
നൂറ്റാണ്ടിലെ മഹാനായ നോവലിസ്റ്റും കഥാകൃത്തുമായ ഗബ്രിയേൽ ഗാർസിയ മാർകേസ് (1927-2014) വിട പറഞ്ഞിട്ട് ഏപ്രിൽ 17ന് 9 വർഷമാകുന്നു. മാർകേസ് ഭൗതികമായി വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഓട്ടം ഓഫ് ദി പാട്രിയാർക്ക്, വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്, ലവ് ഇൻ ദി ടൈംസ് ഓഫ് കോളറ തുടങ്ങിയ കൃതികൾ ഇപ്പോഴും വായനക്കാരുടെ കൈകളിലുണ്ട്. മാർകേസ് ഒരു പുതിയ ലോകത്തെ കാണിച്ചു തന്നു. അതിൽ ചരിത്രവും മിത്തും സൗന്ദര്യവുമുണ്ട്.
അദ്ദേഹത്തിന്റെ വേർപാട് അക്ഷരാർഥത്തിൽ സാഹിത്യത്തിന്റെ നഷ്ടമായിരുന്നു; എന്തെന്നാൽ മാർകേസ് ഒരു സാഹിത്യ ദൈവമായിരുന്നു. ആ ദൈവമാകട്ടെ കടുത്ത ഏകാന്തതയിലുമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ഒരു സവിശേഷ സാഹിത്യാനുഭവമായിരുന്നു മാർകേസിന്റെ കൃതികൾ. മനുഷ്യ ജീവിതം ഏകാന്തതയെയാണ് പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. ഏതൊരവസ്ഥയിലും ഏകാന്തതയുണ്ട്. അതുമായി യോജിപ്പിലെത്തിയാൽ അതിജീവിക്കാം. ഒരിക്കൽ മാർകേസ് പറഞ്ഞു: "എന്റെ സുഹൃത്ത് ഹൊർഹെ അൽവാരോ എസ്പിനോസ നൽകിയ ഉപദേശമാണ് ഏറ്റവും പ്രധാനം. എങ്ങനെയായാലും കഥ എന്നു പറയുന്നത് ഭൂതകാലത്തിന്റേതാണ്. അതുകൊണ്ട് മറ്റൊന്നു നിങ്ങൾ കണ്ടെത്തണം. ഞാൻ അതിശയത്തോടെ പറയട്ടെ, ഇതിനെ എതിർത്ത് മറ്റൊരു വാദം അവതരിപ്പിക്കാനുള്ള വിഡ്ഢിത്തം എനിക്കില്ല, ഇതിനേക്കാൾ മികച്ച ഒരുപദേശം കേൾക്കുന്നത് വരെ. നിങ്ങൾ കഥ വിഭാവന ചെയ്യുക, പിന്നീട് ശൈലി സൃഷ്ടിക്കുക, ഓരോന്നും പരസ്പരം ആശ്രിതമാണ്, വിധേയമെന്ന പോലെ. അതാണ് ക്ലാസിക്കുകളുടെ മാന്ത്രികവിദ്യ'.
ഇതിന്റെ അർഥം ഇതാണ്. എഴുതപ്പെട്ട കഥയെല്ലാം ഇന്നലെകളുടേതാണ്. അതുകൊണ്ട് പുതിയതാണ് ഇനി എഴുതേണ്ടത്. ആദ്യം എഴുതുന്ന കഥ ഭൂതകാലത്തിലേക്ക് പോയിക്കഴിഞ്ഞാൽ പിന്നീട് മറ്റൊന്ന് സൃഷ്ടിക്കണം.
അവിശ്വസനീയമായ യാഥാർഥ്യം
മാർകേസിന്റെ രചനാപരമായ പ്രത്യേകത യാഥാർഥ്യത്തെയും ഭാവനയെയും കൂട്ടിയിണക്കി വായനക്കാരെ അതിശയിപ്പിച്ചു എന്നതാണ്. ഇതാണ് മാജിക്കൽ റിയലിസം എന്നറിയപ്പെടുന്നത്. യാഥാർഥ്യം ഒരു അവിശ്വസനീയമായ അനുഭവമാകുകയാണ്. ഒരുപക്ഷേ, ഏകാന്തതയെ ഒരു മനുഷ്യന്റെയും രാജ്യത്തിന്റെയും തീവ്രാനുഭവമാക്കിയ ലോകത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരൻ മാർകേസായിരിക്കണം. ലാറ്റിനമേരിക്കൻ ജീവിതം മാർകേസിന്റെ ചിന്തയിലും ഭാഷയിലും തീവ്രമായ ഏകാന്തതയെ പ്രവഹിപ്പിക്കുകയാണ്. അദ്ദേഹം നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രഭാഷണത്തിനു നൽകിയ പേര് "ലാറ്റിനമേരിക്കയുടെ ഏകാന്തത' എന്നായിരുന്നു.
ഒരു മനുഷ്യൻ അവന്റെ യാഥാർഥ്യങ്ങളെ വ്യാഖ്യാനിക്കുന്നതിലുള്ള മൗലികതയാണ് അയാളെ ഏകാന്തതയുടെ തടവുകാരനാക്കുന്നത്. മാർകേസിന്റെ കൃതികളെപ്പറ്റി സംവദിക്കുമ്പോഴെല്ലാം ചരിത്രകാരന്മാരും വിമർശകരും ഉപയോഗിക്കുന്ന പദമാണ് ഏകാന്തത. ലാറ്റിനമേരിക്കയുടെ ചരിത്രമാണ് മാർകേസ് കൃതികൾ എന്ന് പറയുന്നവരുണ്ട്. അനുഭവങ്ങളിൽ അതുല്യവും വേറിട്ടതുമായ അതിശയങ്ങൾ ഒളിഞ്ഞുകിടക്കുന്നതു കൊണ്ടാണ് അദ്ദേഹത്തിന്റെ സാങ്കല്പിക പ്രദേശമായ മക്കൊണ്ട ഏകാന്തതയെ ആവിഷ്കരിക്കുന്നത്. അനിശ്ചിതത്വവും ഭ്രാന്തും ഭാവനയും കൂടിച്ചേർന്നുണ്ടാകുന്ന യാഥാർഥ്യങ്ങൾ മനസിലാക്കുകയാണ് പ്രധാനം. അവിശ്വസനീയമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ ഏറ്റവും സ്വാഭാവികമായാണ് അവതരിപ്പിക്കുന്നത്. "ഏകാന്തതയുടെ ഒരു നൂറു വർഷങ്ങൾ' എഴുതാൻ ഒരു ശൈലി കണ്ടുപിടിച്ചത് വിചിത്രമായ രീതിയിലാണ്.
""സാഹിത്യരചനകളിലെ കഥാഖ്യാന രീതിയെ അവലംബിക്കുകയായിരുന്നില്ല; കഥയ്ക്ക് പറ്റിയ ശൈലി വേണമായിരുന്നു. കുട്ടിക്കാലത്ത് മുത്തശി കഥ പറഞ്ഞു തന്ന ശൈലി മനസിലുണ്ടായിരുന്നു - ഭ്രമാത്മകവും അതിഭൗതികവുമായ തലങ്ങളുള്ള കഥകൾ മുത്തശി പറഞ്ഞത് തികച്ചും സ്വാഭാവികമെന്നപോലെയാണ്. ഇതാണ് തന്റെ നോവലിന് പറ്റിയ ശൈലി എന്ന് മനസിലാക്കിയപ്പോൾ അതു തന്നെ സ്വീകരിച്ചു. 18 മാസം നീണ്ട ആ നോവൽ രചനയിൽ ഓരോ ദിവസവും എഴുതാൻ മറന്നില്ല. "ഏകാന്തതയുടെ ഒരു നൂറ് വർഷങ്ങൾ' എഴുതാൻ അതിനു മുമ്പ് ശ്രമിച്ചപ്പോഴൊക്കെ ഞാനതിൽ വിശ്വസിച്ചിരുന്നില്ല. എനിക്കു തന്നെ അതിൽ വിശ്വാസം ഉണ്ടാവുകയും അതേ വികാരത്തിൽ എഴുതുകയുമാണ് പ്രധാനമെന്ന് ഞാൻ കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് എന്റെ മുത്തശിക്കഥകൾ പറഞ്ഞിരുന്നത്''- അദ്ദേഹം എഴുതുന്നു.
അനുഭവത്തിന്റെ ഉറവിടം
നമ്മുടെ തന്നെ ജീവിതത്തിൽ വിവരിക്കാനാവാത്തതോ ഞെട്ടിക്കുന്നതോ ആയിട്ടുള്ള ചില കാര്യങ്ങൾ ഉണ്ടാവാം. എന്നാൽ അത് സ്വാഭാവികമായി സ്വീകരിക്കപ്പെടുകയാണ്. രക്തം തെരുവിലൂടെ അലഞ്ഞു മറ്റൊരു വീട്ടിൽ എത്തിച്ചേരുന്നത് ഉദാഹരണം. ഏതു വിഷയത്തെക്കുറിച്ച് എഴുതിയാലും അതിൽ എല്ലാവർക്കും അറിയാവുന്നത് മാത്രം പോരാ; നമ്മുടേതായ അന്തർദർശനം വേണം. ലോകത്തെ ആരും കാണാത്ത ഒരു കോണിലൂടെയാണ് നിങ്ങൾ നോക്കേണ്ടത്.
മാർകേസ് എഴുതുന്നു: "അന്തർദർശനം നോവൽ രചനയിൽ അടിസ്ഥാനമായിട്ടുള്ളതാണ്; അതൊരു പ്രത്യേക ഗുണമാണ്, ഏതാണ് യഥാർഥമായിട്ടുള്ളതെന്ന്, ശാസ്ത്രീയമായ ജ്ഞാനമില്ലാതെ തന്നെ അറിയാനാകും; ഒരു പ്രത്യേക തരം ജ്ഞാനമാണത്. ഭൂഗുരുത്വാകർഷണം അന്തർദർശനത്തിലൂടെ എളുപ്പത്തിൽ കണ്ടെത്താം; മറ്റെന്തിനേക്കാളും. അധികം കഷ്ടപ്പെടാതെ തന്നെ അനുഭവത്തിന്റെ ഉറവിടത്തിലേക്ക് എത്തിച്ചേരുകയാണവിടെ. ഒരു നോവലിസ്റ്റിനു അന്തർദർശനം അത്യാവശ്യമാണ്'.
നോവലിസ്റ്റ് ജീവിതാനുഭവങ്ങളുടെ റിപ്പോർട്ടറല്ല; സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ജീവിതപ്രശ്നങ്ങൾ വിവരിക്കുകയോ ചരിത്രഘട്ടങ്ങളിലൂടെ സഞ്ചരിച്ച് അസാധാരണമായ ചില ഏടുകൾ എടുത്തു കാണിക്കുകയോ ചെയ്യുമ്പോഴല്ല മികച്ച നോവലിസ്റ്റ് ഉണ്ടാകുന്നത്. കഥ എന്ന വസ്തു തന്നെ ഒരു വ്യാഖ്യാനമാവണം .അതേസമയം അത് അസാധാരണ വസ്തുതയുമാകണം. "ലിവിങ് ടു ടെൽ ദ് ടെയ്ൽ' എന്ന ആത്മകഥയിൽ തനിക്ക് പ്രചോദനം ലഭിക്കുന്നതിനെ മരണവുമായി ബന്ധിപ്പിച്ചു മാർകേസ് എഴുതുന്നുണ്ട്: "ഏതൊന്നിനെയും വെറുതെ ഒന്നു നോക്കിയാൽ തന്നെ എഴുതാനുള്ള അപ്രതിരോധ്യമായ ആഗ്രഹം തന്നിൽ ജനിപ്പിക്കുമായിരുന്നു; അതുവഴി മരണത്തെ ഒഴിവാക്കാമല്ലോ. ഏതൊന്നിനെയും തച്ചുതകർക്കാൻ ശേഷിയുള്ളതായിരുന്നു ആ ആഗ്രഹം. അത് പ്രചോദനം മാത്രമല്ല, പ്രചോദനത്തിന്റെ പ്രതിസന്ധിയുമായിരുന്നു'.
എവിടേക്ക് കൈ നീട്ടിയാലും ചരിത്രം കൂടെ പോരും. ചരിത്രം പക്ഷേ, രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാത്രം കഥയല്ല; സമസ്ത ജീവിതങ്ങളുടെയും അറിയപ്പെടാത്ത കഥകളാണ്. ചരിത്രത്തിനു ഭാവനയും യാതനയുമുണ്ട്. ചരിത്രത്തിൽ അന്തർ അന്തർദർശനങ്ങളുണ്ട്. "ശബ്ദമുണ്ടാക്കുന്നതിനെല്ലാം സംഗീതമുണ്ടെന്ന് ഞാൻ മനസിലാക്കി; ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ, വെള്ളത്തിൽ കഴുകിയെടുക്കുന്ന വെള്ളത്തളികകൾ ഉൾപ്പെടെ- ജീവിതം എങ്ങോട്ടാണ് നീങ്ങുന്നതെന്ന് കാണിച്ചുതരുന്നതിന്റെ മിഥ്യയെ അവ പൂർത്തീകരിക്കുന്നിടത്തോളം'.
പ്രണയം സങ്കീർണം
എല്ലാത്തിനെയും വലയം ചെയ്തു നിൽക്കുന്ന അസംബന്ധമാണ് അതിശയമായി നോവലിസ്റ്റ് അന്വേഷിക്കുന്നത്. ഏകാന്തതയും പ്രണയവുമാണ് മാർകേസ് തേടിയത്. മനുഷ്യനെ ഇത് രണ്ടും മഥിക്കുന്നു. അവന്റെ യുക്തിക്കും ചിന്തയ്ക്കും അതീതമായ പലതും അവൻ ഏറ്റെടുക്കുന്നു. വിശദീകരിക്കാനോ അപഗ്രഥിക്കാനോ കഴിയാത്ത വിധം ജീവിതം സങ്കീർണമാകുമ്പോൾ അവൻ ചില സങ്കേതങ്ങളിൽ അഭയം തേടുന്നു. നമ്മുടെ കവികളെല്ലാം പ്രണയത്തെപ്പറ്റി എണ്ണമറ്റ വിഭവങ്ങളാണ് ഒരുക്കുന്നത്.
എന്നാൽ മാർകേസ് പറയുന്നു, പ്രണയം ഏറ്റവും പ്രയാസമുള്ളതാണെന്ന്. അത്രയും പ്രയാസമുള്ള യാതൊന്നും ഈ ലോകത്തില്ലെന്ന്. എന്തിനാണ് പ്രയാസപ്പെട്ട് പ്രണയിക്കുന്നത്? എന്തുകൊണ്ടെന്നാൽ അത് ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. ജീവിക്കുന്നത് ഒരു യാതനയാണ് .അതിൽ നിന്ന് രക്ഷപ്പെടാൻ എന്തിനോടെങ്കിലും തീവ്രമായ ഇഷ്ടമുണ്ടാവണം. ഓരോ പ്രണയവും ഓരോ പച്ചത്തുരുത്തു കാണിച്ചു തരുന്നു, ക്ഷണികമാണെങ്കിലും.
"ഒരു വേശ്യാലയത്തിലുള്ളതിനേക്കാൾ മുറികൾ എന്റെ ഹൃദയത്തിലുണ്ട്'- മാർകേസ് എഴുതി. ഓരോന്നിന്റെയും ഏകാന്തതയെക്കുറിച്ച് ചിന്തിച്ച കഥാകാരനുമാത്രമേ ഇങ്ങനെ എഴുതാനൊക്കൂ. "ഏകാന്തതയുടെ ഒരു നൂറു വർഷങ്ങളി'ൽ മാജിക്കൽ റിയലിസം എന്ന രചനാരീതി വിവിധ രീതികളിൽ ആവിഷ്കരിക്കുന്നു. മക്കൊണ്ട എന്ന സാങ്കല്പിക നഗരത്തിന്റെ, ബുവണ്ടിയ കുടുംബത്തിന്റെ, ബുവണ്ടിയ എന്ന കേണലിന്റെ, കൊളമ്പിയയുടെ, ലാറ്റിനമേരിക്കയുടെ എല്ലാം മിത്തും യാഥാർഥ്യവുമാണത്. ചിലപ്പോൾ വ്യക്തികൾ അവരുടെ ഭൂതകാലത്തിന്റെ പിടിയിലമരുന്നു. അവർ കടങ്കഥകളാവുന്നു. അവരുടെ യാഥാർഥ്യങ്ങൾ നമുക്ക് സമസ്യകളായി അനുഭവപ്പെടുന്നു. കേണൽ ബുവണ്ടിയ ആത്മഹത്യ ചെയ്യാനായി സ്വയം നെഞ്ചിലേക്ക് വെടിയുതിർക്കുന്നു. എന്നാൽ അയാളുടെ നെഞ്ച് തുളച്ചു പുറത്തുപോയ വെടിയുണ്ട നിസഹായമാവുകയാണ് . കാരണം, ആ വെടിയുണ്ടയ്ക്ക് അയാളുടെ ശരീരത്തിലെ ഒരു അവയവത്തെ പോലും മുറിവേൽപ്പിക്കാൻ കഴിഞ്ഞില്ല!
യാഥാർഥ്യങ്ങൾ എല്ലാവർക്കും ഒരുപോലെയല്ല എന്നാണ് മാർകേസ് പറയുന്നത്.
ഒരു കഥയെക്കുറിച്ച്
എസ്. ഹരീഷിന്റെ "മോദസ്ഥിതനായങ്ങു വസിപ്പൂ മല പോലെ' എന്ന കഥയെക്കുറിച്ച് കെ.ഇ.എൻ. കുഞ്ഞഹമ്മദ് ദീർഘമായ ഒരു ലേഖനം (തിരുത്തലിന്റെ ചരിത്രവും ചരിത്രത്തിന്റെ തിരുത്തലും, ഗ്രന്ഥാലോകം, ഏപ്രിൽ) എഴുതിയിരിക്കുന്നു.
"ജാതിവാൽ വെട്ടിയ അനൂപും വയ്ക്കാൻ ഒരു ജാതിവാൽ പോലും ഇല്ലാത്ത പവിത്രയും തമ്മിലുള്ള പ്രേമവും തുടർന്ന് വീട്ടുകാരുടെ അനുവാദത്തോടെയുള്ള വിവാഹവുമാണ് കഥയുടെ പ്രമേയം. വരന്റെ വീട്ടുകാർക്കാണ് ആഖ്യാനനേതൃത്വം'.
പിന്നീട് അദ്ദേഹം ഇങ്ങനെ ഉപസംഹരിക്കുന്നു: "തെളിച്ചു പറയാതെ, സാമാന്യബോധം മറച്ചുവെച്ച മൗനങ്ങൾ പിളർത്തുന്ന, ഒളിച്ചുവയ്പിനെ പുറത്തേക്കെറിയുന്ന, സ്ഥൂലതലത്തിൽ സൗമ്യമായിരിക്കെ, സൂക്ഷ്മതലത്തിൽ പ്രകമ്പനം സൃഷ്ടിക്കുന്ന, മലയാള ഭാഷയിലെ ജാതിക്കൊല്ലിക്കഥകളിൽ, ശ്രദ്ധേയമായ ഒന്നെന്ന നിലയിലാണ് എസ്. ഹരീഷിന്റെ "മോദസ്ഥിതനായങ്ങ് വസിപ്പൂ മല പോലെ' എന്ന കഥ സമകാല വായനയിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കുന്നത്'.
എന്നാൽ തുറന്നു പറയട്ടെ, ഈ കഥ ഇന്നത്തെ സമൂഹത്തെ ബാധിച്ചിരിക്കുന്ന പിന്നോട്ടു നോട്ടം എന്ന രോഗത്തെ വേണ്ട പോലെ അനാവരണം ചെയ്യുകയോ അർഥവത്തായി അതിനെ ആക്രമിക്കുകയോ ചെയ്യുന്നില്ലെന്നാണ് എനിക്ക് തോന്നിയത്.
എം. കൃഷ്ണൻ നായരെക്കുറിച്ച്
'സാഹിത്യവാരഫലം' എന്ന കോളമെഴുതി ധാരാളം വായനക്കാരെ സ്വാധീനിച്ച എം. കൃഷ്ണൻ നായരെക്കുറിച്ച് കരുവന്നൂർ രാമചന്ദ്രൻ എഴുതിയ ലേഖനം (നിരൂപണത്തിന്റെ നക്ഷത്രദീപ്തി, ആശ്രയ മാതൃനാട്, ഏപ്രിൽ) അവസരോചിതമായി.
പല പ്രമുഖരുടെയും ചീത്ത സാഹിത്യത്തെ നിശിതമായി വിമർശിച്ച കൃഷ്ണൻ നായരോട് ശത്രുത തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ വിമർശകന് മറ്റുള്ളവരുടെ ശത്രുതയും ആസ്വദിക്കാനുള്ളതാണ്. ഒരു വിമർശനരചനയെ എല്ലാവരും തലകുലുക്കി സമ്മതിക്കണമെന്നില്ല. കാരണം, അത് ബുദ്ധിപരമായ ഒരു വേറിടലാണ്.
കൃഷ്ണൻ നായരുടെ ധീരമായ വിയോജിപ്പുകൾ രാമചന്ദ്രൻ ഇങ്ങനെ ഓർമപ്പെടുത്തുന്നു: "ബഷീറിന്റെ പ്രസിദ്ധമായ "ബാല്യകാലസഖി' നോർവീജിയൻ നോവലിസ്റ്റായ നുട്ട് ഹാംസണിന്റെ "വിക്ടോറിയ' എന്ന നോവലിന്റെ അനുകരണമാണെന്ന് അദ്ദേഹം എഴുതി. സുഗതകുമാരിയുടെ "അമ്പലമണി' എന്ന കവിത സരോജിനി നായിഡുവിന്റെ "ദ് ബെൽ' എന്ന കവിതയുടെ പകർപ്പാണെന്ന് അദ്ദേഹം എഴുതി. ഒ.വി. വിജയന്റെ "കടൽതീരത്ത് ' എന്ന കഥ അലൻ പേറ്റന്റെ "ക്രൈ മൈ ബിലവഡ് കൺട്രി'യുടെ അനുകരണമാണെന്നും അദ്ദേഹം എഴുതി. "രണ്ടാമൂഴം' പോരാ എന്ന് പറയുന്നത് "യയാതി' നോവൽ വായിച്ചതുകൊണ്ടാണെന്നും വാരഫലത്തിൽ എഴുതി. തകഴിയുടെ "കയറി'നെയും അദ്ദേഹം വിമർശിച്ചു. എന്തിന് വൈലോപ്പിള്ളിയുടെ "മാമ്പഴ'ത്തേയും വെറുതെ വിട്ടില്ല'.
ഇന്നു പ്രസാധകർ ചൂണ്ടിക്കാണിക്കുന്ന ഏതൊരു കൃതിയെക്കുറിച്ചും പഠനമെഴുതാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ് കലാശാല അധ്യാപകരായ ഒരു കൂട്ടം വിമർശകർ. അവർക്ക് വിയോജിക്കാനുള്ള സൗന്ദര്യശാസ്ത്രപരമായ ചിന്തകളില്ല. കൃഷ്ണൻ നായരെ ഇപ്പോഴും ആക്ഷേപിക്കുന്ന കഥാകൃത്തുക്കളെ കാണാം. നല്ലൊരു കഥയെഴുതാൻ കഴിയാത്തതിന്റെ ചമ്മൽ മാറ്റാൻ ഇത് സഹായിക്കുമായിരിക്കും.
ഏഴാച്ചേരിയുടെ പദധൂർത്ത്
ഏഴാച്ചേരി രാമചന്ദ്രൻ കുറെ സുകുമാര പദങ്ങൾ നിരത്തുകയാണ്. എന്നിട്ട് അദ്ദേഹം അതിനെ കവിതയെന്നു വിളിക്കുന്നു. "അശാന്ത പല്ലവികൾ' (സ്ത്രീശബ്ദം, ഏപ്രിൽ) എന്ന കവിതയിലെ ഈ വരികൾ നോക്കൂ:
ഹരിതനീലനിശാമരങ്ങളി-
ലപ്രകാശിത സർഗകലയുടെ-
ദ്രുതവിളംബിത താളവടിവുകൾ
താണുചുംബിയ്ക്കെ,
അകത്തമ്മചമഞ്ഞു നിൽക്കും
രുദ്രമന്ദാരങ്ങളിൽ നിൻ
കടക്കൺ മുന പാറി വീണൂ
മഴപ്പുള്ളുകളായ് '.
ഹരിതനീലനിശാമരങ്ങളോ? എന്തെങ്കിലും ഒരു വികാരം ഈ പ്രയോഗം സൃഷ്ടിക്കുന്നില്ല. കുറേ വിശേഷണ പദങ്ങൾ മാത്രം. മരങ്ങൾ ചായുന്നതിനെ ദ്രുതവിളംബിത താളവടിവുകളെന്ന് വിളിക്കുന്നത് അപക്വമായ ബുദ്ധിയുടെ പ്രത്യക്ഷ ഉദാഹരണമാണ്. കവിക്ക് അന്തർദർശനമില്ല. ഗാനങ്ങൾ കാണുന്ന പോലെയുള്ള പദബോധം മാത്രമാണിത്.
രുദ്രമന്ദാരങ്ങളോ? അതു പോകട്ടെ എന്ന് കരുതാം. എന്നാൽ മന്ദാരങ്ങളെ അകത്തമ്മ ചമഞ്ഞ് നിൽക്കുന്നവരായി നിരീക്ഷിക്കുന്നത് താണതരം അഭിരുചിയാണ് പ്രകടമാക്കുന്നത്. അകത്തമ്മ, പുറത്തമ്മ തുടങ്ങിയ പദങ്ങൾ ഇതുപോലുള്ള കവിതകളിൽ കുപ്പിച്ചില്ലിൽ ചവിട്ടിയ അനുഭവമാണ് ഉണ്ടാക്കുന്നത്. സ്ത്രീ ഒരാഗോള ഉയർത്തെഴുന്നില്പിന്റെ തലത്തിലേക്ക് കടന്നത് കവി അറിഞ്ഞില്ല.
കടക്കണ്മുനയോ? പതിറ്റാണ്ടുകൾ പഴക്കമുള്ള ശൃംഗാര കവിതകളിൽ ആവർത്തിച്ചുപയോഗിച്ച ഈ പദം ഏഴാച്ചേരി യാതൊരു ചമ്മലുമില്ലാത എടുത്ത് പ്രയോഗിക്കുകയാണ്!
മഴപ്പുള്ളുകളോ? മഴയ്ക്ക് പല ഭാവങ്ങളുണ്ട്. അത് മനസിനെയല്ല തണുപ്പിക്കുന്നത്.
"ശീതകാലത്ത് എന്റെ മനസ് നിറയെ വേനലായിരുന്നു'വെന്ന് ഫ്രഞ്ച് നോവലിസ്റ്റ് ആൽബേർ കമ്യു എഴുതുന്നത് ആന്തരികാനുഭവങ്ങളുടെ ആഴം മനസിലാക്കിക്കൊണ്ടാണ്. ഒരു സാഹിത്യകലാകാരൻ അല്ലെങ്കിൽ കവി എഴുതേണ്ടത് ആന്തരികാനുഭവങ്ങളുടെ പ്രചോദനത്തിലാകണം. അല്ലാത്തതെല്ലാം പതിരാണ്.