
ഏത് കാലഘട്ടത്തോടാണ് ഇന്നത്തെ സംസ്കാരികാന്തരീക്ഷത്തെ താരതമ്യപ്പെടുത്തേണ്ടതെന്നറിയില്ല. മധ്യകാലഘട്ടമൊക്കെ ഇതിനേക്കാൾ ഭേദമായിരുന്നെന്ന് തോന്നുന്നു. പറയുന്നത് പറയുന്ന ആളിന്റെ ഉത്തരവാദിത്വമായി കണക്കാക്കപ്പെട്ടിരുന്ന കാലമൊക്കെ പോയി. സ്വഭാവമില്ലാതായ കാലഘട്ടമാണിത്. പറയുന്നത് താനല്ല എന്ന് എഴുത്തുകാർ വിചാരിക്കുന്നു. അതുകൊണ്ടു തന്നെ പറയുന്നതിനോട് ഉത്തരവാദിത്തം ആവശ്യമില്ല. താനുമായി ബന്ധമില്ലാത്തതാണ് താൻ എഴുതുന്നതും പറയുന്നതും എന്ന് മിക്കവരും വിചാരിക്കുന്നു, ആശ്വാസം കൊള്ളുന്നു. അതുകൊണ്ട് കലാകാരന് റോൾ ഇല്ലാതായി. അയാൾ വെറും ഉപഭോക്താവാണിപ്പോൾ. നമ്മളെല്ലാം വാതോരാതെ പറയും കലാകാരന്റെ റോൾ സമൂഹത്തിൽ പ്രധാനമാണെന്ന്. എന്നാൽ സമൂഹത്തിന്റെ റോൾ എന്താണ്? പ്രതിഭയെ നിത്യവിസ്മൃതിയിലേക്ക് തള്ളി വിടുന്നതാണോ സമൂഹത്തിന്റെ റോൾ? കേരളത്തിന്റെ മുഖ്യസ്വാധീനശക്തികളായി പ്രവർത്തിക്കുന്നത് പാർട്ടികളും മത സംഘടനകളുമാണ്. അതാണ് പരമ്പരാഗതമായ പരിപ്രേക്ഷ്യം. ഈ ശക്തികളുടെ ഫ്രെയിമിനുള്ളിൽ വരാത്തതൊന്നും അംഗീകരിക്കപ്പെടുകയില്ല. ജീവിതം മുൻകൂട്ടി നിശ്ചയിച്ചതുപോലുള്ള ഒരു നിശ്ചലവസ്ഥയാണുള്ളത്. ജർമ്മൻ കവിയും നാടകകൃത്തുമായ ഗൊയ്ഥെ പറഞ്ഞു, നമ്മൾ എപ്പോഴും സ്വയം മാറണം, പുതുക്കണം, നവയൗവ്വനമാർജിക്കണം; അല്ലെങ്കിൽ നമ്മൾ കഠിനചിത്തരായിപ്പോകുമെന്ന്. കേരളത്തിന്റെ സവിശേഷ മാനസികഘടനയിൽ ഒരു വലിയ പ്രതിഭയ്ക്ക് ഇടമില്ല. സ്വന്തം ഭാഷയായ മലയാളത്തിന്റെ കാര്യത്തിൽ നമുക്ക് അഭിമാനമില്ലല്ലോ. ബംഗാളിയോ തമിഴ നോ അങ്ങനെയല്ല; ഇറ്റാലിയനോ ഫ്രഞ്ചുകാരനോ റഷ്യാക്കാരനോ അങ്ങനെയല്ല. നേരത്തെ തന്നെ ക്രമീകരിച്ച ഒരു "സോഫ്റ്റ്വെയറി'ന്റെ ഭാഗമായാണ് മലയാളി മനസ് ചരിക്കുന്നത്. അതുമായി ബന്ധം പുലർത്തുന്നതിനു ആ "സോഫ്റ്റ് വെയർ' മാത്രമേ മാർഗമുള്ളു. അല്ലാത്തതൊന്നും സ്വീകരിക്കപ്പെടുകയില്ല.
ഒരു പുതിയ ഉണർവ്വാണ് ഇന്ന് ആവശ്യമായിരിക്കുന്നത്. എല്ലാവരും കവികളും കഥാകൃത്തുക്കളുമാകാൻ ശ്രമിക്കുന്നത് ഈ സമൂഹം ആന്തരികമായി നശിക്കുന്നതിന്റെ സൂചനയാണ്. എന്തിനാണ് മൂന്ന് കോടി ആളുകൾ ഒരു സംസ്ഥാനത്ത് കവിതയെഴുതുന്നത്? കവിത ജനാധിപത്യവത്ക്കരിക്കപ്പെടേണ്ട ഒരു സിദ്ധിയാണോ? കവിത ഒരു സർഗാത്മക പ്രവൃത്തിയല്ല എന്നല്ലേ ഇത് സ്ഥിരീകരിക്കുന്നത്.
സർഗാത്മകതയുടെ അടയാളങ്ങൾ ഇവയാണ്: ഒന്ന്, സൃഷ്ടിയിൽ പുതുമയുണ്ടാവണം. (നേരത്തെ ഒരാൾ നിർമ്മിച്ചത് പോലെ നിർമ്മിക്കരുത്. അത് ഫോട്ടോകോപ്പിയാണ്). രണ്ട്, പുതിയ ഭാവനയുണ്ടാകണം. (നമ്മൾ അതുവരെ ശീലിച്ചിട്ടില്ലാത്ത ഒരു തലത്തിലേക്ക് ഭാവന ചെയ്യാൻ പ്രേരിപ്പിക്കണം). മൂന്ന്, മൂല്യമുണ്ടാകണം. (നേരമ്പോക്കിന് വേണ്ടിയുള്ളതല്ല ;നമ്മുടെ സാംസ്കാരിക ജീവിതത്തിൽ അതിന് നിത്യപ്രസക്തിയുണ്ടാവണം). നാല്, മൗലികമായിരിക്കണം (മറ്റൊരാൾ നേരത്തേ പറഞ്ഞതായിരിക്കരുത്. ഭാഷയും ശൈലിയും ഉള്ളടക്കവും പുതിയതാകണം). ഈ പ്രത്യേകതകൾ ഉള്ളതുകൊണ്ടാണ് ജോർജ് ഓർവെല്ലിന്റെ 1984, മാർകേസിന്റെ വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്, കാഫ്കയുടെ ദ് കാസിൽ തുടങ്ങിയ കൃതികൾ പ്രസക്തമാവുന്നത്. എന്നാൽ നമ്മുടെ നാട്ടിൽ പുറത്തു വരുന്ന കൃതികളിൽ പത്തു ശതമാനമെങ്കിലും സർഗാത്മക മൂല്യങ്ങൾ ഉൾച്ചേർന്നിട്ടുണ്ടോ?
സാഹിത്യത്തിൽ നവോത്ഥാനം വേണം
ടാഗോർ കേരളത്തിലാണ് ജീവിച്ചിരുന്നതെങ്കിൽ കവിത്രയത്തിന്റെ തലത്തിൽ ഈ സംസ്ഥാനത്ത് മാത്രമായി ഒതുക്കപ്പെടുമായിരുന്നു. ഒരു വിഗ്രഹമായി വാഴ്ത്തപ്പെടില്ലായിരുന്നു. സത്യജിത് റായ് കേരളത്തിലാണ് ജനിച്ചിരുന്നെങ്കിൽ "പഥേർ പാഞ്ചാലി' എന്ന സിനിമ ഏതാനും അവാർഡുകളിൽ ഒതുങ്ങുമായിരുന്നു. അതു തന്നെ ഉറപ്പില്ല. ലോകത്തിലെ മഹാനായ പത്ത് ചലച്ചിത്രകാരന്മാരിലൊരാൾ എന്ന നിലയിൽ റായിയെ പശ്ചാത്യർ വിലയിരുത്തുന്ന ഒരു സാഹചര്യം ഉണ്ടാവുകയില്ലായിരുന്നു. കാരണം, ഇവിടെ വലിയ പ്രതിഭകളെ തിരിച്ചറിയാനോ ആദരിക്കാനോ പറ്റിയ സാഹചര്യമില്ല. ഒരു പ്രതിഭയെ നാം അംഗീകരിക്കുന്നത് തന്നെ അയാളെ നമ്മുടെ മനസിലേക്ക് സ്വീകരിക്കുകയില്ല എന്നുറപ്പിച്ചു കൊണ്ടാണല്ലോ. അഭിരുചി നശിച്ചതുകൊണ്ട് പുതിയ അവബോധത്തിനു സ്ഥാനം ലഭിക്കുന്നില്ല
രചനയിലും ആസ്വാദനത്തിലും ഒരു നവോത്ഥാനമാണ് ഇനിയുണ്ടാകേണ്ടത്. അഭിരുചിയോടുള്ള താദാത്മ്യം വേണം. ആഴം കുറഞ്ഞ കൃതികളുടെ തളളിക്കയറ്റം നമ്മെ അഭിരുചിയില്ലാത്തവരാക്കി. ഇതുകൊണ്ടായിരിക്കാം മൺമറഞ്ഞ മഹാപ്രതിഭകളോട് നമുക്ക് ആത്മബന്ധമില്ലാത്തത്. കടം മേടിച്ചും കിടപ്പാടമില്ലാതെയും അലഞ്ഞ എ. അയ്യപ്പൻ എന്നും നിസ്സഹായനായിരുന്നു. മരിച്ചശേഷമെങ്കിലും, ഓസ്ക്കാർ വൈൽഡിന്റെ ശവകുടീരത്തിൽ ഫ്രഞ്ച് ആരാധകർ ചുംബിച്ച് പാടുകൾ വീഴ്ത്തിയ പോലെ, അയ്യപ്പനോട് നമ്മുടെ സമൂഹം ആ കടം വീട്ടുമെന്ന് കരുതിയെങ്കിലും ഫലമുണ്ടായില്ല.
നിലവിലുള്ള സാമൂഹ്യചിന്താ മണ്ഡലത്തിൽ പുതിയതൊന്നും സ്വീകരിക്കപ്പെടുകയില്ലെന്നതിന്റെ തെളിവാണിത്. ഒരു കൗതുകത്തിന്, ചിലപ്പോൾ പുരസ്കാരങ്ങൾ കൊടുത്തേക്കാം. കവിത്രയകവിതകളെപോലും നമ്മുടെ സമൂഹം സംശയത്തോടെയാണ് കാണുന്നത്. കവിത്രയത്തിൽ ആരാണ് കേമൻ എന്ന ചിന്ത തുടങ്ങി വയ്ക്കുന്നത് ഈ അനാദരവിന്റെ ഭാഗമാണ്. കവികളൊന്നും ഇവിടെ ആദരിക്കപ്പെട്ടിട്ടില്ല. ഏതെങ്കിലും ഒരു കവിയുടെ മുഴുവൻ രചനകളും വിക്കിപീഡിയയിൽ വന്നിട്ടുണ്ടോ? ആർക്കെങ്കിലും ഒരു സമ്പൂർണ മ്യൂസിയമുണ്ടോ? വിൻസന്റ് വാൻഗോഗിന്റെ എല്ലാ രചനങ്ങൾക്കും പ്രത്യേകം വിക്കിപീഡിയ ഉണ്ട്. മലയാളത്തിൽ ഒരു പ്രതിഭയുടെ പോലും നാലുവരി ഉദ്ധരണി ഇംഗ്ലീഷിൽ ഓൺലൈനിൽ കിട്ടാനില്ല.
പരിഹാസത്തിൽ ജീവിക്കുന്നു
രാജാരവിവർമ്മയെ നമ്മുടെ നാട്ടിൽ അറിയുമോ? അദ്ദേഹത്തിന്റെ ചിത്രങ്ങൾ കോടികൾക്ക് വിൽക്കുന്നത് മറ്റു സ്ഥലങ്ങളിലാണ്. വിശ്വപ്രസിദ്ധ സ്പാനീഷ് ചിത്രകാരൻ പാബ്ളോ പിക്കാസോ നമ്മുടെ നാട്ടിലിയിരുന്നെങ്കിൽ പരമാവധി സി.എൻ. കരുണാകരന്റെ സ്ഥാനം ലഭിക്കുമായിരുന്നു. അപ്പോഴും സ്കൂൾ, കോളെജ് കുട്ടികൾ അറിയില്ല. രവിവർമ്മക്ക് വേണ്ടി ഒരു വലിയ മ്യൂസിയം ഉണ്ടായില്ലല്ലോ. പിക്കാസോ ട്രെയിനിൽ സഞ്ചരിച്ചപ്പോൾ ഉപയോഗിച്ച ടിക്കറ്റ് പോലും ശേഖരിച്ച് പാശ്ചാത്യ മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുകയാണെന്നോർക്കണം. നമ്മൾ കലയിൽ ജീവിക്കുന്നില്ല; അതിനേക്കാൾ പരിഹാസത്തിൽ ജീവിക്കുന്നു. മിമിക്രി കാണാൻ രസമാണ്. എന്നാൽ മിമിക്രിക്ക് നമ്മുടെ നാട്ടിൽ സ്വീകാര്യമായ സ്ഥാനം ഉണ്ടാകാൻ കാരണം മറ്റുള്ളവരെ പരിഹസിക്കുമ്പോൾ എല്ലാവർക്കും കിട്ടുന്ന സന്തോഷമാണെന്ന് ചലച്ചിത്ര വിമർശകനായ എം.സി. രാജനാരായണൻ പറഞ്ഞതോർക്കുകയാണ്.
ഒരു സാഹിത്യമണ്ഡലത്തിൽ മഹത്തായത് എന്താണെന്ന് തിരിച്ചറിയപ്പെടാതിരിക്കുകയും അതിനെക്കുറിച്ച് ചർച്ച യുണ്ടാവാതിരിക്കുകയും നിലവാരമില്ലാത്തതെല്ലാം പുരസ്കാരങ്ങളാൽ ആഘോഷിക്കപ്പെടുകയും ചെയ്യുന്നതല്ലേ ദുരന്തം? സമൂഹത്തിന്റെ മാറിയ മനഃശാസ്ത്രത്തിന്റെ പ്രത്യേകതയാണിത്. എല്ലാവർക്കും എഴുതാവുന്നതാണ് കവിതയെന്ന് ഏറെക്കുറെ സർക്കാരും സ്വകാര്യ സാംസ്കാരിക സ്ഥാപനങ്ങളും അംഗീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. ഉദ്യോഗസ്ഥന്മാരെല്ലാം ഇന്ന് കവികളാണ് !. ഇനി നമുക്ക് യഥാർത്ഥ കവികളായ മാത്യു അർനോൾഡ്, ടി.എസ്. എലിയറ്റ് തുടങ്ങിയവരെക്കുറിച്ച് ഗാഢമായ ചർച്ചകൾ തുടങ്ങേണ്ടിയിരിക്കുന്നു. പ്രതിഷേധത്തിന്റെയും നിരാസത്തിന്റെയും ഏകാന്തതയുടെയും പുതിയ തത്ത്വശാസ്ത്രവുമായി ഒരു പറ്റം എഴുത്തുകാർ വരേണ്ടിയിരിക്കുന്നു.
തകഴി സ്മാരകമായി!
അമെരിക്കയിലെ ഷേക്സ്പിയർ വിദഗ്ദ്ധനും സാഹിത്യ ചരിത്രകാരനുമായ സ്റ്റീഫൻ ഗ്രീൻബ്ളാറ്റ് പറഞ്ഞു, കല മനുഷ്യന്റെ ആത്മീയ ജീവിതത്തിന്റെ വിള്ളലുകളിലേക്ക് ആഴ്ന്നിറങ്ങിച്ചെല്ലുകയാണെന്ന്. പക്ഷേ, അത് ആരും തിരിച്ചറിയുന്നില്ല.
"ചെമ്മീൻ' എന്ന സിനിമ നമ്മുടെ ചലച്ചിത്രലോകത്ത് എത്രയോ വലിയ സ്വാധീനമായിരുന്നു. എന്നിട്ടും രാമു കാര്യാട്ടിനു ഒരാദരവില്ല. കെ. എസ്. സേതുമാധവനാണ് സ്വാതന്ത്ര്യാനന്തര സിനിമയുടെ മതേതര മൂല്യങ്ങളെയും അധ്വാനമഹത്വത്തെയും മനോവികാരങ്ങളുടെ പ്രഹേളികകളെയും സമന്വയിപ്പിച്ചു ഒരു പുതിയ സിനിമാറ്റിക് സൗന്ദര്യസങ്കല്പം ഇവിടെ സൃഷ്ടിച്ചത്. സേതുമാധവൻ ഇന്ന് വിസ്മരിക്കപ്പെട്ടിരിക്കയാണ്. അദ്ദേഹത്തിന്റെ എത്ര സിനിമകൾ ഇന്ത്യയിൽ, ഇന്ത്യയ്ക്ക് പുറത്ത് പ്രദർശിപ്പിച്ചു? അതുപോലെ ദേവരാജൻ, തകഴി, അഴീക്കോട് തുടങ്ങിയവർക്കെല്ലാം അനാദരവാണ് കിട്ടിയത്. അഴീക്കോടിന്റെ സമ്പൂർണ കൃതികൾ അദ്ദേഹം വിടവാങ്ങി ഒരു വ്യാഴവട്ടം കഴിഞ്ഞിട്ടും യാഥാർത്ഥ്യമായില്ല!. അദ്ദേഹത്തിന്റെ ശിഷ്യന്മാരൊക്കെ എവിടെ പോയി? സ്വന്തം വീടു വിട്ടുകൊടുത്തത് കൊണ്ടാണ് തകഴി ഒരു "സ്മാരക'മായി ജീവിക്കുന്നത്.
മലയാള മനസ് ഒരു പ്രായോഗിക, കാര്യലാഭപ്രധാനമായ ചേരുവയാണ്. ഒരാളെ പരിചയപ്പെട്ടാൽ ഉടനെ ചോദിക്കും, ഭാര്യക്ക് ജോലിയുണ്ടോ എന്ന്. ആ ചോദ്യം തീരെ വകതിരിവില്ലാത്തതും സദാചാര വിരുദ്ധവുമാണ്. അന്യന്റെ ഭാര്യയുടെ ജോലി നമുക്ക് എങ്ങനെയാണ് ഒരു പ്രശ്നമാകുന്നത്? ഇതിന്റെ കാരണം വ്യക്തമാണ് ;ഭാര്യക്ക് ജോലിയുള്ളവനാണെങ്കിൽ ജീവിക്കാൻ യോഗ്യനാണെന്ന് അർത്ഥം. അവന് ജീവിക്കാൻ വകയുണ്ട്. ജോലിയില്ലെങ്കിൽ അവനുമായി ചങ്ങാത്തം തുടരാതിരിക്കാൻ ശ്രദ്ധിക്കാം!.
വിവാഹം കഴിക്കുകയോ വീട് വയ്ക്കുകയോ ചെയ്യുന്നതാണ്, സഹപ്രവർത്തകർക്കിടയിൽ പോലും മാന്യതയുടെയും സ്വീകാര്യതയുടെയും മാനദണ്ഡമായി മാറുന്നത്. ഒരു മനുഷ്യന്റെ ചിന്തയുടെ, പ്രവൃത്തിയുടെ, ലക്ഷ്യത്തിന്റെ മൂല്യത്തിനു ഒരു വിലയും ഇല്ലാതായിരിക്കുന്നു. മനുഷ്യന്റെ പ്രവൃത്തിയിലാണ് ശുദ്ധി എന്ന് ശ്രീനാരായണഗുരു സഹോദരൻ അയ്യപ്പ നോട് പറഞ്ഞത്, ഭാര്യയ്ക്ക് ജോലിയുണ്ടോ എന്നുള്ള സമകാലികമായ ചോദ്യത്തിൽ നിന്നു വളരെ അകലെയാണ് നിൽക്കുന്നത്.
ഇതെല്ലാം അണുകുടുംബങ്ങൾ സൃഷ്ടിച്ച പുതിയ വിധ്വംസക സംസ്കാരത്തിന്റെ പ്രതിഫലനമാണ്. ഒരു മനുഷ്യന്റെ ചിന്തയുടെ, പ്രവൃത്തിയുടെ, ലക്ഷ്യത്തിന്റെ മൂല്യത്തിന് ഒരു വിലയും കൊടുക്കാതിരിക്കുന്ന ഈ കാലഘത്തിലെ വ്യക്തികൾ കവിതയെഴുതിയാൽ എങ്ങനെയിരിക്കും?
സാഹിത്യവിമർശനത്തിന്റെ യുക്തി
സാഹിത്യവിമർശനത്തിനു ഒരു സമകാലിക യുക്തിയുണ്ട്. എന്തുകൊണ്ട് വിമർശനമെഴുതുന്നു എന്ന ലളിതമായ ചോദ്യത്തിനു വിമർശകൻ തന്നെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. നിലവിലുള്ള സൗന്ദര്യാത്മക ചിന്താരീതികളോട് വിയോജിപ്പുള്ളതുകൊണ്ട്, ചിലത് കൂട്ടിച്ചേർക്കാനുള്ളതുകൊണ്ട്, ചിലതിനെ എതിർക്കേണ്ടതുള്ളതുകൊണ്ട് വിമർശകൻ സ്വന്തം ജീവിതത്തിനു അർത്ഥം കണ്ടെത്താൻ ശ്രമിക്കുകയാണ്. എല്ലാവരും അംഗീകരിക്കുകയും താലോലിക്കുകയും ചെയ്യുന്നതിനെ വീണ്ടും താലോലിക്കുന്നത് പലർക്കും ഇഷ്ടപ്പെടുമെങ്കിലും അതിൽ വിമർശകൻ എന്ന കലാകാരന് യാതൊന്നും ചെയ്യാനില്ല. വിമർശനബുദ്ധി എന്നു പറയുന്നത് തന്നെ ഒരു പുനരാലോചനയാണ്, അതിജീവനമാണ്, മറികടക്കലാണ്; അല്ലെങ്കിൽ വിമർശനത്തിന്റെ ആവശ്യമില്ല.
ഒരെഴുത്തുകാരന്റെ സപ്തതിക്കോ ശതാഭിഷേകത്തിനോ എഴുതപ്പെടുന്ന ലേഖനങ്ങൾ വിമർശനമായി കാണരുത്. അതൊക്കെ സ്റ്റാറ്റസ്കോ നിലനിർത്താൻ വേണ്ടിയുള്ളതാണ്. ഒരു പുസ്തകത്തിന്റെ പഠനം എഴുതുന്നതിനെ വിമർശനമായി കാണേണ്ടതില്ല. റിവ്യൂ എഴുത്ത് വിമർശനമേയല്ല. ഇതിലൊക്കെ വിമർശകന്റെ ഒറ്റപ്പെട്ട ശബ്ദമുണ്ടാകില്ല. എല്ലാവർക്കും സ്വീകാര്യമായതിനോട് വിയോജിക്കാനുള്ള സഹജമായ വാസനയുള്ളവരാണ് വിമർശനം എഴുതേണ്ടത്. കലാശാലാ പ്രൊഫസർമാർക്ക് വിമർശനം എഴുതുക പ്രയാസമായിരിക്കും, ഇന്നത്തെ സാഹചര്യത്തിൽ. കാരണം, അവർക്ക് ഒന്നിനോടും വിയോജിക്കാനുള്ള സാഹചര്യമില്ല, മനസില്ല. അവർ സ്റ്റാറ്റസ്കോയുടെ വക്താക്കളാണ്. എന്നാൽ ഒരു കാര്യം ഓർക്കണം, സാഹിത്യകലയിൽ പ്രതിഭയുടെ ശക്തിയിൽ എഴുതുന്നവരുടെ മുന്നിൽ സ്റ്റാറ്റസ്കോ അപ്രസക്തമാണ്, അതിനു ഒരു സ്ഥാനവുമില്ല. കലാശാലാവിമർശകർ സർക്കാരിന്റെ ശമ്പളവും മറ്റും വാങ്ങുന്നത് കൊണ്ട് ഒരു വ്യവസ്ഥാപിത സാഹിത്യമൂല്യത്തെ നിരാകരിക്കാനുള്ള ബുദ്ധി അവരിൽ പ്രവർത്തിക്കില്ല.
ഒരേസമയം അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ നമ്മുടെ ഭാഷണങ്ങളിൽ നിലീനമായിരിക്കുന്നതുകൊണ്ടാണ് വിമർശനം ആവശ്യമായി വരുന്നത്. കനേഡിയൻ സാഹിത്യവിമർശകനായ നോർത്രോപ് ഫ്രൈ പറഞ്ഞു : "നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പറയുമ്പോൾ തന്നെ ദൈവത്തിൽ വിശ്വസിക്കാതിരിക്കാനുള്ള സാധ്യതയുടെ ചർച്ചയും തുടങ്ങിക്കഴിഞ്ഞു'. വിശ്വസിക്കുന്നു എന്ന് പറയുമ്പോൾ വിശ്വസിക്കാതിരിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകൾ ഉല്പാദിപ്പിക്കപ്പെടുന്നു. അവിശ്വാസത്തെ എതിർക്കാൻ നിങ്ങൾ തയ്യാറാവുന്നു. അതുകൊണ്ട് നിങ്ങൾ വിശ്വാസിയാണെന്നു സ്ഥാപിക്കേണ്ടി വരുന്നു. ഇത് വിമർശനത്തിന്റെ യുക്തിയാണ്. ഒരു കൃതിക്ക് ഒരാൾ എഴുതുന്ന വിമർശനം അതിനെതിരായ ഒരു ചർച്ചയും തുടങ്ങുകയാണ്. അതു കൊണ്ട് ഏകാഭിപ്രായങ്ങൾ കലയിൽ തിന്മയാണ്.
നല്ല ഗദ്യമില്ല
നല്ലൊരു ഗദ്യമല്ലാത്തതുകൊണ്ടാണ് വൈക്കം മുരളിയുടെ പുസ്തക നിരൂപണങ്ങൾ വിരസമായിത്തീരുന്നത്. ചിലിയൻ കവി ഓസ്കാർ ഹാൻ എഴുതിയ "ആഷസ് ഇൻ ലൗ' എന്ന കവിതാസമാഹാരത്തെക്കുറിച്ച് വൈക്കം മുരളി എഴുതിയ ലേഖനം (സറിയലിസ്റ്റ് കവിതയുടെ മാന്ത്രിക സ്പർശം, പ്രഭാതരശ്മി, ജനു- ഫെബ്രു) ഒരു റിവ്യു എങ്ങനെ എഴുതരുത് എന്നതിനു ഉദാഹരണമാണ്. കെ.എസ്. രവികുമാറിനെ പോലെ തന്നെ മുരളിക്കും ഗദ്യമെഴുതാനുള്ള ശേഷിയില്ല. കുട്ടികളുടെ ഉപന്യാസമെഴുത്തു പോലെയല്ല സാഹിത്യവിഷയങ്ങളെ സമീപിച്ച് എഴുതേണ്ടത്. അതിൽ സൗന്ദര്യാനുഭവം എന്ന വിചിത്രസംഗതി ഉണ്ടാവണം. നിർഭാഗ്യവശാൽ, ഇവിടെ സാഹിത്യത്തെക്കുറിച്ചെഴുതുന്ന 99 ശതമാനം പേർക്കും സൗന്ദര്യാനുഭവമില്ല.
രമ്യത
ലോകം ഒന്നാണെന്ന് പറയുന്ന ഉപനിഷത്തുകളുടെ സാരം അനുഭൂതിയായി എഴുതുകയാണ് കുഞ്ഞുമോൾ ബെന്നി "ഏകതത്ത്വ'(പ്രഭാതരശ്മി) എന്ന കവിതയിൽ. ധാരാളം വിജ്ഞാനശാഖകളിലൂടെ പടർന്ന് മുന്നേറിയ മനുഷ്യവംശത്തിന് ഒരുമയിൽ എത്താനാവുന്നില്ല. പരസ്പരം പട വെട്ടുകയാണ് എപ്പോഴും. റഷ്യ -യുക്രെയ്ൻ യുദ്ധം ഒരു വർഷം കഴിഞ്ഞല്ലോ. ലോകത്ത് ഒരു വ്യക്തിക്കും അത് പരിഹരിക്കാനുള്ള ഉപായമറിയില്ല!. ഇവിടെ കവി തന്റെ രമ്യതയെക്കുറിച്ചുള്ള ബോധം ഇങ്ങനെ സംക്ഷിപ്തമായി അറിയിക്കുന്നു:
"ആരോ തൻ വലം കൈയാൽ നട്ട
നിറയെ ഫലം തൂങ്ങി
ആകാശത്തേയ്ക്കായിരം
ശാഖകൾ വീശുന്ന
വൻമരമാം വിശ്വമോഹിനി തൻ ചില്ലയിൽ
എവിടെ നിന്നൊക്കെയോ
പാറി പറന്നു ചേക്കേറും
പല വർണ്ണക്കിളികളായ് നമ്മൾ.
തമ്മിൽ കൊത്തിയും കലമ്പിയും
കൊക്കുരുമ്മിയും ചിറകടിച്ചു പറന്നും
പിന്നെയൊരു ചെറുകൊമ്പിലായൽപനേരം
ചിറകൊതുക്കിയിരുന്നു
ചക്രവാളത്തിനപ്പുറം മഴവില്ലായ്
മറയുന്ന നേരത്തിനിടയിൽ
പാടാം ഒന്നിച്ചൊരു സ്നേഹഗീതകം'.
പത്രാധിപർ കവിയായാൽ
എഴുത്തുകാരനോ കവിയോ ആയിട്ടുള്ള ഒരാൾ, ആ നിലയിൽ പ്രശസ്തി നേടാൻ ആഗ്രഹിക്കുന്ന ഒരാൾ ആഴ്ചപ്പതിപ്പുകളുടെയോ സാഹിത്യമാസികകളുടെയോ പത്രാധിപസ്ഥാനത്തു വരാനേ പാടില്ല. സ്വന്തം നേട്ടത്തിനും പ്രശസ്തിക്കുമായി ഉപചാപങ്ങളിലേർപ്പെടാൻ യാതൊരു മടിയുമുണ്ടാകില്ല ഇക്കൂട്ടർക്ക്. കാരണം, ഇവർക്ക് സ്വന്തം നേട്ടങ്ങളെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയുമുണ്ടാകാറില്ല. സാഹിത്യകാരൻ അല്ലെങ്കിൽ കവി പത്രാധിപരാകുന്നത് ഒരു ദുരന്തമാകാനാണ് സാധ്യത. (വൈക്കം ചന്ദ്രശേഖരൻ നായർ, കുമാരനാശാൻ, എം. ടി തുടങ്ങിയവരെ ഇവിടെ ഉദ്ദേശിച്ചിട്ടില്ല). ചിലർ മാധ്യമസ്ഥാപനത്തിൽ ജോലിക്കു വന്നശേഷം അതിന്റെ ബലത്തിൽ എഴുതിയതിനെ തെറ്റുപറയാനാവില്ല. നല്ലൊരു എഴുത്തുകാരന് തന്നേക്കാൾ മികവോടെ എഴുതുന്നവരോട് വെറുപ്പ് തോന്നുകയില്ല. എന്നാൽ പത്രാധിപരായി വരുന്ന എഴുത്തുകാരന്റെ മാനസികാവസ്ഥ വേറൊന്നാകാനാണ് സാധ്യത.
സ്വന്തം താല്പര്യങ്ങൾ ഓരോ പ്രവൃത്തിയിലും ഒളിപ്പിച്ചു വച്ച് അത് വിദഗ്ദ്ധമായി നടപ്പാക്കുന്ന ഇത്തരം പത്രാധിപന്മാർ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു സാഹിത്യചർച്ചയിൽ ചില സുഹൃത്തുക്കൾ പറയുന്നത് കേട്ടു. ഇവർക്ക് സാഹിത്യവുമായി യഥാർത്ഥ ബന്ധമില്ലത്രേ. ഇവർ ചുമതലയിൽ വന്നാൽ പിന്നെ കാര്യങ്ങൾ ഏകപക്ഷീയവും അന്തർമുഖവുമായിരിക്കും. ഇഷ്ടമില്ലാത്തവരോട് പക്ഷപാതപരമായി പെരുമാറും. ഒരു പദവിയിലിരിക്കുന്നതുകൊണ്ടാണ് ഇക്കൂട്ടരുടെ കൃതികൾക്ക് കൂടുതൽ പ്രചാരം കിട്ടുന്നതെന്ന് മനസിലാക്കാൻ ഇവർക്കു മാത്രമാണ് കഴിവില്ലാത്തത്. സാമൂഹിക രംഗത്തുള്ളവർ ഇവരുടെ കൃതികളെ പരസ്യമായി പ്രകീർത്തിക്കുന്നത് ഒരു ക്ലീഷേയുടെ അനുകരണമായി കണ്ടാൽ മതി. ഒരു ചീത്ത പുസ്തകത്തെ മനോഹരവും ഉജ്ജലവുമായി അവതരിപ്പിക്കാൻ ഇവന്റ് മാനേജ്മെൻറ് സ്ഥാപനങ്ങൾക്ക് കഴിയും. അതാണ് പുതിയ കാലം. പുസ്തകത്തിന്റെ ഉള്ളടക്കം ഒരിടത്തും ആവശ്യമില്ല. ഇതിനോടെല്ലാം കൈകോർക്കുന്ന പത്രാധിപ കവികൾ തിന്മയുടെ വേറിട്ട ആചാരമാണ് ആരംഭിക്കുന്നത്.
വി.ഡി. സതീശൻ വായിക്കുന്നു
തന്റെ വായനയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചെയ്ത ഒരു പ്രഭാഷണത്തിന്റെ വീഡിയോ കാണാനിടയായി. പുസ്തകങ്ങൾ വായിക്കുന്ന രാഷ്ട്രീയ നേതാക്കൾ ഇപ്പോൾ കുറവാണല്ലോ. പി.ടി. തോമസ് വായിക്കുമായിരുന്നു. അദ്ദേഹം വർഷങ്ങൾക്ക് മുമ്പ് ഒരു നല്ല സാഹിത്യമാസിക എഡിറ്റു ചെയ്തിരുന്നു. വി. ഡി. സതീശൻ തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളെപ്പറ്റി പറഞ്ഞത് ഹൃദ്യമായിരുന്നു. വായിക്കുന്നത് മറക്കാനല്ലെന്ന് അദ്ദേഹം പ്രഭാഷണത്തിലൂടെ തെളിയിച്ചു. അദ്ദേഹം ഒരു മികച്ച വായനക്കാരനാണെന്ന് ബോധ്യപ്പെട്ടത് തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളെപ്പറ്റി പറഞ്ഞത് കേട്ടപ്പോഴാണ്.
വില്യം ഡാർലിമ്പിളിന്റെ മൂന്ന് പുസ്തകങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. നോവാ ഹരാരിയുടെ പുസ്തകങ്ങളെക്കുറച്ച് സതീശന് നല്ല ധാരണയുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കവി കുമാരനാശാനാണെന്ന് വ്യക്തമാക്കിയ ശേഷം തന്നെ ഇതിന്റെ പേരിൽ വിമർശിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഏറ്റവും സ്വാധീനിച്ച നോവലിസ്റ്റ് ഒ. വി. വിജയൻ തന്നെ. വിദേശഭാഷകളിലെ ഏറ്റവും പ്രിയപ്പെട്ട നോവലിസ്റ്റ് ഒർഹാൻ പാമുഖ് ആണെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിരുചിയെ ശക്തമായി മുന്നോട്ടുവച്ച സതീശൻ ഏറ്റവും പ്രധാനപ്പെട്ട ഒരു നിരീക്ഷണം പങ്കുവച്ചത് ഇങ്ങനെയാണ്: "ഇതെല്ലാം വായനക്കാരൻ എന്ന നിലയിലുള്ള എന്റെ അനുഭവമാണ്. ഒരു കൃതി എഴുതിക്കഴിഞ്ഞാൽ അത് പിന്നെ വായനക്കാരുടെ സ്വന്തമാണ്. അവർക്ക് അതിനെക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്'.