
#ഇ.ആർ. വാരിയർ
രാഷ്ട്രീയമായി വലിയൊരു വെല്ലുവിളി നേരിടുകയാണു കോൺഗ്രസ്. ബിജെപിയെ മറികടക്കണം എന്നതാണു മുഖ്യം. എന്നാൽ, അതിന് പ്രതിപക്ഷത്ത് ഐക്യമുണ്ടാക്കുക മറ്റൊരു വെല്ലുവിളിയാണ്. ഇതിനു രണ്ടിനുമൊപ്പം പാർട്ടിയെ കരുത്തുറ്റതാക്കുകയും മുന്നോട്ടു നീങ്ങാനുള്ള ഊർജം പകരുകയും വേണം. അടുത്ത വർഷമാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. അതിനുമുൻപ് കൃത്യമായ പദ്ധതിയുണ്ടാവുക വളരെ നിർണായകമാണ്. ഇന്ന് ഛത്തിസ്ഗഡിലെ റായ്പുരിൽ ആരംഭിക്കുന്ന പ്ലീനറി സമ്മേളനത്തിന് ഈ പശ്ചാത്തലത്തിൽ പ്രത്യേക പ്രസക്തിയുണ്ട്.
ബിജെപി- കോൺഗ്രസ് രാഷ്ട്രീയ പോരാട്ടത്തിന്റെ ചൂട് പ്ലീനറി സമ്മേളനത്തിനു തൊട്ടുമുൻപും കാണാനാവുന്നുണ്ട്. ഏതാനും ദിവസം മുൻപാണ് ഛത്തിസ്ഗഡിലെ കോൺഗ്രസ് സംസ്ഥാന ട്രഷറർ രാം ഗോപാൽ അഗർവാളിന്റെയും മറ്റു ചില പാർട്ടി നേതാക്കളുടെയും വീടുകളിലും ഓഫിസുകളിലും ഇഡി റെയ്ഡ് നടന്നത്. കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു ഈ റെയ്ഡ്. പ്ലീനറി സമ്മേളനത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരെ ലക്ഷ്യമിട്ടും സമ്മേളനം തടസപ്പെടുത്താൻ പദ്ധതിയിട്ടും ബിജെപിയും കേന്ദ്ര സർക്കാരും കളിച്ച കളിയാണിതെന്നാണു കോൺഗ്രസ് ആരോപിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരേ ഉപയോഗിക്കുന്നു എന്നത് കേന്ദ്ര സർക്കാരിനെതിരായ ഇവരുടെ സ്ഥിരം പരാതിയുമാണ്.
ഈ വിഷയം സജീവമായി നിൽക്കെ തന്നെയാണ് ഇന്നലെ സമ്മേളനത്തിനു പോകാൻ ഡൽഹി വിമാനത്താവളത്തിൽ വിമാനത്തിൽ കയറിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ വിളിച്ചിറക്കി അറസ്റ്റ് ചെയ്തത്. അസം പൊലീസിന്റെ നിർദേശ പ്രകാരമുള്ള ഡൽഹി പൊലീസിന്റെ ഈ നടപടി അസാധാരണ സംഭവമായി. പ്രധാനമന്ത്രിക്കെതിരായ മോശം പരാമർശത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. ഇതും പ്ലീനറി തടസപ്പെടുത്താനുള്ള നീക്കമായാണു കോൺഗ്രസ് വിലയിരുത്തുന്നത്. അവർ ഇക്കാര്യത്തിലും പ്രതിഷേധവുമായി രംഗത്തുവന്നു.
തെരഞ്ഞെടുപ്പുകാലം അടുക്കുകയും പോരാട്ടം ശക്തമാവുകയും ചെയ്യുമ്പോൾ ഇനിയും നാടകീയമായ ഇത്തരം പല രംഗങ്ങളും കാണാനായേക്കാം. എന്തിലും ഏതിലും രാഷ്ട്രീയം കടന്നുവരികയും ചെയ്തേക്കാം. അതിൽ തങ്ങളാണു ശരിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയുക എന്നതാണു കോൺഗ്രസിനു മുഖ്യം. ഭാരത് ജോഡോ യാത്രയും പുതിയ പാർട്ടി അധ്യക്ഷനും വരാനിരിക്കുന്ന പ്രവർത്തക സമിതിയും എല്ലാം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഊർജം പാർട്ടിക്കു നൽകണം. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധങ്ങൾ ജനങ്ങളെക്കൊണ്ട് ചർച്ച ചെയ്യിക്കണം.
ഇതിനൊപ്പമാണ് പ്രതിപക്ഷത്ത് മുഖ്യകക്ഷി തങ്ങളാണ് എന്നു സ്ഥാപിച്ചെടുക്കേണ്ടത്. കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യം എന്നതിനോടു യോജിപ്പില്ലാത്ത ഒരുവിഭാഗം പ്രതിപക്ഷ കക്ഷികളുണ്ട്. അതിൽ തന്നെ പല വിഭാഗവുമുണ്ട്. അരവിന്ദ് കെജരിവാളും മമത ബാനർജിയും കെ. ചന്ദ്രശേഖർ റാവുവുമൊക്കെ അവരവരുടേതായ താത്പര്യങ്ങൾ നോക്കി മാത്രം നിലയുറപ്പിക്കുന്നവരാണ്. വിശാല പ്രതിപക്ഷ സഖ്യം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉറപ്പാക്കുന്നത് എങ്ങനെയെന്ന് ഈ പ്ലീനറി ചർച്ച ചെയ്യണം. മറ്റു പാർട്ടികളിൽ നിന്നുള്ള പ്രധാനമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് പിന്തുണയ്ക്കുമോ അതോ നേതൃത്വം കോൺഗ്രസിനു തന്നെ വേണമെന്നതിൽ നിർബന്ധം പിടിക്കുമോ എന്നൊക്കെ അറിയാനിരിക്കുന്നു. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം അതുകൊണ്ടു തന്നെ വലിയ പ്രാധാന്യമുള്ളതാണ്.
പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്ത ശേഷമുള്ള ഭാവി പ്രവർത്തനങ്ങൾക്ക് വ്യക്തമായൊരു രൂപരേഖയുണ്ടാക്കേണ്ടതും ഈ സമ്മേളനത്തിലാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയോടു മത്സരിച്ചു തോറ്റ ഡോ. ശശി തരൂർ പ്രവർത്തക സമിതിയിൽ ഉൾപ്പെടുമോ, നോമിനേറ്റു ചെയ്യപ്പെടുന്നില്ലെങ്കിൽ അദ്ദേഹം മത്സരിക്കുമോ, പ്രവർത്തക സമിതി അംഗങ്ങളെ നിശ്ചയിക്കുമ്പോൾ പുതുമുഖങ്ങൾക്കും യുവത്വത്തിനും വനിതകൾക്കും എന്തുമാത്രം പ്രാധാന്യം നൽകും തുടങ്ങി ചോദ്യങ്ങൾ പലതുണ്ട്. സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും എന്തായാലും സമിതിയിലുണ്ടാവുമെന്നു കരുതണം. കേരളത്തിൽ നിന്ന് എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും മാറുകയാണെങ്കിൽ പകരം ആരാവും എന്നതും അറിയാനിരിക്കുന്നു. കെ.സി. വേണുഗോപാൽ തുടരുമെന്നു തന്നെയാണു കരുതേണ്ടത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ എന്നത് വേണുഗോപാലിന് അനുകൂലമാണ്. ഭാരത് ജോഡോ യാത്രയുടെ ചുക്കാൻ പിടിച്ച് കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുലിനൊപ്പം അദ്ദേഹം ഉണ്ടായിരുന്നല്ലോ. മറുവശത്ത്, രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കൊടിക്കുന്നിൽ സുരേഷുമൊക്കെ വർക്കിങ് കമ്മറ്റിയിൽ കണ്ണുവച്ചിരിക്കുകയുമാണ്.
പ്രവർത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പു നടക്കുമോ അതോ മുഴുവൻ അംഗങ്ങളെയും നോമിനേറ്റു ചെയ്യുകയാവുമോ എന്നും അറിയാനിരിക്കുകയാണ്. പാർട്ടി അധ്യക്ഷനും പാർലമെന്ററി പാർട്ടി നേതാവും കഴിഞ്ഞാൽ ബാക്കി 23 പേരെയാണ് പ്രവർത്തക സമിതിയിലേക്ക് എടുക്കേണ്ടത്. ഇതിൽ 11 പേരെ പാർട്ടി അധ്യക്ഷൻ നോമിനേറ്റു ചെയ്യും. ബാക്കി 12 പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. ഇത് ഒഴിവാക്കി മുഴുവൻ നോമിനേഷൻ നടത്താനും മതി. അടുത്തിടെ പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പിന് അനുകൂലമായി രംഗത്തുവന്നിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പാർട്ടിയിൽ ഭിന്നതയുണ്ടാക്കുമെന്ന വാദമാണു നേതാക്കളിൽ പലരും ഉയർത്തുന്നത്.
രണ്ടര പതിറ്റാണ്ടു മുൻപ് 1997ൽ കോൽക്കത്ത പ്ലീനറിയിലാണ് അവസാനമായി പ്രവർത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പു നടന്നത്. സീതാറാം കേസരിയായിരുന്നു അന്ന് അധ്യക്ഷൻ. 49 നേതാക്കൾ അന്നു മത്സര രംഗത്തുണ്ടായിരുന്നു. അഹമ്മദ് പട്ടേൽ, ജിതേന്ദ്ര പ്രസാദ, മാധവറാവു സിന്ധ്യ, താരിഖ് അൻവർ, പ്രണബ് മുഖർജി, ആർ.കെ. ധവാൻ, അർജുൻ സിങ്, ഗുലാം നബി ആസാദ്, ശരദ് പവാർ, കോട്ല വിജയ ഭാസ്കർ റെഡ്ഡി തുടങ്ങിയവർ അന്നു തെരഞ്ഞെടുക്കപ്പെട്ടു. 606 വോട്ടോടെ അഹമ്മദ് പട്ടേൽ ഒന്നാം സ്ഥാനത്തും 605 വോട്ടോടെ ജിതേന്ദ്ര പ്രസാദ രണ്ടാം സ്ഥാനത്തുമായിരുന്നു. ഒരു വർഷം തികയും മുൻപ് ഇതേ പ്രവർത്തക സമിതിയാണ് കേസരിക്കെതിരേ പ്രമേയം പാസാക്കി സോണിയ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തു കൊണ്ടുവരാൻ വഴിയൊരുക്കിയതും.
1992ലെ തിരുപ്പതി പ്ലീനറിയിലും തെരഞ്ഞെടുപ്പു നടന്നു. അന്ന് നരസിംഹ റാവുവായിരുന്നു പാർട്ടി അധ്യക്ഷനും പ്രധാനമന്ത്രിയും. റാവുവിന്റെ എതിരാളികളും വോട്ടെടുപ്പിൽ ജയിച്ചുവന്നത് അദ്ദേഹത്തിന് ഇഷ്ടമായില്ല. പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും വനിതകൾക്കും പങ്കാളിത്തമില്ലെന്നു പറഞ്ഞ് സമിതി അംഗങ്ങളെക്കൊണ്ട് രാജിവയ്പ്പിച്ച് പുനഃസംഘടിപ്പിക്കുകയായിരുന്നു അദ്ദേഹം അന്നു ചെയ്തത്. മൂന്നു പതിറ്റാണ്ടിനിടെ നെഹ്റു കുടുംബത്തിനു പുറത്തു നിന്ന് പാർട്ടി അധ്യക്ഷനുണ്ടായ രണ്ടു തവണയും പ്രവർത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പു നടന്നുവെങ്കിലും രണ്ടു തവണയും കാര്യങ്ങൾ പിന്നീട് അത്ര ശുഭകരമായില്ല എന്നാണ് ഇതിനർഥം. അതുകൊണ്ടു തന്നെ ഖാർഗെ തെരഞ്ഞെടുപ്പിനു മെനക്കെടുമോ എന്നു സംശയിക്കണം.
റാവുവിന്റെയും കേസരിയുടെയും പാർട്ടിയല്ല ഇന്നത്തെ പാർട്ടി എന്നതും ഒരു ഘടകമാണ്. നെഹ്റു കുടുംബത്തിലെ അംഗങ്ങൾ തീരുമാനിക്കുന്നതിന് അപ്പുറം പോവാൻ ഖാർഗെയ്ക്കു കഴിയുമെന്ന് ആരും കരുതുന്നില്ല. തെരഞ്ഞെടുപ്പു നടക്കട്ടെയെന്ന് നെഹ്റു കുടുംബം തീരുമാനിച്ചാലേ അതിനു സാധ്യതയുണ്ടാവൂ. പ്രതിനിധികൾ എന്ത് ആവശ്യപ്പെടുന്നോ അതിനനുസരിച്ചാവും തീരുമാനമെന്നാണ് പാർട്ടി വൃത്തങ്ങൾ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. സമിതി അംഗങ്ങളെ തീരുമാനിക്കാനുള്ള അധികാരം പ്രതിനിധികൾ പാർട്ടി അധ്യക്ഷനു ""വിട്ടുകൊടുക്കുകയാണെങ്കിൽ'' പിന്നെ തെരഞ്ഞെടുപ്പിന്റെ പ്രശ്നം തന്നെ വരില്ലല്ലോ..!