
#തുഷാര്‍ വെള്ളാപ്പള്ളി
ഇന്ത്യാ മഹാരാജ്യത്തിനു വഴികാട്ടിയായ ചരിത്രമുള്ള സംസ്ഥാനമാണ് കേരളം. പക്ഷേ, പുതിയ ഇന്ത്യയില്‍ കേരളത്തിന്റെ സ്ഥാനം വളരെ പിന്നിലാണ്. വികസന കാഴ്ചപ്പാടിലെ പഴഞ്ചൻ ശൈലിയും പിന്തിരിപ്പന് രാഷ്ട്രീയവും തന്നെയാണ് കാരണം.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം കൊണ്ടുവന്ന ലോകത്തെ വിസ്മയിപ്പിച്ച വികസന പദ്ധതികളിലൊന്നും കേരളം പങ്കാളിയായില്ല. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും എക്സ്പ്രസ് ഹൈവേകളിലും വിമാനത്താവളങ്ങളിലും റെയ്ല്‍വേയിലും ആധുനികവത്കരണത്തിനും വിവിധ ക്ഷേമ പദ്ധതികൾക്കും ഉള്‍പ്പടെ ലക്ഷക്കണക്കിനു കോടി രൂപയാണ് വിനിയോഗിക്കുന്നത്. കേരളം അതില്‍ നിന്നൊക്കെ മാറി നിന്ന് മോദി സര്‍ക്കാരിനെ പരിഹസിച്ച് സമയവും സാധ്യതകളും നഷ്ടപ്പെടുത്തുകയാണ്.
സംസ്ഥാനത്തെ വാണിജ്യ, വ്യവസായ മേഖലകള്‍ തകര്‍ന്നടിഞ്ഞു. വന്‍കിട ഫാക്റ്ററികള്‍ ഒന്നൊന്നായി പൂട്ടി, കൃഷി ഉള്‍പ്പടെ പരമ്പരാഗത തൊഴില്‍ മേഖലകളെല്ലാം നാമാവശേഷമായി. വിദ്യാസമ്പന്നരായവർ നാടുവിട്ടു പോകുന്നു. അഴിമതിയും കെടുകാര്യസ്ഥതയും മാത്രമാണ് ഏതു രംഗത്തും കാണാനുള്ളത്. ബ്രഹ്മപുരം മാലിന്യത്തിലെ തീപിടിത്തം പോലെ കേരളത്തെ അന്താരാഷ്ട്ര തലത്തില്‍ തന്നെ മാനം കെടുത്തിയ സംഭവങ്ങള്‍ അരങ്ങേറുന്നതിനു പിന്നിലെ രഹസ്യവും നാറുന്ന അഴിമതിക്കഥകളാണ്. ഇതെല്ലാം കണ്ടുമടുത്ത കേരളത്തിലെ ജനങ്ങള്‍, വിശേഷിച്ച് യുവതലമുറ ഭരണ, രാഷ്ട്രീയ രംഗങ്ങളില്‍ വലിയൊരു മാറ്റത്തിനു വേണ്ടി കാത്തിരിക്കുന്ന സന്ദര്‍ഭമാണിത്.
സംസ്ഥാനത്ത് ഇടതു, വലതു മുന്നണികള്‍ക്കുള്ള ബദലാണു മൂന്നാം മുന്നണിയായ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ). ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയിലെ പ്രബല ഘടകകക്ഷിയാണ് ഭാരത ധര്‍മജന സേന (ബിഡിജെഎസ്). നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിഡിജെഎസിന്റെ പ്രസക്തി ഏറെ നിര്‍ണായകമാണ്.
ദേശീയ ജനാധിപത്യ സഖ്യത്തെ സംസ്ഥാനത്തെ പ്രബലമായ മുന്നണിയാക്കി മാറ്റിയതില്‍ ബിഡിജെഎസിന് സുപ്രധാന പങ്കുണ്ട്. സമ്പൂര്‍ണവും സമഗ്രവുമായ വികസനം സാധ്യമാക്കാന്‍ വ്യക്തമായ കര്‍മ പദ്ധതിയുമായാണ് എന്‍ഡിഎ ജനങ്ങളെ സമീപിക്കുന്നത്.
വികസിത രാജ്യങ്ങളുടെ തോളൊപ്പമോ ഒരടി മുന്നിലോ ആണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം. അതിന് വഴിവച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവനാപൂര്‍ണമായ നിലപാടുകളും കര്‍മകുശലതയുമാണ്. ബ്രിട്ടനെയും പിന്നിലാക്കി ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ജി20 പോലെ വികസിത രാജ്യങ്ങളുടെ സംഘടനയുടെ നേതൃസ്ഥാനം അലങ്കരിക്കാന്‍ നരേന്ദ്ര മോദി എത്തുന്നതും നാം കണ്ടു.
ലോകം നടുങ്ങി വിറച്ച കൊവിഡ് മഹാമാരിക്കാലത്ത് ശക്തമായ കേന്ദ്ര സര്‍ക്കാരും കരുത്തനായ പ്രധാനമന്ത്രിയും ചേര്‍ന്ന് ഇന്ത്യയെ നയിച്ചത് ലോകരാജ്യങ്ങള്‍ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. മോദി കാഴ്ചവച്ച വാക്സിന് നയതന്ത്രം ആധുനിക ലോകത്ത് ഇന്ത്യയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ പല രാജ്യങ്ങളും തകര്ന്നടിച്ചപ്പോള് കരുത്തോടെ നിന്നു ഭാരതം. തകർച്ചയിൽ നിന്നു ശ്രീലങ്കയെ കൈപിടിച്ചുയര്‍ത്താനും ഇന്ത്യയ്ക്കായി. ഇതെല്ലാം ലോകത്തിന് മുന്നില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നേട്ടങ്ങളായിരുന്നു.
ലക്ഷക്കണക്കിനു കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് രാജ്യമെങ്ങും ദൃശ്യമാകുന്നത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കര്‍ണാടകത്തിലെ മൈസൂര്‍ - ബംഗളൂരു 10 വരി എലിവേറ്റഡ് എക്സ്പ്രസ് ഹൈവേയാണ് ആ പരമ്പരയിലെ അവസാന ഉദാഹരണം. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുമായി അവിശ്വസനീയമായ ക്ഷേമപ്രവര്‍ത്തനങ്ങളും മോദി സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നുണ്ട്.
പക്ഷേ, കേരളം മാത്രം ഇതില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയാണ്. വികസനത്തിലും രാഷ്ട്രീയം കലര്‍ത്തുന്നതിനാല്‍ പല കേന്ദ്ര പദ്ധതികളുടേയും ഗുണഫലങ്ങള്‍ കേരളത്തിന് ലഭിച്ചിട്ടില്ല. ആരോഗ്യ രംഗത്ത് മികച്ച പാരമ്പര്യം ഉണ്ടായിരുന്നിട്ടും പകര്‍ച്ച വ്യാധികള്‍ ഒഴിയാറില്ല, നമ്മുടെ സംസ്ഥാനത്ത്.
പിന്‍വാതില്‍ നിയമനവും പട്ടിണിമരണങ്ങളും കസ്റ്റഡി മരണങ്ങളും സംസ്ഥാനത്ത് വിഷയമേയല്ല. ആള്‍ക്കൂട്ട ആക്രമണങ്ങളും ലൈംഗിക പീഡന പരമ്പരകളും അട്ടപ്പാടിയിലെ ശിശുമരണങ്ങളും ആദിവാസി ജനതയുടെ ദുരിത ജീവിതകഥകളും സംസ്ഥാനത്തെ രാജ്യത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തുന്നു.
പ്രധാന പ്രതിപക്ഷമായ യുഡിഎഫ് ആകട്ടെ, അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുകയും ചൂട്ടുപിടിക്കുകയും ചെയ്യുകയായിരുന്നു. കേന്ദ്ര വിരുദ്ധതയുടെ പേരുപറഞ്ഞ് ഇരുകൂട്ടരും പിന്നണിയില്‍ ഒറ്റക്കെട്ടാണു താനും. ത്രിപുരയില്‍ സഖ്യകക്ഷികളായ സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ പ്രധാന ശത്രുക്കളാണ്. കേരളത്തിലെ ജനങ്ങളോട് ഇരുകൂട്ടരും കാണിക്കുന്ന രാഷ്ട്രീയ വഞ്ചനയ്ക്ക് അറുതി വരുത്താനുള്ള അവസരമാണ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ്.
കേരളത്തിൽ നിന്ന് അഴിമതിയും അക്രമവും ഒത്തുതീര്‍പ്പു രാഷ്ട്രീയവും ഇല്ലാതാക്കാനുള്ള, വിശുദ്ധിയുടെ രാഷ്ട്രീയമാണ് എന്‍ഡിഎ മുന്നോട്ടുവയ്ക്കുന്നത്. മോദി സര്‍ക്കാര്‍ കാണിച്ചു തരുന്ന അഴിമതി രഹിത, വികസന രാഷ്ട്രീയമാണ് കേരളത്തിന് ഇന്നാവശ്യം. വികസനത്തിന് ആവശ്യം പ്രീണനമല്ല, തുല്യനീതിയാണ്.
ജനങ്ങളെ തമ്മിലടിപ്പിക്കാനും വിദ്വേഷത്തിന്റെ വിത്തുപാകാനുമാണ് കേരളത്തിലെ മുന്നണികള്‍ പരിശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനായി എന്‍ഡിഎയും അതിന്റെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസും വിപുലമായ തയാറെടുപ്പുകളിലാണ്. വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നും മുന്നിലില്ല. അതിനുള്ള സാഹചര്യം സൃഷ്ടിക്കാനും രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാനും ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് സംസ്ഥാനതല ഏകദിന പഠനശിബിരം സംഘടിപ്പിക്കുകയാണ്.
ബിഡിജെഎസ് മണ്ഡലം ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ശിബിരം നാളെ രാവിലെ 10ന് ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷാണ് ഉദ്ഘാടനം ചെയ്യുക.
(എന്‍ഡിഎ സംസ്ഥാന കണ്‍വീനറും,
ബിഡിജെഎസ് അധ്യക്ഷനുമാണ് ലേഖകന്‍)