
ഒന്നര പതിറ്റാണ്ടിന്റെ പ്രായമാവാൻ അഞ്ചാണ്ട് മാത്രം ശേഷിക്കുന്ന "ഹിന്ദു'വും 50 തികയാൻ 2 വർഷം മാത്രമുള്ള "ബിസിനസ് സ്റ്റാൻഡേർഡും' ഉൾപ്പെടെ 16 പത്രങ്ങൾ ഇപ്പോൾ അച്ചടിക്കുന്നത് കേരളത്തിന്റെ കടലാസ് കമ്പനിയായ "കെപിപിഎൽ' അഥവാ "കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡി'ലുത്പാദിപ്പിച്ച കടലാസിലാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്. ഇംഗ്ലിഷ് പത്രങ്ങളെ കൂടാതെ 2 തെലുങ്കും 3 തമിഴും ഒരു കന്നഡയും 7 മലയാള പത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇറക്കുമതി കടലാസിനെക്കാൾ വിലക്കുറവുള്ളതിനാൽ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലെ പത്രങ്ങൾ ഉൾപ്പെടെ കേരളത്തിന്റെ "സ്വന്തം' കടലാസിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
"ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ' 1970ലാണ് രൂപീകൃതമായത്. 1982 ഫെബ്രുവരി 26ന് കമ്പനിയിൽനിന്ന് ആദ്യറീൽ പേപ്പർ പുറത്തുവന്നു. പിന്നെ, തിരിഞ്ഞുനോക്കേണ്ടതില്ലാത്ത വിധം കുതിപ്പായിരുന്നു. രാജ്യത്തെ ഒന്നാം കിട പത്രക്കടലാസ് നിർമാണ സ്ഥാപനമെന്ന ഖ്യാതി. ലാഭം കുമിഞ്ഞതോടെ "മിനിരത്ന' പദവി കിട്ടി. ഉദ്യോഗസ്ഥ അഴിമതിയും സാങ്കേതികവിദ്യാ നവീകരണമില്ലായ്മയും കാരണം നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയ കമ്പനിയെ 2002ൽ വാജ്പേയി സർക്കാർ വിൽക്കാൻ താൽപ്പര്യപത്രം ഇറക്കി. അത് യാഥാർഥ്യമാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. വിത്പനയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാർ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ നിയമിച്ച ലിക്വിഡേറ്ററെ സമീപിച്ച് വിലപേശി കമ്പനിയ സ്വന്തമാക്കുകയായിരുന്നു. ട്രിബ്യൂണലിൽ 145 കോടി രൂപയുടെ റെസല്യൂഷൻ പ്ളാൻ സമർപ്പിച്ച്, ടെൻഡറിൽ പങ്കെടുത്താണ് കഴിഞ്ഞ സർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തത്.
ഒന്നാം ഘട്ടത്തിന് വകയിരുത്തിയത് 34. 30 കോടി രൂപ. 44. 94 കോടി രൂപ വകയിരുത്തിയ രണ്ടാം ഘട്ടം പൂർത്തിയായതോടെ സ്വന്തം പൾപ്പ് ഉപയോഗിച്ചുള്ള പേപ്പർ നിർമ്മാണം. മൂന്നും നാലും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ 2700 കോടി രൂപയുടെ വിറ്റുവരവും 5 ലക്ഷം ടൺ വാർഷിക ഉൽപാദന ശേഷിയുമുള്ള ഒരു സ്ഥാപനമായി കേരളത്തിന്റെ ഈ കടലാസ് കമ്പനിയെ മാറ്റുമെന്നാണ് പ്രഖ്യാപനം. 3 വർഷം അടഞ്ഞുകിടന്ന ന്യൂസ് പ്രിന്റ് ഫാക്റ്ററി ഏറ്റെടുത്ത് 2021 മേയിൽ വീണ്ടും തുറന്ന് "കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ്' എന്നപേരിൽ പൂർണമായും കേരള സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനിയായി പ്രവർത്തനമാരംഭിച്ചു. 2022 കേരളപ്പിറവി ദിനത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കടലാസ് ഉൽപ്പാദനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതിന്റെ തുടർച്ചയാണ് പത്രക്കടലാസ് വിൽപനയിലെ പുരോഗതി.
ഇനി മറ്റൊന്ന് -
കേന്ദ സർക്കാർ സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ച "കാസർഗോഡ് ഭെൽ' പുനരുദ്ധാരണത്തിന് ആവശ്യമായ തുകയും മുൻകാലങ്ങളിൽ കമ്പനി വരുത്തിവെച്ച കോടികളുടെ ബാധ്യതയും എറ്റെടുത്താണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാക്കി മാറ്റിയത്. ബിഎച്ച്ഇഎല്ലിന് ഭെൽ ഇലക്റ്റ്രിക്കൽ മെഷിൻ ലിമിറ്റഡിൽ ഉണ്ടായിരുന്ന 51ശതമാനം ഓഹരികളും കേരള സർക്കാർ വാങ്ങി. 10 മാസത്തിനുള്ളിൽ ജനറേറ്ററുകൾ നിർമ്മിച്ചു നൽകാനുള്ള അന്താരാഷ്ട്ര ഓഡറുകൾ നേടിയെടുക്കാനും സാധിച്ചു. അമെരിക്കയിലേക്കും ഗൾഫ് നാടുകളിലേക്കും ജനറേറ്ററുകൾ നിർമ്മിച്ചു നൽകാൻ ലഭിച്ചത് 1. 25 കോടിരൂപയുടെ ഓർഡർ! തനതായ ഉത്പന്നങ്ങള്‍ക്ക് പുറമേ ട്രാക്ഷൻ മോട്ടേഴ്സ്, കൺട്രോളറുകൾ, ആൾട്ടർനേറ്ററുകൾ, റെയ്ൽവേയ്ക്ക് ആവശ്യമായ ട്രാക്ഷൻ ആൾട്ടർനേറ്റർ മോട്ടേഴ്സ്, ഡിഫൻസിന് ആവശ്യമായ സ്പെഷ്യൽ പർപ്പസ് ആൾട്ടർനേറ്റർ, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ തുടങ്ങിയവയും ഉത്പാദിപ്പിച്ച് 2 വർഷത്തിനുള്ളിൽ കമ്പനിക്ക് പ്രവർത്തനലാഭം നേടാനാകുമെന്നാണ് പ്രതീക്ഷ.
കേന്ദ്രം "ഇറച്ചിവില'യ്ക്ക് വിറ്റൊഴിവാക്കിയ സ്ഥാപനങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കോവളം ഹോട്ടൽസ് ലിമിറ്റഡ് എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം. തിരുവിതാംകൂർ രാജകുടുംബം പണികഴിപ്പിച്ച "ഹാൽസിയൻ കൊട്ടാരം' എന്ന പൈതൃക സ്വത്ത് ഉൾപ്പെടെ നിസാരവിലയ്ക്ക് വിറ്റുതുലയ്ക്കുന്നതിൽ ആർക്കും ഒരു മനസാക്ഷിക്കുത്തും തോന്നിയില്ല!200 മുറികളുള്ള ആധുനിക ഹോട്ടൽ സമുച്ചയം 65 ഏക്കറിലായിരുന്നു. കോവളം അന്താരാഷ്ട്ര തീരത്തെ ഈ ഹോട്ടൽ സമുച്ചയം കേവലം 43. 8 കോടി രൂപയ്ക്കാണ് വിറ്റത്. 2002ൽ ഇത് കേന്ദ്രത്തിലെ ബിജെപി സർക്കാർ വിൽക്കുന്ന കാലയളവിൽ കോവളത്തും പരിസരത്തും സെന്റിന് 10 ലക്ഷം രൂപ കൊടുത്താൽപോലും ഭൂമി കിട്ടാനില്ലായിരുന്നു. ആ "കണ്ണായ' സ്ഥലം സെന്റിന് ഒരു ലക്ഷം വച്ച് പുറത്ത് വിറ്റെങ്കിൽ 65 ഏക്കറിന് 65 കോടി രൂപ ലഭിച്ചേനെ. അതാണ് 43. 8 കോടിക്ക് ഗൾഫാർ മുഹമ്മദലിക്ക് കൈമാറിയത്. ഇതിൽ 8 കോടി രൂപ വിആർഎസ് ആനുകൂല്യം നൽകാനായിരുന്നു. 2005ൽ ഈ സ്ഥാപനം ക്യാപ്റ്റൻ ലീല കൃഷ്ണൻനായർ ഏറ്റെടുത്തത് 150 കോടിക്കായിരുന്നു. മൂന്നുവർഷത്തിനുള്ളിൽ ആസ്തിവിലയിൽ മൂന്നിരട്ടിയോളം വർധന! 2011ൽ അദ്ദേഹത്തിൽനിന്ന് ഇന്നത്തെ ഉടമസ്ഥനായ ഡോ. രവിപിള്ള 550 കോടി രൂപ നൽകി സ്വന്തമാക്കി. 20 കൊല്ലം കൊണ്ട് വിലമാറിയത് 10 ഇരട്ടിയോളം!
മറ്റൊരു ഏറ്റെടുക്കൽ കഥ അറിയുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ "താത്പര്യം' വ്യക്തമാവുന്നത്. 2018 ജൂലായിൽ കേന്ദ്ര സര്‍ക്കാരുമായി കരാറായതനുസരിച്ച് പാലക്കാട് ഇൻസ്ട്രുമെന്റേഷന്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവിറക്കി. ലോകോത്തര ഗുണനിലവാരമുള്ള കണ്ട്രോള് വാല്‍വ് നിര്‍മിക്കുന്ന സ്ഥാപനമാണിത്. ഇന്‍സ്ട്രുമെന്റേഷന്റെ രാജസ്ഥാനിൽ പ്രവർത്തിക്കുന്ന ആസ്ഥാനയൂണിറ്റ് നഷ്ടത്തിലായതിനാല്‍ അടച്ചുപൂട്ടി ജീവനക്കാരെ പിരിച്ചുവിട്ടു. അതിനാൽ, അവരുടെ പാലക്കാട്ടെ കമ്പനി ഏറ്റെടുക്കന്നതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായി 4 അംഗ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. 76. 63 കോടി രൂപയുടെ ആസ്തിയും 23. 61 കോടി രൂപയുടെ ബാധ്യതകളുമാണ് പാലക്കാട് ഇൻസ്ട്രുമെന്റേഷന്‍ കമ്പനിക്കുള്ളതെന്ന് കണക്കാക്കി. ജീവനക്കാരുടെ വേതനവും, കുടിശികയുമടക്കമുള്ള കാര്യങ്ങള്‍ നിലവിലെ കോടതി വിധിയനുസരിച്ച് ഒത്തു തീര്‍പ്പാക്കാനും ധാരണയായി. 53. 02 കോടി രൂപ കേന്ദ്ര സർക്കാരിന് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കമ്പനി ഏറ്റെടുക്കാൻ തീരുമാനിച്ചത്. എന്നാൽ, പിന്നീട് ഭൂമിയ്ക്ക് പ്രത്യേകം വില വേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. പുതുശേരി വില്ലേജിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സൗജന്യമായി നൽകിയ 123 ഏക്കറിനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ വിപണിവില ആവശ്യപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്കിയ ഭൂമിക്ക് വിപണി വില നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കേന്ദ്രനിലപാട് പുനഃപരിശോധിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ്.
എച്ച്എൽഎൽ (ഹിന്ദുസ്ഥാൻ ലൈഫ് കെയർ) എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ കഥയും വ്യത്യസ്തമല്ല. അത് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ അതിന് അനുമതി നൽകാത്ത കേന്ദ്രസർക്കാർ കെഎസ് ഐഡിസി എന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനം എച്ച്എൽഎൽ ലേലത്തിൽ പങ്കെടുക്കുന്നതിനെതിരായ നിലപാടും കൈക്കൊള്ളുകയായിരുന്നു. പൊതുമുതൽ ആക്രി വിലയ്ക്ക് വിറ്റത് വാങ്ങി അദാനിമാർ തടിച്ചുകൊഴുക്കുമ്പോൾ അത് ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന സംസ്ഥാന സർക്കാരുകളെ അനുവദിക്കുകയല്ലേ, രാജ്യതാത്പര്യം?
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് ടെൻഡർ സമർപ്പിച്ച കൺസോർഷ്യത്തിലൊന്നിന് ചൈനീസ് ബന്ധം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതാണ് പദ്ധതി 5 വർഷം വൈകിപ്പിച്ചതും അത് അദാനിയുടെ കൈകളിലെത്താനും കാരണമായത്. സംസ്ഥാന സർക്കാരിന് നൽകാതെ തിരുവനന്തപുരം വിമാനത്താവളം ഉൾപ്പെടെ ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട അര ഡസൻ വിമാനത്താവളങ്ങളാണ് എല്ലാ വ്യവസ്ഥകളും അട്ടിമറിച്ച് കേന്ദ്രസർക്കാർ അദാനിക്ക് നൽകിയത്. അതിന് ഒരു സുരക്ഷാ മാനദണ്ഡവും ബാധകമായില്ല. ഇനി വിഴിഞ്ഞം തുറമുഖത്തിന്റെയും വിമാനത്താവളത്തിന്റെയും കാര്യം എന്താവുമോ, എന്തോ!
അപ്പോഴാണ്, "കെപിപിഎൽ' എന്ന കേരളത്തിന്റെ സ്വന്തം കടലാസ് കമ്പനി ചരിത്രമെഴുതുന്നത്. 1700 സ്ഥിരം ജീവനക്കാരും, കാഷ്വൽ- കോൺട്രാക്റ്റ് തൊഴിലാളികൾ എന്നിവരും പരോക്ഷമായി ജോലി ലഭിച്ചവർ ഉൾപ്പെടെ പതിനായിരത്തോളം പേർക്ക് ജോലി നൽകിയ ഹിന്ദുസ്ഥാൻ കമ്പനി അടച്ചുപൂട്ടാൻ തീരുമാനിച്ചപ്പോൾ അത്രയും കുടുംബങ്ങളാണ് ആധിയിലായത്. വിൽപ്പന നടത്തിയിരുന്നെങ്കിൽ ഈ ഫാക്റ്ററിയുടെ 780 ഏക്കറും സ്വകാര്യ കുത്തകകളുടെ കൈയിലേക്ക് മാറുമായിരുന്നു. ഈ 780 ഏക്കർ വിറ്റാൽപോലും കേരളം ചെലവഴിച്ച തുകയുടെ എത്രയോ മടങ്ങ് കിട്ടും!
ഇവിടെ, ഓർക്കേണ്ട ഒരു കാര്യമുണ്ട്. സംസ്ഥാന സർക്കാരിന്റെ അഭിമാന സ്ഥാപനമായിരുന്ന മലബാർ സിമെന്റ്സിന്റെ തകർച്ച. വിപണിയിൽ വൻ ഡിമാൻഡുള്ള ഉത്പന്നമായിട്ടു കൂടി ഉദ്യോഗസ്ഥ ധൂർത്തും കെടുകാര്യസ്ഥതയും ധിക്കാരവും മൂലം കൊടും നാശത്തിലേയ്ക്ക് പതിക്കുകയായിരുന്നു. തനിക്കുശേഷം പ്രളയം എന്നുധരിച്ച് വകുപ്പ് മന്ത്രിയ്ക്കും മുകളിലാണെന്ന ധാരണയിൽ പ്രവർത്തിച്ച അത്തരം ഉദ്യോഗസ്ഥ അവതാരങ്ങളുടെ പുനരവതാരങ്ങൾ ഉണ്ടാവാതെ നോക്കണം. "മൂർത്തിയെക്കാൾ വലിയ ശാന്തി' വേണ്ടെന്ന് ഉത്തരവാദപ്പെട്ടവർ തീരുമാനിക്കുക തന്നെ വേണം. ബദൽ മാതൃക സൃഷ്ടിക്കുന്നതിനൊപ്പം അതിനെ പരിപാലിച്ച് തൊഴിലാളികൾക്കും സംസ്ഥാനത്തിനും അഭിമാനകരമായി ലാഭത്തിലും പ്രതിബദ്ധതയിലും പ്രവർത്തിക്കാനാവണം. അപ്പോഴേ, മുണ്ടുമുറുക്കിയുടുത്ത് നികുതി കൊടുത്തവരുടെ പണം ശരിയായി വിനിയോഗിച്ചു എന്ന് അവർക്ക് ബോധ്യമാവൂ. ഈ ബദലുകൾ ഇതുവരെയും അഭിമാനകരമാണ്. അത് കൂടുതൽ കൃത്യമായും വ്യക്തമായും സുതാര്യമായും മുന്നോട്ട് പോകട്ടെ. നാളെ കൂടുതൽ സംസ്ഥാനങ്ങൾക്കും പിന്നീട് കേന്ദ്ര സർക്കാരിനു തന്നെയും വെളിച്ചമാവാൻ ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിയട്ടെ.