
കാരണവരായി കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. കാര്‍ട്ടൂണിസ്റ്റ് കുട്ടി കാരണവത്തിയായി... 1952ല്‍ ഇന്ദ്രപ്രസ്ഥത്തിലെ രാജ്പഥിലൂടെ റിപ്പബ്ലിക് ദിനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് നീങ്ങിയ ഫ്ലോട്ടിലെ കാരണവരേയും കാരണവത്തിയേയും കണ്ടവരാരും ആ രംഗം മറക്കില്ല. അന്ന് വേദികളിൽ ആണുങ്ങൾ തന്നെയായിരുന്നല്ലോ പെൺവേഷവും കെട്ടിയിരുന്നത്..! ഡല്‍ഹിയിലെ ഒട്ടുമിക്ക മലയാളികളും അന്നത്തെ കൊടും തണുപ്പത്ത് രാജ്പഥിന്റെ ഇരുവശത്തും തടിച്ചുകൂടിയിരുന്നു.
1950ല്‍ ഇന്ത്യ റിപ്പബ്ലിക്കായി. 1951ല്‍ ആദ്യ റിപ്പബ്ലിക്ക് ദിന ആഘോഷം വളരെ ലളിതമായാണ് നടത്തിയത്. 8 കുതിരകളെ കെട്ടിയ വണ്ടിയില്‍ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് പട്ടാളത്തിന്റെ അകമ്പടിയോടെ കൊണാട്ട് സര്‍ക്കിള്‍ വഴി ഇര്വിന് സ്റ്റേഡിയത്തില്‍ (ഇന്നത്തെ നാഷണല്‍ സ്റ്റേഡിയം) ഘോഷയാത്രയായി എത്തി. ഒന്നാം റിപ്പബ്ലിക് ദിനാഘോഷം കാണാന്‍ വന്‍ ജനക്കൂട്ടമായിരുന്നു.
ജനങ്ങളുടെ ആവേശം കണ്ടതുകൊണ്ടാകണം രണ്ടാമത്തെ റിപ്പബ്ലിക് പരേഡ് വിപുലമായി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായി. പ്രതിരോധ മന്ത്രാലയത്തെയാണ് പരേഡിന്റെ ചുമതല ഏല്‍പ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉണ്ടാകണമെന്നു സര്‍ക്കാര്‍ നിര്‍ദേശവും വന്നു. പല സംസ്ഥാനങ്ങളും സ്വയം മുന്നോട്ടു വന്നു. കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെയാണ് സമീപിച്ചത്. കാര്‍ട്ടൂണിസ്റ്റ് ശങ്കറും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും തമ്മിലുള്ള സുഹൃദ് ബന്ധമാണ് അതിനു പിന്നിലെന്നത് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ഫ്ലോട്ടില്‍ കാരണവരായി വേഷമിടാന്‍ ശങ്കര്‍ തയാറായി. പക്ഷെ കാരണവത്തിയാകാന്‍ അന്ന് ഒരു സ്ത്രീയും മുന്നോട്ടു വന്നില്ല. ഒടുവിൽ മീശ വടിച്ച് കാരണവത്തി വേഷം ചെയ്തത് ശങ്കറിന്റെ ശിഷ്യനായ കാര്‍ട്ടൂണിസ്റ്റ് കുട്ടിയായിരുന്നു.
ഇന്ന്, 75 കൊല്ലം പിന്നിടുമ്പോൾ, കാലവും രീതികളും സമ്പ്രദായങ്ങളും സമൂഹവുമൊക്കെ ഏറെ മാറിയിരിക്കുന്നു. സ്ത്രീകള്‍ എല്ലാ മേഖലകളിലും വലിയ മുന്നേറ്റം നടത്തിയിരിക്കുന്നു. അഭിനയ രംഗത്തും, സംഗീത രംഗത്തും, നൃത്ത രംഗത്തും എന്നു വേണ്ട രാഷ്ട്രീയ- മാധ്യമ- വ്യവസായ- വാണിജ്യ- സൈനിക- നയതന്ത്ര- ഭരണ രംഗങ്ങളിലെല്ലാം സ്ത്രീകള്‍ മുന്നേറിക്കഴിഞ്ഞു. അടിസ്ഥാന ഭരണരംഗം മുതല്‍ ക്യാബിനറ്റ് സെക്രട്ടേറിയറ്റ് വരെ നമുക്കത് കാണാം. സംസ്ഥാന നിയമസഭകൾ മുതൽ രാഷ്ട്രപതി ഭവൻ വരെയും അതു പ്രതിഫലിക്കുന്നു.
അതിന്റെ മറ്റൊരു പ്രതിഫലനമായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക്ക് പരേഡ്. അതിന്റെ തെളിവായാണ് ഇത്തവണത്തെ പരേഡില്‍ എല്ലാ സംസ്ഥാനങ്ങളും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും നാരീശക്തിയെ വിളിച്ചോതുന്ന ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിച്ചത്. ആദ്യത്തെ റിപ്പബ്ലിക് പരേഡില്‍ ഒരു സ്ത്രീയെ പോലും ഫ്ലോട്ടില്‍ നിര്‍ത്താന്‍ സാധിക്കാത്ത കേരളം, ഇക്കുറി സ്ത്രീകളെക്കൊണ്ട് മാത്രമാണ് ഫ്ലോട്ട് നടത്തിയത് എന്നത് നമുക്കേറെ അഭിമാനം നല്കുന്നു. അതിന്റെ രൂപകൽപനയ്ക്കു പിന്നിലും കേരള ഹൗസിലെ വനിതാ ഉദ്യോഗസ്ഥർ തന്നെയായിരുന്നു. കേരളം പോലെ തന്നെ മറ്റെല്ലാ സംസ്ഥാനങ്ങളും സ്ത്രീശക്തി വിളിച്ചോതുന്ന ഫ്ലോട്ടുകളാണ് അവതരിപ്പിച്ചത്.
"നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും' എന്ന വിഷയത്തെ കേന്ദ്ര പ്രമേയമാക്കി കേരളം ഒരുക്കിയ ടാബ്ലോ കര്‍ത്തവ്യപഥിനെ (പഴയ രാജ്പഥ്) ആവേശം കൊള്ളിച്ചു. സാധാരണക്കാരായ പ്രാദേശിക വനിതകളുടെ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും സമൂഹവികസനത്തിനും രാജ്യപുരോഗതിക്കും എങ്ങനെ നേട്ടമാകുന്നു എന്നതാണ് കേരളം ടാബ്ലോയില്‍ പ്രദര്‍ശിപ്പിച്ചത്. 96ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച് 2020ലെ നാരീശക്തി പുരസ്കാര ജേതാവായ കാര്‍ത്ത്യായനി അമ്മയുടെ ഭംഗിയുള്ള ശില്‍പ്പമാണ് ടാബ്ലോയുടെ ആദ്യ ഭാഗത്ത് ഉണ്ടായിരുന്നത്. മികച്ച പിന്നണി ഗായികയ്ക്കുളള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ ആദിവാസി വനിതയായ നാഞ്ചിയമ്മയുടെ ശില്‍പ്പമായിരുന്നു തൊട്ടുപിന്നില്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അവര്‍ പാടിയ ആ പാട്ടായിരുന്നു പിന്നണിയില്‍ കേള്‍പ്പിച്ചത്. സ്ത്രീശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യം പ്രതീകവത്ക്കരിക്കുന്നതായിരുന്നു അത്.
സ്ത്രീ ശാക്തീകരണത്തിന്റെ ഫോക്ക് പാരമ്പര്യം എന്നതായിരുന്ന ഇത്തവണത്തെ വിഷയം. കേരളം അവതരിപ്പിച്ച ടാബ്ലോയില്‍ കലാവതരണം നടത്തിയത് വനിതകള്‍ മാത്രമുള്ള സംഘമായിരുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 24 വനിതകളാണ് നാരീശക്തി എന്ന പേരില്‍ കേരളം ഒരുക്കിയ ടാബ്ലോയില്‍ ദൃശ്യ- വാദ്യ- നാട്യമൊരുക്കിയത്. കളരിപ്പയറ്റ്, ശിങ്കാരിമേളം, ഗോത്രനൃത്തം എന്നിവയാണ് കേരള സംഘം അവതരിപ്പിച്ചത്. പാലക്കാട് അട്ടപ്പാടി കേന്ദ്രമാക്കി ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോത്ര കലാമാണ്ഡലത്തില് നിന്നുള്ള 8 കലാകാരികള്‍ കേരളത്തിന്റെ ടാബ്ലോയ്ക്ക് നൃത്ത ചാരുത പകര്‍ന്നു. അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ നിന്നുള്ള വനിതകള്‍ ടാബ്ലോയില്‍ പങ്കാളികളായി. ഗോത്രവിഭാഗ നൃത്തങ്ങളില്‍ ഇരുള വിഭാഗത്തിന്റെ നൃത്തത്തെ വ്യത്യസ്തമാക്കിയത് ചടുലമായ ചുവടുകളും താളവുമാണ്. ഉത്സവ- ഉല്ലാസ വേളകളിലും കൃഷി തുടങ്ങുമ്പോഴും വിളവെടുക്കുമ്പോഴും അവതരിപ്പിക്കുന്ന നൃത്ത ചുവടുകള്‍ സമ്മേളിപ്പിച്ചുകൊണ്ടുള്ളതാണ് ഇരുള നൃത്തത്തിന്റെ പ്രത്യേകത.
വടക്കന്‍ പാട്ട് പാരമ്പര്യത്തിലെ ഉണ്ണിയാര്‍ച്ച പോലുള്ള സ്ത്രീകളുടെ ഓര്‍മപ്പെടുത്തലും ടാബ്ലോയുടെ മുകള്‍ ഭാഗത്ത് അവതരിപ്പിക്കപ്പെട്ടു. ടാബ്ലോയുടെ ആശയാവതരണം നടത്തിയ ഡല്‍ഹി കേരള ഹൗസിലെ ഇന്‍ഫര്‍മേഷന്‍ ഓഫിസർ സിനി കെ. തോമസായിരുന്നു ഉണ്ണിയാര്‍ച്ചയുടെ വേഷപ്പകര്‍ച്ചയില്‍ ടാബ്ലോയില്‍ ഭാഗമായത്. കാര്ത്ത്യായനിയമ്മയിലൂടെ രാജ്യത്തെ 100 ശതമാനം സാക്ഷരതയും വനിതാ സാക്ഷരതയുമുള്ള കേരളത്തെ പ്രതീകവത്ക്കരിക്കുന്ന ടാബ്ലോ അവസാനിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ സംഘ ശൃംഖലയായ കുടുംബശ്രീയുടെ അവതരണത്തിലൂടെയാണ്. സ്വന്തം ഉല്പന്നങ്ങള് വില്‍ക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരെയും തെങ്ങില്‍ കയറുന്ന സ്ത്രീയെയും അവതരിപ്പിച്ചത് ശ്രദ്ധേയമായി. സാധാരണക്കാരായ സ്ത്രീകളുടെ ശാക്തീകരണത്തിന് കുടുംബശ്രീയും സാക്ഷരതാ മിഷനും വഹിച്ച പങ്ക് ഇപ്രകാരം രാജ്യത്തിന്റെ മുന്നില്‍ പ്രതീകവത്കരിച്ചു.
കേരളത്തിന്റെ ടാബ്ലോയില്‍ മാത്രമല്ല സ്ത്രീകളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സമൂഹത്തിലെ വളര്‍ച്ച അവതരിപ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളും അവരുടെ സ്ത്രീശാക്തീകരണത്തിന്റെ നേട്ടങ്ങള്‍ രാജ്യത്തിന്റെ മുന്നില്‍ അവതരിപ്പിച്ചു. ഇത്തവണത്തെ റിപ്പബ്ലിക് പരേഡിലെ ഓരോ ഇനങ്ങളിലും സ്ത്രീകളുടെ മേല്‍നോട്ടം ഉണ്ടായിരുന്നു എന്നുള്ള അടയാളപ്പെടുത്തല്‍ രാജ്യത്തെ സ്ത്രീ ശാക്തീകരണം എത്രമാത്രം ശക്തമായിരിക്കുന്നു എന്നുള്ളതിന് തെളിവായി തന്നെ പരിഗണിക്കേണ്ടതാണ്. വിമാനം പറത്തുന്നതിലും പരേഡിലും മാര്ച്ചിങ്ങിലും പുരുഷന്മാരോടൊപ്പം തന്നെ മികച്ചതാണ് തങ്ങളെന്ന് അവര്‍ ഇത്തവണ റിപ്പബ്ലിക് പരേഡില്‍ തെളിയിച്ചു. ഇതെല്ലാം രാജ്യത്തെയും ലോകത്തെയും നേരില്‍ കാണിച്ച ഒരു റിപ്പബ്ലിക് പരേഡാണ് ഇക്കുറി കഴിഞ്ഞത് എന്ന് ചരിത്രം അടയാളപ്പെടുത്തും.
മുന്‍കാലങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം ഇപ്പോള്‍ സഞ്ചരിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് വലിയ നേട്ടങ്ങളാണ് പെണ്‍കുട്ടികള്‍ ഇപ്പോള്‍ നേടിക്കൊണ്ടിരിക്കുന്നത്. അധ്യാപക വൃത്തിയിലും ശാസ്ത്രരംഗത്തും നിയമ രംഗത്തും മാധ്യമപ്രവര്‍ത്തന രംഗത്തും എന്നു വേണ്ട എല്ലാ മേഖലകളിലും സ്ത്രീകള്‍ മുന്നില്‍ നില്ക്കുന്ന കാഴ്ച്ച നാമിന്ന് കാണുന്നു. അത് അനുഭവിക്കുന്നു. നമ്മുടെ ഇന്ത്യയെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതില്‍ ഇപ്പോള്‍ സ്ത്രീശക്തിയുമുണ്ട്. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന മുദ്രാവാക്യം സര്‍ക്കാര്‍ ഉയര്‍ത്തുക വഴി ഒട്ടേറെ പെണ്‍കുട്ടികള്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസം നേടുവാന്‍ മുന്നോട്ടു നീങ്ങുന്നു എന്ന കാഴ്ച ഒരു അത്ഭുതമാണ്.
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒട്ടേറെ പ്രചരണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നത് ഒരു പരിധിവരെ എങ്കിലും വിജയം കാണുന്നുണ്ട്. സ്ത്രീ സുരക്ഷയുടെ കാര്യത്തിലും നാം വളരെ മുന്നോട്ടു പോയിരിക്കുന്നു എന്നു വേണം കരുതാന്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് സ്ത്രീകള്‍ക്ക് ഉണ്ടായ പരിഗണനയല്ല ഇപ്പോള്‍ ലഭിക്കുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചകള്‍ നമുക്കെല്ലാം അഭിമാനമാണ്.