
ഒരു നിർദേശവും ഒരു പരിഷ്കാരവും കെഎസ്ആർടിസിയെ പച്ചപിടിപ്പിക്കുന്നില്ല എന്നു തന്നെയല്ല സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണ്. സർക്കാരും മാനെജ്മെന്റും തൊഴിലാളി യൂണിയനുകളും അവരവരുടേതായ വാദഗതികളുമായി മുന്നോട്ടു പോകുന്നു. എല്ലാവരും പരസ്പരം കുറ്റപ്പെടുത്തുന്നുമുണ്ട്. മാനെജ്മെന്റ് പറയുന്നത് തൊഴിലാളികൾക്ക് അംഗീകരിക്കാനാവുന്നില്ല. കോർപ്പറേഷനെ ലാഭത്തിലാക്കാനുള്ള പദ്ധതികൾക്ക് തൊഴിലാളികൾ തുരങ്കം വയ്ക്കുന്നുവെന്നാണ് മാനെജ്മെന്റിനു പരാതി. എല്ലാ മാസവും സർക്കാർ ധനസഹായത്തോടെയാണു കഷ്ടിച്ചു ശമ്പളം കൊടുക്കുന്നത്. സർക്കാർ സഹായം കിട്ടുന്ന മുറയ്ക്കു മാത്രം ശമ്പളം എന്ന മാനെജ്മെന്റിന്റെ ന്യായം തൊഴിലാളികൾ എതിർക്കുന്നു.
ജീവനക്കാരുടെ ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ അടച്ചുപൂട്ടിക്കൂടേയെന്ന് ഹൈക്കോടതി വാക്കാൽ ആരാഞ്ഞത് ഏതാനും ദിവസം മുൻപാണ്. ശമ്പളം വൈകുന്നതിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമർശം. പ്രതിദിനം 26 ലക്ഷം പേർ യാത്രയ്ക്ക് ആശ്രയിക്കുന്നുണ്ട് കെഎസ്ആർടിസിയെ. അതുകൊണ്ടു തന്നെ അടച്ചു പൂട്ടിയാൽ ഇത്രയധികം യാത്രക്കാരെ ബാധിക്കുമെന്നു കെഎസ്ആർടിസി കോടതിയിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി. അതിനു കോടതി പറഞ്ഞ മറുപടി യാത്രക്കാർ വേറെ വഴി കണ്ടെത്തുമെന്നായിരുന്നു.
ശമ്പളത്തിന്റെ കാര്യത്തിൽ മാത്രമല്ല, പെൻഷനും വിരമിക്കുമ്പോഴുള്ള ആനുകൂല്യങ്ങളും എല്ലാം പ്രതിസന്ധിയിലാണ്. 2022 ജനുവരിക്കു ശേഷം വിരമിച്ച 978 പേർക്ക് ആനുകൂല്യം നൽകാനുണ്ടെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചതും ഏതാനും ദിവസം മുൻപ്. അതിനും സർക്കാരിന്റെ ധനസഹായം ചോദിച്ചിരിക്കുകയാണ്. വിരമിച്ചവർക്ക് ഒരു ലക്ഷം രൂപ 45 ദിവസത്തിനകം നൽകാമെന്നും ബാക്കി തുക കിട്ടുന്ന മുറയ്ക്ക് നൽകാമെന്നുമാണ് അവസാനം മാനെജ്മെന്റ് കോടതിയെ അറിയിച്ചത്. വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അതുകൂടി പരിഗണിച്ച് വരും മാസങ്ങളിൽ കോർപ്പറേഷൻ അധിക വരുമാനം കണ്ടെത്തേണ്ടതായിട്ടാണിരിക്കുന്നത്. സാഹചര്യം ഇങ്ങനെയൊക്കെയിരിക്കെ എങ്ങനെ പ്രശ്നം മറികടക്കാനാവുമെന്നതിൽ ഒറ്റക്കെട്ടായൊരു തീരുമാനം ഉണ്ടാവുന്നില്ല എന്നതാണ് ഏറെ നിരാശാജനകമായിട്ടുള്ളത്.
വരുമാനം വർധിപ്പിക്കുക എന്ന ഒരൊറ്റ ഫോർമുലയേ കോർപ്പറേഷനെ കരകയറ്റുകയുള്ളൂ. അതുകൂടി ലക്ഷ്യമിട്ടാവാം ടാർഗറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാമെന്ന് മാനെജ്മെന്റ് പറഞ്ഞത്. ടാർഗറ്റ് പൂർത്തിയാക്കുന്ന ഡിപ്പോകളിൽ അഞ്ചാം തീയതിക്കു മുൻപ് ശമ്പളം എന്നതായിരുന്നു നിർദേശം. അല്ലാത്തവർക്ക് ടാർഗറ്റിന്റെ എത്ര ശതമാനമാണോ പൂർത്തിയാക്കുന്നത് അതിനനുസരിച്ചുള്ള ശമ്പളം അഞ്ചാം തീയതിക്കു മുൻപ്, ബാക്കി പിന്നീട് എന്നതായിരുന്നു മാനെജിങ് ഡയറക്റ്റർ ബിജു പ്രഭാകർ നിർദേശിച്ചത്. ജീവനക്കാരുടെ സംഘടനകൾ ഇതിനെ ഒറ്റക്കെട്ടായി എതിർത്തു എന്നതിൽ അതിശയിക്കേണ്ട യാതൊരു കാര്യവുമില്ല. അഞ്ചാം തീയതിക്കകം ശമ്പളം നൽകുന്നതിൽ നിന്നു രക്ഷപെടാനുള്ള തന്ത്രം മാത്രമാണിതെന്നാണു യൂണിയനുകൾ ആരോപിച്ചത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അംഗീകരിക്കാത്ത വിചിത്ര നിർദേശമാണ് എംഡിയുടേതെന്ന് അവർ പറയുന്നു. കെഎസ്ആര്ടിസിയിലെ തൊഴിലന്തരീക്ഷം തകർക്കാൻ മാനെജ്മെന്റും ഗതാഗത മന്ത്രിയും കുറെ നാളായി ഗൂഡാലോചന നടത്തിവരുന്നുവെന്ന ഗുരുതരമായ ആരോപണമാണ് സിപിഐ അനുകൂല തൊഴിലാളി സംഘടന ഉയർത്തിയിരിക്കുന്നത്.
ഇതിനൊക്കെ പിന്നാലെ ഇന്നലെ പുതിയൊരു ഉത്തരവ് ഇറക്കിയിട്ടുണ്ട് കെഎസ്ആർടിസി. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് എംഡിയുടെ ഉത്തരവു പ്രകാരമാക്കുന്നു. അത്യാവശ്യക്കാർക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്കു മുൻപു നൽകും. ബാക്കി ശമ്പളം സർക്കാർ നൽകുന്ന ധനസഹായം ലഭിച്ച ശേഷം നൽകും. ഗഡുക്കളായി ശമ്പളം വാങ്ങാൻ താത്പര്യമില്ലാത്തവർ ഈ മാസം 25നു മുൻപ് അറിയിക്കണമെന്നാണ് ബിജു പ്രഭാകർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. കോർപ്പറേഷന്റെ കടുത്ത പ്രതിസന്ധി വ്യക്തമായി പ്രതിഫലിക്കുന്നുണ്ട് ഈ ഉത്തരവിൽ. അതു പ്രകാരം അഞ്ചാം തീയതിക്കു മുൻപ് ആരും മുഴുവൻ ശമ്പളം പ്രതീക്ഷിക്കേണ്ടതില്ല.
സർക്കാർ തന്നെ അസാധാരണ സാമ്പത്തിക പ്രതിസന്ധിയിലാണ്. നിൽക്കക്കള്ളിയില്ലാതെയാണല്ലോ ഇത്തവണത്തെ ബജറ്റിൽ കിട്ടാവുന്നിടത്തൊക്കെ അധിക നികുതി പിരിക്കാൻ ധനമന്ത്രി തുനിഞ്ഞിരിക്കുന്നത്. പെട്രോളിനും ഡീസലിനും പുതിയ സെസ് വരെയായി. അതിനെതിരായ പ്രതിഷേധങ്ങളെ തെല്ലും ഗൗനിക്കുന്നില്ല സർക്കാർ. നിത്യച്ചെലവുകൾക്കായി ജനങ്ങളുടെ തലയിൽ പരമാവധി ഭാരം കെട്ടിവയ്ക്കുകയാണിപ്പോൾ ചെയ്യുന്നത്. അതിനിടയിലാണ് കെഎസ്ആർടിസിക്കു ശമ്പളം നൽകുന്നതും സർക്കാർ ഖജനാവിന്റെ ബാധ്യതയായി തുടരുന്നത്. എല്ലാ മാസവും സർക്കാർ പണം കിട്ടുമ്പോൾ മാത്രമേ ശമ്പള വിതരണം പൂർത്തിയാവൂ എന്ന് ഉറപ്പിച്ചുവയ്ക്കുകയാണ് കോർപ്പറേഷൻ ചെയ്യുന്നത്. നന്നാവാനുള്ള ഒരു ലക്ഷണവും കാണുന്നില്ലെന്നു സാരം!