പരിചയ സമ്പന്നർക്കൊപ്പം പുതുനിരയും | മുഖപ്രസംഗം
പാർട്ടിക്കു കൂടുതൽ ഊർജം സംഭരിക്കാനും ദേശീയ തലത്തിൽ പ്രസക്തി വർധിപ്പിക്കാനുമുള്ള സാധ്യതകൾ ആരാഞ്ഞുകൊണ്ടാണ് സിപിഎം 24ാം പാർട്ടി കോൺഗ്രസ് തമിഴ്നാട്ടിലെ മധുരയിൽ സമാപിച്ചത്. ദേശീയ തലത്തിൽ പാർട്ടിയെ നയിക്കാൻ നല്ലൊരു പുതുനിര കൂടി ഉണ്ടാവുന്നു എന്നതു ശ്രദ്ധേയമാണ്. സീതാറാം യെച്ചൂരി അന്തരിച്ച ശേഷം ഒഴിഞ്ഞുകിടന്ന ജനറൽ സെക്രട്ടറി സ്ഥാനത്ത് എം.എ. ബേബി എത്തിയിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ ബംഗാൾ ഘടകത്തിനു വിയോജിപ്പുണ്ടായിരുന്നുവെങ്കിലും അവസാനം പുതിയ കേന്ദ്ര കമ്മിറ്റി ഒറ്റക്കെട്ടായാണ് ബേബിയെ ജനറൽ സെക്രട്ടറിയാക്കിയത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം കേരളത്തിൽ നിന്നൊരു നേതാവ് ജനറൽ സെക്രട്ടറിയാവുന്നത് ഇപ്പോഴാണ്. പാലക്കാട്ട് വേരുകളുള്ള പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്ററും ആയിട്ടുണ്ടെങ്കിലും കേരള ഘടകത്തിലെ പ്രതിനിധിയായിരുന്നില്ല. കേരളത്തിലെ സിപിഎമ്മിന് ആവേശം പകരാൻ ബേബിയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഉപകരിക്കേണ്ടതാണ്.
ദീർഘകാലമായി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സീനിയർ നേതാവായ ബേബിക്ക് ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കാൻ കഴിയും എന്നു തന്നെ സിപിഎം പ്രവർത്തകർ വിശ്വസിക്കുന്നുണ്ടാവും. വിവിധ സംസ്ഥാനങ്ങളിലെ നേതാക്കൾ ബേബിക്കു പിന്തുണയുമായി ഉറച്ചുനിന്നത് അദ്ദേഹത്തിലുള്ള വിശ്വാസം കൊണ്ടു തന്നെയാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്കു കടന്നുവന്ന ബേബി അഞ്ചു പതിറ്റാണ്ടു മുൻപാണ് (1975ൽ) എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റാവുന്നത്. 1979ൽ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റായി. 1985ൽ സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തിയ അദ്ദേഹം 1987ൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റായി. 1989ൽ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ. ഇതിനിടെ 1986ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992ൽ വീണ്ടും രാജ്യസഭാംഗമായി. രണ്ടു തവണ നിയമസഭാംഗം. 2006-2011ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 2012 മുതൽ പൊളിറ്റ് ബ്യൂറോ അംഗമാണ്. 71കാരനായ പുതിയ ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ പരിചയവും അനുഭവങ്ങളും എത്രമാത്രമുണ്ടെന്ന് ഈ ചരിത്രത്തിൽ നിന്നു വ്യക്തം. സിപിഎം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന അതിശക്തമായ വെല്ലുവിളി അതിജീവിക്കാനും അതുവഴി പാർട്ടിയുടെ രാഷ്ട്രീയ പ്രസക്തി വർധിപ്പിക്കാനും ഈ പരിചയം ബേബിയെ സഹായിക്കുമെന്നു കരുതണം. പാർട്ടിയുടെ സൈദ്ധാന്തിക മുഖമായ അദ്ദേഹം മികച്ച പ്രഭാഷകനും എഴുത്തുകാരനും കൂടിയാണ് എന്നതും ഇതോടൊപ്പം പറയാവുന്നതാണ്.
ജനറൽ സെക്രട്ടറി സ്ഥാനത്ത് പുതിയ നേതാവു വന്നു എന്നതു മാത്രമല്ല ഈ പാർട്ടി കോൺഗ്രസിന്‍റെ പ്രത്യേകത. സമീപകാലത്തെങ്ങുമില്ലാത്ത വിധത്തിൽ നേതൃനിരയിൽ വിപുലമായ മാറ്റമുണ്ടായിട്ടുണ്ട്. 18 അംഗ പൊളിറ്റ്ബ്യൂറോയിൽ 8 പുതുമുഖങ്ങളാണ്. 85 അംഗ കേന്ദ്ര കമ്മിറ്റിയിൽ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുന്നു. ബാക്കി 84 പേരിൽ 30 പുതുമുഖങ്ങൾ. അതായത് ദേശീയ നേതൃത്വത്തിൽ പുതുനിരയുടെ പങ്ക് വളരെയേറെ വർധിച്ചിരിക്കുന്നു. മാറിയ കാലത്തിനനുസരിച്ച് പാർട്ടിയെ മുന്നോട്ടു നയിക്കാൻ പുതുനിര നേതാക്കളുടെ സംഭാവനകൾ ഉപകരിക്കേണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ 75 വയസ് പിന്നിട്ട നേതാക്കൾ ഒന്നടങ്കം ഒഴിവായതാണ് പിബിയിൽ പുതുനിരയ്ക്ക് ഇത്രമാത്രം അവസരം നൽകിയത്. പ്രായപരിധി മാനദണ്ഡം മൂലം പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത മിശ്ര, സുഭാഷിണി അലി, ജി. രാമകൃഷ്ണന്‍ എന്നിവരാണ് ഒഴിവായത്. ശ്രീദിപ് ഭട്ടാചാര്യ, ജിതേന്ദ്ര ചൗധരി, കെ. ബാലകൃഷ്ണൻ, യു. വാസുകി, അമ്രാറാം, വിജൂ കൃഷ്ണന്‍, മറിയം ധാവ്ളെ, അരുൺകുമാർ എന്നിവർ പുതുതായി പൊളിറ്റ് ബ്യൂറോയിലെത്തി. പൊളിറ്റ് ബ്യൂറോയിലെ വനിതാ പ്രാതിനിധ്യത്തിൽ വർധനയുണ്ടായിട്ടില്ല. വൃന്ദ കാരാട്ടിനും സുഭാഷിണി അലിക്കും പകരം വാസുകിയും മറിയം ധാവ്ളെയും എത്തുകയാണുണ്ടായത്. കേരളത്തിൽ നിന്ന് ടി.പി. രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ എന്നിവർ കേന്ദ്ര കമ്മിറ്റിയിലെത്തി. കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളിൽ ജോൺ ബ്രിട്ടാസും ഉൾപ്പെടുന്നു. പിബിയിൽ നിന്ന് ഒഴിവാക്കപ്പെട്ട നേതാക്കളെ കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിട്ടുമുണ്ട്.
പാർട്ടിയുടെ കരുത്തു വർധിപ്പിക്കുകയും ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും മാത്രമല്ല ബിജെപിക്കെതിരായ ഇന്ത്യാ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുകയും വേണം സിപിഎമ്മിന്. കേരളത്തിൽ മാത്രമാണ് ഇപ്പോൾ പാർട്ടിക്കു ഭരണമുള്ളത്. ദേശീയ തലത്തിൽ പാർട്ടി നന്നേ ദുർബലമായിരിക്കുന്നു. പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും തകർച്ച മൂലമുണ്ടായ ക്ഷീണം നികത്താനാവാതെ ശേഷിക്കുകയാണ്. ഈ രണ്ടു സംസ്ഥാനത്തും തിരിച്ചുവരവിനുള്ള സാധ്യതകൾ തെളിയുന്നതേയില്ല. മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥയും ശോചനീയമാണ്. കഴിഞ്ഞ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 52 സ്ഥാനാർഥികളെ നിർത്തിയ സിപിഎമ്മിനു കിട്ടിയതു 4 സീറ്റു മാത്രം. തമിഴ്നാട്ടിലെ മധുര, ദിണ്ടിഗൽ, കേരളത്തിലെ ആലത്തൂർ, രാജസ്ഥാനിലെ സിക്കാർ എന്നിവ. 2019ൽ 3 എംപിമാർ മാത്രമേ സിപിഎമ്മിന് ലോക്സഭയിൽ ഉണ്ടായിരുന്നുള്ളൂ. അതു നാലായി എന്നതിൽ ആശ്വസിക്കാൻ വകയൊന്നുമില്ല. ദേശീയ രാഷ്ട്രീയത്തിൽ സാന്നിധ്യം ശക്തമാക്കാൻ ബേബിക്കും പുതിയ നേതൃനിരയ്ക്കും കൃത്യമായ പദ്ധതികളോടെ മുന്നോട്ടുപോകേണ്ടതുണ്ട്.
കേരളത്തിലും ബംഗാളിലും അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പാണ്. രണ്ടു സംസ്ഥാനത്ത് രണ്ടു രാഷ്ട്രീയ തന്ത്രങ്ങൾ പാർട്ടിക്കു സ്വീകരിക്കണം. ഒപ്പം തമിഴ്നാട്, പുതുച്ചേരി, അസം നിയമസഭാ തെരഞ്ഞെടുപ്പുകളുമുണ്ട്. ദേശീയ തലത്തിലെ രാഷ്ട്രീയത്തിൽ നിന്നു വ്യത്യസ്തമായ സാഹചര്യമാണു കേരളത്തിലുള്ളത്. സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം വട്ടവും ഭരണം ലക്ഷ്യമിടുന്ന എൽഡിഎഫിന് മുഖ്യ എതിരാളി കോൺഗ്രസും യുഡിഎഫുമാണ്. കേരളത്തിൽ കോൺഗ്രസിനെ എതിർക്കുകയും സംസ്ഥാനത്തിനു പുറത്ത് അവരുമായി ധാരണയുണ്ടാക്കുകയും ചെയ്യുന്ന നയത്തിൽ മാറ്റങ്ങൾക്കൊന്നും സാധ്യതയില്ല. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ബിജെപിക്കെതിരായ വിശാലമായ രാഷ്ട്രീയ യോജിപ്പ് വളർത്തിയെടുക്കുകയെന്ന ലക്ഷ്യം പ്രാവർത്തികമാക്കുകയെന്നു ബേബി പറഞ്ഞിട്ടുണ്ട്. എന്തായാലും ബേബിയുടെ നേതൃത്വത്തിൽ സിപിഎം എങ്ങനെ മുന്നോട്ടുപോകുന്നുവെന്ന് രാഷ്ട്രീയ താത്പര്യമുള്ളവരെല്ലാം ഉറ്റുനോക്കുന്നുണ്ട്.