
തനിക്ക് യാതൊരു അഭിപ്രായവുമില്ലെന്ന് ഒരു എഴുത്തുകാരൻ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടായിരിക്കും? വിശേഷിച്ച് ഈ സമൂഹമാധ്യമ കാലത്തിന്റെ ബഹുസ്വര അഭിപ്രായ പ്രളയകാലത്ത്?എല്ലാവർക്കും അവരവരുടെ തോന്നലുകൾ തൊടുത്തുവിടാനുള്ള സ്വാതന്ത്ര്യം പുതിയ മാധ്യമങ്ങളിലുണ്ടല്ലോ. വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് ഒരു കലയായിത്തീർന്നിരിക്കുന്നു. ഒരു വാർത്തയുടെ ആയുസ് പെട്ടെന്ന് അവസാനിക്കും. എന്നാൽ ഒരു മണിക്കൂറോ രണ്ടുമണിക്കൂറോ ആയുസുള്ള വാർത്തകൾ ആടിത്തകർക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ അത് ആയിരക്കണക്കിന് ആളുകളുടെ അറിയാനുള്ള ആഗ്രഹത്തെയല്ല, ക്രൂരമായി വിനോദിക്കാനുള്ള നിഗൂഢ വാസനയെ തൃപ്തിപ്പെടുത്തുകയാണ്.
എല്ലാവരും വക്രീകരിച്ചും തലകുത്തനെയും അഭിപ്രായം പറഞ്ഞു രസിക്കുമ്പോൾ കലാകാരന്മാർക്കും എഴുത്തുകാർക്കും അഭിപ്രായമില്ലാതായിരിക്കുന്നു! അയാൾ സ്വയമറിയാതെ തന്നെ ഒരു പുതിയ അന്യനാകുന്നു. യൂറോപ്യൻ സാഹിത്യത്തിലെ അന്യൻ എല്ലാ സാമൂഹിക ബന്ധങ്ങളിൽ നിന്നും സ്വയം അകന്നവനാണെങ്കിൽ പുതിയ കാലഘട്ടത്തിലെ അന്യൻ അത് അവന്റെ ആത്മീയ സദാചാരമായി കൊണ്ടു നടക്കുകയാണ്. ഏതും ഡിസ്ലൈക്ക് ചെയ്യുന്നത് അവന്റെ അവകാശമാണ്.
സമൂഹമാധ്യമങ്ങളിൽ അധികസമയം ചെലവഴിക്കുന്നത് മനുഷ്യരിൽ കടുത്ത നിരാശയാണ് സൃഷ്ടിക്കുന്നത്. എന്തുകൊണ്ടെന്നാൽ, അത് നമ്മുടെ ജീവിക്കാനുള്ള ആഗ്രഹത്തെ കവർന്നെടുക്കുന്നു. 3 മണിക്കൂർ സമൂഹമാധ്യമ ലാളന 30 മണിക്കൂറിന്റെ ജീവിതാസക്തിയാണ് എരിച്ചുകളയുന്നത്. ഉപയോഗം കഴിയുന്നതോടെ ചാർജ് തീർന്ന ടോർച്ച് ലൈറ്റ് പോലെ മനസ് ശൂന്യമാവുന്നു. ഇതാണ് വിഷാദരോഗത്തിനു കാരണം. ഇതിലൂടെ മനുഷ്യർ സർഗശേഷി നഷ്ടപ്പെട്ട് ദോഷൈകദൃക്കുകളും നിരാശാവാദികളുമായിത്തീരുന്നു. ഒന്നിലും തൃപ്തി കിട്ടാത്ത ഒരു ഫേസ്ബുക്കർ എല്ലാറ്റിനെയും വെറുക്കുകയാണ് ചെയ്യുന്നത്.
പ്രമുഖ ഇംഗ്ലീഷ് സാഹിത്യവിമർശകനായ കോളിൻ വിൽസൻ എഴുതുന്നു: ""അന്യനായി മാറിയ ഒരാൾക്ക് അറിയില്ല അവൻ എന്താണ് ആഗ്രഹിക്കുന്നതെന്ന്. അവനറിയില്ല, അത് എന്തുകൊണ്ടാണെന്ന്. അത് അവന്റെ ജന്മവാസന പോലെയാണ് സംഭവിക്കുന്നത്. മിക്കപ്പോഴും നമ്മുടെ ജന്മവാസനകൾ എങ്ങോട്ടാണ് നയിക്കുന്നതെന്ന് പറയാനാവില്ല''.
എല്ലാറ്റിനും പ്രതിവിധിയുള്ള കാലം
നവമാധ്യമകാലത്തിനു മുമ്പുള്ള സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് കോളിൻ വിൽസൻ ഇങ്ങനെ പറഞ്ഞത്. അതുകൊണ്ട് ഒരു തിരുത്തുണ്ട്. ഈ നവമാധ്യമകാലത്ത് ഇത്തരം വാസനകൾ അടിച്ചേൽപ്പിക്കപ്പെടുകയാണ്. അവൻ സ്വാഭാവികമായിത്തന്നെ നിശബ്ദനാകും. അവന്റെ വാക്കുകൾ ജീവിതം പ്രതിസന്ധിയിലാക്കാം. അവൻ സ്വന്തമായി അഭിപ്രായം പറയുന്നതിന്റെ പേരിലുള്ള സാഹസത്തേക്കാൾ പ്രയോജനകരമായത് ജഡത്തെപ്പോലെ ജീവിക്കുന്നതാണ്. ആദിവാസികളെ മർദിച്ചു കൊല്ലുന്നത് കണ്ടാൽ പ്രതികരിക്കാതിരിക്കാനുള്ള ഒരു ഇന്ദ്രിയം ഇന്നത്തെ വിദ്യാസമ്പന്നർക്കിടയിൽ സദാ സജ്ജമാണ്. ഈ സവിശേഷതയാണ് അന്യൻ എന്ന നവസങ്കല്പത്തെ സൃഷ്ടിക്കുന്നത്. വിത്സൻ പറയുന്നു: "മനുഷ്യൻ ദൈവമാകാൻ ശ്രമിക്കുന്ന ഒരു മൃഗമാണ്. അവന്റെ മിക്ക പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്'.
ദൈവമാകാനായി മൃഗമാകാനും അവൻ തയാറാണ്. ദൈവമാകാൻ വേണ്ടി വേണമെങ്കിൽ ക്രൂരനാകാം; അസത്യങ്ങളെ പ്രകീർത്തിക്കുന്നവനാകാം. സ്നേഹരഹിതനാകാം. അപ്പോഴും അവൻ സ്വന്തം അന്തസിന്റെ ഭാവി സ്വപ്നങ്ങളിൽ, സ്വപ്നങ്ങൾ വിറ്റു ജീവിക്കുന്നതിന്റെ രതിയിൽ വ്യാപൃതനാകും. ദസ്തയെവ്സ്കിയുടെ "നോട്ട്സ് ഫ്രം അണ്ടർഗ്രൗണ്ട്' എന്ന നോവലിൽ അന്തസ്സാരശൂന്യതയുടെയും പൊങ്ങച്ചത്തിന്റെയും പേരിൽ അഭിമാനിക്കുന്ന നവലോക പ്രതിനിധിയെ തുറന്നു കാണിക്കുന്നുണ്ട്. ആ മാനവൻ വളർന്നതാണ് സമൂഹമാധ്യമങ്ങളിൽ ഇന്നു കാണുന്നത്. ആഗോള സമൂഹമാധ്യമങ്ങളിൽ എല്ലാത്തിനും മരുന്നുണ്ട്. അനേകം മരുന്നുകളിൽ ഏത് തെരഞ്ഞെടുക്കണമെന്നതാണ് പ്രശ്നം! എല്ലാറ്റിനും പ്രതിവിധിയുള്ള ഒരു സമൂഹത്തിൽ ശൂന്യത എങ്ങനെയാണ് ആത്മഹത്യാപരമാകുന്നത് ?
നിരാശയും വിഷാദരോഗവും
ഒരു രോഗിയാകുന്നത് ഇന്നത്തെ സമൂഹത്തിൽ സുഖകരമാണ്. എല്ലാറ്റിൽ നിന്നും പിന്തിരിയാനുള്ള ഒരു വാസനയാണത്, മരണാഭിമുഖ്യമാണത്. അന്യനായതിന്റെ പുതിയ വേഷപ്പകർച്ചയാണ് രോഗി എന്ന സ്റ്റാറ്റസ്. രോഗിയാകാൻ വേണ്ടി മനുഷ്യർ, ഈ നവമാധ്യമ ലോകത്ത് പ്രത്യേക വാസനകൾ വികസിപ്പിച്ചിരിക്കുന്നു. വിത്സൻ പറഞ്ഞു, "ശരീരത്തിൽ ഒരു രോഗം വന്നാൽ രോഗാണുക്കളെ ശരീരം ഒരാഴ്ചക്കുള്ളിൽ നശിപ്പിക്കും. എന്നാൽ മനസിനെ ബാധിക്കുന്ന അസുഖകരമായ വികാരങ്ങളെ, ഭയത്തെ അത് ജീവിതകാലമത്രയും സൂക്ഷിച്ചു വയ്ക്കുന്നു'.
മനസിനെ എങ്ങനെയാണ് രോഗം കീഴ്പ്പെടുത്തുന്നത്? നിരാശ ഒരു വലിയ രോഗമാണ്. അത് മനസിലേക്ക് വന്നാൽ ഇരുട്ടാണ് നിറയുക. എന്നാൽ ഭയവും അരക്ഷിതബോധവും കൂടിയാൽ ഒന്നും പ്രവർത്തിക്കാൻ തോന്നുകയില്ല. കലാകാരനെ ഇപ്പോൾ ഭയമാണ് പിടികൂടിയിരിക്കുന്നത്. അവനു വ്യാജ വാർത്തകളുണ്ടാക്കാനോ, വ്യാജ പ്രൊഫൈലുമായി വന്നു തർക്കത്തിലിടപെടാനോ കഴിയുകയില്ല. അവൻ പ്രതിച്ഛായയുടെ തടവറയിലാണ്. ജീവിതത്തെ അതേപടി സ്വീകരിക്കാൻ വിമുഖതയുള്ളവനാണ് അന്യൻ. അവന്റെയോ മറ്റുള്ളവരുടെയോ അസ്തിത്വത്തെ അവൻ ഗൗരവമായി എടുക്കുന്നില്ല. അവന്റെ ചിന്തകൾ ഒരിടത്തും കേന്ദ്രീകരിക്കുന്നില്ല.
സാഹിത്യകാരൻ ഇന്നു ഒരു പുതിയ അന്യനാണ്. അവനു സമൂഹവുമായി ഒരു ബന്ധവുമില്ല; പുസ്തകശാലകളുമായി ബന്ധമുണ്ട്. അവൻ ആശയങ്ങൾ കൊണ്ട് ജീവിക്കാനാഗ്രഹിക്കുന്നില്ല. ചിലർക്ക് എല്ലാദിവസവും ഒരു കവിത എഴുതി പോസ്റ്റ് ചെയ്യാതിരിക്കാനാവില്ല. കാരണം, കവിതയെഴുതാൻ ചിന്തയോ ഭാവനയോ വേണ്ടല്ലോ. ചിലർ ഇന്നു വായിച്ച കവിത എന്ന പേരിൽ മറ്റുള്ളവരുടെ കവിതകൾ പോസ്റ്റ് ചെയ്യാൻ കാരണമിതാണ്. സ്വന്തമായി ഒരു ഭാവുകത്വമുള്ള കവിക്ക് ഇത്രയധികം കവിതകൾ ഇഷ്ടപ്പെടാനാവില്ലല്ലോ. കവിത വിപ്ലവമല്ല ഇന്ന്; കീഴടങ്ങലാണ്. ഒരു തല്ലിക്കൂട്ട് കവിതയെഴുതാൻ ഏതൊരാൾക്കും സാധിക്കും. അത് വിശേഷപ്പെട്ട ഒരു സിദ്ധിയല്ലാതായി മാറിയിരിക്കുന്നു.
അക്രമം ജനാധിപത്യവത്ക്കരിക്കപ്പെട്ടു
കുറ്റകൃതങ്ങളുടെ ലോകത്ത് കലാകാരന്റെ വിപ്ലവം എന്തായിരിക്കും? പ്രക്ഷോഭത്തിനു പകരം അയാൾ നിശബ്ദതയിൽ അഭയം തേടിയാൽ സൗന്ദര്യം ഇല്ലാതാകുമല്ലോ. അപ്പോൾ വിപ്ലവമോ സൗന്ദര്യമോ ഉണ്ടാവുകയില്ല. കമ്യു പറഞ്ഞു: "പ്രക്ഷോഭത്തിന്റെ ഏതൊരു പ്രവൃത്തിയും നിഷ്കളങ്കതയോട് ഗൃഹാതുരത പ്രകടിപ്പിക്കുന്നുണ്ട്. അസ്തിത്വത്തിന്റെ സാരമാണ് അത് തേടുന്നത്. എന്നാൽ ഒരുനാളിൽ ഈ ഗൃഹാതുരത സകല കുറ്റകൃത്യങ്ങൾക്കും കാരണമാകും'.
കൊലപാതകവും അക്രമവും ജനാധിപത്യപരമായി സാമാന്യവത്കരിക്കപ്പെടുകയാണ്. നഗ്നമായ ഈ ജീവിതാവസ്ഥകളെ പ്രതിപാദിക്കുന്ന തരത്തിൽ ഇപ്പോൾ ഏതെങ്കിലും ആനുകാലികങ്ങളിൽ കഥയോ കവിതയോ വരുന്നുണ്ടോ ? എല്ലാവരും ചലച്ചിത്ര ഗാനങ്ങളിലെ കേൾക്കാൻ ഇമ്പമുള്ള വാക്കുകൾ പോലെ നിരക്കുകയാണ്. നിഷ്കളങ്കത തന്നെ ഒരാപത്തായി മാറുന്നത് പൊടുന്നനെയാണ്. പ്രക്ഷോഭത്തിനു വേണ്ടി നിസഹായമാവുന്ന കലാകാരൻ സമൂഹത്തിൽ നിന്ന് ഒളിച്ചോടുകയാണ്. അയാൾ വിചിത്രമായ രീതിയിൽ മൂല്യമുള്ളതിനെയെല്ലാം അപഹരിച്ചം തകർത്തും തന്റെ അന്യൻ എന്ന മാർഗം ശരിയാണെന്ന് സമർഥിച്ചുകൊണ്ടിരിക്കുന്നു. കലാകാരന്റെ വിപ്ലവമല്ല, പ്രതിവിപ്ലവമാണ് ഇന്നുണ്ടാകുന്നത്.
ഒരു മികച്ച കലാകാരൻ യഥാർഥ്യത്തെ സഹിഷ്ണുതയോടെ കാണുന്നില്ലെന്ന് ജർമൻ ചിന്തകൻ ഫ്രഡറിക് നിഷേ പറഞ്ഞത് കമ്യു ഉദ്ധരിക്കുന്നുണ്ട്. എന്നാൽ കലാകാരനു യാഥാർഥ്യം കൂടിയേ തീരു. അതേസമയം സർഗസൃഷ്ടി രമ്യതയ്ക്ക് വേണ്ടിയാകുമ്പോഴും അത് ഈ ലോകത്തെ നിരസിക്കുകയാണ്.
അത് നിരസിക്കുന്നത് ഈ ലോകത്തിന്റെ പല തലത്തിലുള്ള അപര്യാപ്തതയുടെ പേരിലാണ് - കമ്യു പറഞ്ഞു. അതുകൊണ്ട് കല നമുക്ക് തരേണ്ടത്, വിപ്ലവത്തിന്റെ ശരിയായ ഉള്ളടക്കമാണ്.
റുഷ്ദിയും ഇന്ത്യയും
കഥ പറയുന്നതിൽ ആധുനികമായ കഴിവുകൾ കൈവശമുള്ള എഴുത്തുകാരനാണ് സൽമാൻ റുഷ്ദി. അദ്ദേഹത്തിന്റെ ഷെയിം, മിഡ്നൈറ്റ്സ് ചിൽഡ്രൻ തുടങ്ങിയ നോവലുകൾ അത് വ്യക്തമാക്കിത്തരുന്നു. അദ്ദേഹം യാഥാസ്ഥിതിക രീതിയിലല്ല കഥ പറയുന്നത്. കഥാഖ്യാനത്തിൽ നിരന്തരമായി പരീക്ഷണം നടത്തുകയാണ് റുഷ്ദി. കഴിഞ്ഞവർഷം അക്രമിയുടെ കുത്തേറ്റതിനെ തുടർന്ന് ഒരു കണ്ണിനു പരുക്കു പറ്റി കുറെ നാൾ ആശുപത്രിയിലായിരുന്നു റുഷ്ദി. അതാണു മുൻപ് എഴുതിവച്ചിരുന്ന നോവൽ "വിക്ടറി സിറ്റി'. ഉത്തരാധുനിക ശൈലിയിലാണ് ഇത് എഴുതിയിരിക്കുന്നത്.
നേരിട്ട് ഒരു കഥ പറയുകയല്ല, അതിനായി ഉത്തരാധുനികമായ സങ്കേതങ്ങൾ കണ്ടെത്തുകയാണ്. വിജയനഗര സാമ്രാജ്യത്തിന്റെ ഉദയാസ്തമയങ്ങൾ തേടുന്ന ഈ കൃതി ഇന്ത്യയുടെ ചരിത്രത്തിലേക്കുള്ള ഒരു സഞ്ചാരമാണ്. ഒരാഗോള എഴുത്തുകാരൻ ഇന്ത്യയുടെ ചരിത്രത്തിലേക്ക് നടത്തുന്ന സർഗാത്മകമായ പര്യവേക്ഷണമായി ഇതിനെ കാണാം. സംസ്കൃതത്തിൽ എഴുതപ്പെട്ട ഒരു കാവ്യത്തിന്റെ പരിഭാഷ എന്ന നിലയിലാണ് നോവൽ അവതരിപ്പിക്കപ്പെടുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രമാണ് ഇവിടെ അനാവൃതമാകുന്നത്; അതും ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ. പമ്പാ കമ്പാന എന്ന പെൺകുട്ടിയിലൂടെ നഗരചരിത്രം വിവരിക്കപ്പെടുന്നു.
ലോകത്തിലെ വിസ്മയകരമായ ബിസ്നാഗാ നഗരത്തിന്റെ - വിജയനഗരത്തിന്റെ - ഉദയത്തിന്റെ കഥ പുറത്തു വരികയാണ്. അമെരിക്കയിലെയും ബ്രിട്ടനിലെയും ചില വിമർശകർ ഇപ്പോൾതന്നെ ഈ നോവലിനെ ഒരു മാസ്റ്റർപീസായി വിലയിരുത്തി കഴിഞ്ഞു.
കഴിഞ്ഞ ദിവസം റുഷ്ദി എൽപൈസ് സൈറ്റിനു നൽകിയ അഭിമുഖത്തിൽ ഇപ്പോഴത്തെ തന്റെ അവസ്ഥയെക്കുറിച്ചും നോവലിനെക്കുറിച്ചും
ഇങ്ങനെ പറഞ്ഞു: "പുതിയ ആശയങ്ങൾ എന്റെ മനസിലേക്ക് വരുന്നുണ്ട്. എഴുതാനുള്ള മാനസികാവസ്ഥയ്ക്കു വേണ്ടി എന്റെ മസ്തിഷ്കം വഴിയൊരുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ അത് ഇനിയും സംഭവിച്ചിട്ടില്ല. ഒരു കുന്തം കൊണ്ട് തന്നെ ഒരാൾ ആക്രമിക്കുന്നത് നേരത്തെ സ്വപ്നം കണ്ടിരുന്നു. അതാണ് പിന്നീട് യാഥാർഥ്യമായത്. ഞാൻ പല കാലങ്ങളിലൂടെ കടന്നുപോയ മാനസികാവസ്ഥകളാണ് എന്റെ കൃതികൾ. കാലങ്ങളിലൂടെ നിങ്ങളുടെ ആശയങ്ങളും പുറംലോകത്തോടുള്ള ബന്ധങ്ങളും മാറി. ആദ്യം ഇന്ത്യയിൽ നിന്ന് ഇംഗ്ലണ്ടിലേക്കും പിന്നീട് യുഎസിലേക്കും ഞാൻ മാറി താമസിച്ചു. അത് എന്റെ പുസ്തകങ്ങളിൽ സ്വാധീന ഘടകമാണ്. എന്റെ ഭാവനയുടെ ആത്മകഥയാണ് എന്റെ പുസ്തകങ്ങൾ. മാൽഗുഡി എന്ന സാങ്കല്പിക നഗരം കണ്ടുപിടിച്ച ആർ.കെ. നാരായന്റെ വഴിയാണ് ഞാൻ പിന്തുടർന്നത്. വിജയനഗരം എന്ന വിക്ടറി സിറ്റി എന്റെ ഭാവനയിലെ നഗരമാണ്. ഇത് സാങ്കല്പികമാണെങ്കിലും, കൂടുതൽ സത്യസന്ധവുമാണ്. 250 വർഷത്തെ ഇന്ത്യാചരിത്രം നന്നായി പഠിച്ചപ്പോഴാണ് ഈ നോവൽ എഴുതാനുള്ള വിഭവം കിട്ടിയത്'.
ഭാവനയിൽ കൊത്തുപണി
ഋഷികേശൻ പി.ബിയുടെ പുതിയ കവിതാസമാഹാരം "ലോലചിത്തരാം ചിത്രശലഭങ്ങളെ പോലെ' (എസ്പിസിഎസ് ) കഴിഞ്ഞദിവസം വായിച്ചതേയുള്ളൂ. കവിതയുടെ സ്വാഭാവികമായ ഒഴുക്ക് ലഭിച്ച ചുരുക്കം ചില സമകാലിക കവികളിൽ ഒരാളാണ് ഋഷികേശൻ. ഇന്നത്തെ ചില മുതിർന്ന കവികൾ വാക്കുകൾ കൂട്ടിയും കുഴച്ചും പല തവണ വെട്ടിത്തിരുത്തിയാണ് ഒരു ശരാശരി കവിത പോലും എഴുതുന്നത്. അവിടെ ഋഷികേശൻ വ്യത്യസ്തനാണ്. അദ്ദേഹം അനായാസമായി എഴുതുകയാണ്.
"അഞ്ചു കവിതകൾ' എന്ന ശീർഷകത്തിൽ ചേർത്ത ഒരു കവിത ഇങ്ങനെ:
"ചൊറി മുഖത്തു വന്നപ്പോൾ
കണ്ണാടി ഉപേക്ഷിച്ചു.
തല മൊട്ടയായതോടെ
ചീർപ്പും.
ഉപേക്ഷിക്കപ്പെട്ടവർ
രണ്ടുപേരും
യാത്രയായി.
വഴിയിൽ
വെയിൽ മൂത്തപ്പോൾ
ചീർപ്പ് കണ്ണാടിക്ക് താഴെ
തണലിൽ.
വരുന്ന വെയിൽ മുഴുവൻ
കണ്ണാടി തിരിച്ചുവിട്ടു
രാത്രിയായതോടെ
കണ്ണാടിക്ക് കണ്ണു കാണാതായി'.
ഇത് ഭാഷയിലല്ല, ഭാവനയിലാണ് കൊത്തിയെടുക്കുന്നത്. ആയിരം തവണ വാക്കുകൾ വെട്ടിയും തിരുത്തിയും എഴുതിയാൽ ഇതുപോലെ ആധുനിക ജീവിതത്തെ പ്രതിബിംബിക്കുന്ന കവിതയുണ്ടാവില്ല.
പഞ്ചതന്ത്രം കഥകൾ
പഞ്ചതന്ത്രം കഥകളെ, ഉപജീവിച്ച് അതിലെ തത്ത്വദർശനങ്ങളെ സംക്ഷിപ്തമായി അവതരിപ്പിച്ച ഷീല ജോർജ് കല്ലടയുടെ "പഞ്ചതന്ത്രത്തിലെ ജീവനതന്ത്രങ്ങൾ' (അധ്യാപക കലാസാഹിതി) ശ്രദ്ധേയമാണ്.
"സന്തോഷമുണ്ടാകാൻ ധനത്തെ ആശ്രയിക്കുന്ന മൂഢർ വേനൽക്കാലത്ത് കുളിർമ കിട്ടാൻ തീ കായുകയാണ് ചെയ്യുന്നത്. സർപ്പത്തിന്റെ ഭക്ഷണം വായുവാണ്. എങ്കിലും അവർ ദുർബലരല്ല. കാട്ടാനകൾ ഉണക്കപ്പുല്ലു മാത്രം തിന്ന് ബലവാന്മാരായിത്തീരുന്നു. മഹർഷിമാർ പഴങ്ങളും കിഴങ്ങുകളും ഭക്ഷിച്ച് ജീവിക്കുന്നു. മനുഷ്യന് സന്തോഷമാണ് ഏറ്റവും വലിയ നിധി. സന്തോഷാമൃതമനുഭവിച്ച് തൃപ്തിപ്പെടുന്ന ശാന്തചിത്തർക്കുണ്ടാകുന്ന സുഖം, പണം കൊതിച്ചു അവിടെയുമിവിടെയും ചുറ്റിത്തിരിയുന്ന പണക്കൊതിയന്മാർക്കുണ്ടാകില്ല. അമൃതു പോലെയുള്ള സംതൃപ്തിയാസ്വദിക്കുന്നതാണ് നിർവൃതി. സംതൃപ്തിയില്ലാത്തവർക്ക് എപ്പോഴും ദുഃഖം തന്നെ. മനസ് മുട്ടിയാൽ എല്ലാം മുട്ടി. സൂര്യൻ മഴക്കാറിൽ മൂടിയാൽ രശ്മികളും മറയുമല്ലോ'.
എം. കൃഷ്ണൻ നായരെ അപമാനിച്ചു
ഒരു സാഹിത്യോത്സവത്തിൽ ഇ. സന്തോഷ്കുമാർ സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. എം. കൃഷ്ണൻ നായരുടെ വിഖ്യാതമായ പംക്തി "സാഹിത്യവാരഫല'മാണ് വിഷയം. അദ്ദേഹം 3 പതിറ്റാണ്ടിലേറെക്കാലം ഈ പംക്തി എഴുതി.
വായനക്കാരെ വശീകരിക്കാനായി കൃഷ്ണൻ നായർ മസാലകൾ ചേർത്ത് എഴുതിയെന്നും അദ്ദേഹം സ്വയം ഒരു ദുരന്തമായി മാറിയെന്നുമാണ് സന്തോഷ്കുമാർ അഭിപ്രായപ്പെട്ടത്. എന്താണ് അദ്ദേഹം അർഥമാക്കിയതെന്ന് വ്യക്തമല്ല. വിലപ്പെട്ട പുസ്തകങ്ങൾ വായിച്ച് സ്വതന്ത്രമായ വിലയിരുത്തലും നിരീക്ഷണവും നടത്തിയ കൃഷ്ണൻ നായരുടെ ചിന്തകൾ ശ്രദ്ധിക്കാതെ മസാല മാത്രം സ്വീകരിച്ച സന്തോഷ്കുമാറിനോട് സഹതാപമുണ്ട്. ഇതുപോലെ ആലോചനയില്ലാതെ പ്രതികരിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് ഓർത്ത് ഞെട്ടുകയാണ്.
ഒരു ക്ലിക്കിലും പെടാതെ ധീരമായി എഴുതി ജീവിച്ച കൃഷ്ണൻ നായരെ അപമാനിക്കുന്നതിന്റെ മനഃശാസ്ത്രം നിരാശയുടെ ഭാഗമാണ്. തങ്ങളെ വിമർശകരാരും ശ്രദ്ധിക്കാത്തതിന്റെ പകയാണ് ചില കഥാകൃത്തുക്കൾ ഇത്തരം പ്രതികരണങ്ങളിലൂടെ വ്യക്തമാക്കുന്നത്. പരാജയപ്പെട്ട കഥാകൃത്തുക്കൾ വിമർശകരെ വേട്ടയാടുകയാണ്. പ്രമുഖ എഴുത്തുകാരുടെ വീട്ടിൽ പോയി ചിലർ ഓംലെറ്റ് ഉണ്ടാക്കുന്നതും കൊച്ചിനെ എടുക്കുന്നതും കുടുംബസമേതം സന്ദർശിച്ച് പാചകം ചെയ്യുന്നതും കൃഷ്ണൻ നായർ ശീലിച്ചിരുന്നില്ല. ഇതൊക്കെയാണല്ലോ കവർ സ്റ്റോറികൾക്കു പിന്നാലെ രഹസ്യം.
വിലപ്പെട്ടതെന്ന് പറയാവുന്ന ഒരു കൃതിയും ചില എഴുത്തുകാരുടെ ഇത്തരം വർത്തമാനങ്ങൾ ആവർത്തിക്കുകയാണ്. കൃഷ്ണൻ നായരെ പൊതുവേദിയിൽ അപമാനിച്ചതുകൊണ്ട് മലയാള സാഹിത്യത്തിന് പ്രത്യേകിച്ചൊരു ദോഷവുമില്ല. ഒരു കഥാകൃത്ത് സ്വയം അപമാനിതനാവുകയാണ് ചെയ്യുന്നത്.