വൃത്തിയാവട്ടെ, നഗരങ്ങൾ | മുഖപ്രസംഗം

20 നഗരസഭകളിലായി 4.30 ലക്ഷം ടണ്‍ മാലിന്യം കെട്ടിക്കിടക്കുന്നു എന്നാണു കരുതുന്നത്.
വൃത്തിയാവട്ടെ, നഗരങ്ങൾ | മുഖപ്രസംഗം

ഖരമാലിന്യ പരിപാലന പദ്ധതിക്കു കീഴിൽ ലോക ബാങ്ക് സഹായത്തോടെ സംസ്ഥാനത്തെ 20 നഗരങ്ങളിൽ ‌കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്ത് ആ സ്ഥലം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുകയാണു കേരളം. സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലം വീണ്ടെടുത്ത് നഗരസഭയ്ക്ക് പ്രയോജനപ്പെടുത്താവുന്നതാക്കി മാറ്റുന്നതാണ് 100 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന, തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ കീഴിലുള്ള ഈ പദ്ധതി. ഡമ്പ് സൈറ്റ് റമഡിയേഷനിലൂടെ 60 ഏക്കര്‍ സ്ഥലമാണു വീണ്ടെടുക്കാനാകുകയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. ആദ്യം 12 നഗരസഭകളിലും പിന്നീട് 8 നഗരസഭകളിലും അശാസ്ത്രീയ മാലിന്യക്കൂനകൾ ഇങ്ങനെ ഒഴിവാക്കപ്പെടും. 20 നഗരസഭകളിലായി 4.30 ലക്ഷം ടണ്‍ മാലിന്യം കെട്ടിക്കിടക്കുന്നു എന്നാണു കരുതുന്നത്.

മാലിന്യം യന്ത്രസഹായത്തോടെ നീക്കം ചെയ്ത് അതതു സ്ഥലത്തു വച്ചു തന്നെ ജൈവ, അജൈവ മാലിന്യങ്ങളായി വേര്‍തിരിക്കുകയും അവ വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുകയും ചെയ്യുന്ന ബയോ മൈനിങ് പ്രക്രിയയാണ് ഡമ്പ് സൈറ്റ് റമഡിയേഷനെന്നും അധികൃതർ വിശദീകരിക്കുന്നു. വേര്‍തിരിച്ച ജൈവമാലിന്യങ്ങള്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കു വളമായി നല്‍കുകയും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ പുനഃചംക്രമണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്നാണു പറയുന്നത്. ഈ പ്രക്രിയകളെല്ലാം മാലിന്യം നീക്കം ചെയ്യുന്ന സ്ഥലത്തു തന്നെ നടക്കുമത്രേ.

സ്ഥലം വീണ്ടെടുക്കുന്നു എന്നതു മാത്രമല്ല ഈ പദ്ധതിയുടെ നേട്ടം. നഗരശുചിത്വത്തിൽ ഒരു പ്രധാന ചുവടുവയ്പ്പു കൂടിയാണിത്. മാലിന്യക്കൂനകൾ ചുറ്റുമുള്ള പ്രദേശങ്ങൾക്കു വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ പലതാണ്. പലതരം പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയടക്കം ആശങ്കയാണ്. ജനകീയ സഹകര‍ണത്തോടെ ഓരോ നഗരവും വൃത്തിയായി സൂക്ഷിക്കാൻ നഗരസഭകൾക്കു കഴിയേണ്ടതുണ്ട്. അതിനുള്ള സർക്കാർ സഹായം വിവിധ പദ്ധതികളിലൂടെ ലഭ്യമാക്കുകയും വേണം. മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം രൂപ വരെ പിഴ, 6 മാസം വരെ തടവ് തുടങ്ങിയ ശിക്ഷകൾ സർക്കാർ നിർദേശിക്കുന്നുണ്ട്. പരിസര ശുചീകരണത്തിനു ജനങ്ങളെ നിർബന്ധിക്കുമ്പോൾ മാലിന്യക്കൂനകൾ ഒഴിവാക്കേണ്ടതും അധികൃതരുടെ ബാധ്യതയാണ്.

2023ൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളായി മധ്യപ്രദേശിലെ ഇൻഡോറും ഗുജറാത്തിലെ സൂററ്റും പ്രഖ്യാപിക്കപ്പെട്ടത് അടുത്തിടെയാണ്. ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ഇൻഡോർ ഒന്നാമതാകുന്നത് ഏഴാം വർഷമാണ്. മുൻപ് ഇൻഡോറിനു പുറകിലായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൂററ്റ് ഇക്കുറി ഒന്നാം സ്ഥാനം പങ്കുവച്ചപ്പോൾ, നവി മുംബൈ തൊട്ടുപുറകിൽ നിലയുറപ്പിച്ചു. ഇൻഡോറിന്‍റെ ശുചിത്വ പദ്ധതികൾ കഴിഞ്ഞ വർഷങ്ങളിലെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്‍റെ അവാർഡ് തുടർച്ചയായി ലഭിക്കാൻ ഈ നഗരത്തെ പ്രാപ്തമാക്കിയതിനു പിന്നിൽ തദ്ദേശ ഭരണാധികാരികളുടെയും മറ്റു നേതാക്കളുടെയും സംഘനകളുടെയും ജനങ്ങളുടെയും പരിപൂർണ സഹകര‍ണമുണ്ട്. മധ്യപ്രദേശിന്‍റെ വ്യാവസായിക കേന്ദ്രമായിട്ടു പോലും മാലിന്യക്കൂനകൾ ഇല്ലാത്ത നഗരമാണ് ഇൻഡോർ.

അതേസമയം, കേരളത്തിന്‍റെ റാങ്ക് വളരെ മോശമാണ്. ശുചിത്വത്തിൽ ആദ്യത്തെ 300 നഗരങ്ങളിൽ ഒന്നുപോലും കേരളത്തിൽ നിന്നില്ല. സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള ആലപ്പുഴ നഗരസഭയുടെ റാങ്ക് 320 ആണ്. തിരുവനന്തപുരം 321ാം റാങ്കിൽ. സംസ്ഥാനങ്ങളിൽ മഹാരാഷ്‌ട്ര ഒന്നാം സ്ഥാനത്തും മധ്യപ്രദേശും ഛത്തിസ്ഗഡും രണ്ടും മൂന്നും സ്ഥാനങ്ങളിലും നിൽക്കുമ്പോൾ കേരളം 22ാം സ്ഥാനത്താണ്. നഗരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ കേരളം ഇനിയും ഒരുപാട് മുന്നോട്ടുപോകേണ്ടതുണ്ട് എന്നാണ് ഇതു കാണിക്കുന്നത്. മാലിന്യ ശേഖരണവും സംസ്കരണവും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ പരിപാലനവും മികച്ച രീതിയിൽ നടത്തിക്കൊണ്ടുപോവുക എന്നത് വെല്ലുവിളിയായിത്തന്നെ ഏറ്റെടുക്കേണ്ടതാണ്.

Trending

No stories found.

Latest News

No stories found.