
#ജി. കിഷൻ റെഡ്ഡി വടക്കുകിഴക്കൻ മേഖലാ വികസനം, സാംസ്കാരികം - ടൂറിസം മന്ത്രി
9 വർഷം മുമ്പ് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ജനവിധി നേടി അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് "കർമമാണ് പരമമായ ധർമം' എന്ന തത്വം ശിരസാവഹിച്ച്, അനിതരസാധാരണമായ കഠിനാധ്വാനവും ഉദ്ദേശ്യശുദ്ധിയും പ്രകടമാക്കി പ്രവർത്തിച്ചുപോരുകയാണ്. മുന്നോട്ടുള്ള പാതയിലെ കഠിനമായ വെല്ലുവിളികൾ തൃണവത്ഗണിച്ച്, ഭാരതത്തെ "വിശ്വഗുരു' സ്ഥാനത്തേക്കുയർത്തുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ദൃഢനിശ്ചയവുമായി സർക്കാർ മുന്നേറുന്നു.
9 വർഷത്തിനിടെ രാജ്യം മാതൃകാപരമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചപ്പോൾ, അവഗണനയുടെയും അനർഥങ്ങളുടെയും ഭൂതകാലം കുടഞ്ഞെടറിഞ്ഞ് വടക്കുകിഴക്കൻ മേഖല ഇന്ത്യയുടെ വളർച്ചാ എൻജിനായി ഉയർന്നത് അഭൂതപൂർവമായ കഠിനാധ്വാനത്തിന്റെയും അചഞ്ചലമായ ഇച്ഛാശക്തിയുടെയും പ്രചോദനാത്മക കഥയാണ്. സമഗ്രമായ പുരോഗതിയുടെയും വികസനത്തിന്റെയും പുതുയുഗപ്പിറവിയ്ക്ക് ഇത് കാരണമായി.
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2023-24ലെ ബജറ്റിന്റെ പശ്ചാത്തലത്തിൽ, വടക്കുകിഴക്കൻ മേഖലയുടെ വീക്ഷണകോണിലൂടെ പുരോഗതിയുടെ പാതയെ വിശകലനം ചെയ്യുന്നത് മൂല്യവത്തായിരിക്കും. സപ്തർഷികൾ എന്ന് വിവക്ഷിക്കപ്പെടുന്നതാണ് ഈ ബജറ്റ്. എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം, അവസാന വ്യക്തിയിലും എത്തിച്ചേരുക, അടിസ്ഥാന സൗകര്യവികസനം, നിക്ഷേപ സാധ്യതകൾ, ഹരിത വികസനം, യുവജനങ്ങൾക്ക് പ്രാമുഖ്യം, സാമ്പത്തിക മേഖലകളിലെ പരിഷ്കാരങ്ങൾ എന്നീ 7 മുൻഗണനകളാണ് അതുകൊണ്ട് അർഥമാക്കുന്നത്. ഇത് വടക്കുകിഴക്കുള്ള അഷ്ടലക്ഷ്മി സംസ്ഥാനങ്ങൾക്ക് (അരുണാചൽ പ്രദേശ്, അസം, മണിപ്പുർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര) പ്രയോജനമാകുമെന്നതിൽ സംശയമില്ല.
ബജറ്റ് വിഹിതത്തിലെ വലിയ കുതിപ്പ്
വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയത്തിന്റെ (DoNER) 2023-24ലെ ബജറ്റ് വിഹിതമായ 5,892 കോടി രൂപ 2022-23ലെ പുതുക്കിയ അടങ്കൽ വിഹിതത്തേക്കാൾ 114% (2,755.05 കോടി) കൂടുതലാണ്. സർക്കാരിന്റെ ദൃഢനിശ്ചയത്തിന് അനിഷേധ്യവും അവിതര്ക്കിതവുമായ തെളിവു കൂടിയാണിത്. ഇതിൽ 4,093.25 കോടി രൂപ (92%) മൂലധന ആസ്തികൾ സൃഷ്ടിക്കാനുതകുന്ന മൂലധനച്ചെലവുകൾക്കായി മാറ്റിവച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
2014 മുതൽ 54 കേന്ദ്ര മന്ത്രാലയങ്ങൾ അവയുടെ മൊത്ത ബജറ്റ് വിഹിതത്തിന്റെ 10% വടക്കുകിഴക്കൻ മേഖലയ്ക്ക് വേണ്ടി നീക്കിവച്ചു പോരുന്നു. ഈ തുകയിൽ വൻ വർധനയുണ്ടായിട്ടുണ്ട്. ഇപ്പോഴിത് 94,679.53 കോടി രൂപയിലേക്ക് ഉയർന്നു. 2022-23ലെ വിഹിതത്തേക്കാൾ ഏകദേശം 30% കൂടുതലാണിത്. വടക്കുകിഴക്കൻ മേഖലയ്ക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഭിച്ചു വരുന്ന സാമ്പത്തിക സഹായം കണക്കിലെടുക്കുമ്പോൾ, 2023-24 ബജറ്റിലെ കണക്കുകൾ സാധൂകരിക്കപ്പെടുന്നു. 10% മൊത്ത ബജറ്റ് പിന്തുണ (GBS) വ്യക്തമാക്കുന്നത് 2014-15 ലെ യഥാർഥ ചെലവിനേക്കാൾ ഏകദേശം 281% വർധനയോടെ വിഹിതം 24,819.18 കോടി രൂപയായി ഉയർന്നുവെന്നാണ്. ഈ സാമ്പത്തിക വർഷാവസാനത്തോടെ വടക്കുകിഴക്കൻ മേഖലയിൽ ഏകദേശം 5 ലക്ഷം കോടി രൂപ ചെലവഴിക്കപ്പെടുമെന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്. വടക്കുകിഴക്കൻ മേഖലയെ തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള കവാടമായി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് "ആക്റ്റ് ഈസ്റ്റ് നയത്തിൽ' വ്യക്തമാക്കിയിട്ടുണ്ട്.
പാക്കെജുകൾ, പദ്ധതികൾ ഒട്ടേറെ
വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനായുള്ള കേന്ദ്ര മന്ത്രാലയം മുന്നോട്ടു വയ്ക്കുന്ന പാക്കെജുകളും പദ്ധതികളും സാമ്പത്തിക ഉത്തേജനത്തോടൊപ്പം താഴേത്തട്ടിൽ പരമാവധി സ്വാധീനം സൃഷ്ടിക്കുന്നവയാണ്. ഉദാഹരണത്തിന്, പ്രധാനമന്ത്രിയുടെ വടക്കുകിഴക്കൻ വികസന സംരംഭം (PM-DEVINE) എന്ന പുതിയ പദ്ധതിക്ക് കീഴിൽ അനുവദിച്ച 6,600 കോടി രൂപ ആ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം, യുവാക്കൾക്കും വനിതകൾക്കും ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നു.
പ്രധാനമന്ത്രി വിശ്വകർമ കൗശൽ സമ്മാൻ യോജനയ്ക്ക് കീഴിൽ ആദിവാസി വിഭാഗങ്ങളുടെ വികസനത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള പ്രധാനമന്ത്രി PVTG (പ്രിമിറ്റീവ് വൾനറബിൾ ട്രൈബൽ ഗ്രൂപ്പ്) പദ്ധതിയും സ്വയംസഹായ സംഘങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള സംരംഭങ്ങളും നമ്മുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിനും അവസാന വ്യക്തിയെയും ശാക്തീകരിക്കുന്നതിലുമാണ് ബജറ്റിന്റെ ശ്രദ്ധയെന്ന് വ്യക്തമാക്കുന്നു. വടക്കുകിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്വയംസഹായ സംഘങ്ങളുടെ വിപുലമായ സാധ്യതകൾക്ക് ഇത് വലിയ ഉത്തേജനം പകരും.
വടക്കുകിഴക്കൻ മേഖലയിലെ കാർഷിക- തോട്ടം മേഖലകൾ സാധ്യതകളാൽ സമ്പന്നമാണ്. അത് പ്രയോജനപ്പെടുത്താൻ ഈ ബജറ്റ് നിരവധി അവസരങ്ങൾ തുറന്നു നൽകുന്നു. ഒരു കോടി കർഷകരെ ജൈവ കൃഷിരീതികളുടെ കീഴിലാക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ പ്രചോദിപ്പിക്കാനും, തദ്വാരാ ഒരു വിജയഗാഥ രചിക്കാനും വടക്കുകിഴക്കൻ മേഖലയ്ക്ക് കഴിയും. അതുപോലെ, അഗ്രി-ആക്സിലറേറ്റർ ഫണ്ട് ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ നിലവിലുള്ള സാധ്യതകൾ വർധിപ്പിക്കും. ഇതോടൊപ്പം, നൈപുണ്യ വികസനം, വിനോദസഞ്ചാര സാധ്യതകളുടെ വികസനം, ഡിജിറ്റൈസേഷൻ, സുസ്ഥിര വികസനത്തിന് ഊന്നൽ, ഹരിത ഇടപെടലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വടക്കുകിഴക്കൻ മേഖലയുടെ സുസ്ഥിര വികസനത്തിനായി കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെ പൂർത്തീകരിക്കും.
സുരക്ഷയും സമാധാനവും എന്നും ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളായിരുന്നു. എന്നാലിന്ന്, സർക്കാരിന്റെ നിരന്തരമായ ശ്രമങ്ങളാലും സംസ്ഥാനങ്ങളുമായുള്ള അടുത്ത സഹകരണത്താലും, വടക്കുകിഴക്കൻ മേഖല അഭൂതപൂർവമായ സമാധാനത്തിന്റെയും സ്ഥിരതയുടെയും യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 2014നു ശേഷം, ഈ മേഖലയിൽ കലാപങ്ങളുടെ എണ്ണത്തിൽ 74% കുറവുണ്ടായി. 8,000ത്തിലധികം യുവാക്കൾ വിഘടനവാദമുപേക്ഷിച്ച് ആയുധങ്ങൾ സഹിതം കീഴടങ്ങി. ഇന്നവർ ശോഭനമായ ഭാവിയിലേക്ക് ഉറ്റുനോക്കുകയാണ്.
റോഡ്, റെയ്ൽ, വിമാനത്താവളങ്ങൾ
അതുപോലെ, കണക്റ്റിവിറ്റിയുടെ കാര്യത്തിലും വടക്കുകിഴക്കൻ മേഖല വിപ്ലവകരമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2014നു മുമ്പ് അസമിനെ മാത്രമാണ് റെയ്ൽ ഗതാഗതവുമായി ബന്ധിപ്പിച്ചിരുന്നത്. ഇപ്പോൾ അഗർത്തലയെയും ഇറ്റാനഗറിനെയും ബന്ധിപ്പിച്ചിരിക്കുന്നു. വടക്കുകിഴക്കൻ മേഖലയിലെ ഇതര സംസ്ഥാന തലസ്ഥാനങ്ങളെയും ഉടൻ ബന്ധിപ്പിക്കും. ദേശീയപാതകളിലൂടെ ഈ സംസ്ഥാനങ്ങളിൽ തടസരഹിത റോഡ് സൗകര്യം ഉറപ്പാക്കാൻ സർക്കാർ 1.6 ലക്ഷം കോടി രൂപ ചെലവഴിക്കുന്നു.
വ്യോമ ഗതാഗത സൗകര്യത്തിന്റെ കാര്യമെടുത്താൽ, മിസോറാം, മേഘാലയ, സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ 5 വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി വിമാനങ്ങൾ പറന്നുയരുന്നതിന് സാക്ഷ്യം വഹിച്ചു. 2014ലെ വെറും 9 വിമാനത്താവളങ്ങളിൽ നിന്ന്, ഈ മേഖലയിലെ വിമാനത്താവളങ്ങളുടെ എണ്ണം ഏകദേശം ഇരട്ടിയായി, അതായത് 17 ആയി ഉയർന്നു. ഇറ്റാനഗറിലെ ഡോണി പോളോ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ്. ലക്ഷ്യമിട്ട് 500 ദിനത്തിനുള്ളിൽ, 2023 അവസാനത്തോടെ വടക്കുകിഴക്കൻ മേഖലയിൽ സമ്പൂർണ ടെലികോം കണക്റ്റിവിറ്റി ഉറപ്പാക്കുന്നതോടെ വികസനപ്രക്രിയയിൽ വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കും.
അന്യതാബോധം തുടച്ചുനീക്കപ്പെടുന്നു
"ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന ആശയത്തിന്റെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ട് ജനങ്ങൾ തമ്മിൽ നിരന്തര ബന്ധം സ്ഥാപിക്കുകയും വൈകാരിക ബന്ധം ആഴത്തിലാക്കുകയും ചെയ്യുക എന്നതാണ് അന്തിമവും എന്നാൽ സുപ്രധാനവുമായ ഘടകം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സാംസ്കാരികമായും വൈകാരികമായും സ്വാംശീകരിക്കാനും അന്യതാബോധം നിശേഷം തുടച്ചുനീക്കാനും മുൻതൂക്കം നൽകിവരുന്നു. യുവജനങ്ങൾക്കിടയിൽ ശക്തമായ സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കാൻ "യുവസംഗമ'ത്തിനു കീഴിൽ യുവ സാംസ്കാരിക വിനിമയ പര്യടനങ്ങൾ സംഘടിപ്പിക്കും. ജനങ്ങളുമായി സംവദിക്കാനും പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കാനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാനും എല്ലാ മാസവും 16 കേന്ദ്രമന്ത്രിമാരെങ്കിലും വടക്കുകിഴക്കൻ മേഖല സന്ദർശിക്കുന്നു.
അടുത്തിടെ നടന്ന വടക്കുകിഴക്കൻ മേഖലാ കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നൽകിയ ആഹ്വാനം, "വടക്കുകിഴക്കൻ മേഖലയ്ക്ക് മുൻഗണന നൽകി വികസനത്തിന്റെ ഗതിവേഗം കൂട്ടുക' എന്നതാണ്. വടക്കുകിഴക്കൻ മേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തിന് മൂലമന്ത്രമായി ഇത് വർത്തിക്കും. ഇനിയൊരു നിമിഷം പോലും പാഴാക്കാനാകില്ല. ഒഴികഴിവുകളുടെ നാളുകൾക്ക് അന്ത്യം കുറിച്ചിരിക്കുന്നു. വികസനപാതയിലെ മുന്നേറ്റമല്ലാതെ ഇനിയൊരു തിരിച്ചുപോക്ക് ഇല്ലേയില്ല!