
#പി.എ. മുഹമ്മദ് റിയാസ്, വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി
വിനോദസഞ്ചാര രംഗത്ത് കേരളം വലിയൊരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. ഉത്തരവാദിത്ത ടൂറിസത്തിലെ പങ്കാളിത്ത രാജ്യങ്ങളുടെ ആഗോള ഉച്ചകോടി ഈ കുതിച്ചുചാട്ടത്തിന് കൂടുതല്‍ കരുത്തും ദിശാബോധവും നല്കുന്നു. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസത്തെ അന്താരാഷ്ട്ര സമൂഹം ഇതിനോടകം അംഗീകരിച്ചു കഴിഞ്ഞതാണ്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്സിബിള് ടൂറിസം സംഘടിപ്പിക്കുന്ന ആഗോള ഉച്ചകോടിയുടെ ആദ്യവേദിയാകാന്‍ കേരളത്തിന് സാധിച്ചതുതന്നെ വലിയൊരു അംഗീകാരമാണ്. ആഗോള വിനോദസഞ്ചാര രംഗത്തെ പ്രധാനികളിലൊരാളും വിവിധ ട്രേഡ് ഷോകളുടെ അഡ്വൈസറുമായ ഹാരോള്‍ഡ് ഗുഡ്വിന് തയാറാക്കിയ 2022ലെ കേപ്ടൗണ്‍ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് ഇന്ന് ലോകമെമ്പാടും ഉത്തരവാദിത്ത വിനോദസഞ്ചാരം വളരുന്നത്. അതിന്റെ ചുവടുപിടിച്ചാണ് കേരളവും ഇത്തരമൊരു ഉച്ചകോടിക്ക് വേദിയായത്.
സുസ്ഥിര വിനോദസഞ്ചാരവും ഉത്തരവാദിത്ത വിനോദസഞ്ചാരവുമാണ് ഇന്ന് ലോകം അംഗീകരിച്ചിട്ടുള്ള രണ്ട് വിനോദസഞ്ചാര സങ്കേതങ്ങള്‍. സമൂഹത്തിനും സ്ഥലങ്ങള്‍ക്കും സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് ആദ്യത്തേതിന്റെ ലക്ഷ്യമെങ്കില്‍ ആ സുസ്ഥിരതയിലേക്കുള്ള സഞ്ചാരത്തില്‍ സമൂഹമെന്ന നിലയില്‍ നാം പുലര്‍ത്തേണ്ട ഉത്തരവാദിത്തങ്ങള്‍ ഉറപ്പാക്കുകയാണ് ഉത്തരവാദിത്ത വിനോദസഞ്ചാരം ചെയ്യുന്നത്. ഉത്പാദകരെന്ന നിലയിലും ഉപഭോക്താക്കളെന്ന നിലയിലും സുസ്ഥിര വിനോദസഞ്ചാരമെന്ന ആഗ്രഹ സാഫല്യത്തിനുള്ളതാണ് ഉത്തരവാദിത്ത ടൂറിസം. സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നീ 3 തൂണുകളിലാണ് ഇത് നിലനില്‍ക്കുന്നത്. വിനോദസഞ്ചാരത്തെ മികച്ചതാക്കാന്‍ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതിലൂടെ, നമുക്കുണ്ടാകുന്ന ഓരോ നേട്ടങ്ങളുടെ കാര്യത്തിലും സുതാര്യത പുലര്‍ത്താനാകും. വിനോദസഞ്ചാരത്തെ ഉപയോഗപ്പെടുത്തി പ്രാദേശിക ജനതയ്ക്ക് ജീവിക്കാന്‍ പറ്റിയ രീതിയിലും പുറത്തുള്ളവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയരീതിയിലും അതതുസ്ഥലങ്ങളുടെ പാരിസ്ഥിതിക സാധ്യതകള്‍ നശിക്കാതെ സൂക്ഷിച്ചും അതേസമയം അത് പരമാവധി ഉപയോഗപ്പെടുത്തിയും വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളെ സജ്ജമാക്കുന്ന പ്രവര്‍ത്തനം ഒരുപോലെ അതിഥികളുടേയും ആതിഥേയരുടേയും കൂട്ടായ്മ കൂടിയാണ്.
ഉത്തരവാദിത്ത ടൂറിസത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ 2 പതിറ്റാണ്ടിനു മുന്‍പ് തുടങ്ങിയെങ്കിലും തുടക്കത്തില്‍ കേരളത്തിന് പഠിക്കാനോ കൂടിയാലോചിക്കാനോ പ്രായോഗിക മാതൃകകളൊന്നും ഉണ്ടായിരുന്നില്ല. കോവളം (ബീച്ച്), കുമരകം (കായല്‍), തേക്കടി (വന്യജീവി സങ്കേതം), വയനാട് (ഹിൽ സ്റ്റേഷന്) എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാന്‍ 2008ല്‍ കേരള സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പ്രാദേശിക ജനതയുടെ പങ്കാളിത്തവും അവരുടെ ജീവിതനിലവാരത്തിലുണ്ടാകുന്ന മെച്ചപ്പെടലുകളും അനുഭവവേദ്യമായിത്തുടങ്ങിയെങ്കിലും 2017ല്‍ നോഡല്‍ ഏജന്‍സിയായി ഉത്തരവാദിത്ത ടൂറിസം മിഷന് രൂപീകരിക്കപ്പെട്ടതോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൈവന്നത്.
വിനോദസഞ്ചാരത്തില്‍ സാമൂഹിക പങ്കാളിത്തവും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കിയുള്ള പ്രാദേശിക വികസനമെന്ന സംസ്ഥാനനയം ഇപ്പോള്‍ പദ്ധതിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഉത്തരവാദിത്ത ടൂറിസത്തിന്റെ ആഗോള നേതൃത്വത്തിലേക്ക് കേരളത്തെ നയിക്കുകയും ചെയ്തു. നിലവിലുള്ളവ കൂടാതെ കൂടുതല്‍ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കപ്പെടുന്നതിലൂടെ കൂടുതല്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പുതിയ തൊഴില്‍മേഖലകള്‍ കണ്ടെത്താനാകും. അതുകൊണ്ടുതന്നെ അത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് പ്രത്യേക ഊന്നലാണ് സര്‍ക്കാര്‍ നല്‍കുന്നത്.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രധാന പദ്ധതികളായ "സ്ട്രീറ്റ്' (സസ്റ്റൈനബിള്‍, ടാന്‍ജിബിള്‍, റെസ്പോണ്സിബിള്, എക്സ്പീരിയന്റല്‍ എത്നിക് ടൂറിസം), "പെപ്പര്‍' (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്പോണ്സിബിള് ടൂറിസം) തുടങ്ങിയവ ഇതിനകം തന്നെ ആഗോള ശ്രദ്ധയും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. വിനോദസഞ്ചാരത്തെ ജലസംരക്ഷണവുമായി ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2022ലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് പുരസ്കാരം കേരള ടൂറിസത്തിനു ലഭിച്ചിരുന്നു.
2008ലെ കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രഖ്യാപനം പരിഷ്കരിക്കുന്നതിനും സംസ്ഥാനത്തുടനീളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും ഉച്ചകോടി സഹായകമായിട്ടുണ്ട്. പരിസ്ഥിതി സൗഹൃദവും പ്രതിരോധശേഷിയുള്ളതുമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാനും സ്ത്രീ ശാക്തീകരണത്തിലും സ്ത്രീ സൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങളിലും ഊന്നല്‍ നല്‍കാനും ആഗോളതലത്തില്‍ ടൂറിസം പ്രാക്റ്റീഷണര്മാരുടെയും പ്രൊമോട്ടര്‍മാരുടെയും ഒരു ശൃംഖല സൃഷ്ടിക്കാനും കൂടുതല്‍ അറിവ് നേടുന്നതിനും ഈ ഉച്ചകോടിയിലൂടെ സാധിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധികളും വിവിധ ലോകരാജ്യങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലേയും വിനോദസഞ്ചാര മേഖലകളിലെ മുന്‍നിരക്കാരും ഉള്‍പ്പെടെ മുന്നൂറിലേറെപ്പേര്‍ പങ്കെടുത്ത ഉച്ചകോടി പരസ്പരമുള്ള പങ്കുവയ്ക്കലിനു കൂടിയുള്ളതായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെട്ട രീതികളും കേരളത്തിനു മുന്നിലും കേരളത്തിന്റെ മാതൃകകള്‍ അവര്‍ക്കു മുന്നിലും അവതരിപ്പിക്കപ്പെട്ടു. മറ്റുള്ളവരുടെ മികച്ച മാതൃകകള്‍ നമ്മുടേതായ രീതിയില്‍ അവലംബിക്കാനും കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഐക്യരാഷ്ട്ര സഭയുടെ വിമന്‍ ഓണ്‍ വുമണ്‍ ഫ്രണ്ട്ലി ടൂറിസവുമായുള്ള സഹകരണത്തിന് തുടക്കമിടുന്നതിനും ഈ ഉച്ചകോടി വേദിയായി. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാനും പെണ്‍കുട്ടികളുടെ ഉന്നമനത്തിനുള്ള പദ്ധതികള്‍ വനിതാസൗഹൃദ വിനോദസഞ്ചാരമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ്. ടൂറിസം വ്യവസായത്തില്‍ സമൂലമായ മാറ്റം കൊണ്ടുവരാനും സംസ്ഥാന ടൂറിസത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താനും ഇതിലൂടെ സാധിക്കും.
ലോക വിനോദസഞ്ചാര മേഖലകളെ ഒരുമിപ്പിച്ച് ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിന് ആഗോള ഉത്തരവാദിത്ത വിനോദസഞ്ചാര ഉച്ചകോടിയിലൂടെ സാധിക്കും. ഉത്തരവാദിത്ത വിനോദസഞ്ചാര മിഷന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനായി അതിനെ ഒരു സൊസൈറ്റിയായി മാറ്റാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതിനു തൊട്ടുപിന്നാലെ വന്ന ഉച്ചകോടി കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പരിശീലനക്കളരിയായിരുന്നു.