
#ഗജേന്ദ്ര സിങ് ഷെഖാവത്ത്, കേന്ദ്ര ജലശക്തി മന്ത്രി
"പൊതുസമൂഹത്തിന്റെ ദുരന്തം' അഥവാ ട്രാജഡി ഓഫ് കോമൺസ് എന്ന് വിളിക്കപ്പെടുന്ന ഒരു സാമ്പത്തിക തത്ത്വത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്ഭവം കണ്ടെത്താനാകും. വ്യക്തികൾക്ക് ഒരു പൊതു വിഭവത്തിലേക്ക് പ്രവേശനം ലഭിക്കുമ്പോൾ, അവർ സ്വന്തം താത്പര്യസംരക്ഷണം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുകയും, അത് മറ്റുള്ളവരിൽ ചെലുത്തുന്ന സ്വാധീനം അവഗണിച്ച് സ്വാർഥനിഷ്ഠമായി തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. ഈ മാനുഷിക പ്രവണത നമ്മുടെ പൊതു വിഭവമായ ഭൂമിയെ കാലാവസ്ഥാ വ്യതിയാനം എന്ന വിപത്തിലേക്ക് നയിച്ചു.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2021ൽ ഗ്ലാസ്ഗോയിൽ നടന്ന COP26 ഉച്ചകോടിയെ അഭിസംബോധന ചെയ്യുമ്പോൾ ഇക്കാര്യം എടുത്തു പറഞ്ഞു. അദ്ദേഹം മുന്നോട്ടുവച്ച "പരിസ്ഥിതി സൗഹൃദ ജീവിത ശൈലി' ആയ ലൈഫ് (LiFE) സുസ്ഥിരമായ ശൈലീ പരിവർത്തനത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്ന ആപ്തവാക്യമായി മാറിയിരിക്കുന്നു. ജലമാണ് "പരിസ്ഥിതി സൗഹൃദ ജീവിത ശൈലി" ആയ ലൈഫ് (LiFE) ദൗത്യത്തിന്റെ കേന്ദ്രബിന്ദു.
2022 ഡിസംബർ ഒന്നിന് ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തപ്പോൾ, "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന കാഴ്ചപ്പാടും "വസുധൈവ കുടുംബകം' എന്ന ആശയവും മുന്നോട്ടുവച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വിപത്തിൽ നിന്ന് ലോകത്തിന് രക്ഷ നേടണമെങ്കിൽ, ജി20 രാജ്യങ്ങൾ ഉറച്ച നടപടികൾ സ്വീകരിക്കണം. കാരണം, ലോകത്തെ 80% മലിനീകരണത്തിനും കാരണം ഈ രാജ്യങ്ങളാണ്.
സാങ്കേതിക അനുഭവങ്ങൾ, മികച്ച സമ്പ്രദായങ്ങൾ, അത്യാധുനിക ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ഉപയോഗം എന്നിവ പങ്കുവയ്ക്കുന്നതിലൂടെ ജലവിഭവ വികസനത്തിലും പരിപാലനത്തിലും ജി20 അംഗ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എല്ലാവർക്കും പങ്കാളിത്തമുള്ള അജൻഡയാക്കി മാറ്റുന്നതിലൂടെ നമ്മുടെ വികസന മാതൃകയുടെ കേന്ദ്രബിന്ദുവായി ജലത്തെ സ്വീകരിക്കേണ്ടതുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നു.
വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മാർച്ച് 27 മുതൽ 29 വരെ ഗാന്ധിനഗറിൽ സംഘടിപ്പിച്ച രണ്ടാമത്തെ പരിസ്ഥിതി, കാലാവസ്ഥാ സുസ്ഥിരതാ കർമ സമിതി (ECSWG) യോഗത്തിൽ ജലശക്തി വകുപ്പിന്റെ ജലവിഭവ പരിപാലനം എന്ന വിഷയത്തിലുള്ള ഒരു കാര്യക്രമവും ഉൾപ്പെട്ടു. ജലസംരക്ഷണത്തോടുള്ള പ്രതിബദ്ധത ആവർത്തിക്കാൻ രാജ്യങ്ങൾ ഒന്നിച്ചതോടെ, സ്വന്തം മുൻഗണനകളും നയങ്ങളും പ്രവർത്തനങ്ങളും നിശ്ചയിക്കപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ജൈവികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യ ഉറപ്പിച്ചു. ജലവിഭവങ്ങളുടെ സംയോജിതവും സുസ്ഥിരവുമായ ഉപയോഗം/ ആവാസവ്യവസ്ഥാ പരിപാലനം, ജലാശയ പുനരുദ്ധാരണം, നദീ പുനരുജ്ജീവനം, മഴവെള്ള സംഭരണം തുടങ്ങിയ വിഷയങ്ങളിൽ നടന്ന ഒട്ടേറെ അവതരണങ്ങൾ ജി20 അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ മൂല്യവത്തായിരുന്നു.
മോദിയുടെ ദാർശനിക നേതൃത്വത്തിൻ കീഴിൽ, 140 കോടി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യാ ഗവൺമെന്റ് ഒട്ടേറെ സംരംഭങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. രാജ്യത്ത് ജല പരിപാലനത്തിൽ സമഗ്രതയും സമന്വയവും ആവശ്യമായതിനാലാണ് സംയോജിതമായ ജൽ ശക്തി മന്ത്രാലയം രൂപീകരിച്ചത്.
മന്ത്രാലയത്തിന്റെ എല്ലാ പദ്ധതികളും പ്രയത്നങ്ങളും സംയോജിതവും സമഗ്രവുമായ ജലവിഭവ പരിപാലനത്തിനായി വിന്യസിച്ചിരിക്കുന്നു. 16 കോടി കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജല വിതരണ പദ്ധതിയായ ജൽ ജീവൻ ദൗത്യത്തിലൂടെ ഇന്ന് 11.6 കോടി, അതായത് 60% കുടുംബങ്ങൾക്ക് ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി. സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത്, സുരക്ഷിതമായ കുടിവെള്ളത്തിന്റെ ലഭ്യത 5 വയസിന് താഴെ പ്രായമുള്ള 1.36 ലക്ഷം കുട്ടികളുടെ ജീവൻ രക്ഷിക്കുമെന്നാണ്.
മലിനീകരണ നിയന്ത്രണം, നദീജലത്തിന്റെ ഒഴുക്ക് നിലനിർത്തൽ, ജനങ്ങളും നദിയും തമ്മിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കൽ, നദീ ആവാസവ്യവസ്ഥയുടെ സംരക്ഷണം, സുസ്ഥിരമായ ഉപജീവനമാർഗം എന്നിങ്ങനെ 5 രീതികൾ അവലംബിച്ചതിലൂടെ "നമാമി ഗംഗേ' ദൗത്യം ജല പരിപാലനത്തിന്റെ പുതു മാതൃക സൃഷ്ടിച്ചു. പ്രകൃതി പുനരുജ്ജീവനത്തിനുള്ള ലോകത്തെ ഏറ്റവും മികച്ച 10 പുനരുദ്ധാരണ പദ്ധതികളിൽ ഒന്നായി ഐക്യരാഷ്ട്രസഭ നമ്മുടെ ദൗത്യത്തെ അംഗീകരിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്കായി ഇന്ത്യ നടത്തിയ പ്രവർത്തനങ്ങളും പങ്കുവയ്ക്കപ്പെട്ടു. നിർണായകമായ ജലസംഭരണ അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ സുസ്ഥിര ഭൂഗർഭജല പരിപാലനം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഡാം പുനരുദ്ധാരണ പരിപാടികളും ഇതിലുൾപ്പെടുന്നു.
ഫലപ്രദമായ ജലവിഭവ പരിപാലനത്തിൽ സുപ്രധാനവും, സാധ്യവുമായ എല്ലാ തലങ്ങളിലും സഹകരണത്തിന് ഊന്നൽ നൽകാൻ ജി20 യോഗത്തിൽ ധാരണയായി. ജലത്തെയും ഭൂഗർഭ ജലത്തെയും സംബന്ധിച്ച പൊതുധാരണയും ജലവിഭവ പരിപാലന (WRM) നിർവഹണത്തിൽ സുസ്ഥിര വികസന തത്വങ്ങൾ സമന്വയിപ്പിക്കുന്നതും നിർണായകമാണ്. ജല ആവാസവ്യവസ്ഥയുടെ നിരീക്ഷണത്തിലും വിലയിരുത്തലിലുമുള്ള ഇടപെടലുകൾ, ശക്തമായ നിയമ, നയ ഉപാധികൾ, സാങ്കേതികവിദ്യ, സഹകരണം, സംയുക്ത ഗവേഷണം എന്നിവയുടെ സംയോജിത സമീപനം ആലോചനയിലുണ്ട്.
ഇന്ത്യയുടെ പൗരാണിക ജല പരിപാലന രീതികൾ മനസിലാക്കാൻ പ്രതിനിധി സംഘം അദാലജ് വാവിലെ പടവ് കിണർ സന്ദർശിച്ചു. വെല്ലുവിളി നിറഞ്ഞ ജല അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ രൂപകൽപന ചെയ്യാനും നടപ്പിലാക്കാനുമുള്ള ഇന്ത്യയുടെ ശേഷി പ്രദർശിപ്പിക്കുന്ന ആധുനിക എൻജിനീയറിങ് വിസ്മയമായ സബർമതി കനാൽ ഘടനയും സംഘം സന്ദർശിച്ചു.
ജി20 രാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ ശ്രമങ്ങളെ സുസ്ഥിരവും ശോഭനവുമായ ഭാവിയിലേക്ക് പരിവർത്തനപ്പെടുത്തുന്നതിൽ ഒരു നിർണായക ചുവടുവയ്പ്പായിരുന്നു രണ്ടാമത്തെ പരിസ്ഥിതി, കാലാവസ്ഥാസുസ്ഥിരത കർമ സമിതി യോഗം. ഈ പൊതുലക്ഷ്യം കൈവരിക്കുന്നതിനും മുൻഗണനാ മേഖലകളിലോരോന്നിലും ഫലങ്ങൾ സാധ്യമാക്കുന്നതിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട എല്ലാവരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജൽ ശക്തി മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.