
#ശ്രീനിവാസ് കട്ടികിഥാല, ഡയറക്റ്റര്‍, എല്‍ബിഎസ് നാഷണല്‍ അക്കാദമി, ഓഫ് അഡ്മിനിസ്ട്രേഷന്
എല്ലാ വര്‍ഷവും ഏപ്രില്‍ 21ന് സിവില്‍ സര്‍വീസ് ദിനം ആചരിക്കുന്നത് ദേശീയ സിവില്‍ സര്‍വീസ് എന്ന ആശയത്തിന്റെ ആഘോഷമായാണ്. "ബാപ്പു ഡല്‍ഹിയില്‍ പുതിയ സര്‍വീസ് റിക്രൂട്ട്മെന്റ് സ്കൂള്‍ ഉദ്ഘാടനം ചെയ്തു' - മണിബെന്‍ പട്ടേല്‍ അവരുടെ ഡയറിയില്‍ കുറിച്ചതിങ്ങനെയാണ്. ഹൃദയസ്പര്‍ശിയായ നിമിഷമായിരുന്നു അത്.
സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ 1947ല്‍ പുതുതായി രൂപംകൊടുത്ത ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. "പൂര്‍ണമായും ഇന്ത്യക്കാരാല്‍ നിയന്ത്രിക്കപ്പെടുകയും പൂര്‍ണമായും ഇന്ത്യയുടെ നിയന്ത്രണത്തിന് വിധേയമാക്കുകയും ചെയ്തു... സ്വതന്ത്രമായി... ഭൂതകാല പാരമ്പര്യങ്ങളാലും ശീലങ്ങളാലും തളരാതെ ദേശീയ സേവനത്തിന്റെ യഥാര്‍ഥ പങ്കു സ്വീകരിക്കുക'.
ഓരോ സിവില്‍ സര്‍വീസുകാരനെയും പ്രചോദിപ്പിക്കുന്ന ആശയം അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു: "ഇന്ത്യയിലെ ഓരോ ഉദ്യോഗസ്ഥനി ല്‍നിന്നും ഏറ്റവും മികച്ചതു പ്രതീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്; അയാള്‍ ഉത്തരവാദിത്വമുള്ള ഏതു സ്ഥാനത്തായാലും. നിങ്ങളുടെ കര്‍ത്തവ്യത്തെ വെറും ശമ്പളത്തിനായി ജോലി ചെയ്യുന്ന ഒരുവന്റെ കാഴ്ചപ്പാടിലൂടെയോ, പൂര്‍ണമായും സ്വാര്ഥതാല്പ്പര്യത്തിലൂടെയോ നിങ്ങള്‍ക്കു സമീപിക്കാന്‍ കഴിയില്ല, അത് എത്ര പ്രബുദ്ധമാണെങ്കിലും. ഇന്ത്യയുടെയാകെ ക്ഷേമത്തിന് എങ്ങനെ മികച്ച സംഭാവന നല്‍കാം എന്നതായിരിക്കണം നിങ്ങളുടെ പ്രധാന പരിഗണന'.
അതിനാല്‍, "ഉരുക്കു ചട്ടക്കൂട്' എന്ന പ്രയോഗത്തെ കര്‍ശനവും നിയന്ത്രിതവും ചട്ടങ്ങളാല്‍ ബന്ധിതവുമായ കോളനി വാഴ്ചയുടെ നിഷേധാത്മക അര്‍ഥത്തോടെ സര്‍ദാര്‍ പട്ടേലിനെ കുറ്റപ്പെടുത്തുന്നതു പരിഹാസ്യമാണ്. 1921ല്‍ ഒരു പൊതു സംവാദത്തില്‍, "ഉരുക്കു ചട്ടക്കൂട്' എന്ന് ഇംപീരിയല്‍ സിവില്‍ സര്‍വീസിനെ (ഐസിഎസ്) വ്യാഖ്യാനിച്ചതിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ് ജോര്‍ജ്, സിവില്‍ സര്‍വീസിന്റെ ജനകീയ സംസ്കാരത്തെയും സ്വന്തം ഭാവനയെയും നിര്‍വചിച്ചു. അതിനാല്‍, ദേശീയ ധര്‍മചിന്തയില്‍ വേരൂന്നിയ സിവില്‍ സര്‍വീസ് രൂപപ്പെടുത്താന്‍ കഴിയാത്തതിനെക്കുറിച്ചുള്ള ആദ്യകാല ഗവണ്മെന്റുകളുടെ വിലാപങ്ങള്‍, പ്രക്ഷുബ്ധമായ വിഭജനകാലത്തെന്ന പോലെ അവരെ അസ്വസ്ഥരാക്കി. അതു പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ജോലിയായി തുടരുകയും ചെയ്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍, സിവില്‍ സര്‍വീസിനായുള്ള ഇന്ത്യന്‍ ധര്‍മചിന്ത നിര്‍വചിക്കുന്നതിനുള്ള ദൗത്യത്തിനു തുടക്കം കുറിച്ചു. അന്ന് രാജ്യത്തിന്റെ കാഴ്ചപ്പാടും "പഞ്ചപ്രാണും' പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. അമൃത മഹോത്സവത്തില്‍ നിന്ന് അമൃതകാലത്തേക്കുള്ള പരിവര്‍ത്തനത്തിനുതകുന്നതാണ് ഈ 5 പ്രതിജ്ഞകള്‍. അതില്‍ രണ്ടാമത്തെ പ്രതിജ്ഞ, കോളനിവാഴ്ചക്കാലത്തെ മനോഭാവം ഇല്ലാതാക്കുക എന്നതാണ്. സ്വന്തം ഭാവനയുടെ പുനരവലോകനവും സിവില്‍ സര്‍വീസുകള്‍ക്കിടയിലെ കോളനിവല്ക്കരണഭാരം ഒഴിവാക്കലും അത് ആവശ്യപ്പെടുന്നു. ഒരു സങ്കല്‍പ്പത്തിന്റെ ശക്തിയും ശുഭകരമായി കാര്യങ്ങള്‍ വിഭാവനം ചെയ്യുന്നതും, വിമോചനവും പുനര്‍നിര്‍മാണവുമാണ്.
പുരാതനകാലം മുതല്‍ നമ്മുടെ നാഗരിക ദര്‍ശനത്തെ സജീവമാക്കിയ "അരയാല്‍' വൃക്ഷത്തെയെന്ന പോലെ, സിവില്‍ സര്‍വീസിനെ ജീവസുറ്റ അസ്തിത്വമായി വിഭാവനം ചെയ്തുകൊണ്ടാണു ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന് (എല്‍ബിഎസ്എന്‍എഎ) പ്രതികരിച്ചത്. "സേവനത്തിന്റെയും സഹാനുഭൂതിയുടെയും' വൃക്ഷമായ "ഭാവനാവൃക്ഷം' എന്ന നിലയില്‍ സിവില്‍ സര്‍വീസ്, അത്തരത്തില്‍, ആത്മവിശ്വാസത്തിന്റെയും അപകോളനിവല്‍ക്കരണത്തിന്റെയും ചൈതന്യത്തിന്റെ ക്രിയാത്മകമായ ഊട്ടിയുറപ്പിക്കലാണ്.
സ്വര്ഗാരോഹിണീ ശൈലത്തിനരികിലെ അക്കാദമി മുറ്റത്ത്, നിസ്വാര്‍ഥ സേവനത്തിന്റെയും കര്‍ത്തവ്യത്തോടുള്ള അര്‍പ്പണ ബോധത്തിന്റെയും കാലാതീതമായ ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചിഹ്നമായാണു "ഭാവനാവൃക്ഷ'ത്തെ വിഭാവനം ചെയ്യുന്നത്. 2019 ഒക്റ്റോബര്‍ 31ന് ഗുജറാത്തിലെ ഏകതാ പ്രതിമയ്ക്കരികില്‍ പ്രധാനമന്ത്രിയാണ് അമൃതകാലത്തിന് അനുയോജ്യമായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെക്കുറിച്ചുള്ള സവിശേഷതകളും സങ്കല്‍പ്പങ്ങളും ആദ്യമായി പ്രസ്താവിച്ചത്.
അവ, (1) സജീവവും സഭ്യവുമാണ്; (2) പ്രൊഫഷണലും പുരോഗമനപരവുമാണ്; (3) ഊര്‍ജസ്വലവും പ്രവര്‍ത്തനക്ഷമവുമാണ്; (4) സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമാണ്; (5) സര്‍ഗാത്മകവും ക്രിയാത്മകവുമാണ്; (6) ഭാവനാത്മകവും നൂതനവുമാണ്.
ഭാവിക്കായി സജ്ജമായ സിവില്‍ സര്‍വീസ് എന്ന ആശയം സമഗ്രമാണ്. ഭാവിയെ മുന്‍നിര്‍ത്തിയുള്ള, സമ്പ്രദായങ്ങളില്‍ സഹകരണ മനോഭാവമുള്ള, ഇടപെടലുകളില്‍ പങ്കാളിത്തമുള്ള, ചേതനയില്‍ നൂതനത്വമുള്ള, ഗവണ്മെന്റിന്റെ സര്‍വതോമുഖ - തടസരഹിത സമീപനം. ഇതാണു വിദൂരകോണുകളില്‍പ്പോലും ജനങ്ങളെ സേവിക്കുന്ന "ഭാവനാവൃക്ഷ'ത്തിന്റെ സ്വഭാവം.
പഴയ കോളനി വാഴ്ചക്കാലത്തെ ചിന്താഗതിയെ തുടച്ചുനീക്കല്‍, ഇന്ത്യയുടെ വേരുകളില്‍ അഭിമാനബോധം പങ്കിടല്‍, രാഷ്ട്രം ആദ്യം എന്ന സമീപനത്തോടെ കര്‍ത്തവ്യബോധമുള്ള ഒരുകൂട്ടം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവ അതിന്റെ പവിത്രമായ വാതിലുകളില്‍ നിന്ന് "മസൂറിവാല കര്മയോഗികളാ'യി കടന്നുപോകുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പുതിയ നീതിശാസ്ത്രമാണ്. "ഹാവോ ധര്മേതേ ധീര്‍, ഹാവോ കരോമേതേ ബീര്‍, ഹാവോ ഉന്നതോ ഷീര്നാഹി ഭയ്' എന്ന അക്കാദമി ഗാനത്തിന്റെ സ്വരങ്ങള്‍ പ്രവര്‍ത്തനത്തിലേക്കുള്ള അവരുടെ ആത്മീയ ആഹ്വാനമാണ്.
"ഭാവനാവൃക്ഷ'ത്തിന്റെ ധര്‍മചിന്തയെ അനുസ്മരിപ്പിക്കും വിധത്തില്‍ അക്കാദമിയുടെ ഡയറക്റ്റര്‍ ചത്വരത്തിനു ചുറ്റുമായി നിര്‍മിച്ച "സേവനത്തിന്റെ നടപ്പാത'യുണ്ട്. 2021ല്‍ ആരംഭിച്ച് 2047ല്‍ അവസാനിക്കുന്ന സിവില്‍ സര്‍വീസ് ട്രെയ്നികളുടെ തുടര്‍ച്ചയായ ബാച്ചുകളുടെ ഉദ്ദേശ്യ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുന്ന, കാലാനുസൃതമായി ക്രമീകരിച്ചിരിക്കുന്ന, ടൈം ക്യാപ്സ്യൂളുകളുടെ പരമ്പരയാണ് ഈ നടപ്പാത. വികസിത ഭാരത പദ്ധതിക്കു കീഴില്‍ 2047 ഓഗസ്റ്റ് 15ന് ഇന്ത്യന്‍ നൂറ്റാണ്ടിന്റെ പുതിയ പ്രഭാതത്തില്‍ അനാച്ഛാദനം ചെയ്യുന്നതിനായാണ് ഈ പ്രതിബദ്ധതാ പ്രസ്താവനകള്‍ സംരക്ഷിച്ചിരിക്കുന്നത്. "ഭാവനാവൃക്ഷം' അതിന്റെ യജമാനന്മാരുടെ, അതായത് ഇന്ത്യയിലെ ജനങ്ങളുടെ, കഴിവുറ്റ സേവകനെന്ന നിലയില്‍ സ്വയം മോചിതരാകേണ്ട ദിനം.
അങ്ങനെ, പഴയ കോളനി വാഴ്ചയിലെ "ഉരുക്കു ചട്ടക്കൂട്' മാതൃകയെ പ്രതിരോധിക്കാനാകും. സര്‍ദാറിന്റെ യഥാര്‍ഥ ഉദ്ബോധനം സാക്ഷാത്കരിക്കാനുമാകും:
"... ഇപ്പോള്‍, നിങ്ങള്‍ നിങ്ങളുടെ സ്വന്തം ജനങ്ങളെ സേവിക്കുകയാണ്. അതിനാല്‍ ഇനി, നിങ്ങള്‍ക്ക് ഹൃദയവും മനസും ആത്മാവും കൊണ്ട് സേവനം ചെയ്യാനാകും... സ്വന്തം ജനങ്ങളെ സേവിക്കുന്നതിലൂടെ നിങ്ങള്‍ യഥാര്‍ഥ ഇന്ത്യക്കാരനാകും.''