
പ്രൊഫ. കെ.വി. തോമസ്
കൊച്ചി വാട്ടർ മെട്രൊ പദ്ധതിയുമായി ആദ്യകാലം മുതൽ ബന്ധമുള്ള ആണെന്ന നിലയിൽ, 25 ന് പ്രധാനമന്ത്രി രാജ്യത്തിന് കൊച്ചി വാട്ടർ മെട്രൊ സമർപ്പിക്കുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെ ശ്രവിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അഹോരാത്രം പണിയെടുത്ത തൊഴിലാളികളെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.
കൊച്ചിക്കാരുടെ സ്വപ്ന പദ്ധതിയായ മെട്രൊ പദ്ധതി "ത്രീ ഇൻ വൺ' ആശയത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു ടിക്കറ്റെടുത്താൽ റോഡ്, റെയ്ൽ, ജലം എന്നീ 3 മാർഗങ്ങളിലൂടെയും യാത്ര ചെയ്യാം.
മെട്രൊ റെയിൽ ആലുവയിൽ തുടങ്ങി മഹാരാജാസ് കോളെജ് വരെ എത്തുന്നതു വരെയുള്ള പദ്ധതിക്ക് നേതൃത്വം നൽകിയ മുൻ മുഖ്യമന്ത്രിമാരായ ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
വ്യവസായ നഗരമായ കൊച്ചിയുടെ അതിവേഗ വളർച്ചയിൽ അടിസ്ഥാനസൗകര്യം വർധിപ്പിക്കാനുള്ള പ്രധാന പദ്ധതിയായിട്ടാണ് 1999ൽ നായനാർ സർക്കാർ മെട്രൊ റെയിൽ പദ്ധതിയുടെ സാധ്യതാ പഠനം തുടങ്ങിവച്ചത്. 2001ൽ ഞാൻ കൂടി അംഗമായ എ.കെ. ആന്റണി മന്ത്രിസഭയിൽ അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറാണ് യൂറോപ്പിലുളള മെട്രൊ റെയ്ലിനെക്കുറിച്ച് ഒരു മന്ത്രിസഭാ യോഗത്തിൽ സംസാരിച്ചത്. തുടർന്ന് എ.കെ. ആന്റണിയുടെ അനുമതിയോടെ ഡൽഹി മെട്രൊയുടെ മേൽനോട്ടം വഹിക്കുന്ന ഇ ശ്രീധരൻ എറണാകുളം ടൗൺ ഹാളിൽ വരികയും എന്താണ് മെട്രൊ എന്ന് പത്രമാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും വിവരിച്ചുകൊടുക്കുകയും ചെയ്തു.
അന്നെടുത്ത സുപ്രധാന തീരുമാനമാണ് "ത്രീ ഇൻ വൺ' എന്ന കൊച്ചി മെട്രൊ വികസന പദ്ധതി. അതനുസരിച്ചാണ് കൊച്ചി നഗരത്തിൽ അതിവേഗം മെട്രൊ റെയിൽ തുടങ്ങുന്നതോടൊപ്പം തന്നെ റോഡുകൾ വികസിപ്പിക്കുകയും ദ്വീപ സമൂഹവുമായി ബന്ധപ്പെടുത്തുന്ന ജലഗതാഗത സംവിധാന പദ്ധതിക്കായി കൊച്ചി വാട്ടർ മെട്രൊ പദ്ധതിക്ക് തുടക്കമായത്. തുടർന്ന് 2004ൽ വന്ന ഉമ്മൻചാണ്ടി സർക്കാരാണ് പദ്ധതിയുമായി മുന്നോട്ടു നീങ്ങിയത്.
ശേഷം, അധികാരത്തിൽ വന്ന അച്യുതാനന്ദൻ മന്ത്രിസഭ 2007ൽ പദ്ധതിക്ക് അംഗീകാരം നൽകുകയും സ്പെഷ്യൽ ഓഫിസറായി ദക്ഷിണ റെയ്ൽവേ റിട്ട. അഡീഷനൽ ജനറൽ മാനെജർ ആർ. ഗോപിനാഥൻ നായരെ നിയമിക്കുകയും ചെയ്തു. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാർ കൊച്ചി മെട്രൊ റെയിലിന്റെ ആദ്യ ഘട്ട പ്രധാന നിർമാണങ്ങൾക്ക് നേതൃത്വം നൽകി. ഡൽഹി മെട്രൊ അഥവാ ഡിഎംആർസി എന്ന സ്ഥാപനമാണ് ആദ്യഘട്ട നിർമാണം നിർവഹിച്ചത്. സംസ്ഥാന സർക്കാരും കേന്ദ്ര നഗര വികസന മന്ത്രാലയവും സംയുക്തമായി രൂപവത്കരിച്ച കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് മേൽനോട്ട ചുമതല നിർവഹിക്കുകയും ചെയ്തു. റെയ്ൽ വികസന വകുപ്പിന്റെ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദും മെട്രൊ മാൻ ഇ. ശ്രീധരനും പദ്ധതിയുടെ പൂർത്തീകരണത്തിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
2012 സെപ്റ്റംബർ 13ന് പദ്ധതിയ്ക്ക് അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ് തറക്കല്ലിട്ട പദ്ധതി 5 വർഷം കെണ്ട് ആദ്യഘട്ടം പൂർത്തീകരിക്കാൻ കഴിഞ്ഞത് ഉമ്മൻചാണ്ടിയുടെയും പിന്നീട് വന്ന പിണറായി വിജയന്റെയും പ്രത്യേക മേൽനോട്ടം കൊണ്ടാണ്. 2009 മാർച്ചിൽ മെട്രൊ പ്രോജക്ട് ഡയറക്ടറായി ചീഫ് എൻജിനീയർ പി. ശ്രീറാമിനെ ഡിഎംആർസി നിയമിച്ചതു മുതൽ വളരെ വേഗത്തിലാണ് പദ്ധതികൾ മുന്നോട്ടുനീങ്ങിയത് .
2017 ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിത്തിൽ കൊച്ചി മെട്രൊയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെയും, ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയുടെയും സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിച്ചത്. പിണറായി സർക്കാരിന്റെ കാലത്തു തന്നെ മഹാരാജാസിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് മെട്രൊ നീട്ടാൻകഴിഞ്ഞു. ഇപ്പോൾ കലൂർ സ്റ്റേഡിയം- കാക്കനാട് പാതയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു.
കെഎംആർഎൽ നിർദ്ദേശിച്ച ഗ്രേറ്റർ കൊച്ചി മേഖലയിലെ മറ്റൊരു പ്രധാനപ്പെട്ട സംയോജിത ഫെറി ഗതാഗത പദ്ധതിയാണ് 38 ടെർമിനലുകളിലും (ബോട്ട് ജെട്ടി) 16 റൂട്ടുകളിലും വ്യാപിച്ചുകിടക്കുന്ന കൊച്ചി വാട്ടർ മെട്രൊ. 78 ബാറ്ററി ഓപ്പറേറ്റഡ് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ വഴി കണിയാമ്പുഴ, തേവര കനാൽ, കൊച്ചി തുറമുഖ ജലപാത, പേരണ്ടൂർ കനാൽ, പെരിയാർ നദി എന്നിവയിലൂടെ കടന്നു പോകുന്ന ജലഗതാഗത സംവിധാനം, കൊച്ചിയിലെ 10 ദ്വീപ സമൂഹങ്ങളെ "മെയിൻ ലാൻഡുമായി' ബന്ധിപ്പിക്കും.
കേരള സർക്കാരിന് 10 ശതമനം, ജിസിഡിഎയ്ക്ക് 10 ശതമാനം, കെഎംആർഎല്ലിന് 80 ശതമാനം ഓഹരികളുള്ള ഒരു പദ്ധതിയാണിത്. ആകെ ചെലവ് ₹ 820 കോടി. ജർമനിയിലെ കെഎഫ്ഡബ്ല്യു ഡവലപ്മെന്റ് ബാങ്കിൽ നിന്നുള്ള ദീർഘകാല വായ്പയും കേരള സർക്കാരിന്റെ സംഭാവനയുമാണ് പദ്ധതിയെ മുന്നോട്ടു നയിക്കുന്നത്.
2019 ഒക്ടോബറിൽ അന്തിമ പരിസ്ഥിതി അനുമതി ലഭിച്ച പദ്ധതി ഘട്ടം ഘട്ടമായി മുന്നോട്ടു നീങ്ങുകയാണ്. കൊച്ചി കായലുകളോടും ദ്വീപുകളോടും ചേർന്നുള്ള പ്രദേശങ്ങളിലെ ഉപജീവനമാർഗം മെച്ചപ്പെടുത്താനും റോഡുകൾ ആധുനികവത്കരിക്കാനും ടൂറിസം വികസനത്തിനും ഈ പദ്ധതി സഹായകമാകും. വെല്ലിങ്ടൺ, കുമ്പളം, വൈപ്പിൻ, ഇടക്കൊച്ചി, നെട്ടൂർ, വൈറ്റില, ഏലൂർ, കാക്കനാട്, മുളവുകാട് ദ്വീപ് നിവാസികളുടെ യാത്രാ പ്രശ്നങ്ങളും പരിഹരിക്കാം. ഒന്നാം ഘട്ടം കഴിയുമ്പോൾ പ്രതിദിനം 34,000 യാത്രക്കാർക്കും, പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ പ്രതിദിനം 1.5 ലക്ഷം യാത്രക്കാർക്കും പദ്ധതി പ്രയോജനപ്പെടും.
രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അതീതമായി വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് സമയബന്ധിതമായി ഒന്നാം ഘട്ടം പൂർത്തിയാക്കിയ വാട്ടർ മെട്രൊ ബോധ്യപ്പെടുത്തുന്നു. ഇതേപോലെ സമഗ്രമായ ഒരു വികസന സമീപനം കെ- റെയ്ലിന്റെ സിൽവർലൈൻ പദ്ധതിയിലും എടുക്കേണ്ടതുണ്ട്. "വന്ദേഭാരത് സർവീസ് ' സ്വാഗതം ചെയ്യപ്പെടുന്നതോടൊപ്പം അതിവേഗ റെയ്ൽ പദ്ധതിയായ സിൽവർലൈനും കേരളീയരുടെ ഒത്തൊരുമയുടെ വിജയമായി മാറണം.
(കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാണ് മുൻ കേന്ദ്ര, സംസ്ഥാന മന്ത്രി കൂടിയായ ലേഖകൻ)