
#എം.ബി. സന്തോഷ്
ഞായറാഴ്ച, 2023 ഫെബ്രുവരി 19.
രാവിലെ 10നായിരുന്നു കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളെജിൽ സംസ്ഥാന ജൈവ വൈവിധ്യ കോൺഗ്രസ് ഔപചാരിക ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായതിനാൽ കർശന സുരക്ഷ കണക്കിലെടുത്ത് നേരത്തെ നിർദേശിച്ചതിൻ പ്രകാരം മുൻകൂട്ടിത്തന്നെ അവിടെയെത്തി.
സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ മാധ്യമ പുരസ്കാരം ഏറ്റുവാങ്ങലായിരുന്നു ദൗത്യം. അവിടെ എത്തിയപ്പോൾ പ്രതീക്ഷിച്ചപോലെ നിറയെ പൊലീസ്. ഗേറ്റ് തുറന്നിട്ടിരുന്നു. ഒരുവിധ പരിശോധനയുമില്ലാതെ അകത്തുകയറി. നിർദേശിച്ചിരുന്ന പ്രകാരം രജിസ്ട്രേഷൻ കൗണ്ടറിൽ ചെന്നു. അവിടെ, അവാർഡ് ഏറ്റുവാങ്ങുന്നവർക്കുള്ള കൗണ്ടറിൽ ചെന്ന് പേരു പറഞ്ഞപ്പോൾ "ഡെലിഗേറ്റ്' എന്ന് എഴുതിയ പാസ് കോർത്ത ടാഗ് തന്നു. അതിനൊപ്പം ഒരു കൂപ്പൺ. അതിലൊരു നമ്പരുമുണ്ട്. ഇനി നറുക്കെടുപ്പെങ്ങാനുമുണ്ടോ? അതെന്താണെന്ന് ചോദിക്കാൻ നിന്നില്ല. ഒരു വോളന്റിയറോട് മുന്നിൽ കൊണ്ടിരുത്താൻ നിർദേശിച്ചു. കൊണ്ടുവന്ന വോളന്റിയർ വഴിക്കുവച്ച് മറ്റൊരാൾക്ക് "കൈമാറി'!
ഓഡിറ്റോറിയത്തിന് മുന്നിൽ മെറ്റൽ ഡിറ്റക്റ്റർ. റിപ്പോർട്ടിങ്ങിന്റെ ഭാഗമായി സുരക്ഷാ പരിശോധനകൾക്ക് പലവട്ടം വിധേയമായിട്ടുള്ളതിനാൽ ബാഗൊന്നും എടുത്തിരുന്നില്ല. ഡിറ്റക്റ്ററിലൂടെ അകത്തേക്കു കടന്നപ്പോൾ പൊലീസിന്റെ പരിശോധന. കുപ്പായക്കീശയിലെ മൊബൈൽ ഫോൺ, പേന എന്നീ രണ്ട് "മാരകായുധ'ങ്ങളും സദയം അനുവദിച്ചു. ജീൻസിന്റെ വലത്തേ പൊക്കറ്റിൽ എന്താണെന്ന ചോദ്യത്തിന് പഴ്സ് എടുത്ത് കാട്ടിക്കൊടുത്തു. വലത്തേ പോക്കറ്റിൽ നിന്ന് കണ്ണടക്കവർ കാട്ടിയപ്പോൾ തുറന്നു കാട്ടാൻ പറഞ്ഞു. പിന്നിലെ പോക്കറ്റിൽ ചെറിയ റൈറ്റിങ് പാഡ്. അതോടെ, സന്തോഷത്തോടെ കടക്കാൻ അനുവദിച്ചു.
നന്ദി പറഞ്ഞ് അകത്തേയ്ക്ക് കടന്നതോടെ പരിചയമുള്ള ഒരു ദൃശ്യമാധ്യമ പ്രവർത്തകൻ ഓടി വന്നു ചോദിച്ചു: "ചേട്ടനേയും പരിശോധിച്ചോ?'
"അതെ' എന്നു പറഞ്ഞപ്പോൾ "ഞങ്ങളെയും പരിശോധിച്ചു'എന്നു പറയുമ്പോൾ അരുതാത്തതെന്തോ നടന്ന ഭാവമായിരുന്നു. "അതിലെന്താ തെറ്റ്?' എന്നു ചോദിച്ചപ്പോൾ അയാൾ നെറ്റി ചുളിച്ചു. "സാധാരണക്കാർക്കില്ലാത്ത എന്തവകാശമാണ് മാധ്യമ പ്രവർത്തകർക്കുള്ളത്' എന്നാരാഞ്ഞപ്പോൾ അയാൾ "ഇയാളേതാ' എന്ന ഭാവത്തിൽ പെട്ടെന്ന് പോയി.
കറുപ്പിനോടടുത്ത നിറത്തിലുള്ള ഉടുപ്പാണിട്ടിരുന്നത്. കേരള ദിനേശ് ബീഡിയുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കുറേ കൊല്ലങ്ങൾക്കു മുമ്പ് നിർമാണം തുടങ്ങിയ "എക്സ് പ്രസൊ'ഷർട്ട് അന്നു മുതൽ ഇഷ്ടമായിരുന്നു. അത് മിക്കപ്പോഴും കണ്ണൂരിലെത്തിയാലേ കിട്ടൂ എന്നതിനാൽ ഇത്തരം യാത്രകളിൽ വാങ്ങാൻ ശ്രമിച്ചു .ഇപ്പോൾ, അതിന്റെ പേര് "ഡി-എക്സ്പ്രസ്' എന്നായി. അക്കൂട്ടത്തിലൊന്നായിരുന്നു അന്നും അണിഞ്ഞിരുന്നത്. അതേ നിറത്തിലുള്ള എൻ 95 മാസ്ക് പോക്കറ്റിലുണ്ടായിരുന്നു. അവിടെ ആരും മാസ്ക് ധരിച്ചിട്ടില്ലാത്തതിനാൽ പുറത്തെടുത്തില്ല.
"ദീപിക' ന്യൂസ് എഡിറ്റർ ജയകൃഷ്ണന്റെ മകൻ ദേവഹർഷൻ അപ്പോഴാണ് വിളിച്ചത്. ആൾ കോളെജിന്റെ പുറത്തെത്തി വിളിക്കുകയാണ്. "കയറി വരാൻ ശ്രമിച്ചു നോക്കൂ' എന്നു പറഞ്ഞു. ഡിഗ്രി കഴിഞ്ഞ് ചലച്ചിത്ര കോഴ്സ് പ്രവേശന പരീക്ഷ എഴുതാൻ തയ്യാറെടുക്കുകയാണ് ദേവൻ. പൊലീസിന് അടുത്തെത്തിയപ്പോൾ "തിരിച്ചറിയൽ കാർഡുണ്ടോ " എന്നായി ചോദ്യം. ആധാർ കാർഡ് കാണിച്ചപ്പോൾ സുരക്ഷാ പരിശോധനയ്ക്കു ശേഷം കയറ്റിവിട്ടു!
മുഖ്യമന്ത്രി സാധാരണ കൃത്യ സമയത്തിനെത്തുന്നതായിരുന്നു അനുഭവം. പക്ഷെ, അന്ന് എത്തിയപ്പോൾ അരമണിക്കൂറിലേറെ വൈകി. അതിനുമുമ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലത്തെത്തി. അദ്ദേഹത്തിന്റെ കുപ്പായത്തിന്റെ നിറം കടും കറുപ്പ്! സമ്മാനം നൽകിയപ്പോൾ മുഖ്യമന്ത്രി എന്തെങ്കിലും അസന്തുഷ്ടി പ്രകടിപ്പിച്ചില്ല. കറുത്ത ഉടുപ്പിട്ടതിന് മുഹമ്മദ് റിയാസിനോടും എന്തെങ്കിലും അപ്രിയം കാട്ടുന്നതായി കണ്ടില്ലെന്നു മാത്രമല്ല, ആ കരിങ്കുപ്പായക്കാരനോട് എന്തോ ചിരിച്ച് സംസാരിക്കുന്നതും കണ്ടു!
സമ്മാനദാനം കഴിഞ്ഞപ്പോൾ വേദിയുടെ മറുപുറത്തു കൂടിയായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. അത് മുഖ്യമന്ത്രിക്ക് വരാനും പോകാനുമുള്ള വഴിയായിരുന്നു. ഉച്ചയ്ക്ക് തിരുവനന്തപുരത്തേയ്ക്കുള്ള "ജനശതാബ്ദി'യിൽ ടിക്കറ്റ് റിസർവ് ചെയ്തിരുന്നതിനാൽ വീണ്ടും സുരക്ഷാ പരിശോധനയുടെ ആവർത്തനത്തിലൂടെ തിരിച്ചകത്ത് കയറാൻ ശ്രമിച്ചില്ല. മുഖ്യമന്ത്രി വേദിയിലിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
അപ്പോഴാണ് പുറത്ത് ഒരു ചാനൽ ലേഖകൻ ഈ സുരക്ഷാ പരിശോധനയെക്കുറിച്ച് "പിടുസി'എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്: "ഇന്നും മുഖ്യമന്ത്രിയുടെ ചടങ്ങിൽ കറുത്ത ഷർട്ടിനും മാസ്കിനും വിലക്ക്...'
അതേക്കുറിച്ച് അന്വേഷിച്ചപ്പോൾ, ലേഖകന് തെറ്റുപറ്റിയതല്ലെന്ന് മനസ്സിലായി. പൊലീസ് ഇക്കാര്യം കോളെജ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു. അത് ഉത്തരവോ സർക്കുലറോ ആയി ഇറക്കാതിരിക്കാനുള്ള വകതിരിവ് പ്രിൻസിപ്പൽ കാട്ടി. പക്ഷെ, അദ്ദേഹം ഒരു കാര്യം ചെയ്തു - വകുപ്പധ്യക്ഷരുടെ വാട്സാപ് ഗ്രൂപ്പിൽ പൊലീസ് ഇങ്ങനെ നിർദേശിച്ചിട്ടുള്ള വിവരം പങ്കുവച്ചു.
ജൈവ വൈവിധ്യ കോൺഗ്രസ് കഴിഞ്ഞ് മുഖ്യമന്ത്രി പോയത് അന്തരിച്ച സി.പി. കുഞ്ഞിന്റെ വീട്ടിലേയ്ക്കായിരുന്നു. കുഞ്ഞ് സിപിഎമ്മിന്റെ എംഎൽഎയായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് മകനാണ്. കുഞ്ഞിന് ആദരാഞ്ജലി അർപ്പിക്കാനാണ് ഫ്രാൻസിസ് റോഡിലെ വസതിയിൽ മുഖ്യമന്ത്രി എത്തിയത്. അവിടെ കെട്ടിയ കറുത്ത കൊടി മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടു മുമ്പ് പൊലീസ് അഴിച്ചു മാറ്റുകയായിരുന്നു. അത് ചെയ്ത പൊലീസുകാരന്റെ "തല തീർച്ചയായും പരിശോധി'ക്കണം!
കൊച്ചിയിൽ, ഒരു പൊലീസ് ഉദ്യോഗസ്ഥന് കഴിയുമെങ്കിൽ മുഖ്യമന്ത്രിയുടെ "മടൽ' കൊടുക്കണം. എന്തിനെന്നോ? ചന്തിക്ക് ആ മടൽ വച്ച് നാല് പെടപെടയ്ക്കാൻ. തോന്ന്യാസത്തിനുള്ള ലൈസൻസല്ല കാക്കിപ്പടയുടെ സുരക്ഷാ വിന്യാസം എന്ന് "ഈ മറുതകളെ' ആരെങ്കിലും ബോധ്യപ്പെടുത്തണം. ഒരുവിധ സുരക്ഷാ പ്രശ്നവും ഉണ്ടാകാത്ത ഒരിടത്ത് വണ്ടി പാർക്കു ചെയ്ത് കുഞ്ഞിന് മരുന്നു വാങ്ങി വന്ന ആളിനോട് തട്ടിക്കയറിയ എസ്ഐ ആണോ "ജനമൈത്രി പൊലീസിന്റെ' ബ്രാൻഡ് അംബാസഡറെന്ന് ഡിജിപി വ്യക്തമാക്കണം. കാര്യം പറഞ്ഞപ്പോൾ "എത്രയും പെട്ടെന്ന് കുഞ്ഞിന് മരുന്നു കൊടുക്കൂ, അതിന് എന്തെങ്കിലും സഹായം വേണോ' എന്നാരായുന്നതിനു പകരം അയാളെ ചീത്തവിളിക്കുക മാത്രമല്ല, ആ മര്യാദകേടിനെ വിലക്കിയ മെഡിക്കൽ സ്റ്റോർ ഉടമയോട് "നിന്റെ മെഡിക്കൽ സ്റ്റോർ പൂട്ടിക്കു'മെന്ന് പറഞ്ഞ ആ "സുരേഷ് ഗോപി സ്റ്റൈലിലെ ഷിറ്റേമാൻ' ഈ നാട്ടിലെ പൊലീസിന്റെ മുഴുവൻ ശോഭയും കെടുത്തിക്കളഞ്ഞിരിക്കുന്നു എന്ന് മുഖ്യമന്ത്രി ദയവായി തിരിച്ചറിയണം.
പൊലീസ് എല്ലാക്കാലത്തും മർദനോപകരണമാണ്. ബ്രിട്ടീഷുകാർ അങ്ങനെയാണ് സേനയെ രൂപപ്പെടുത്തിയത്. ബ്രിട്ടീഷുകാർ പോയപ്പോൾ ജനിച്ച കുഞ്ഞ് പിണറായി വിജയനെക്കാൾ രണ്ട് വയസ് മാത്രം ഇളയതായിട്ടും പൊലീസിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് എംഎൽഎ ആയിരുന്ന തന്നെ ലോക്കപ്പിൽ പൊലീസ് തല്ലിച്ചതച്ച അനുഭവം നിയമസഭയിൽ വിവരിച്ച് ജ്വലിച്ച പിണറായി വിജയൻ തുടർച്ചയായി രണ്ടാം തവണ പൊലീസ് മന്ത്രിയാവുമ്പോൾ, മുഖ്യമന്ത്രിക്ക് വഴിയൊരുക്കാനെന്ന പേരിൽ സാധാരണക്കാരുടെ നെഞ്ചത്തു കേറുന്നതിനെ ചരിത്രത്തിന്റെ അസംബന്ധ നാടകമെന്നാണോ വിശേഷിപ്പിക്കേണ്ടത്?
കേരളത്തിലെ ജനകീയരായ നേതാക്കളെപ്പോലും വഴിതെറ്റിച്ച പാരമ്പര്യമാണ് കേരളാ പൊലീസിനുള്ളത്. ജനങ്ങളിൽ നിന്നകറ്റി സുരക്ഷയുടെ പേരിൽ അപഹാസ്യരാക്കുന്ന പ്രവണതയെ എന്തുകൊണ്ടാണ് നമ്മുടെ ലബ്ധപ്രതിഷ്ഠരായ നേതാക്കൾക്കു പോലും തിരിച്ചറിയാനാവാതെ പോവുന്നത്? രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടുന്നവരെ വിലക്കാൻ ഔദാര്യത്തിന്റെ പേരിൽ കാലാവധി നീട്ടിക്കിട്ടിയ മേധാവി സ്ഥാനത്തിരിക്കുന്ന, മലയാളിയേയും മലയാളത്തെയും അറിയാത്തവർക്ക് സാധിക്കാത്തതിന്റെ കാരണം എളുപ്പം മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ, "പൊലീസ് ഞങ്ങൾക്ക് പുല്ലാ'ണെന്ന് വിളിക്കുക മാത്രമല്ല, "വയനാട്ടിലെ അമ്പും വില്ലും വയലാറിലെ വാരിക്കുന്തം... തേഞ്ഞില്ല, മുന പോയില്ല' എന്ന് മുദ്രാവാക്യത്തിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്തവരൊക്കെ ഇപ്പോൾ, എവിടെയാണ്?
""ഇവിടെ ഏകഛത്രാധിപതിയെപ്പോലെ വാണതിന്റെ അനുഭവം എന്താണെന്ന് നിങ്ങള് ഓര്ക്കണം. ആ അനുഭവത്തില്നിന്നും പാഠം പഠിക്കാന് നിങ്ങള് തയാറാകണം. അവര് ഇന്ന് ആരുമില്ലാത്ത സ്ഥിതിയിലായിരിക്കുന്നു. കൂടെ നില്ക്കുന്നവർ പോലും ഇന്ന് അവരെ എതിര്ക്കാന് തയാറായിരിക്കുകയാണ്'' - പൊലീസ് ധനാഭ്യർഥനയെ എതിർത്ത് 1977 മാര്ച്ച് 30ന് പിണറായി വിജയൻ കേരള നിയമസഭയിൽ അന്നത്തെ ആഭ്യന്തര വകുപ്പിന്റെ ചുമതലക്കാരനായ കെ. കരുണാകരനെ പരാമർശിച്ച് നടത്തിയ പ്രസംഗത്തിൽനിന്നുള്ള ഈ വാചകങ്ങൾ ഇപ്പോഴും പ്രസക്തമാണ്.