
ബ്രസീൽ കണ്ട ഏറ്റവും വലിയ എഴുത്തുകാരിയാണ് ക്ലാരിസ് ലിസ്പെക്റ്റർ (1920-1977). അവരെ താരതമ്യം ചെയ്യാറുള്ളത് കാഫ്കയോടും ദസ്തയെവ്സ്കിയോടുമാണ്. അവർ ജനിച്ചത് യുക്രെയ്നിലാണ്. വളരെ ഗഹനവും നവീനവുമായ അവരുടെ രചനകൾ ഇനിയും മലയാളത്തിൽ പരിചിതമായിട്ടില്ല. എ ബ്രീത് ഓഫ് ലൈഫ്, ദ് പാഷൻ അക്കോർഡിങ് ടു ജി.എച്ച്, ദ് അവർ ഓഫ് ദ് സ്റ്റാർ തുടങ്ങിയ നോവലുകൾ ജീവിതത്തിലെ സമസ്യകൾ തേടുന്നു. മഹത്തായ 9 നോവലുകളും 10 ചെറുകഥാ സമാഹാരങ്ങളും കോളങ്ങളും ധാരാളം ഗദ്യ ലേഖനങ്ങളും അവരുടെ സംഭാവനയിൽപ്പെട്ടുന്നു.
കഴിഞ്ഞ ദിവസമാണ് ലിസ്പെക്റ്ററുടെ നഷ്ടപ്പെട്ടു എന്നു കരുതിയ ഒരു അഭിമുഖം ന്യൂയോർക്കർ വീണ്ടെടുത്ത് പ്രസിദ്ധീകരിച്ചത്. സാമ്പ്രദായികമായ യാഥാർഥ്യത്തിന്റെ സങ്കല്പങ്ങളെ പുനഃക്രമീകരിച്ച നവീനഭാവനയാണ് ലിസ്പെക്റ്ററുടേത്. അവർ ഇങ്ങനെ പറയുന്നു : "സ്വാഭാവികം എന്നു പറയുന്നത് തന്നെ എനിക്ക് അതിഭൗതികമാണ്. അസ്വാഭാവികമായത് വളരെ ദൂരെയാണെന്ന് കരുതേണ്ട. സ്വാഭാവികമായതെന്താണോ അത് രഹസ്യസ്വഭാവമുള്ളതാണ്'.
മറ്റു മനുഷ്യരുടെ, ജീവികളുടെ അനുഭവങ്ങളിൽ പ്രവേശിക്കാനാവാത്ത ഒരാൾ എഴുതിയിട്ട് കാര്യമില്ല. പകൽ മുഴുവൻ നായാട്ട് നടത്തിയിട്ട് രാത്രിയിൽ അല്പം സാഹിത്യമെഴുതാം എന്ന രീതി ശരിയല്ല. കരിഞ്ചന്തയും കള്ളക്കടത്തും സാഹിത്യവുമായി ചേരില്ലല്ലോ. ഒരു മനസു വേണം. അത് സാധാരണ മനസല്ല; അഗാധതകളെ ഉള്ളിൽ വഹിക്കാൻ കഴിവുള്ള മനസ്.
അതാണ് വസ്തുക്കളുടെയുള്ളിലേക്ക് നമ്മെ പ്രവേശിപ്പിക്കുന്നത്. നമ്മൾ ഒരു ചാൽ മാത്രമാണ്. അതിലൂടെ അനുഭവിച്ചറിയേണ്ടത് ഈ ലോകത്തെയാണ്. തകഴിയുടെ "തോട്ടിയുടെ മകൻ' എന്ന കൃതി അതിനു തെളിവാണ്. ജീവിതത്തിന്റെ പൊതുമണ്ഡലം ചവിട്ടിത്താഴ്ത്തിവച്ച ഒരു അനുഭവമേഖലയെ തകഴി വീണ്ടെടുത്തു.
"ഒരു പശു അതിന്റെ കിടാവിനു മാത്രമേ പാൽ കൊടുക്കുന്നുള്ളു. അത് അവിശ്വസനീയമായ ഒരു കാര്യമാണ്. പശുവിനെ കറക്കുമ്പോൾ നിങ്ങൾ അതിന്റെ കാൽ കെട്ടുന്നു. തൊട്ടടുത്ത് അതിന്റെ കിടാവിനെ കെട്ടിയിട്ടുണ്ടാകും. എന്നാൽ പശു എന്താണ് ചിന്തിക്കുന്നത് ? അത് തന്റെ കിടാവിനു തന്നെയാണ് പാൽ ചുരത്തിക്കൊടുക്കുന്നതെന്നാണ്. കിടാവുകളെ പിന്നീട് അഴിച്ചുവിടുമ്പോൾ അവയെല്ലാം കൃത്യമായി ഓരോന്നിന്റെയും തള്ളപ്പശുക്കളുടെയടുത്തേക്ക് ഓടിപ്പോകും' - ലിസ്പെക്റ്റർ പറയുന്നു.
സാധാരണ ജീവിതാനുഭവങ്ങളെ ഉപരിപ്ലവമായി നോക്കി എഴുതിയാൽ താഴ്ന്ന നിലവാരത്തിലുള്ള ഫെയ്സ്ബുക്ക് സാഹിത്യമാവും ഉണ്ടാവുക. ഫെയ്സ്ബുക്ക് സാഹിത്യം എന്താണ് പ്രതീക്ഷിക്കുന്നത്? ആസ്വാദനശേഷിയില്ലാത്ത, വായനക്കാരല്ലാത്തവരുടെ പ്രശംസ. അത് ധാരാളമുള്ളപ്പോൾ എന്തിന് നാലു വരി എഴുതാൻ കഷ്ടപ്പെടണം ?
ഒരു കഥ എഴുതാൻ എന്തിനാണ് പഴയകാല കൃതികൾ വായിക്കുന്നതെന്ന് ഒരു കഥാകൃത്ത് പരസ്യമായി ചോദിച്ചത് മറന്നിട്ടില്ല. വായിക്കുന്നത് ഒരു കുറ്റകൃത്യമാണെന്ന് വിലയിരുത്തുമോ എന്നാണ് സംശയം. വളരെ എളുപ്പത്തിൽ ചുട്ടെടുക്കാവുന്ന അപ്പമാകണം രചനയെന്ന് ചിന്തിക്കുന്നവർ ഒരു ഘോഷയാത്രയായി വന്നുകൊണ്ടിരിക്കുകയാണ്.
പഠിച്ചത് മറക്കണം
"ഞാൻ എഴുതി വിട്ടത് പിന്നെ വായിക്കാറില്ല. അതെനിക്ക് മനം പിരട്ടലുണ്ടാക്കും. അത് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ എനിക്കത് ഒരു മരിച്ച പുസ്തകമാണ്. അതിനെക്കുറിച്ച് കേൾക്കാൻ എനിക്ക് താല്പര്യമില്ല. രണ്ടാമത് വായിച്ചാൽ എനിക്ക് ഇഷ്ടമാകില്ല. അതൊരു ചീത്ത പുസ്തകമാണെന്ന് തോന്നും. എന്റെ പുസ്തകങ്ങൾ മറ്റുള്ളവർ പരിഭാഷപ്പെടുത്തുന്നതും ഞാൻ വായിക്കാറില്ല.അതെന്നെ അലോസരപ്പെടുത്തും'- ലിസ്പെക്റ്ററുടെ മനസ് നിരന്തരമായി പുതിയ ആശയങ്ങളുമായി സമ്പർക്കം പുലർത്തുന്നതിന്റെ തെളിവാണിത്.
എഴുതിയതോ പഠിച്ചതോ അല്ല ഒരാൾ വീണ്ടും എഴുതേണ്ടത്. ഗൗരവമായി ചിന്തിക്കുന്നവർ പഠിച്ചത് മറക്കുകയാണ് വേണ്ടത്. അവർക്ക് ചർവിത ചർവണം പ്രയാസമാണ്. മികച്ച എഴുത്തുകാരനാകാൻ നാം പുതിയത് പലതും പഠിക്കണം,പഠിച്ചത് മറക്കണം. ജീവിതാസക്തിയെന്നാൽ സമ്പത്തിനോടുള്ള ആസക്തിയല്ല.
"ഒരു പുസ്തകത്തിൽ ഞാനെഴുതുന്നത് ഒന്നും എന്റെ ഹൃദയത്തിലുള്ളതല്ല; പലരും അതാണല്ലോ നോക്കുന്നത്. എനിക്ക് വേണ്ടത്, എന്തിനെക്കുറിച്ചാണോ എഴുതുന്നത് അതിനെ തന്നെയാണ്' - അവർ പറഞ്ഞു. തന്റെ മനസിൽ സങ്കല്പിക്കുന്നത് മുഴുവൻ കടലാസിലേക്ക് പകർത്തുന്നതിൽ ലിസ്പെക്റ്റർ വിമുഖയായിരുന്നു. അവരെ അസ്വസ്ഥപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്ത ധാരാളം സമസ്യകൾ വേറെയുണ്ടായിരുന്നു. അതാണ് അവരെ എഴുതാൻ പ്രേരിപ്പിച്ചത്.
സർക്കാരിന്റെ പരിപാടികൾ, വിവിധ വകുപ്പുകളുടെ പരിഷ്കാരങ്ങൾ, സാമൂഹ്യമായ സംഭവങ്ങൾ, തുടങ്ങിയവ പുറമേ നിന്നു നോക്കുന്ന പോലെ എഴുതിയാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ "ഒരു മനുഷ്യൻ' എന്ന കഥയുണ്ടാവില്ല. ഹോട്ടലിൽ വച്ച് പോക്കറ്റടിക്കപ്പെട്ട് അർധനഗ്നനായി നിൽക്കേണ്ടി വന്ന ഒരാളുടെ അവസ്ഥയാണത്.
"എഴുതാൻ കഴിയാതെ വന്നാൽ അത് എന്റെ മരണമാണ്. രണ്ടു രചനകൾക്ക് ഇടയിലുള്ള കാലം കഠിനമാണ്. ഒരു രചന തലയിൽ നിന്ന് പൂർണമായി നീക്കം ചെയ്ത ശേഷമാണ് മറ്റൊന്നു സൃഷ്ടിക്കുന്നത്. എന്നാൽ അതിന് യാതൊരു ഉറപ്പുമില്ല' - ലിസ്പെക്റ്ററുടെ വാക്കുകൾ. എഴുത്ത് അത്രത്തോളം സത്യസന്ധമാണ്, ലിസ്പെക്റ്ററിന്.
താൻ ജീവിക്കുന്നു എന്നതിന്റെ തെളിവാണത്. രചനയിൽ ഒരിക്കലും കച്ചവട താത്പര്യം കാണാത്ത എഴുത്തുകാരിയുടെ വാക്കുകൾ.
ഒരു ഉരഗം ഇഴഞ്ഞു പോയ പാടുകൾ അത് ജീവിച്ചിരുന്നതിന്റെ തെളിവാണല്ലോ. അതുപോലെ അഗാധമായ വിചാരങ്ങളുള്ള ഒരാൾ എഴുതുമ്പോൾ ഓരോ വാക്കും ജീവിച്ചതിന്റെ പാടുകളായി മാറുന്നു. ശരീരത്തിലും മനസിലും പ്രപഞ്ചത്തിലുമാണ് ജീവിക്കുന്നത്. ടാഗോർ പറഞ്ഞതുപോലെ പോലെ പ്രപഞ്ചം പശ്ചാത്തലമായി വരുന്ന മനസിന്റെ എഴുത്ത്.
എഴുതിയില്ലെങ്കിൽ ജീവിതമില്ല
എന്തിനാണ് എഴുതുന്നതെന്ന് ചോദിച്ചപ്പോൾ ലിസ്പെക്റ്റർ ഇങ്ങനെയൊരു മറുചോദ്യമാണ് ചോദിച്ചത്: "എന്തിനാണ് നിങ്ങൾ വെള്ളം കുടിക്കുന്നത് ?നിങ്ങൾ വെള്ളം കുടിക്കുന്നത് മരിക്കാതിരിക്കാനാണ്. ഞാൻ എഴുതുന്നത് ജീവിക്കാനാണ്'.
ജീവിക്കാനാവശ്യമായ ഒരു അനിവാര്യ ഘടകമാണ് തനിക്ക് സാഹിത്യരചന എന്ന തിരിച്ചറിവിൽ എത്തുമ്പോഴാണ് ഒരാൾ ശരിക്കും ഒരു കലാകാരനാകുന്നത്, കലാകാരിയാകുന്നത്.
ബ്രസീലിയൻ എഴുത്തുകാരൻ ഹോസെ കാസ്റ്റല്ലോ "മാഡം ഓഫ് ദി വോയിഡ്'എന്ന ലേഖനത്തിൽ ലിസ്പെക്റ്ററിനെ കുറിച്ചെഴുതി: "അവർ എഴുതുന്നത് ചിലതെല്ലാം സ്വന്തമായി അന്വേഷിക്കാനുള്ളതുകൊണ്ടാണ്. എന്താണോ അവർ തേടിയത് അതിനെ നിർവചിക്കാൻ തയാറാകാതിരുന്നത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി. പേരില്ലാത്ത വസ്തുക്കൾ അവരെ ആസക്തയാക്കി. മൗനത്തിലെത്തിച്ചേരാനാണ് അവർ എഴുതിയത്. അതിനപ്പുറം പോകാനായി അവർ വാക്കുകളെ ക്രമീകരിച്ചു. നമ്മൾ ഒരു മുൾക്കത്തി ഉപയോഗിക്കുന്നതുപോലെയാണ് അവർ വാക്കുകളെ സമീപിച്ചത്'.
ജീവിതത്തിന്റെ എല്ലാവർക്കും പരിചിതമായ ഒരു സാരത്തെ പ്രതിഷ്ഠിക്കാൻ അവർ തയാറായില്ല. അർഥങ്ങൾ ഒരിടത്ത് അവസാനിക്കുന്നത് അവർ ശരിക്കും അനുഭവിച്ചു. ലക്ഷ്യം തെറ്റിയ ശലഭത്തെപ്പോലെ അവർ പ്രതിബന്ധങ്ങളെ നേരിട്ടു. ഒരു യാത്രയിൽ, സ്വാഭാവികമായി നാം എത്തിച്ചേരുന്ന ഒരു പരിധിയുണ്ട്. അതിനപ്പുറത്തേക്ക് നോക്കാനായി തന്റെ മുതുകത്ത് വച്ചിരുന്ന ചുമടെല്ലാം ഉപേക്ഷിച്ച എഴുത്തുകാരിയാണ് അവർ. "ആരുടെയോ ജീവിതത്തെ രക്ഷിക്കാനാണ് ഞാനെഴുതുന്നത്. മിക്കപ്പോഴും അത് എന്റേത് തന്നെയാണ്. ജീവിതം ഒരുതരത്തിലുള്ള ഭ്രാന്താണ്; മരണമാണ് അതിനു കാരണം'- അവർ പറഞ്ഞു.
നഷ്ടപ്പെടലുകളാണ് അവനവൻ മാത്രമായിത്തീരുന്ന ഒരുവളുടെ ആകെയുള്ള നിർമിതിയാവുന്നത്. അത് നാശത്തിന്റെ ശേഷിപ്പായി കണ്ടുകൊണ്ട് തന്നെ വീണ്ടും വീണ്ടും അതിനെ സമീപിക്കുന്നു. നഷ്ടപ്പെട്ടവർക്ക് സ്വസ്ഥതയുണ്ടാകും, ഒന്നും സംരക്ഷിക്കാനില്ലാത്തതുകൊണ്ട്. നിശബ്ദതയാണ് എന്നെ ജീവിപ്പിക്കുന്നത്; സാഹിത്യം എന്നെ ക്ഷീണിപ്പിക്കുകയാണ് ചെയ്യുന്നത്. ഞാനെന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ എനിക്ക് ജീവിതത്തിൽ മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാണ്, മരണത്തെ കാത്തിരിക്കുകയല്ലാതെ. ഞാൻ ഇരുട്ടിൽ തപ്പുകയാണ്, വാക്കുകൾക്ക് വേണ്ടി ".
സാർവത്രികമായ ഒരു ഫലശൂന്യതയെക്കുറിച്ചുള്ള ബോധത്തെ നിഷേധമായി കാണേണ്ട, ഒരറിവായി കണ്ടാൽ മതി. അത് ദാർശനികമാണ്. വേദാന്തികൾ പറയുമല്ലോ, ഈ കാണുന്നതെന്നും സത്യമല്ലെന്ന്. അവർ അങ്ങനെ പറയുന്നത് ജീവിതത്തെ നിരസിക്കുന്നതു കൊണ്ടല്ല.
വെറുതെ കഥകൾ
കഥയെഴുതാനുള്ള ആഗ്രഹം നല്ലതാണ്. പക്ഷേ, അതിന് സവിശേഷമായ ഒരു മാനസികാവസ്ഥ വേണം. സിനിമയ്ക്ക് വേണ്ടിയാണെങ്കിൽ ഒരു കഥ പറഞ്ഞാൽ മതി; എന്നാൽ കഥ എഴുതണമെങ്കിൽ ഭാഷയിൽ ഇടപെടണം.കാരണം, അതൊരു കലാസൃഷ്ടിയാണ്. അനുവാചകനെ ഒരു അനുഭൂതിയിലേക്ക്, അറിവിലേക്ക് എത്തിക്കാനുള്ള കഴിവുണ്ടാകണം.
ഒരു കഥാകൃത്ത് എന്ന നിലയിൽ അറിയപ്പെടുന്ന വി.എസ്. അനിൽകുമാർ എഴുതിയ "ബൗൺസർ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 26) ആസ്വദിക്കാനായില്ല എന്നു തുറന്നു പറയട്ടെ. കഥയിൽ കുറെ സംഭവങ്ങളും സംഭാഷണങ്ങളും മതിയോ? കഥയുടെ വായനക്കാർ അത് സ്വീകരിക്കുമോ? ഹെമിംഗ്വേ, മാക്സിം ഗോർക്കി തുടങ്ങിയവരുടെ കഥകൾ വായിച്ച് ആസ്വദിച്ച വായനക്കാർ യാതൊരു വികാരവുമില്ലാതെ കുറെ കാര്യങ്ങൾ വിവരിച്ചാൽ ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. കഥയിൽ കലയുടെ ഒരു ഘടകമുണ്ടാവണം. അത് അവതരണത്തിൽ പ്രധാനമാണ്. എന്തിനാണ് ഒരു കഥ വായിക്കേണ്ടത്? അതിൽ വായിക്കാൻ എന്തെങ്കിലും ഉണ്ടാവണം. ഓരോ കഥയും അങ്ങനെയാവണം.
അനിൽകുമാറിന്റെ കഥയിൽ കലയുടെ അനക്കമില്ല. കലാകാരനാണ് കഥയെഴുതുന്നതെന്ന് ആദ്യവാചകം മുതൽ തോന്നിപ്പിക്കണം. രണ്ടു മൂന്നു സുഹൃത്തുക്കൾ ഒരിടത്തിരുന്ന് മദ്യപിക്കുന്നതാണ് കഥയുടെ തുടക്കം. അത് തന്നെ വിവരിക്കാൻ അനിൽകുമാർ നാലു പേജ് അപഹരിക്കുകയാണ്. ഇടയ്ക്ക് സ്മിർനോവ് മദ്യത്തിന്റെ ചരിത്രമൊക്കെ വിശദീകരിക്കുന്നുണ്ട്. കലാകാരനല്ലാത്ത ഒരാൾ കഥയെഴുതരുത്. അത് അപകടകരമായിരിക്കും.
ഇതുപോലെ തന്നെ ഒരു ദുരനുഭവമായിരുന്നു ജിഷ്ണു. ആർ എഴുതിയ "യേത്' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബർ 18). വർഷങ്ങൾക്കു മുമ്പ് മധു അഭിനയിച്ച സിനിമയിൽ അദ്ദേഹം എന്തു പറഞ്ഞാലും അതിന്റെയവസാനം "യേത്' എന്ന് പറയുന്നത് ഞാനോർമിച്ചു പോയി. ഈ കാലത്ത് എങ്ങനെയാണ് ഒരു കഥ എഴുതേണ്ടതെന്ന് കഥാകൃത്ത് ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു.
ഒരു വേദനയിൽ നിന്നാണ് ഒരു കഥയുണ്ടാവുന്നത്. അതിനു കൃത്രിമമായ കുത്തിവയ്പ്പൊന്നുമില്ല. കലാനുഭൂതിയില്ലാത്ത വിരസ രചനയാണിത്. ഫ്ലാറ്റിലെ ജോലിയും മാൻഹോൾ വൃത്തിയാക്കലുമൊക്കെ വിവരിക്കുന്നത് കൊണ്ട് കഥ രക്ഷപ്പെടില്ല.ആത്മകഥകൾ പോലെയാവരുത് ചെറുകഥകൾ.
സ്നേഹത്തെ അറിയണം
ചെറുകഥയ്ക്ക് ധ്യാനലീനമായ ഒരു തലമുണ്ട്. അതിന്റെ കലാപരവും ജൈവവുമായ അനുഭൂതികളെ നഷ്ടപ്പെടുത്തരുത്. പത്രറിപ്പോർട്ട്, ആത്മകഥ, ഫീച്ചർ, ജീവചരിത്രം എന്നിവ പോലെയല്ല കഥ; അതിനു മനുഷ്യാനുഭവത്തിനുള്ളിലേക്ക് അനുവാചകരെ കൊണ്ടുപോകാനുള്ള ശേഷി വേണം. അപ്പോഴാണ് അതിൽ കഥാകൃത്ത് എന്ന കലാകാരൻ പ്രത്യക്ഷപ്പെടുന്നത്.മറ്റു മനുഷ്യരുമായി, ജീവികളുമായി, പ്രകൃതിയുമായി ബന്ധമില്ലാത്ത ധാരാളം എഴുത്തുകാർ ഇന്ന് രംഗപ്രവേശം ചെയ്തിരിക്കുന്നു. അവർ മുഖ്യമായി കാണുന്നത് പ്രസാധകരെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളെയുമാണ്.
ഒരു മനുഷ്യനോടും താല്പര്യമോ സ്നേഹമോ ഇല്ലാത്ത ഹൃദയശൂന്യർ എഴുതുന്നത് വായിച്ചാൽ നമുക്ക് മനസിലാകും. അവർ എങ്ങനെ ഈ ലോകത്തെ കൃത്രിമമായ മാർഗത്തിലൂടെ സ്വാധീനിച്ചു വിജയിച്ചു എന്ന് വരികൾക്കിടയിൽ നിന്ന് ബോധ്യമാകും. തീവ്രമായ സ്നേഹവും ബന്ധവുമാണ് നമ്മെ ഉള്ളിൽ കരയിപ്പിക്കുന്നത്. അവിടെയാണ് ശക്തമായ ഓർമകളുള്ളത്. ഓർമകൾ വ്യാഘ്രത്തെപ്പോലെ ഈ ലോകത്തിന്റെ ഇരുൾ വീണ ഇടവഴികളിലൂടെ സ്വയം കണ്ടെത്താനായി പാഞ്ഞുപോവുകയാണ്. ജയനാരായണൻ, വിക്റ്റർ ലീനസ് തുടങ്ങിയവർ എഴുതിയ കഥകൾ വായിച്ചാൽ സ്നേഹം എന്ന വികാരം ഒരു കാലത്ത് സാഹിത്യത്തിൽ എത്ര ശക്തമായിരുന്നുവെന്ന് അറിയാം.
പ്രകൃതിയും കലയും
റോയ് എം. തോട്ടം (പ്രഭാവം, ഡിസം. - ഫെബ്രു) എഴുതിയ "കല ആന്തരിക ഭൂപ്രകൃതിയെ വെളിപ്പെടുത്തുന്നത്' എന്ന ലേഖനം ശ്രദ്ധേയമാണ്. കലാകാരന്മാർ അബോധമായി തന്നെ ഈ ഭൂമിയോടും പ്രകൃതിയോടും സവിശേഷമായ ബന്ധം സൂക്ഷിക്കുകയാണ്. ലേഖകൻ ഇങ്ങനെ എഴുതുന്നു: "ഭൂമിയിൽ നിന്ന് അകന്നു പോകുന്നതിലൂടെ നമുക്ക് നമ്മുടെ അടിത്തറയും ആദിമ ഊർജ്ജവുമായുള്ള നമ്മുടെ ബന്ധവും നഷ്ടപ്പെടും. കൂടാതെ ഭൂമിയുമായി ബന്ധപ്പെട്ട ധാർമിക പവിത്രബോധവും ഇല്ലാതാകും. കലാകാരന്മാർ അതിനെക്കുറിച്ച് ആശങ്കാകുലരാണ്. ഭൂമിയുടെയും അതിലുള്ള എല്ലാറ്റിന്റെയും പവിത്രതയിലേക്ക് ആളുകളുടെ മനസിനെ ഉയർത്താനാണവർ ശ്രമിക്കുന്നത്'.
ഈ ബോധം എത്ര കലാകാരന്മാർക്കുണ്ടെന്ന് അറിയില്ല. തങ്ങൾ ഏന്തുന്ന പന്തം ഏതു തരത്തിലുള്ളതാണെന്ന് പലരും അറിയുന്നില്ല. കല ഒരു മതമാണ്. നിരന്തരമായ ഒരു അദ്ധ്വാനത്തിലൂടെയും മനോവിശ്ലേഷണത്തിലൂടെയും മാത്രമേ ഒരാൾക്ക് തന്റെ കളങ്കിതമായ അന്തർലോകത്തെ കഴുകിക്കളഞ്ഞ് ഏറ്റവും നിഷ്കളങ്കവും അപാരവുമായ ഒരു സുന്ദരസ്വപ്നം നെയ്തെടുക്കാനാവൂ.
ഒറേലിയസിന്റെ ആഴക്കാഴ്ചകൾ
പുരാതന റോമാ ചക്രവർത്തിയായിരുന്ന മാർക്കസ് ഒറേലിയസ് (121-180)സ്വന്തം നിലയിൽ ഒരു തത്ത്വജ്ഞാനിയാവുകയായിരുന്നു. ഡയറിയിൽ എഴുതിയിട്ട ജീവിത വിചാരങ്ങൾ നൂറ്റാണ്ടുകൾ കഴിഞ്ഞാണ് സമാഹരിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ "മെഡിറ്റേഷൻസ്' എന്ന ദാർശനിക കൃതി ചെക്ക്, ജർമൻ എഴുത്തുകാരനായ ഫ്രാൻസ് കാഫ്ക എപ്പോഴും കൈയിൽ കരുതിയിരുന്നു.
ഒറേലിയസിന്റെ ആത്യന്തികമായ ചിന്തകൾ എപ്പോഴും പ്രലോഭിപ്പിക്കുകയാണ്. ഒരു ഭാഗം (പന്ത്രണ്ടാം പുസ്തകം, മുപ്പതാം ഖണ്ഡം) ഇതാണ് : "അതിർത്തിയില്ലാത്തതും അളക്കാനാവാത്തതുമായ കാലത്തിന്റെ എത്രയോ ചെറിയ ഒരു ഭാഗമാണ് നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത്. അതാകട്ടെ വളരെ പെട്ടെന്ന് തന്നെ അനന്തതയിൽ വിലയും പ്രാപിക്കുന്നതാണ്. ലോകത്തിന്റെ ആകെ യാഥാർഥ്യത്തിന്റെ എത്രയോ ചെറിയ ഒരു അംശമാണ് നമുക്കുള്ളത്. പ്രാപഞ്ചികാനുഭവത്തിന്റെ തുച്ഛമായ ഒരു വിഹിതമാണ് നമ്മുടെ കൈയിലുള്ളത്. നമ്മൾ ഇഴയുന്ന ഈ മണ്ണ് ഭൂമിയുടെ എത്രയോ ചെറിയ ഒരിടമാണ്. ഇതെല്ലാം വച്ച് നോക്കുമ്പോൾ, നിങ്ങളുടെ സഹജമായ പ്രകൃതിയെ അനുസരിക്കുന്നതിനും അതിന്റെ ഫലമായി നിങ്ങൾക്ക് നേടേണ്ടി വരുന്നതിനെ സഹിക്കുന്നതിനുമപ്പുറം യാതൊന്നിന്നും ഒരർഥവുമില്ല'.
വിനയചന്ദ്രന്റെ യാത്രകൾ
യശഃശരീരനായ കവി ഡി. വിനയചന്ദ്രനുമായി വർഷങ്ങൾക്കു മുമ്പ് സുധാകരൻ ചന്തവിള ചെയ്ത അഭിമുഖം "ഒരുമ'യുടെ (ഫെബ്രുവരി) പുതിയ ലക്കത്തിൽ പുനഃപ്രസിദ്ധീകരിച്ചത് ഉചിതമായി. വിനയചന്ദ്രന്റെ 10ാം ചരമവാർഷികമാണ് കടന്നുപോയത്. വിനയചന്ദ്രൻ പാരമ്പര്യത്തെയും ആധുനികതയെയും ഇണക്കിച്ചേർത്ത കവിയായിരുന്നെങ്കിലും അദ്ദേഹത്തെ അക്കാലത്തെ ആധുനിക കവികൾ അവരുടെ കൂട്ടത്തിൽ ചേർത്തിരുന്നില്ല. സർവകലാശാലയിൽ ഉന്നത ജോലി ഉണ്ടായിട്ടും വിനയചന്ദ്രന് ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വന്നു. വിനയചന്ദ്രന് ഒരിക്കലും മൗനമായിരിക്കേണ്ടി വന്നിട്ടില്ല. അദ്ദേഹം എപ്പോഴും എഴുതി. ഇതിനെക്കുറിച്ച് അദ്ദേഹം അഭിമുഖത്തിൽ പറയുന്നത് ഇതാണ്:
"ഒരുപാട് അഹങ്കാരം കാണിക്കാതെ ഇടമുറിയാതെ എഴുത്തിനെ ഉപാസിച്ചുകൊണ്ടിരിക്കണം. മറ്റ് അശ്രദ്ധകൾ വരാൻ പാടില്ല. നമ്മുടെ മനസിനെ നവീകരിച്ചു കൊണ്ടിരിക്കണം. എപ്പോഴും അത്ഭുതത്തോടും കൗതുകത്തോടും കൂടി ലോകത്തെ അഭിമുഖീകരിക്കാൻ കഴിയണം. സാഹസങ്ങൾ വേണം. സങ്കടങ്ങൾ സ്വീകരിക്കാനുള്ള സന്നദ്ധത വേണം. ഘടനാപരമായി വേറിട്ട് നിൽക്കാൻ കഴിയണം. എങ്കിൽ മാത്രമേ ഒരാൾക്ക് എപ്പോഴും എഴുതാൻ കഴിയൂ'.
"വീട്ടിലേക്കുള്ള വഴി "എന്ന കവിത അദ്ദേഹം കൂത്താട്ടുകളത്ത് സി.ജെ അനുസ്മരണത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ സുഹൃത്തുക്കൾക്ക് വേണ്ടി ഒരു മുറിയിലിരുന്ന് ചൊല്ലിയത് ഓർക്കുകയാണ്. നടൻ ഭരത് ഗോപി, നാടകകൃത്തും നടനുമായ പി. ബാലചന്ദ്രൻ തുടങ്ങിയവർ ഉണ്ടായിരുന്നു. വികാരഭരിതമായ ചൊല്ലൽ കേട്ട് ഗോപി ആകെ അസ്വസ്ഥനും ദുഃഖിതനുമായി കാണപ്പെട്ടു.