
ഒന്നാം ക്ലാസിലെത്തിയതിന്റെ ആദ്യദിനങ്ങളിലൊന്നിലാണ് ... കളിക്കാൻ പോയി തിരികെ വരുമ്പോൾ പൊടുന്നനെ, ചാറ്റൽമഴ ചരലുവാരിയെറിയുംപോലെ... കുടയുണ്ട്, അത് പക്ഷെ ക്ലാസിലിരിക്കുന്ന ബാഗിലാണ്. അപ്പോഴാണ് വഴിയിലൊളിപ്പിച്ച വാഴയിലയെടുത്ത് തലയ്ക്കുമീതെ പിടിച്ച് കൂട്ടത്തിലൊരുവൻ മഴ നനയാതെ കാത്തത്. രാവിലെ കനത്ത മഴയിൽ അവൻ നനയാതെ വന്നത് ആ വാഴയില ചൂടിയാണ്. തിരികെപ്പോകാൻ വേണ്ടിവന്നാലോ എന്ന് കരുതി മരച്ചുവട്ടിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. അവന് ചൂടാൻ കുടയില്ലെന്നും കഴിക്കാൻ ആവശ്യത്തിന് ആഹാരംപോലുമില്ലെന്നും അറിഞ്ഞത് പിന്നെയും കുറേ കാലം കഴിഞ്ഞാണ്. അല്ലെങ്കിൽ തന്നെ, സ്വന്തം സങ്കടങ്ങളും ഇല്ലായ്മയും അവന് ഒരിക്കലും വിഷയമേ ആയിരുന്നില്ലല്ലോ. അന്ന് ആ ചാറ്റൽമഴയിലെ വാഴയിലക്കുടയിൽ കോർത്ത കൈവിരലുകളുടെ സൗഹൃദം അമ്പതാണ്ടിനിപ്പുറവും കൂടുതൽ ഊഷ്മളവും ദൃഢവുമായിത്തന്നെ തുടരുകയായിരുന്നു...
പുസ്തകത്താളിൽ മാനം കാണാതൊളിപ്പിച്ച മയിൽപ്പീലി പെറ്റുകൂട്ടുന്നതിനായി തെങ്ങിൻ പൂക്കുലയുടെ പൊടി കൊണ്ടുവന്ന് പകുതിയും തൂവിത്തന്ന കൂട്ടുകാരൻ... വഴിയിറമ്പിലെ കൈത്തോടിൻ കരയിൽനിന്ന് പൊട്ടിച്ചെടുത്ത മഷിത്തണ്ട് പകരം കൊടുക്കുന്നത് അപ്പോൾതന്നെ ഓട്ടസ്ലേറ്റിൽ തേയ്ചുപിടിപ്പിക്കുമ്പോൾ അവന്റെ മുഖത്തെ ചിരി എന്നിലേക്കും പകർന്നിരുന്ന നാളുകൾ...
ഉച്ചയ്ക്ക് മണിയടിക്കുമ്പോൾ ഒറ്റ ഓട്ടമാണ്. അവൻ തിരിച്ചുവരും വരെ ചോറ്റുപാത്രം തുറക്കാതെ കാത്തിരിക്കുമെങ്കിലും ചിലപ്പോഴേ അവൻ വരൂ. വന്ന് ഉപ്പുമാവ് കുറച്ച് എനിക്ക് തരും. എന്റെ പാത്രത്തിൽനിന്ന് വളരെക്കുറച്ചേ എടുക്കാറുണ്ടായിരുന്നുള്ളൂ. ചില ദിവസങ്ങളിൽ ഉപ്പുമാവ് പങ്കുവയ്ക്കേണ്ടതുള്ളതുകൊണ്ടാണ് അവൻ എത്താതിരുന്നതെന്ന് പിന്നീടാണ് മനസ്സിലായത്. അന്നത്തെ ആ ഉപ്പുമാവിന്റെ രുചി പിന്നീട് ഒരു ഭക്ഷണത്തിനും തോന്നിയിട്ടേയില്ല.
കുറേക്കൂടി മുതിർന്നപ്പോൾ വലിയവർമാത്രം ചെയ്തിരുന്ന പല ജോലികളും ചെയ്യുന്ന പ്രിയപ്പെട്ട കൂട്ടുകാരനെ പലപ്പോഴും കണ്ടപ്പോഴാണ് ജീവിതത്തിന്റെ കഠിനപാതകളെക്കുറിച്ചുള്ള പാഠം പഠിച്ചത്. "അതിജീവനം' എന്ന വാക്കിന്റെ എല്ലാതലങ്ങളിലെയും അർഥമായിരുന്നു അവൻ. ഇല്ലായ്മകളിൽനിന്ന് കഠിനാധ്വാനവും ആത്മസമർപ്പണവും കൊണ്ടാണ് അവൻ ജീവിതം വെട്ടിപ്പിടിച്ചത്. അത് ഒരിക്കലും ഒരു ഒറ്റയാന്റെ തനിപ്പിടിത്തമായിരുന്നില്ല. തന്നെപ്പോലെയോ അതിലും താഴെയുള്ളവരെയോ ചേർത്തുപിടിച്ചും അത്തരക്കാരെ എടുത്തുയർത്തിയുമുള്ള കഠിനയാത്രയായിരുന്നു. "അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ' എന്ന് കവി കുമാരനാശാൻ എഴുതിയ വരികൾപോലെയായിരുന്നു ആ ജീവിതം.
എസ്. പ്രസന്നകുമാറിനെപ്പറ്റിയാണ് ഈ എഴുതിയതൊക്കെയും. പോത്തൻകോട് കരിമരം കുടുംബത്തിലെ, യുപി സ്കൂളിനടുത്ത് തെങ്ങുവിള വീട്ടിൽ പ്രസന്നകുമാർ. കളരി അഭ്യാസി. ഒരു കല എന്ന നിലയിൽ ചെറുപ്പകാലത്ത് പലേടത്തും കളരി അഭ്യാസ പ്രകടനങ്ങൾ നടത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായതോടെ അതിന്റെ പരിശീലനം മുടങ്ങി. അതിനുശേഷം ഗ്രാമവികസന വകുപ്പിൽ ടൈപ്പിസ്റ്റ്. അവിടെനിന്ന് എം.വി. ഗോവിന്ദൻ തദ്ദേശ സ്വയം ഭരണ മന്ത്രിയായപ്പോൾ പെഴ്സണൽ സ്റ്റാഫിലേക്ക് ഡെപ്യുട്ടേഷൻ. അവിടെനിന്നായിരുന്നു വിരമിക്കൽ. ആ ഓഫിസ് തൊട്ടടുത്ത ഹോട്ടലിലെ ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിന് മന്ത്രി ഗോവിന്ദൻ ഭാര്യ പി.കെ. ശ്യാമളയോടൊപ്പം എത്തിയതിൽ അവൻ ഏറെ സന്തോഷിച്ചു. കുടുംബത്തെക്കൂടി യാത്രയയപ്പിന് കൂട്ടാത്തതെന്തെന്ന് അവർ ചോദിച്ചതിനെപ്പറ്റി അവൻ പിന്നീട് പറഞ്ഞത് "മക്കളെയും ഭാര്യയെയും കൂട്ടേണ്ടതായിരുന്നു എന്ന് തോന്നി, എന്നെപ്പറ്റിയാണ് ഈ പറയുന്നതെന്ന് അവരെങ്കിലും കേട്ടിരിക്കേണ്ടതായിരുന്നു' എന്നാണ്.
ആർക്ക് എന്ത് ആവശ്യമുണ്ടായാലും എപ്പോഴും സമീപിക്കാവുന്ന ഉറപ്പായിരുന്നു പ്രസന്നൻ. ചെമ്പഴന്തി എസ്.എൻ കോളെജിൽ വിദ്യാർഥിയായിരിക്കേ സ്വന്തം സംഘടനയായ എസ്എഫ്ഐയുടെ ആക്രമണത്തിൽനിന്ന് കെഎസ്യു പ്രവർത്തകനായ എം.ആർ. ഗിരീഷിന്റെ സഹായത്തോടെ എബിവിപി പ്രവർത്തകനായ അജിത്തിനെ രക്ഷിച്ചതിനെപ്പറ്റി അനുഭവസ്ഥൻ തന്നെയാണ് കഴിഞ്ഞ ദിവസവും വിശദീകരിച്ചത്. അജിത് ഇപ്പോൾ അഭിഭാഷക പരിഷത് സംസ്ഥാന സെക്രട്ടറി . ഉറച്ച സിപിഎം പ്രവർത്തകനായിരുന്നു പ്രസന്നൻ. എന്നുവച്ച് സ്വന്തം പാർട്ടിയിലെ പുഴുക്കുത്തുകളെ വിമർശിക്കുന്നതിൽ ഒരു ദാക്ഷിണ്യവും കാട്ടിയിരുന്നില്ല. എൻജിഒ യൂണിയന്റെ ഏത് പ്രവർത്തനങ്ങളിലും മുന്നിലുണ്ടായിരുന്നു.
സ്വന്തം വകുപ്പിന്റെ കാര്യത്തിൽ പലഘട്ടങ്ങളിലും ചാടി ഇടപെടുന്ന സ്വാഭാവമുണ്ടായിരുന്നു. സാമ്പത്തികവർഷാന്ത്യത്തിൽ ഒരാവശ്യവുമില്ലാതെ സഹായിയായി ഒപ്പം കൂടിയതിന്റെ കഥ പറഞ്ഞത് ഹെഡ് അക്കൗണ്ടന്റായി വിരമിച്ച രാജേന്ദ്രനാണ്. മാർച്ച് 31ന് വീട്ടിൽപോകാൻ കഴിഞ്ഞത് പുലർച്ചെ മൂന്നിന് ശേഷമായിരുന്നു. അതുതന്നെ പ്രസന്നന്റെ ഇടപെടലിനുശേഷം. പുലർച്ചെ രണ്ടോടെ ട്രഷറി അടയ്ക്കാൻ നേരത്താണ് കുറച്ച് ഫയൽ പാസായി വന്നില്ലെന്ന് അറിയുന്നത്. ഒപ്പം സൊറ പറഞ്ഞിരിക്കുകയായിരുന്ന പ്രസന്നൻ ചാടി എഴുന്നേറ്റ് ട്രഷറി ഓഫിസറുടെ മുന്നിലേക്ക് കയറി. പോത്തൻകോട്ടുകാരനായ എസ്. അനിൽകുമാറായിരുന്നു ട്രഷറി ഓഫിസർ. കിട്ടാനിടയില്ലാതിരുന്ന ആ പണവും വാങ്ങിയാണ് അന്ന് മടങ്ങിയതെന്ന് രാജേന്ദ്രൻ ഓർമിച്ചു.
"ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കുന്ന, ഇടവേളകളിൽ സൊറ പറയുന്ന, എല്ലാവരോടും തമാശ കലർന്ന കുശലാന്വേഷണങ്ങൾ നടത്തുന്ന, സാന്നിധ്യം കൊണ്ട് ഓഫിസ് അന്തരീക്ഷത്തെ രസകരമാക്കി മാറ്റുന്ന പ്രസന്നൻ. സുഹൃത്തുക്കൾക്കായി എന്ത് ത്യാഗവും സഹിക്കാൻ തയാറാകുന്ന സ്വഭാവം. പറയാനുള്ളത് ആരോടും വെട്ടിത്തുറന്ന് പറയുന്ന സുഹൃത്ത്. "-തദ്ദേശ സ്വയംഭരണ വകുപ്പായി രൂപംമാറിയ പഴയ ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥൻ ആർ. ശ്രീകാന്ത് ഫെയ്സ് ബുക്കിൽ കുറിച്ചതാണിത്.
ഔദ്യോഗിക ബന്ധം ഓഫിസിൽ അവസാനിപ്പിക്കുന്ന സ്വാഭാവമായിരുന്നില്ല. ഒരു സുഹൃത്ത് ഓർത്തത് : കോരിച്ചൊരിയുന്ന മഴ. ഒരു ഞായറാഴ്ച. രാവിലെ എന്തു ചെയ്യുന്നു എന്ന് അന്വേഷിച്ച് പ്രസന്നന്റെ ഫോൺ. "ചുമ്മാ വീട്ടിലിരിക്കുന്നു' എന്ന് മറുപടി. "ആഹാരം കഴിച്ചോ' എന്ന് പ്രസന്നൻ. കുക്കിങ് ഗ്യാസ് തീർന്നതിനാൽ ചായ പോലും ഇടാനായില്ല എന്ന് ഉത്തരം. അര മണിക്കൂറിനുള്ളിൽ വീണ്ടും പ്രസന്നന്റെ ഫോൺ. "ഒരു കുടയുമായി പുറത്തേക്കു വരൂ' എന്ന് നിർദേശം. പെരുമഴയത്ത് ഗ്യാസ് കുറ്റിയുമായി മകൻ അപ്പു എന്ന അഭിനവുമായി കുടചൂടിയിട്ടുണ്ടെങ്കിലും മഴ നനഞ്ഞ് നിൽക്കുന്ന പ്രസന്നന്റെ ചിത്രം ഒട്ടും അത്ഭുതമായിരുന്നില്ല. ഊട്ടി, കൊടൈക്കനാൽ, മൈസൂർ, കൂർഗ്, വയനാട്, ഇടുക്കി, മൂന്നാർ എന്നിങ്ങനെ നമ്മളൊത്തുള്ള കുടുംബയാത്രകളിൽ മാത്രമല്ല ഒന്നിച്ചുണ്ടായിരുന്നപ്പോഴൊക്കെയും മറ്റുള്ളവരുടെ സംതൃപ്തിയിൽ ജീവിതത്തിന്റെ പ്രസന്നത കണ്ടെത്തുന്ന നിന്നെ എനിക്ക് എന്നും മതിപ്പായിരുന്നല്ലോ.
ഒടുവിൽ, വിരമിച്ച് കുടുംബസ്വത്തായിക്കിട്ടിയ ഓഹരിയിൽ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വിപുലമായ വളർത്തലിന് പദ്ധതിയിട്ട വേളയിലായിരുന്നു അർബുദം കൂർത്ത നഖങ്ങളാഴ്ത്തിയത്. അത് നാലാം സ്റ്റേജിലാണെങ്കിലും നീ അതിജീവിക്കുമെന്നുതന്നെ മറ്റുള്ളവരെപ്പോലെ ഞാനും കരുതി. അക്കാലത്താണ് വായന പുതിയ ലഹരിയായി നീ വീണ്ടെടുത്തത്.
ഒരു ദിവസം പ്രസന്നനെ കാണാൻ പുസ്തകങ്ങളുമായി എത്തിയ ഞാൻ ഞെട്ടിപ്പോയി; അവന്റെ വീട്ടുമുറ്റത്ത് മൂന്ന് പിഗ്മി ആടുകൾ! ഞാൻ അപ്പോൾ എഴുതിത്തീർത്ത നോവലിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം! അതുവരെ ചിത്രങ്ങളിലും വീഡിയോകളിലുമല്ലാതെ പിഗ്മി ആടിനെ കണ്ടിട്ടേ ഇല്ലായിരുന്നു. ഞാൻ കാര്യം പറഞ്ഞപ്പോൾ അവന് വളരെ സന്തോഷം. എന്റെ ഏത് എഴുത്തും ആവേശത്തോടെ വായിക്കുകയും പരിചയക്കാരെക്കൊണ്ട് വായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നതും അവനായിരുന്നല്ലോ. "ആടുകഥ'എന്നുപേരിട്ട ആ നോവൽ പ്രസിദ്ധീകരിക്കും മുമ്പ് വായിക്കാൻ കൊടുക്കാം എന്നു പറഞ്ഞിരുന്നതാണ്. ആ നോവലിന്റെ തിരുത്തൽ നടക്കുന്നതിനിടയിൽ തിരുത്തില്ലാത്ത ലോകത്തേക്ക് അവൻ പോയിക്കളഞ്ഞത് കുറച്ചൊന്നുമല്ല നൊമ്പരപ്പെടുത്തുന്നത്...
ഇതിനിടയിൽ നിന്റെ ആഗ്രഹം പോലൊരു ചെറുപ്പക്കാരനായ ഋഷി, ആർദ്ര എന്ന പാറുവിന് വരനായി എത്തിയപ്പോൾ നിന്റെ സന്തോഷം എന്റെ മാത്രമല്ല, നിന്റെ പരിചയക്കാരുടെയും ബന്ധുക്കളുടെയും ആകെ ആനന്ദമായിരുന്നല്ലോ. അപ്പോഴും ഓരോന്നും ചെയ്യുന്നത് പങ്കാളി വൃന്ദയയും മക്കളെയും പറഞ്ഞേൽപ്പിച്ചത് കൃത്യമായ കണക്കുകൂട്ടലുകളോടെയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്. ക്യാൻസർ കോശങ്ങളുടെ ശക്തി അഞ്ച് കീമോ ആയപ്പോൾ കുറഞ്ഞു തുടങ്ങിയ വാർത്തയുടെ സന്തോഷത്തിനിടയിലേക്കാണ് അണുബാധ വില്ലനായെത്തിയത്. നിന്റെ ഏറ്റവും വലിയ സ്വപ്നം - പാറുവിന്റെ കഴുത്തിൽ ഋഷി ജനുവരി 13ന് തന്നെ മിന്നുകെട്ടും. എല്ലാം നീ നിശ്ചയിച്ചതുപോലെ, നിന്റെ ആഗ്രഹം പോലെ...
മരണത്തെ രംഗബോധമില്ലാത്ത കോമാളിയെന്നൊക്കെ പറയുന്നത് വെറുതെയല്ല. അല്ലെങ്കിൽ അർബുദത്തെ അതിജീവിച്ച പ്രസന്നനെ അവന്റെ ഏറ്റവും വലിയ മോഹത്തിന്റെ പടിവാതിൽക്കലിൽനിന്ന് തട്ടിയെടുക്കുമായിരുന്നോ?ഒരാളെങ്കിലും ഓർക്കാനുള്ളിടത്തോളം കാലം ഒരാളും മരിക്കില്ല "എന്നല്ലേ?അങ്ങനെ, അവനെ ഇവിടെ നിലനിർത്തുകതന്നെ ചെയ്യും. ആ ഓർമകളിൽ കണ്ണീർ പ്രണാമം...