
# എം ബി സന്തോഷ്
വന്ദേഭാരത് എക്സ്പ്രസിന്റെ കന്നിയാത്രയിൽ പങ്കാളിയായപ്പോൾ അതിൽ ഏറ്റവും ഇഷ്ടപ്പെട്ടതെന്താണെന്ന് ചോദിച്ച ഒന്നിലേറെപ്പേരോട് നൽകിയ മറുപടി ഇതാണ്: "ഓരോ മണിക്കൂറിലുമുള്ള വണ്ടി വൃത്തിയാക്കൽ!'
ജനശതാബ്ദി തുടങ്ങിയപ്പോഴും ഇടയ്ക്കിടയ്ക്ക് ബോഗി വൃത്തിയാക്കുന്നവരെ കാണാനുണ്ടായിരുന്നു. പിന്നീട്, അവർ എങ്ങോ അപ്രത്യക്ഷരായി! എക്സ്പ്രസ് ട്രെയ്നുകളിൽ ഭിന്നശേഷിക്കാരും ഭിക്ഷക്കാരും വൃത്തിഹീനമായ നിലം തുടച്ചശേഷം പണത്തിന് കൈനീട്ടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഇപ്പോഴും, അത്തരം ട്രെയ്നുകളുടെ അവസ്ഥ വളരെ ദയനീയമാണ്.
വന്ദേഭാരത് എക്സ്പ്രസ് ട്രെയ്നിലെ യാത്രയ്ക്കു ശേഷം തിരിച്ചുവന്നത് അന്തർ സംസ്ഥാന എക്സ്പ്രസുകളിലൊന്നിലാണ്. അതിലെ എസി കോച്ചിലേയ്ക്ക് കയറുമ്പോഴേ മൂത്രപ്പുരയിൽ നിന്നുള്ള വാട മൂക്കു തുളച്ചെത്തി. ബോഗികളാണെങ്കിൽ വൃത്തിഹീനം. പതിവുപോലെ തന്നെ ടോയ്ലെറ്റുകളിലുൾപ്പെടെ വെള്ളമില്ല..!
ഈ ട്രെയ്നിലുൾപ്പെടെ മിക്ക ട്രെയ്നുകളിലും ശുചീകരണത്തിന് കരാറെടുത്തവരുണ്ട്. അവർക്ക് വലിയ തുകയാണ് നൽകുന്നത്. എന്നിട്ടും ഇങ്ങനെ വൃത്തിഹീനമായി ടോയ്ലെറ്റും ബോഗികളും തുടരുന്നെങ്കിൽ അതിന് ഉത്തരവാദികളാരാണ്? ഇത് കൃത്യമായി പരിപാലിക്കാൻ ചുമതലപ്പെട്ടവർ അതിന് മുതിരുന്നില്ല എന്നല്ലേ അതിന്റെ അർഥം? അതെന്തുകൊണ്ടാവും എന്നാലോചിച്ചു നോക്കൂ. അവിടെയാണ് കൈക്കൂലിയുടെയും അഴിമതിയുടെയും കാണാച്ചരടുകളുള്ളത്. കരാർ ട്രെയ്ൻ വൃത്തിയായി സൂക്ഷിക്കാനാണ്. അത് വൃത്തിയായി സൂക്ഷിക്കാൻ 10 പേർ വേണമെന്ന് വിചാരിക്കുക. അത് പകുതിയായി കുറച്ചാൽ കരാറുകാരന്റെ ലാഭമെത്ര? അതിന്റെ ഒരു വിഹിതം വാങ്ങി പരിശോധിക്കാൻ ചുമതലപ്പെട്ടവർ കണ്ണടയ്ക്കുമ്പോൾ രണ്ടു കൂട്ടർക്കും സന്തോഷം. മൂക്കുപൊത്തി അതിൽ യാത്ര ചെയ്യാൻ പണം മുടക്കുന്ന യാത്രക്കാരുടെ അവകാശം ആര് പരിഗണിക്കുന്നു!
വന്ദേഭാരതിനെക്കുറിച്ച് എഴുതിത്തുടങ്ങാൻ ഈ അനുഭവം എടുത്തത് മനഃപൂർവമാണ്. കേരളത്തിലോടുന്ന ഏറ്റവും വേഗതയേറിയതും ആധുനികവുമായ ഈ ട്രെയ്ൻ നാളെ ഗതികേടു കൊണ്ട് സഞ്ചരിക്കാൻ നിർബന്ധിതമാവുന്ന ഒന്നായി മാറാൻ പാടില്ല. ഇപ്പോഴത്തെപ്പോലെ ആവേശമായി നിലനിൽക്കണമെങ്കിൽ വൃത്തിയും സൗകര്യങ്ങളും കുറയാൻ പാടില്ല. ജനശതാബ്ദിയിൽ പെട്ടെന്ന് അവസാനിച്ച വൃത്തിയാക്കൽ ഇതിൽ ആവർത്തിക്കരുത്. ചെന്നൈ മെയിലും ശബരിയും നേത്രാവതിയും ജയന്തി ജനതയും ഹിമസാഗറും ഉൾപ്പെടെയുള്ള ട്രെയ്നുകളിലെ ദുരിതം ഇതിലേക്കു പകർത്താൻ പാടില്ല.
ഫെബ്രുവരി 11നാണ് "തിരുവനന്തപുരം- മഗളൂരു റൂട്ടിൽ വന്ദേഭാരത്'എന്ന വാർത്ത മെയിൻ സ്റ്റോറിയായി "മെട്രൊ വാർത്ത'യിൽ ഈ ലേഖകന്റെ പേരിൽ അച്ചടിച്ചുവന്നത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ട്രെയ്ൻ ഓടിത്തുടങ്ങണമെന്ന കർണാടക ബിജെപിയുടെ താല്പര്യത്തെതുടർന്ന് എൻജിനീയറിങ് വിഭാഗം അതിനുള്ള നടപടികൾ തുടങ്ങിയ സാഹചര്യത്തിലായിരുന്നു ആ വലിയ വാർത്ത. ആരും പ്രതീക്ഷിച്ചതല്ല വന്ദേഭാരതിന്റെ ഇപ്പോഴത്തെ വരവ്. പ്രത്യേകിച്ചും അടുത്തെങ്ങും കേരളത്തിൽ ഒരു തെരഞ്ഞെടുപ്പുമില്ല. അതുകൊണ്ടുതന്നെ ആ വാർത്ത പ്രസിദ്ധീകരിച്ച് അധികം കഴിയും മുമ്പ് പാർലമെന്റിൽ കേരളത്തിന് വന്ദേഭാരത് ഇല്ലെന്ന് റെയ്ൽ മന്ത്രി പ്രഖ്യാപിച്ചു. ആ വാർത്ത ഉണ്ടാക്കിയ സമ്മർദം വളരെ വലുതായിരുന്നു. പക്ഷെ, വാർത്ത തന്ന ആൾ (സോഴ്സ് എന്ന് മാധ്യപ്രവർത്തകരുടെ ഭാഷ) ഉറച്ച നിലപാടിലായിരുന്നു. "നിങ്ങളുടെ വാർത്ത ശരിയായിവരും' എന്ന കടുത്ത ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം.
13ന് രാത്രി 9 മണിയോടെ അദ്ദേഹം വിളിക്കുന്നു: "ഇന്നു രാത്രി വന്ദേഭാരത് റാക്കുകൾ കേരളത്തിലേക്കു വരികയാണ്. 11 മണിക്ക് ചെന്നൈയിൽ നിന്ന് തിരിക്കും.' അവസാനഘട്ട മിനുക്കുപണികൾ നടത്തുന്ന വന്ദേഭാരതിന്റെ ചിത്രവും അയച്ചുതന്നു.11 മണി വരെ കാത്തിരിക്കാനാവില്ല. അതിനുമുമ്പ് പേജ് പ്രസിൽ പോയേ മതിയാവൂ. എഡിറ്റോറിയൽ വിഭാഗം കട്ടയ്ക്ക് കൂടെനിന്നു. അടുത്ത ദിവസം അഭിമാന വാർത്ത അച്ചടിച്ചുവന്നു.
ആദ്യമായാണ് ഒരു ട്രെയ്നിന്റെ കന്നിയാത്രയിൽ പങ്കാളിയായത്. ഇതിനുമുമ്പ് അമൃത എക്സ്പ്രസിന്റെയും രാജധാനിയുടെയും കന്നിയാത്രകളിൽ പോകാൻ അവസരം കിട്ടിയതാണെങ്കിലും പ്രയോജനപ്പെടുത്തിയിരുന്നില്ല. പക്ഷെ, ഇത്തവണ വന്ദേഭാരതിന്റെ ആദ്യയാത്രയിൽ പോയേ മതിയാവൂ എന്ന് തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി വീശാൻ എത്തുമെന്നതിനാൽ 8 മണിക്കു മുമ്പു തന്നെ ട്രെയ്നിനകത്ത് കയറേണ്ടിവന്നു. അത് നന്നായി. ട്രെയ്നിന്റെ സൗകര്യങ്ങൾ വിശദമായി കാണാനായി.
ആകെയുള്ള 16 ബോഗികളിലെ ചെയര്‍ കാറുകളിലും എക്സിക്യൂട്ടീവ് ചെയര്‍ കാറുകളിലുമായി 1,126 പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. അർധവൃത്താകൃതിയിൽ തിരിഞ്ഞ് പുറത്തെ കാഴ്ചകൾ കാണാനാവുന്ന സീറ്റുകളാണ് എക്സിക്യൂട്ടീവ് ക്ലാസിലുള്ളത്. സീറ്റുകള്‍ക്കിടയില്‍ മൊബൈല്‍, ലാപ്ടോപ്പ് തുടങ്ങിയവ ചാര്‍ജ് ചെയ്യാം. മുന്നിലെ സീറ്റിലെ പിന്‍ഭാഗത്തായി ഇരിപ്പിടത്തിനു മുന്നില്‍ ഭക്ഷണം സൂക്ഷിക്കാനുള്ള ഇടമുണ്ട്. മറ്റ് തീവണ്ടികളിലെല്ലാം ഒറ്റ പാന്ട്രിയാണെങ്കില് ഇതില്‍ എല്ലാ കോച്ചുകളിലും സൈഡ് പാന്‍ട്രിയുണ്ട്. എല്ലാ ബോഗികളിലും സുരക്ഷാ ക്യാമറകളുണ്ട്. അറിയിപ്പുകള്, ബോഗി നമ്പര്‍, അടുത്ത സ്റ്റേഷന്, വണ്ടിയുടെ വേഗം, സുരക്ഷാ മുന്നറിയിപ്പുകള്‍ എന്നിവ തെളിയുന്ന എൽഇഡി ബോർഡിനു പുറമെ അനൗൺസ്മെന്റും കേൾക്കാം. കാഴ്ചപരിമിതര്‍ക്ക് സീറ്റ് നമ്പറും മറ്റും മനസിലാക്കാൻ സീറ്റിന്റെ വശങ്ങളില് ബ്രെയ്ലി ലിപിയില്‍ നമ്പര്‍ എഴുതിയിട്ടുണ്ട്.
വന്ദേഭാരതിൽ ഓടിക്കയറാനാവില്ല. വാതിൽ അടഞ്ഞുകഴിഞ്ഞ ശേഷമേ ട്രെയ്ൻ പുറപ്പെടുകയുള്ളൂ. ഒരു ബോഗിയിൽ കയറിയാൽ അങ്ങേയറ്റം വരെ പോവാമെങ്കിലും ഓരോ ബോഗിയിലും സെൻസർ അധിഷ്ഠിത ഓട്ടോമറ്റിക് സ്ലൈഡിങ് വാതിലുണ്ട്. ചങ്ങല വലിയ്ക്കാമെങ്കിലും നിർത്തില്ല. അതിനുള്ള ബട്ടൺ സീറ്റിനടുത്തുണ്ട്. അത് അമർത്തിയാൽ ആ ആളുമായി ലോക്കോ പൈലറ്റിന് സംസാരിക്കാവുന്ന സംവിധാനമുള്ളതിനാൽ അതിനു ശേഷമേ നടപടി ഉണ്ടാകൂ.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്. വ്യാഴാഴ്ചകളിൽ സര്‍വീസ് ഇല്ല. രാവിലെ 5.20നു തിരുവനന്തപുരം സെന്‍ട്രല്‍ റെയ്ൽവെ സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന ട്രെയ്ൻ ഉച്ചയ്ക്ക് 1.25ന് കാസർഗോഡെത്തും. തിരികെ ഉച്ചയ്ക്ക് 2.30ന് തിരിച്ച് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം- കാസർഗോഡ് ചെയർ കാറില്‍ 1,590 രൂപയും എക്സിക്യുട്ടീവില്‍ 2,880 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണമുൾപ്പെടെയാണിത്. മടക്കയാത്രയില്‍ നിരക്കിളവുണ്ട്. ചെയർ കാറില്‍ 1,520 രൂപയും എക്സിക്യൂട്ടീവില്‍ 2,815 രൂപയും നൽകിയാൽ മതി. കാസര്‍ഗോട്ടേയ്ക്ക് പോകുമ്പോള്‍ പ്രഭാത, ഉച്ച ഭക്ഷണം നൽകും. തിരിച്ചുവരുമ്പോൾ വൈകുന്നേരം ലഘുഭക്ഷണവും അത്താഴവുമേ വിതരണമുള്ളൂ എന്നതിനാലാണ് നിരക്കിളവ്.
ഇനി, ഷൊർണൂരിൽ വന്ദേഭാരതിന്റെ കന്നിയാത്രയിൽ പോസ്റ്റർ പതിച്ചതിനെപ്പറ്റി എഴുത്തുകാരനും ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ മധുശങ്കർ മീനാക്ഷി കുറിച്ചത്:
"മലയാളി അവന്റെ പ്രാകൃത ജന്മവാസനകളിൽ നിന്ന് ഒരിക്കലും മുക്തനല്ല. എംപി പറഞ്ഞിട്ടാകില്ല ഈ തോന്നിവാസം എന്നു വിശ്വസിക്കാനേ തരമുള്ളൂ. ഒരു പുതിയ ചുമരു കണ്ടാൽ മൂത്രമൊഴിക്കാൻ തോന്നുന്നത് ശുനക ജന്മങ്ങൾക്കു പറഞ്ഞതാണ്. കഷ്ടം...!'