
ഒൻപത് സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പും 2024ൽ പാർലമെന്റ് തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റ് ഒരു തെരഞ്ഞെടടുപ്പ് ബജറ്റ് ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. വ്യക്തിഗത വരുമാനം നികുതിഘടനയിൽ വിഭാവനം ചെയ്യുന്നതിനെ ആശ്രയിച്ചാണ് പലപ്പോഴും ഒരു ബജറ്റ് പോപ്പുലർ ആകുന്നത്. പൂർണമായും ഒരു ജനകീയ ബജറ്റാണ് ഇതെന്ന് പറയാൻ കഴിയില്ല.
പഴയ വ്യക്തിഗത നികുതി, പുതിയ വ്യക്തിഗത നികുതി എന്നീ രണ്ട് തട്ടിലായി ആദായ നികുതി നിരക്ക് തരം തിരിച്ചിരിക്കുന്നു. പഴയ നികുതി ഘടന സ്വീകരിക്കുന്നവർക്ക് പുതിയതിന്റെ ആനുകൂല്യം ലഭ്യമല്ല. പഴയ വ്യക്തിഗത നികുതിയിൽ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ ചെലവ്, വീടുകളുടെ വാടക, ഭവനവായ്പ തിരിച്ചടവ്, എൽഐസി അടവ് ഇവയ്ക്കെല്ലാം ആദായ നികുതി ഇളവ് നേടാമായിരുന്നു.
പുതിയ നികുതി ഘടനയിൽ മൂന്നു ലക്ഷം രൂപ വരെ ആദായനികുതി നൽകേണ്ടതില്ല. 3-6 വരെ 5 ശതമാനം, 6-9 വരെ 10 ശതമാനം, 9-12 വരെ 15ശതമാനം, 12-15 വരെ 20 ശതമാനം, അതിനു മുകളിൽ 30 ശതമാനവുമാണ്. പഴയ നികുതിയിൽ 5 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി അടയ്ക്കേണ്ട എന്നാണെങ്കിൽ പുതിയ നികുതിയിളവ് പരിധി 7 ലക്ഷമാണ്. എന്നാൽ പുതിയ നികുതി ഘടനയിലേക്ക് മാറുന്നവർക്കു മാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളൂ. ഈ നിർദേശം കാണിക്കുന്നത് വ്യക്തിഗത സമ്പാദ്യത്തെ സർക്കാർ പ്രോൽസാഹിപ്പിക്കുന്നില്ല എന്നതാണ്. സമ്പാദ്യം വേണ്ട, പണം കൂടുതൽ വിനിയോഗിക്കുക എന്നത് പൊതുവിപണിയിൽ കൂടുതൽ പണമെത്താൻ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
സുസ്ഥിര വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് അവതരണ വേളയിൽ ധനകാര്യ മന്ത്രി സൂചിപ്പിച്ചു. 2047 വരെയുള്ള ഇന്ത്യയുടെ വളർച്ചയാണ് ബജറ്റിൽ മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.
കേരളം പോലെയുള്ള സംസ്ഥാനങ്ങൾ പ്രതീക്ഷിച്ചിരുന്ന പല വികസന പദ്ധതികളെക്കുറിച്ചും യാതൊരു വ്യക്തതയുമായിട്ടില്ല. 5,300 കോടി രൂപ ജലസേചന പദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ളത് കർണാടകയ്ക്ക് മാത്രമാണ്.
ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയുള്ള രാജ്യമായി ഇന്ത്യ വളർന്നിരിക്കുന്നു എന്നതിൽ സർക്കാർ അഭിമാനം കൊള്ളുന്നു. 9.6 കോടി എൽപിജി കണക്ഷൻ നൽകാനും, 22 കോടി ജനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകാനും കഴിഞ്ഞുവെന്ന് പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.
7 സൂചികകളിലായിട്ടാണ് ബജറ്റിലെ എല്ലാ വികസന നിർദേശങ്ങളും വന്നിട്ടുള്ളത്. സമൂഹത്തിൽ പിന്നിൽ നിൽക്കുന്ന വിഭാഗങ്ങളെ കൈപിടിച്ചുയർത്താൻ വിവിധ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. പരമ്പരാഗത കരകൗശലക്കാർക്കും, സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭകർക്കും (എംഎസ്എംഇ) ഉദാരമായ സാമ്പത്തിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
• കാർഷിക മേഖലയ്ക്കും, ഹോർട്ടി കൾച്ചറിനും 2.200 കോടി രൂപയും, അനിമൽ ഹസ്ബൻഡറി, ഫിഷറീസ് ഉൾപ്പെടെയുള്ള മേഖലയ്ക്ക് 20 ലക്ഷം കോടി രൂപയും മാറ്റിയിട്ടുണ്ട്.
• മത്സ്യകൃഷിക്കായി 6,000 കോടി രൂപയുടെ നീക്കിയിരിപ്പ്.
• ബയോഗ്യാസ് പ്ലാന്റ്, ബയോഗ്യാസ് മാനുവർ ഉൾപ്പെടെ കാർഷിക അടിസ്ഥാന വികസനത്തിന് 10 ലക്ഷം കോടി. 10,000 ബയോ ഇന്പുട് റിസോഴ്സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങും.
• 81 കോടി പാവപ്പെട്ട ജനങ്ങൾക്കു 5 കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകിവരുന്നപദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി.
• ആദിവാസി മേഖലയിലുള്ള അരിവാൾ രോഗം പൂർണമായും മാറ്റിയെടുക്കാനുള്ള ശ്രമം ഉണ്ടാകും. 2047ഓടെ അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും.
• ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ധാന്യശേഖര സംവിധാനം കൂടുതൽ മെച്ചപ്പെടുത്തും.
• നമ്മുടെ നഴ്സുമാർക്ക് രാജ്യവ്യാപകമായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ലഭിച്ചുള്ള അംഗീകാരം പ്രയോജനപ്പെടുത്തുന്നതിന് 157 പുതിയ നഴ്സിങ് കോളെജുകള്‍ ആരംഭിക്കും .
• വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം കണക്കിലെടുത്ത് അധ്യാപകർക്ക് ട്രെയിനിങ് നൽകുന്നതിന് താലൂക്ക് അടിസ്ഥാനത്തിൽ പുതിയ സംവിധാനം വരുന്നു.
• ആധുനിക ഡിജിറ്റൽ ലൈബ്രറി സംവിധാനത്തിലൂടെ കുട്ടികൾക്കും ചെറുപ്പക്കാർക്കും വിജ്ഞാന ശേഖരണത്തിനുള്ള സംവിധാനം ഉണ്ടാക്കും
• എല്ലാ മേഖലകളിലും പ്രൊഫഷനലിസം കൊണ്ടുവരുന്നതിന് ഡിജിറ്റൈസേഷൻ നടപ്പാക്കും.
• പുതിയതായി 50 വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും നിര്‍മിക്കും.
• വിനോദ സഞ്ചാര മേഖലയില്‍ 50 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.
• ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും
• റെയ്ൽവേയിൽ 2.4 ലക്ഷം കോടി രൂപയുടെ വികസനം.
• നഗരങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. നഗരവികസനത്തിന് വേണ്ടി പ്രത്യേക പ്രിൻസിപ്പൽ ബോണ്ട് ഇറക്കും.
• കോസ്റ്റൽ ഷിപ്പിങ് പ്രോത്സാഹിപ്പിക്കും. റോഡ് ട്രാൻസ്പോർട്ടിങ് രംഗത്തുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും കാർഗോ ട്രാൻസ്പോർട്ടേഷൻ കൂടുതൽ ലാഭകരമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
• സ്വര്‍ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയുടെ വില വര്‍ധിക്കുമ്പോൾ മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിങ് കോയില്‍ എന്നിവയ്ക്ക് വില കുറയും.
കൂടുതൽ വിശദമായ റിപ്പോർട്ടുകൾ ഓരോ വകുപ്പുമായി ബന്ധപ്പെട്ടു കൊണ്ട് പിന്നാലെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സന്ദർഭത്തിലാണ് ഓരോ സംസ്ഥാനങ്ങൾക്കും എന്തൊക്കെ വികസന പദ്ധതികൾ ലഭ്യമാകും എന്ന് മനസിലാക്കാൻ കഴിയുക.
ഇതൊക്കെയാണെങ്കിലും, ബജറ്റിനു ശേഷം വിപണിയിൽ വലിയ കുതിപ്പുണ്ടായിട്ടുണ്ട്. രൂപയുടെ മൂല്യം ഉയർന്നു എന്നുള്ളതും ശ്രദ്ധേയമാണ്.
(ദീർഘകാലം പാർലമെന്റ് അംഗവും മുൻ കേന്ദ്ര- സംസ്ഥാന മന്ത്രിയുമായ ലേഖകൻ, ഇപ്പോൾ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാണ്).