്പിക്കുക എന്നത് വെല്ലുവിളിയായി മാറി; വിതരണ ശൃംഖലകൾ വ്യാപകമായി തടസപ്പെട്ടു. ഗവേഷണ- വികസനത്തിന്റെയും സാങ്കേതിക ശേഷിയുടെയും ഉത്പാദനത്തിന്റെയും ചില ലോക രാജ്യങ്ങളിൽ മാത്രമായുള്ള കേന്ദ്രീകരണം അവശ്യ മെഡിക്കൽ ഉത്പന്നങ്ങൾ, പ്രത്യേകിച്ച് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ സമയബന്ധിതമായി വിതരണം ചെയ്യുന്നത് പരിമിതപ്പെടുത്തി.
ആഗോള ശൃംഖലകളുടെ പിന്തുണയോടെ പരിശോധനാ രീതികളും ചികിത്സ സൗകര്യങ്ങളും വികസിപ്പിച്ച് കഴിഞ്ഞാൽ, നിശ്ചിത സമയത്തിനുള്ളിൽ അവ എല്ലാ രാജ്യങ്ങളിലും തുല്യതയോടെ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ആഗോള നേതൃത്വത്തിനുണ്ട്. അതിനാൽ ഇന്ത്യയുടെ ജി20 അധ്യക്ഷ കാലയളവിൽ ആരോഗ്യ അടിയന്തരാവസ്ഥകൾ നേരിടുന്നതിനുള്ള ഒരു പൊതുവേദി ആസൂത്രണം ചെയ്യേണ്ടതുണ്ട്.
ആഗോള രാഷ്ട്രീയ
ഇച്ഛാശക്തി, പ്രവർത്തനങ്ങൾ
ഇന്ന് ലോകം നേരിടുന്ന ആരോഗ്യ സംരക്ഷണ വെല്ലുവിളികൾ, ആന്റിമൈക്രോബിയൽ പ്രതിരോധമോ കൊവിഡ്19 ന്റെ ഉയർന്നുവരുന്ന വകഭേദങ്ങളോ ആകട്ടെ, എത്ര ശക്തവും വിഭവസമൃദ്ധവുമായ രാജ്യമാണെങ്കിലും ഒരു രാജ്യത്തിന് മാത്രമായി പരിഹരിക്കാൻ കഴിയാത്തത്ര സങ്കീർണമാണ്. എത്ര കാര്യക്ഷമതയുള്ളതായാലും ഒരു മേഖലയ്ക്ക് മാത്രമായി ഉയർന്നു വരുന്ന വെല്ലുവിളികൽ നേരിടാൻ സാധ്യമല്ല. ആഗോള നേതാക്കൾ നയിക്കുന്ന പങ്കാളിത്ത മാതൃകകൾ- അന്താരാഷ്ട്രവും, ബഹുമേഖലാധിഷ്ഠിതവും- വികസിപ്പിച്ചെടുക്കേണ്ടത് ആവശ്യമാണ്.
സഹകരണത്തിന്റെ അഭൂതപൂർവമായ മാതൃകകൾ കൊവിഡ്19 കാലത്ത് കാണാനായെങ്കിലും, നിലവിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും കൂടുതൽ സഹകരണത്തിനും സാധ്യതകൾ ഇനിയുമുണ്ട്. വ്യത്യസ്ത ഗവൺമെന്റുകൾ, അന്താരാഷ്ട്ര സംഘടനകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സ്വകാര്യ മേഖല എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്ന മാതൃകകളിലാണ് ആരോഗ്യ ആവാസവ്യവസ്ഥയുടെ ഭാവി കുടികൊള്ളുന്നത്. ഓരോ മേഖലയുടെയും കരുത്ത് യഥാവിധി പ്രയോജനപ്പെടുത്താൻ തടസരഹിതമായ പ്രവർത്തനം മാനദണ്ഡമാകണം.
ഗവേഷണ- ഉത്പാദന ശൃംഖലകളെ എസിടി- ആക്സിലറേറ്റർ എന്ന ആശയത്തിലേക്ക് സന്നിവേശിപ്പിക്കുന്നത് അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ കലാശിച്ചേക്കാം. ഇന്ത്യയുടെ ജി20 അധ്യക്ഷ കാലയളവിൽ ഈ ആഗോള ആരോഗ്യ ചട്ടക്കൂടിന് വിത്ത് പാകുക തന്നെ ചെയ്യും. ലോകത്തിന് ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ആ ആശയത്തിന്റെ ഭാവി രൂപപ്പെടുന്നത്.