
മനുഷ്യാവസ്ഥയെ സ്വയം അനുഭവിക്കുമ്പോഴാണ് ഒരാളുടെ ഏഴുത്ത് ഉയർന്ന തലത്തിലേക്കുയരുന്നത്. അസ്തിത്വത്തിന്റെ അനുഭവം തന്നെയാണത്. ഭേദപ്പെട്ട ഭൗതിക സാഹചര്യമോ അധികാരമോ ഒന്നും എഴുത്തിനെ സഹായിക്കണമെന്നില്ല. പതിറ്റാണ്ടുകൾ എഴുതി വളരണമെങ്കിൽ ശരിയായ ആന്തരിക പ്രചോദനം ആവശ്യമാണ്. മറ്റൊരു മനുഷ്യനുമായി നമുക്കെന്താണ് ബന്ധം എന്ന് നാം സ്വയം കണ്ടുപിടിക്കേണ്ടതുണ്ട്. അപ്പോഴാണ് മനുഷ്യരുടെ കഥയെഴുതാൻ ശേഷിയുണ്ടാവുന്നത്.
എഴുത്തുകാരൻ നഷ്ടബോധമുള്ളവനും അസംതൃപ്തനുമാകേണ്ടത് ഭൗതിക വസ്തുക്കളുടെ പേരിലല്ല, ജീവിതത്തിന്റെ സഹജമായ അവസ്ഥയുടെ തലത്തിലാണ്. അമെരിക്കൻ പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ താ നെഹിസി കോട്സ് ഇങ്ങനെ പറഞ്ഞു: "പരാജയത്തെ എങ്ങനെ നേരിടാം എന്ന വിഷയത്തെക്കുറിച്ചാണ് മിക്കവാറും എല്ലാ എഴുത്തും. ഞാൻ ധാരാളം പേരെ കണ്ടിട്ടുണ്ട്, കഴിവും എഴുതാനുള്ള ധാർമിക ശേഷിയും ഉള്ളവരെ. അവരിൽ ഭൂരിപക്ഷവും നല്ല ബുദ്ധിയുള്ളവരും ജീവിതത്തിൽ വിജയിച്ചവരുമാണ്. എന്നാൽ എഴുത്ത് വ്യത്യസ്തമാണ്. മുന്നോട്ടുപോകാൻ വേണ്ടി നിങ്ങൾക്ക് പരാജയപ്പെടേണ്ടി വരും. നിങ്ങൾക്ക് സുന്ദരമായ ഒരു വഴി കണ്ടെത്താനാവണമെന്നില്ല. നിങ്ങൾ പരാജയപ്പെടാൻ പോവുകയാണ്. എഴുത്തുകാരനാവുന്നതിനു മുൻപ് തന്നെ ജീവിതത്തിലെ പരാജയത്തിന്റെ സാധ്യത ഞാനുൾക്കൊണ്ടിരുന്നു'.
കഠിനമായി പണിയെടുക്കുന്ന എഴുത്തുകാരനു ഓരോ നിമിഷവും തിരിച്ചടി നേരിടേണ്ടി വരും. കാരണം, വളരെ സ്പർശബോധമറ്റതും അന്തസാരശൂന്യവും ക്ഷുദ്രവുമായ ഒരു പുറംലോകത്തെയാണ് അയാൾക്ക് നേരിടാനുള്ളത്. തീ പോലുള്ള സത്യങ്ങൾ അയാൾക്ക് അവരോടാണ് വിനിമയം ചെയ്യാനുള്ളത്. സാഹിത്യസ്ഥാപനങ്ങൾ അയാളെ വെല്ലുവിളിക്കുകയാണ്. സാമൂഹികമായ അധികാരമുള്ളവർ അയാളെ എപ്പോഴും ചവിട്ടി താഴ്ത്താൻ നോക്കുകയാണ്. അയാൾ പരിവർത്തനത്തിനു കർണനെ പോലെ നിൽക്കുകയാണല്ലോ.
ശബ്ദവും നിശ്ശബ്ദതയും
ലബനീസ് -അമെരിക്കൻ പെൺകവി ഏതൽ അദ്നാൻ "ഷിഫ്റ്റിങ് ദ് സൈലൻസ്' എന്ന കൃതിയിൽ പ്രാപഞ്ചികമായ ജ്ഞാനത്തെക്കുറിച്ച് എഴുതി: "പ്രപഞ്ചം ഒരു ശബ്ദം പുറപ്പെടുവിക്കുന്നു. ആ ശബ്ദത്തിന്റെ ഉള്ളിൽ ഒരു നിശബ്ദതയുണ്ട്. ആ നിശബ്ദതയാണ് ശബ്ദമുണ്ടാക്കുന്നത്. അത് അതിന്റെ വിപരീതമല്ല. അതിന്റെ തന്നെ വേർപെടുത്താനാവാത്ത ആത്മാവാണ്. നിശബ്ദത ഒരു പുഷ്പമാണ്. അത് വളരുന്നു വിടരുന്നു കൊഴിയുന്നു. അതിനു മറ്റു പൂക്കൾ വളരുന്നത് നിരീക്ഷിക്കാനാവും. മറ്റു പൂക്കൾ എന്താണോ അതു തന്നെയാണ് ആ പൂവും'.
വൈരുധ്യമൊക്കെ ബാഹ്യതലത്താൽ മാത്രമാണ്. എന്തെങ്കിലും ആവിർഭവിക്കുന്നതിന്റെ ഒരുക്കമാണ് ഈ നിശബ്ദത. മനുഷ്യനു വിശേഷപ്പെട്ട ചില അറിവുകളുണ്ടല്ലോ. ഒരു പക്ഷേ, ഒരു പൂച്ചയ്ക്കോ പാമ്പിനോ പക്ഷിക്കോ മനുഷ്യനിൽ നിന്ന് വ്യത്യസ്തമായ സിദ്ധികൾ കണ്ടേക്കാം. അവയുടെ സിദ്ധികളുമായി ഒരു ഏറ്റുമുട്ടൽ നമുക്കുണ്ടാകുന്നില്ല. അതുകൊണ്ട് നാം നമ്മുടെ സിദ്ധികളിലൂടെ പരമാവധി സഞ്ചരിക്കുക മാത്രമാണ് ഒരേയൊരു വഴി. സമൂഹം പുറന്തള്ളിയ ലോകത്തു നിന്നു വന്ന മഹാപ്രതിഭയായിരുന്നു ഫ്രഞ്ച് നാടകകൃത്ത് ഷാൻ ഷെനെ. അദ്ദേഹത്തിന്റെ "അവർ ലേഡി ഓഫ് ദ് ഫ്ലവേഴ്സ്' (1943)എന്ന നോവൽ രചിച്ചത് ജയിലിൽ കിടക്കുന്ന സമയത്താണ്. അവിടെ വച്ച് എഴുതിയെന്നത് മാത്രമല്ല പ്രത്യേകത; അതിലെ ഉള്ളടക്കം അന്നത്തെ സാമൂഹികമായ സദാചാരങ്ങൾക്ക് നിഷിദ്ധമായിരുന്നു. സ്വവർഗ ലൈംഗികതയുമായി കഴിഞ്ഞ ഒരുവൻ മരിച്ച ശേഷം വാഴ്ത്തപ്പെട്ടവനാകുകയാണ്!.
ഒരു വേശ്യയുടെ മകനായി ജനിച്ച ഷെനെ സ്വന്തം പിതാവാരാണെന്ന് അറിയാതെയാണ് വളർന്നത്. ഗത്യന്തരമില്ലാതെ കുറ്റകൃത്യങ്ങളിലും സ്വവർഗരതിയിലും ഏർപ്പെട്ട അദ്ദേഹം ജയിലിലാക്കപ്പെടുന്നതിൽ അത്ഭുതമില്ല. എന്നാൽ തിന്മയുടെയും പുറത്താക്കപ്പെടലിന്റെയും അന്യവത്ക്കരണത്തിന്റെയും അനുഭവങ്ങളിൽ നിന്ന് സഹജമായി സൗന്ദര്യം സൃഷ്ടിക്കാനുള്ള കഴിവ് ഷെനെയ്ക്കുണ്ടായിരുന്നു. ആ കഴിവിനെ എങ്ങനെ നിരാകരിക്കാനാവും? അവിടെയാണ് കലാകരന്റെ ഭ്രാന്തും സ്വതന്ത്രചിന്തയും ധിക്കാരവും പൊതുവേ സ്വീകരിക്കപ്പെടാതിരിക്കുമ്പോഴും അത് ഫലപ്രദമായ ചില കണ്ടുപിടിത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും പിന്നീട് സർവസമ്മതി നേടുകയും ചെയ്യുന്നത്. കള്ളനും ദുർമാർഗിയുമായ ഷെനെയെ പിന്നീട് സാഹിത്യലോകം ഒരു പുണ്യവാളനായി വാഴ്ത്തുന്നതാണ് നാം കാണുന്നത്. പ്രമുഖ ഫ്രഞ്ച് എഴുത്തുകാരനായ സാർത്ര് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ എന്ന് വിളിച്ചു.
പ്രവാചകനെ പോലെ
ഷെനെയുടെ കൃതിയെ ആസ്പദമാക്കി സിനിമയുണ്ടായി- കൊറെല്ലി ഓഫ് ബ്രസ്റ്റ് എന്ന നോവൽ ഫാസ്ബൈൻഡർ ചലച്ചിത്രമാക്കി. ദ് ബാൽക്കണി എന്ന നാടകം അവതരിപ്പിച്ചു, ആന്റോയിനീ ബോർസീലർ എന്ന സംവിധായകന്റെ നേതൃത്വത്തിൽ. എങ്ങനെയാണ് ഷെനെയുടെ ലോകം ഒരു ബദൽ സൗന്ദര്യത്തെ സൃഷ്ടിച്ചത്? ലോകത്തിന് വേണ്ടാത്തതെല്ലാം തന്റെ അസ്ഥിയിലും മാംസത്തിലും ശേഖരിച്ച ഷെനെ അപരിചിതമായ അനുഭവങ്ങളെ സത്യസന്ധമായി പകർത്തി. ഷെനെയുടെ വാക്കുകൾ: "ലോകം മാറുന്നില്ലെങ്കിൽ, നമ്മൾ നേടുന്നതെല്ലാം നാം എന്തിനെയാണോ നശിപ്പിക്കാൻ ശ്രമിച്ചത് അതിന്റെ പ്രതിഫലനം മാത്രമായിരിക്കും'.
ജീവിതം വഞ്ചനയും ക്രൂരതതയും ധ്വംസനവുമാണെന്നറിഞ്ഞ ഷെനെ അതുതന്നെയാണ് തന്റെ സാഹിത്യമെന്ന് തിരിച്ചറിഞ്ഞു. ആരെയെങ്കിലും വഞ്ചിക്കുമ്പോഴാണ് നമ്മുടെ അവസാനത്തെ താവളമാണ് എഴുത്തെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു നീതീകരിച്ചത് ഇതിന് തെളിവാണ്. സാഹിത്യം പാരമ്പര്യത്തിന്റെ ഇളകാത്ത ആശയങ്ങൾ കൊണ്ട് മാത്രം ഉണ്ടാക്കുന്ന കൂടല്ല; അലഞ്ഞവരുടെയും അന്വേഷിച്ചവരുടെയും ഭൂതകാലവുമാണത്. പരിത്യക്തരുടെയും നിയമാനുസൃതമല്ലാത്ത ജീവിതമുള്ളവരുടെയും അന്തസില്ലാത്തവരുടെയും വർത്തമാനങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നത് കലയിലാണ്. കലാകാരൻ ഒരു പ്രവാചകനെപ്പോലെ സകല ദുഃഖങ്ങളും മാറിലൊതുക്കുന്നു.
മഹർഷി അരബിന്ദോയുടെ "സാവിത്രി'യിൽ ദൈവത്തിന്റെ സന്ദേശവാഹകൻ വരുമ്പോൾ അവൻ ഉണക്കേണ്ട മുറിവുകളുടെ വേദന ഏറ്റെടുക്കുന്നതായി എഴുതുന്നുണ്ട്. "അവൻ എങ്ങനെയാണ് താൻ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത രോഗങ്ങളെ ഭേദപ്പെടുത്തുക ? അവന്റെ ശാന്തതയിൽ ലോകദുഃഖത്തെ അവൻ പൊതിയുന്നു'
അരബിന്ദോ തുടരുന്നു: "അവൻ സ്വന്തം മാറിടത്തിലാണ് ഈ യാതനയുടെ ലോകത്തെ കൊണ്ടുനടക്കുന്നത്. അവന്റെ ചിന്തകളിൽ അതിന്റെ പാപങ്ങൾ തൂക്കപ്പെടുന്നു. അതിന്റെ ദുഃഖം അവന്റേതാണ്'.
ദ് പെയിൻറർ ഓഫ് മോഡേൺ ലൈഫ് എന്ന പുസ്തകത്തിൽ "മികച്ച കലാകാരന്മാർ മസ്തിഷ്കത്തിൽ പതിഞ്ഞ പ്രതിബിംബത്തെ നോക്കിയാണ് വരയ്ക്കുന്നത്, പ്രകൃതിയെ നോക്കിയല്ല' എന്ന് ഫ്രഞ്ച് കവി ബോദ്ലേർ പറയുന്നുണ്ട്.
വെറുതെ പ്രകൃതിയിലേക്ക് നോക്കിയാൽ പോരാ, അതിനെ കണ്ടെത്തണം, അതിനൊപ്പം താനും ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞു കൊണ്ട്. ഒരു മനുഷ്യൻ തന്റെ അവസ്ഥ താൻ തന്നെയാണ് അനുഭവിക്കുന്നതെന്ന് ബോധ്യപ്പെടണം. മറ്റുള്ളവർ പറഞ്ഞ വിവരങ്ങൾ വച്ചല്ല, സ്വന്തം ബോധ്യത്തിൽ. അവൻ സ്വയം അനുഭവിച്ചാലേ മറ്റുള്ളവരെ അറിയാനൊക്കൂ. അവിടെയാണ് സാഹിത്യവും കലയും ജനിക്കുന്നത്.
എങ്ങനെയാണ് അത് സാധ്യമാകുന്നത്? മറ്റൊരാളുമായുള്ള ബന്ധമോ, വൈകാരിക കൊടുക്കൽ വാങ്ങലുകളോ വേർപെടലോ നമ്മുടെ മനസിനെ സ്പർശിക്കണം. അതൊരു ഇടപാടായി അവസാനിക്കുന്നതിനേക്കാൾ ഒരു മനുഷ്യന്റെ അവസ്ഥയുമായി നമുക്കുള്ള അഗാധമായ ബന്ധം എന്താണെന്ന് അന്വേഷിക്കപ്പെടണം.
പടം പൊഴിയുന്നു
വളരെക്കാലം കൂടിയാണ് എസ്. ജോസഫ് എഴുതിയ ഒരു കവിത മനസിനാൽ സ്വീകരിക്കപ്പെട്ടു എന്ന് എഴുതേണ്ടി വരുന്നത്. ഒരു പ്രമേയം ഉണ്ടായിവന്നിരിക്കുന്നു. ഔദ്യോഗിക ജീവിതത്തില് നിന്ന് വിരമിച്ച ശേഷമാണ് ചില കവികൾക്ക് നെല്ലും പതിരും വേർതിരിഞ്ഞു കിട്ടുക. ഔദ്യോഗിക ജീവിതം ഒരു പടമാണ്. അത് കപടവും പൊങ്ങച്ചങ്ങളാൽ തീർത്ത വ്യാജ പ്രമാണവുമാണ്. സ്വയം ഉണ്ടാക്കിയെടുത്തതെല്ലാം വിലമതിക്കപ്പെടുന്നു, അവനവന്റെ ലോകത്ത്. സ്വയം നിശബ്ദനാവുകയാണെങ്കിൽ ചുറ്റിനും അതുവരെ മുഴങ്ങിക്കൊണ്ടിരുന്നതെല്ലാം അർഥശൂന്യമായ ഏതോ ശബ്ദങ്ങളായിരുന്നു എന്ന് മനസിലാക്കാം.
ജോസഫ് എന്ന കവി തനിച്ചായിരിക്കുന്നു. ഇതുവരെ കണ്ട ലോകം തന്നെ ചതിക്കുകയായിരുന്നെന്ന് മനസിലാക്കിയശേഷം ആദ്യം എഴുതുന്ന കവിതയാണ് "രണ്ടു വഴികൾ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി, 19-25). ഈ കവിതയിൽ ഒരാളിൽ രണ്ടുപേരുള്ളതായി സാക്ഷ്യപ്പെടുത്തുന്നു. അതിലൊന്ന് ഒരു കടുവയാണ്. കടുവ മറ്റു മൃഗങ്ങളെ കൊന്നു കാട്ടിൽ കഴിയുന്നു. മനുഷ്യവ്യക്തിയാകട്ടെ അണുകുടുംബനാഥനായി ഫ്ലാറ്റിൽ കഴിയുന്നു. ക്രൂരനായ മനുഷ്യൻ ഒരു മൃഗത്തെപ്പോലെ വീണ്ടുവിചാരമില്ലാതെ ആളുകളെ കൊന്നും ഉപദ്രവിച്ചും മദിച്ച ശേഷം സ്വന്തം കിടപ്പുമുറിയിൽ അനുസരണയോടെ ഭാര്യക്കും കുട്ടികൾക്കുമൊപ്പം ഒതുങ്ങിക്കഴിയുന്നു.
ഇവൻ തന്നെയാണോ ഇന്നലെ കടുവയായി ആദിവാസി യുവാവിനെ അടിച്ചു കൊന്നതെന്ന് സംശയിച്ചു പോകും; സംശയിക്കേണ്ട, അവൻ തന്നെ. അല്ലെങ്കിൽ ഇവൻ തന്നെയാണോ ആദിവാസികളുടെ ഫണ്ട് കട്ടെടുത്തു വീട്ടിലേക്ക് കൊണ്ടുപോകുന്നതെന്ന് സംശയിക്കേണ്ടിവരും; സംശയിക്കേണ്ട, അവൻ തന്നെ.
കവിയുടെ വാക്കുകൾ :
"കടുവ വേട്ടയാടിക്കഴിയുന്നു,
ഞാൻ ഇറച്ചി വാങ്ങിത്തിന്നുന്നു.
അതിനു കാട്ടിനുള്ളിൽ നീണ്ട ഉറക്കം,
ഫ്ലാറ്റിലാണ് എന്റെ വാസം ,
അത് ദൂരങ്ങൾ നീന്തിക്കടന്ന്
ഇണയെ തേടുന്നു,
ഇണയോടും കുട്ടികളോടുമൊപ്പം
താമസിക്കുന്നു ഞാൻ.
അത് ഏകാകി,
സിനിമയും പാട്ടും കളിയും രാഷ്ട്രീയവും
ചുറ്റുമുള്ളപ്പോഴും ഞാനും ഏകാകി'.
ഈ കവിതയുടെ ഒടുവിലത്തെ നാലു വരികൾ കുറേക്കൂടി നന്നാക്കേണ്ടിയിരുന്നു.
പൾപ്പ് നോവൽ
നോവലിസ്റ്റ് ജോയ്സിയുമായുളള ഒരു അഭിമുഖം "പച്ചമലയാള'ത്തിൽ (മാർച്ച്) വായിച്ചു. പൾപ്പ് നോവലുകൾ അതിവൈകാരികതയുടെ അവതരണങ്ങളായി മുദ്രകുത്തപ്പെട്ടതിനെക്കുറിച്ച് ജോയ്സി പറയുന്നത് ഇതാണ്:
"നീതിക്കും സമത്വത്തിനും അതിജീവനത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ആർത്തമായ നിലവിളിയാണ് പലപ്പോഴും അതിവൈകാരികതയായി മുദ്രകുത്തപ്പെടുന്നത്. പണ്ട് സമ്പന്നതയുടെ മടിത്തട്ടിൽ വിരിയുന്ന സമാധാന കുസുമങ്ങളായിരുന്നു മഹാഭൂരിപക്ഷം സുകുമാര കലകളും, സാഹിത്യരചനകളും. പാവപ്പെട്ടവന്റെ മോഹഭംഗങ്ങളും കണ്ണീരും സങ്കടങ്ങളും, രക്ഷപ്പെടാൻ കച്ചിത്തുരുമ്പിനു വേണ്ടിയുള്ള കഠിനശ്രമങ്ങളും വൈകാരികതയുടെ അതിപ്രസരമെന്ന് കാണാനായിരുന്നു സാഹിത്യമേലാളന്മാർക്കിഷ്ടം'.
ജോയിസിക്ക് ചില തെറ്റിദ്ധാരണകളുണ്ടെന്ന് തോന്നുന്നു. പൾപ്പു നോവലുകൾ വായിക്കുന്നവർ വായിക്കട്ടെ. അവർ കടും വർണത്തിൽ കഥകൾ പറയട്ടെ. സിനിമകളിൽ ഭൂരിപക്ഷവും ഒരുകാലത്ത് ഇതുപോലുള്ള കുടുംബകഥകളായിരുന്നല്ലോ പ്രതിപാദിച്ചിരുന്നത്. മനുഷ്യന്റെ നീതിക്കുവേണ്ടിയുള്ള നിലവിളിയെ അതിവൈകാരികതയെന്ന് വിളിച്ചതായി പറയുന്നത് തെറ്റാണ്. അതിവൈകാരികത എന്ന് പറയുന്നത് ഒരു രംഗത്ത് ആവശ്യമുള്ളതിൽ കൂടുതൽ വികാരം കുത്തിയൊഴുക്കുന്നതിനെയാണ്. അമിതവികാരങ്ങൾ ചെടിപ്പുണ്ടാക്കും. സീരിയലുകളിൽ ചുമ്മാ കരയുന്ന സ്ത്രീ കഥാപാത്രങ്ങൾ ഉദാഹരണം.
മനുഷ്യൻ വിവേകിയാണല്ലോ. അവന്റെ മനസിന്റെ ശേഷിക്കൊത്ത് സംവേദനങ്ങൾ സാധ്യമാകണം. അപ്പോഴാണ് അതിൽ നല്ല കലാനുഭവം സാധ്യമാവുന്നത്. പൾപ്പ് നോവലുകൾക്ക് കലയോട് ബന്ധമില്ല; ഇത്തരം കൃതികൾ എഴുതുന്നവർ മനുഷ്യരുടെ ദൗർബല്യങ്ങൾ ചൂഷണം ചെയ്ത് പണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആവശ്യക്കാരുണ്ടെന്ന് കണ്ടാൽ കള്ളപ്പേരിൽ, ഒരു മാഗസിനിൽ തന്നെ രണ്ടും മൂന്നും നോവലുകൾ എഴുതുന്നത് ആർത്തിയല്ലെങ്കിൽ പിന്നെന്താണ്? ജീവിതത്തിൽ യാതൊന്നിനെക്കുറിച്ചും ഇക്കൂട്ടർക്ക് സംശയമില്ല; രണ്ടാമതൊന്ന് ആലോചിക്കുന്നത് പോലും പാപമാണത്രേ. അതുകൊണ്ടാണ് ഒരേ സമയം 3 നോവലുകൾ എഴുതാനാനാവുന്നത്. അതിനു കലയുമായി ബന്ധമില്ല. ഒരു യഥാർഥ എഴുത്തുകാരൻ ജീവിതത്തിന്റെ, അസ്തിത്വത്തിന്റെ പൊരുൾ തേടുകയാണ് ചെയ്യുന്നത്. പ്രേമിക്കുന്നു എന്ന് പറയാൻ മൈക്ക് എന്തിനാണ്? അതിവൈകാരികതയാണത്. പൾപ്പിൽ അങ്ങനെയൊരു ഘടകമുണ്ട്. ചെറിയ സങ്കടങ്ങളെ മനസുകളിൽ ഒതുക്കി നിറുത്തുന്നതിനു പകരം തുറന്നു വിടുന്നത് സമൂഹത്തിനു തന്നെ ഭീഷണിയാണ്.
വൈകാരികത അധഃപതിക്കാനുള്ളതല്ല. പാത്രം നിറയെ വെള്ളം കിണറ്റിൽ നിന്നു കോരിയെടുക്കുമ്പോൾ, കരയ്ക്കെത്തുന്നതിനു മുൻപ് ചോർന്ന് അത് കിണറ്റിലേക്ക് തന്നെ വീഴുന്നതിനു സമാനമാണ് പൾപ്പ് കൃതികളിലെ അതിവൈകാരികത. നോവൽ വായിച്ചു കഴിയുമ്പോൾ കുറേ സംഭവങ്ങളും നിലവിളികളുമായിരിക്കും ശേഷിക്കുക. ആധുനിക കവിതയിലും ഇതുണ്ടായിരുന്നു. കവിത ചൊല്ലാൻ മൈക്കിനു മുന്നിൽ വന്ന കവികൾ ഉച്ചത്തിൽ കരഞ്ഞു വിളിച്ചു. വൈകാരിക മൂർഛയിൽ അനുവാചകരെ നിശബ്ദരാക്കി തങ്ങളിലേക്ക് അടുപ്പിക്കാമെന്നാണ് അവർ നോക്കിയത്. എന്നാൽ പൾപ്പ് നോവലിസ്റ്റുകൾക്ക് ഉപരിതലത്തിലുള്ള കുടുംബപുരാണങ്ങളും പ്രേമവും വേർപെടലും മാത്രമേ പറയാനുള്ളൂ. അവർക്ക് ആഴമുള്ള ഒരു ജീവിത പ്രശ്നവുമില്ല. ബന്ധങ്ങളെ എങ്ങനെ സമീപിക്കണമെന്ന കാര്യത്തിൽ പരിമിതമായ അറിവേയുള്ളു. അവർ കാണുന്നത് അതേപടി എഴുതി വയ്ക്കുകയാണ്. അതിനുള്ളിലെ ഡ്രാമ മനസിലാവുന്നില്ല.
ജീവിതത്തെ അഗാധമായി സമീപിക്കുന്ന വലിയ കൃതികൾ കുടുംബവൃത്താന്തങ്ങളെ പോലും ദാർശനികമായി, തത്ത്വചിന്താപരമായി സമീപിക്കുന്നു. മുട്ടത്തു വർക്കിയുടെ "പച്ചനോട്ടുകൾ' പോലെയല്ല ഒ.വി. വിജയൻ "മധുരം ഗായതി' എഴുതിയിരിക്കുന്നത്. "പച്ചനോട്ടുകളി'ൽ ജീവിതത്തിന്റെ ആഴമില്ല; "മധുരം ഗായതി' പ്രാപഞ്ചിക ജീവിതത്തെ അന്വേഷിക്കുകയാണ്. അർഥമുള്ള, മൂല്യമുള്ള, സൗന്ദര്യം തേടുന്ന മനസ് വിജയന്റെ നോവലിലുണ്ട്.
ഓർത്തിരിക്കാൻ കൊള്ളാവുന്ന ഒരു വാചകമോ ചിന്തയോ പൾപ്പ് കൃതികളിൽ ഉണ്ടാകാറില്ല. നല്ല വായനക്കാരനെ അതിശയിപ്പിക്കുന്ന എന്തെങ്കിലും വേണ്ടേ?കുടുംബകഥ മാത്രല്ല നോവൽ. ഇന്നത്തെ വായനക്കാരന് അറിയാത്ത എന്തെങ്കിലും സംഭാവന ചെയ്യാൻ പൾപ്പ് നോവലിസ്റ്റുകൾക്ക് കഴിയുന്നില്ല. നോവൽ ഒരു കലയാണ്. ആ മാധ്യമം ഉണ്ടായതു തന്നെ ആ ലക്ഷ്യത്തിന്റെ ഭാഗമായാണ്. കവിതയും കഥയും പരാജയപ്പെട്ടിടത്ത് നോവൽ പുതിയ കലയെക്കുറിച്ചുള്ള അവബോധമാകണം.