
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യമുണ്ടാക്കി ബിജെപിയെ അധികാരത്തിൽ നിന്നു പുറത്താക്കാൻ പരിശ്രമിക്കുന്ന നേതാക്കളിൽ പ്രമുഖനാണ് ശരദ് പവാർ എന്നാണു വയ്പ്പ്. പറ്റിയാൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിസ്ഥാനാർഥിയാവുന്നതിനും പവാറിനു വിഷമമൊന്നുമുണ്ടാവില്ല. ചെറിയ പാർട്ടിയാണെങ്കിലും വലിയ നേതൃത്വമാണു തങ്ങൾക്കുള്ളതെന്നാണ് എൻസിപി ദേശീയ നേതാക്കൾ അവകാശപ്പെട്ടു കണ്ടിട്ടുള്ളത്. വിവിധ ആശയങ്ങളുള്ള പ്രതിപക്ഷ നേതാക്കളെ ഒന്നിച്ചു ചേർക്കാൻ പവാറിനു കഴിയുമെന്ന അവകാശവാദങ്ങളും എൻസിപി നേതാക്കളിൽ നിന്നു കേട്ടിട്ടുണ്ട്.
പ്രതിപക്ഷ ഐക്യത്തിന് ഇറങ്ങിപ്പുറപ്പെടുന്ന നേതാക്കൾ, അതു മമതയായാലും ചന്ദ്രശേഖർ റാവുവായാലും നിതീഷ് കുമാറായാലും പവാറിനെ കണ്ടു ചർച്ച നടത്താതെ ഒരടി മുന്നോട്ടുപോകാറില്ല (സഖ്യനീക്കങ്ങളും കാര്യമായി മുന്നോട്ടുപോകുന്നില്ല എന്നത് അനുബന്ധം). എന്നാൽ, ഇതിനിടയിലും പവാറിന്റെ ദേശീയ പാർട്ടി എന്‍സിപിയുടെ ബന്ധങ്ങൾ വിചിത്രമായ രാഷ്ട്രീയത്തിന്റേതാണ്.
ഏറ്റവും അവസാനം അവർ നാഗാലാൻഡിലെ എന്‍ഡിപിപി- ബിജെപി സർക്കാരിനു പിന്തുണ നൽകാൻ തീരുമാനിച്ചിരിക്കുന്നു. മുഖ്യമന്ത്രി നെയ്ഫ്യു റിയോയുമായി നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ചില "ധാരണകൾ' ഉണ്ടായിരുന്നുവെന്നാണ് ഇതിനു കാരണമായി പവാർ പറയുന്നത്. അറുപതംഗ നിയമസഭയിൽ റിയോയുടെ എന്‍ഡിപിപിക്ക് 25 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 12 പേരുണ്ട്. തെരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യമാണ് ഇവരുടേത്. കഴിഞ്ഞ വർഷങ്ങളിൽ ഈ സഖ്യമാണ് നാഗാലാൻഡ് ഭരിച്ചതും. അങ്ങനെയിരിക്കെ റിയോയുമായി തെരഞ്ഞെടുപ്പിനു മുൻപ് "ധാരണ'യുണ്ടാക്കിയിരുന്നു എന്‍സിപി എന്നാണു പവാർ പറയുന്നത്! ഇക്കുറി ഏഴ് എംഎൽഎമാരാണ് എന്‍സിപിക്കുള്ളത്. സംസ്ഥാനത്തു മുഖ്യപ്രതിപക്ഷമാകേണ്ടത് അവരാണ്. നാഗാലാൻഡിൽ ബിജെപി ഇതര മുന്നണിക്കു നേതൃത്വം നൽകേണ്ടവർ.
എന്നാൽ, പ്രതിപക്ഷത്തിരിക്കുന്നതിനു പകരം ബിജെപി മുന്നണിയെ പിന്തുണയ്ക്കുകയാണു ഗുണകരമെന്ന് അവിടുത്തെ എന്‍സിപി നേതാക്കൾക്കു തോന്നി. പവാർ അതു ശരിവയ്ക്കുകയും ചെയ്തു. റിയോയ്ക്കു നൽകുന്ന പിന്തുണ ബിജെപിക്കുള്ള പിന്തുണയായി തെറ്റിദ്ധരിക്കേണ്ടെന്നാണ് ഇതിനു പറയുന്ന ന്യായം. എൻസിപിയുടെ പിന്തുണയില്ലാതെ തന്നെ ഭൂരിപക്ഷമുണ്ട് നാഗാലാൻഡിലെ ബിജെപി മുന്നണിക്ക്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, അസം മുഖ്യമന്ത്രിയും വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ പ്രമുഖ നേതാവുമായ ഹിമാന്ത ബിശ്വ ശർമ തുടങ്ങിയവരൊക്കെ പങ്കെടുത്തതാണ്. ഭരണമുന്നണിയിലും സർക്കാരിലും ബിജെപിയുടെ സാന്നിധ്യം ചെറുതല്ലാത്തതുമാണ്. അപ്പോഴും പവാർ പറയുന്നത് പിന്തുണ റിയോയ്ക്കു മാത്രം എന്ന്!
നാഗാലാൻഡിൽ വിജയിച്ച മറ്റൊരു പ്രതിപക്ഷ കക്ഷി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവാണ്. അവർക്ക് കിട്ടിയത് ഒരേയൊരു എംഎൽഎയെ. സർക്കാരിനൊപ്പം നിൽക്കുന്നതാണ് നല്ലതെന്ന് എൻസിപിയെ പോലെ നാഗാലാൻഡിലെ ജെഡിയു യൂണിറ്റിനും തോന്നി. എന്‍ഡിപിപി- ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്ന കത്ത് സംസ്ഥാനത്തെ ജെഡിയു അധ്യക്ഷൻ സമർപ്പിക്കുകയും ചെയ്തു. എന്നാൽ, ഉടൻ തന്നെ നാഗാലാൻഡിലെ ജെഡിയു സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടുകയാണ് നിതീഷ് കുമാറിന്റെ പാർട്ടി ചെയ്തത്. പ്രതിപക്ഷ ഐക്യത്തിനു നിതീഷ് കുമാർ മുന്നിൽ നിന്നു പരിശ്രമിക്കുമ്പോൾ തെറ്റായ സന്ദേശം നൽകരുതെന്ന് ജെഡിയുവിനു ബോധ്യമുണ്ടായി. ബിജെപിക്കല്ല, റിയോയ്ക്കാണ് പിന്തുണ നൽകുന്നതെന്ന് എന്തായാലും നിതീഷ് കുമാർ പറഞ്ഞില്ല.
2014ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ദേവേന്ദ്ര ഫഡ്നാവിസിന് പുറത്തുനിന്നു പിന്തുണ പ്രഖ്യാപിച്ചതാണു ശരദ് പവാർ എന്നതും ഈ അവസരത്തിൽ ഓർക്കാവുന്നതാണ്. അന്ന് ശിവസേനയെയും ബിജെപിയെയും അകറ്റാൻ വേണ്ടിയാണ് താൻ ഫഡ്നാവിസിനു പിന്തുണ പ്രഖ്യാപിച്ചതെന്ന് പിന്നീട് പവാർ അവകാശപ്പെടുകയുണ്ടായി. എന്നാൽ, ബിജെപി- ശിവസേനാ സഖ്യമാണ് 2019 വരെ ഭരിച്ചത്. 2019ലെ തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനു തർക്കിച്ച് ശിവസേന ബിജെപിയെ വിട്ടുപോയപ്പോൾ എൻസിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരുണ്ടാക്കി. ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാറാണ് അന്ന് ഉപമുഖ്യമന്ത്രിയായത്. ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിന്ന അന്നത്തെ സർക്കാരിന് പവാറിന്റെ രഹസ്യ പിന്തുണയുണ്ടായിരുന്നതായി ഫഡ്നാവിസ് പിന്നീടു പറഞ്ഞിട്ടുണ്ട്. എന്നാൽ, അനന്തരവനെയും അദ്ദേഹത്തിനൊപ്പം നിന്നവരെയും തിരിച്ചുകൊണ്ടുവന്ന് ഉദ്ധവ് താക്കറെയുടെ സർക്കാരുണ്ടാക്കിയതും പവാറാണ്. തന്റെ സമ്മതമില്ലാതെയാണ് അജിത് പവാർ ബിജെപിക്കൊപ്പം പോയതെന്ന നിലപാടിലാണ് പവാർ.
ഇപ്പോൾ നാഗാലാൻഡിൽ ബിജെപി സഖ്യസർക്കാരിനെ പിന്തുണയ്ക്കാനുള്ള എൻസിപിയുടെ തീരുമാനം മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യത്തെ എങ്ങനെ ബാധിക്കുമെന്ന് കാണാനിരിക്കുകയാണ്. മുഖ്യമന്ത്രി ഷിൻഡെയുടെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി തെരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചതും തെരഞ്ഞെടുപ്പു ചിഹ്നം ഷിൻഡെയ്ക്കു ലഭിച്ചതും ഉദ്ധവ് താക്കറെയെ ക്ഷീണിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എൻസിപിയുടെ വിലപേശൽ ശക്തി സ്വാഭാവികമായും വർധിക്കും. സീറ്റ് വിഭജന ചർച്ചകളിൽ തർക്കങ്ങളുണ്ടാവാം. താക്കറെയെ എൻസിപി എങ്ങനെ ഉൾക്കൊള്ളുന്നു എന്നതിലാണ് സഖ്യത്തിന്റെ ഭാവി. നാഗാലാൻഡിൽ ബിജെപിയെ പിന്തുണച്ച പവാർ മഹാരാഷ്ട്രയിലും നിലപാടു മാറ്റിക്കൂടെന്നില്ലെന്ന് ഉദ്ധവ് സംശയിച്ചുകൂടായ്കയില്ല. എൻസിപിയുടെ നാഗാലാൻഡ് നീക്കത്തിൽ കോൺഗ്രസിനും ആശങ്കയുണ്ടാകാവുന്നതാണ്. മഹാരാഷ്ട്രയിൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന അതേസമയം തന്നെയാണ് കേരളത്തിലെ എൻസിപി ഇടതുപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ളത്. ഇപ്പോൾ മറ്റൊരു സംസ്ഥാനത്ത് ബിജെപിക്കൊപ്പവും! സാധ്യതകളുടെ കലയാണു രാഷ്ട്രീയം എന്നതാണല്ലോ എല്ലാത്തിനുമുള്ള ന്യായം.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരുവർഷക്കാലമേയുള്ളൂ. ശക്തമായ നിലയിലാണ് ഇപ്പോഴും ബിജെപിയെന്ന് സമീപകാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ തെളിയിച്ചു കഴിഞ്ഞു. പ്രതിപക്ഷം ഒന്നിച്ചുനിൽക്കാതെ ബിജെപിയെ നേരിടുക അസാധ്യമാണെന്ന് പ്രതിപക്ഷ നേതാക്കൾ തന്നെ പറയുന്നുണ്ട്. എന്നാൽ, എല്ലാവരെയും ഒന്നിപ്പിക്കാനുള്ള നീക്കങ്ങൾ എവിടെയും എത്തിയിട്ടില്ല. കോൺഗ്രസ് വിരോധമുള്ളവരും കോൺഗ്രസ് അനുകൂലികളും എന്നിങ്ങനെ തട്ടുകൾ തിരിച്ചു നിൽക്കുകയാണു പ്രതിപക്ഷം ഇപ്പോഴും. അതിനിടയിലാണ് എൻസിപിയുടെ നാഗാലാൻഡ് നിലപാടു പോലുള്ള സാധ്യതാ കളികളും.