
ബിസിനസ് ലേഖകൻ
വനക്കാർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പെൻഷൻ നൽകുന്നതിന് അർഹരായ എല്ലാവരെയും ഉൾപ്പെടുത്തി സംയുക്ത ഓപ്ഷൻ നൽകാനുള്ള നടപടികൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഇറക്കിയ വിജ്ഞാപനം രാജ്യത്തെ പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സാങ്കേതിക പ്രശ്നങ്ങൾ മൂലം ഉയർന്ന പെൻഷൻ നേടാൻ കഴിയാത്തവർക്ക് പുതിയ പദ്ധതി ഓപ്ഷൻ തെരഞ്ഞെടുക്കാൻ ഇതോടെ അവസരം ലഭിക്കും. യഥാർഥ ശമ്പളത്തിന് ആനുപാതികമായി കൂടുതൽ തുക പെൻഷൻ അക്കൗണ്ടിലേക്ക് അടച്ച് ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് മാറാൻ സംയുക്ത ഓപ്ഷനാണ് ലഭ്യമാക്കിയിട്ടുള്ളത്.
2014 സെപ്റ്റംബർ ഒന്നിനു മുൻപ് സർവീസിൽ പ്രവേശിച്ചതും നിലവിൽ ജോലിയിൽ തുടരുന്നവരോ വിരമിച്ചവരോ ആയിട്ടുള്ളവർക്ക് ജോലി ചെയ്ത സ്ഥാപനവുമായി ചേർന്ന് ഉയർന്ന പെൻഷന് വേണ്ടി ഇതോടെ ഓപ്ഷൻ നൽകാൻ കഴിയും. ഇതു പ്രകാരം അപേക്ഷിക്കുന്നവർ എംപ്ളോയീസ് പെൻഷൻ ഫണ്ട് സ്കീമിലെ 26 (6) പ്രകാരം അന്ന് ബാധകമായിരുന്ന പരിധിയായ 5,000 അല്ലെങ്കിൽ 6, 500 രൂപയ്ക്ക് മുകളിലുള്ള ശമ്പളത്തിന് ആനുപാതികമായ വിഹിതം പിഎഫിലേക്ക് അടച്ചവരാകണമെന്നും വ്യവസ്ഥയുണ്ട്. ഉയർന്ന പെൻഷന് വേണ്ടി ഓപ്ഷൻ നൽകാൻ കഴിയാതെ പോയവർക്ക് വേണ്ടിയാണ്
സുപ്രീം കോടതി നിർദേശിച്ചതനുസരിച്ച് ജോയിന്റ് ഓപ്ഷൻ നടപടികൾ സ്വീകരിക്കുന്നത്. അർഹരായ മുഴുവൻ ജീവനക്കാർക്കും ഉയർന്ന പെൻഷനിലേക്ക് മാറാൻ അവസരമൊരുക്കാൻ സുപ്രീം കോടതി നൽകിയ നാലു മാസ കാലാവധി അവസാനിക്കാൻ രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്.
പുതിയ വിജ്ഞാപനം നടപ്പിലാകുന്നതോടെ ജീവനക്കാർക്ക് ഇപിഎഫിലേക്ക് ഉയർന്ന വിഹിതം അടയ്ക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതിനാൽ പെൻഷൻ തുകയും കൂടും. നിലവിൽ പരമാവധി പെൻ ഷനബൾ സാലറിയായ 15,000 രൂപയുടെ 8.33 ശതമാനം മാത്രമേ അടിസ്ഥാന ഓപ്ഷൻ സ്വീകരിച്ചവർക്ക് ഇപിഎഫ് വിഹിതമായി നൽകാൻ കഴിയൂവെന്ന സ്ഥിതിക്കാണു മാറ്റം വരുന്നത്. അതായത് 2014 ന് മുമ്പ് ജോലിയിൽ പ്രവേശിച്ചവർക്ക് പുതിയ സംവിധാനം വരുന്നതോടെ അവരുടെ യഥാർഥ ശമ്പളത്തിന്റെ 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്ക് വിഹിതമായി നൽകാൻ അവസരം ലഭിക്കും. തൊഴിലുടമകളും തൊഴിലാളികളും സംയ്ക്തമായി ഒപ്പിട്ട് ഇപിഎഫ്ഒയ്ക്ക് ഇത് സംബന്ധിച്ച അപേക്ഷ നൽകാനാണ് നിർദേശിക്കുന്നത്.
1995 ൽ രൂപീകരിച്ച എംപ്ളോയീസ് പെൻഷൻ സ്കീമനുസരിച്ച് ജീവനക്കാർക്ക് രണ്ടു തരം പെൻഷൻ പദ്ധതികളിൽ അംഗത്വം നേടാൻ അവസരമുണ്ടായിരുന്നു. പൂർണ പെൻഷൻ ലഭിക്കാനുള്ള ഒപ്ഷനാണ് ഇതിൽ ആദ്യത്തേത്. ഇതനുസരിച്ച് തൊഴിലാളിയുടെ അടിസ്ഥാന ശമ്പളവും ഡിഎയും ചേരുന്ന തുകയുടെ 12 ശതമാനം പെൻഷൻ വിഹിതമായി സ്ഥാപനം അടയ്ക്കുമ്പോൾ അതിൽ 8.33 ശതമാനമാണ് പെൻഷൻ അക്കൗണ്ടിൽ പോകുന്നത്. ശമ്പളം കൂടുന്നതനുസരിച്ച് കമ്പനി കൂടുതൽ തുക പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കും. ഈ സ്കീമിലുള്ളവർക്ക് വിരമിക്കുമ്പോൾ അവസാന വർഷത്തെ ശരാശരി ശമ്പളത്തെ സേവന കാലാവധി കൊണ്ട് ഗുണിച്ച് 70 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന തുകയാണ് പെൻഷനായി ലഭിക്കുക.
രണ്ടാമത്തെ സ്കീം അനുസരിച്ച് ജീവനക്കാർക്ക് മിനിമം പെൻഷനുള്ള ഒരു ഓപ്ഷൻ നൽകിയിരുന്നു. ഇതനുസരിച്ച് പെൻഷൻ കണക്കാക്കുന്നതിനുള്ള പരമാവധി ശമ്പളം 5,000 രൂപയായി നിജപ്പെടുത്തി. 2001ൽ ഈ തുക 6,500 രൂപയായി വർധിപ്പിച്ചു. ഈ ഓപ്ഷനിൽ 6, 500 രൂപയുടെ 8.33 ശതമാനം 541 രൂപ മാത്രമാണ് തൊഴിലുടമയ്ക്ക് പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കാൻ കഴിഞ്ഞത്.
എന്നാൽ 2014 ൽ പെൻഷൻ സ്കീമിൽ കാതലായ മാറ്റം വന്നു. പെൻഷൻ ലഭിക്കാവുന്ന പരമാവധി ശമ്പളം 15,000 രൂപയായും തൊഴിലുടമയുടെ വിഹിതം 1250 രൂപയായും മാറി. നേരത്തെ പൂർണ പെൻഷൻ സ്കീമിലുണ്ടായിരുന്നവരെ അനുവദിച്ചെങ്കിലും പുതുതായുള്ള രജിസ്ട്രേഷന് അനുമതി നൽകിയില്ല.
2014 ന് ശേഷം വന്ന മാറ്റങ്ങൾ മൂലം ഉയർന്ന പെൻഷന് അർഹതയില്ലാത്തവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് കേരള ഹൈക്കോടതി ഉൾപ്പെടെ ഇക്കാര്യത്തിലെ വിവേചനം പരിഹരിക്കണമെന്ന് വിധി പ്രസ്താവിച്ചത്. ഇതിന്റെ തുടർച്ചയായാണ് അർഹരായവരെയെല്ലാം ഉൾപ്പെടുത്തി ഇപിഎഫ് പദ്ധതി പരിഷ്കരിക്കാൻ സുപ്രീം കോടതി ഇപിഎഫ് ഒയ്ക്ക് സമയ പരിധി നൽകിയത്. കോടതി നിർദേശിച്ച സമയ പരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് ഇപിഎഫ്ഒ ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംയുക്ത ഓപ്ഷൻ വിജയകരമായി നടപ്പാക്കാനുമെന്നാണ് ഇപിഎഫ്ഒ വിലയിരുത്തുന്നത്. പുതിയ ഓപ്ഷൻ നൽകുന്നതിനൊപ്പം കൂടിയ ശമ്പളത്തിന് ആനുപാതികമായി പി.എഫ് വിഹിതം അടച്ചതിന്റെയും 26 (6) ചട്ടമനുസരിച്ച് അധിക വിഹിതം നൽകാൻ നിർദേശിച്ചതിന്റെയും തെളിവ് തൊഴിലുടമ ഹാജരാക്കേണ്ടി വരും.