

മുല്ലപ്പെരിയാർ: നമ്മുടെആശങ്കകൾ അവഗണിക്കരുത്
വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് ആണെങ്കിലും ഇടുക്കി ജില്ലയിലാണ് മുല്ലപ്പെരിയാർ അണക്കെട്ട്. കാലപ്പഴക്കം ചെന്ന ഈ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് കേരളത്തിനുള്ള ആശങ്കകൾ ബന്ധപ്പെട്ട തലങ്ങളിലൊക്കെ അറിയിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. കേരളത്തിന്‍റെ മണ്ണിൽ സ്ഥിതിചെയ്യുന്നു എന്നതു കൊണ്ടും അണക്കെട്ടിനു ബലക്ഷയം സംഭവിച്ചാൽ അതിന്‍റെ ആഘാതം നേരിടേണ്ടതു മലയാളികളാണ് എന്നതുകൊണ്ടും മുല്ലപ്പെരിയാറിനെക്കുറിച്ചു നമുക്കു നിരന്തരം പറയേണ്ടതായി വരുന്നുണ്ട്.
പഴയ ഡാം ഡീകമ്മിഷൻ ചെയ്യണമെന്നും പകരം പുതിയ അണക്കെട്ടു നിർമിക്കാമെന്നും കേരളം പറയുന്നത് സുരക്ഷ മുൻനിർത്തിയാണ്. അങ്ങനെയായാൽ തമിഴ്നാടിന് ഇപ്പോഴത്തേതുപോലെ ഡാമിലെ വെള്ളം ഉപയോഗിക്കാനാവും. കേരളത്തിന്‍റെ സുരക്ഷാഭീതിയും ഒഴിവാകും. 1895ൽ ബ്രിട്ടിഷ് ഭരണകാലത്ത് സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമിച്ചതാണല്ലോ ഈ അണക്കെട്ട്.
130 വർഷത്തിലേറെ പഴക്കമുള്ള ഡാമിന് ഒരു തകർച്ചയുണ്ടായാൽ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ ദശലക്ഷക്കണക്കിനാളുകളെയാണ് അതു ബാധിക്കുക. പുതിയ ഡാമിനു വേണ്ടി മുൻ സർക്കാരുകളുടെ കാലത്ത് കേരളം നടത്തിയ പരിശ്രമങ്ങൾ ഒന്നും വിജയം കണ്ടിട്ടില്ല.
ഇപ്പോൾ കേരളത്തിലും തമിഴ്നാട്ടിലും പുതിയ സർക്കാരുകൾ അധികാരത്തിൽ വന്നിരിക്കുകയാണ്. കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന സർക്കാരും തമിഴ്നാട്ടിൽ കോൺഗ്രസ് പിന്തുണയുള്ള സർക്കാരുമാണുള്ളത്. ഈ സാഹചര്യം മുല്ലപ്പെരിയാർ പ്രശ്ന പരിഹാരത്തിന് അവസരമായി ഉപയോഗിക്കണമെന്നു മെട്രൊ വാർത്ത നേരത്തേ ചൂണ്ടിക്കാണിച്ചതാണ്.
തമിഴ്നാട് സർക്കാരുമായി ചർച്ച ചെയ്തു സമവായത്തിലെത്താമെന്ന ശുഭാപ്തി വിശ്വാസം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട്ടിലെ മുൻ സർക്കാരുകളുടെ അതേ നിലപാടു തന്നെയാണു വിജയ് സർക്കാരും സ്വീകരിക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നാണ് അവർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നത്.
അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികൾ നടത്തുമെന്നും ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും വിജയ് സർക്കാർ പറയുന്നു. 152 അടിയായി ജലനിരപ്പ് ഉയർത്തണമെന്നതു തമിഴ്നാടിന്‍റെ ദീർഘകാല ആവശ്യമാണെങ്കിലും സുപ്രീം കോടതി ഉത്തരവനുസരിച്ച് 142 അടിയാണ് മുല്ലപ്പെരിയാറിൽ അനുവദനീയമായ ജലനിരപ്പ്. അതു തന്നെ കേരളത്തിനു ഭീഷണിയാണെന്നു നാം ഭയപ്പെടുമ്പോഴാണ് ഇനിയും ജലനിരപ്പ് കൂട്ടണമെന്നു പറയുന്നത്!
തമിഴ്നാട് അവരുടെ നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെയാണ് മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിലെ കേരളത്തിന്‍റെ പ്രതിനിധിയെ ഏകപക്ഷീയമായി മാറ്റിയ കേന്ദ്രത്തിന്‍റെ നടപടിയും ആശങ്കയുണ്ടാക്കുന്നത്. സുപ്രീം കോടതി നിർദേശപ്രകാരം അണക്കെട്ടിന്‍റെ സുരക്ഷാ പരിശോധനയ്ക്കായി ഡാം സുരക്ഷാ അഥോറിറ്റി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ നിന്നാണ് കേരളത്തിന്‍റെ പ്രതിനിധിയായിരുന്ന ടി.കെ. ശിവരാജനെ ഒഴിവാക്കിയത്.
കേന്ദ്ര ജലകമ്മിഷൻ മുൻ ചീഫ് എൻജിനീയറായിരുന്നു ശിവരാജൻ. അദ്ദേഹത്തിനു പകരം സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഉത്തർപ്രദേശ് സ്വദേശിയായ എം.എൽ. ശർമ്മയെയാണ്. ഇന്‍റർനാഷണൽ സെന്‍റർ ഒഫ് എക്സലൻസ് ഒഫ് ഡാംസ് മേധാവിയും ഐഐടി റൂർക്കിയിലെ ഭൂകമ്പ എൻജിനീയറിങ് വിഭാഗം അധ്യാപകനുമാണു ശർമ്മ.
സമിതി അംഗങ്ങളിൽ കേരളത്തിന്‍റെ പ്രതിനിധിയെ മാത്രമാണു മാറ്റിയിട്ടുള്ളത്. മറ്റുള്ളവർ അതേപടി തുടരുകയാണ്. ഡാം സുരക്ഷാ അഥോറിറ്റിയുടെ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നു ജലവിഭവ മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തോട് ആലോചിക്കാതെയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ശിവരാജനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അതു കേരളത്തെ അറിയിക്കണമായിരുന്നു. അതു ചെയ്തിട്ടില്ല. അണക്കെട്ട് സുരക്ഷിതമല്ലെന്ന കേരളത്തിന്‍റെ നിലപാട് തെളിയിക്കുന്നതിൽ ഈ സമിതിയുടെ പരിശോധനാ റിപ്പോർട്ടിന് വളരെയേറെ പ്രാധാന്യമുണ്ട്. അത്രയേറെ നിർണായകമായ ഒരവസരത്തിലാണു കേരളത്തിന്‍റെ പ്രാതിനിധ്യം തന്നെ ഇല്ലാതായിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള ഒരു വിദഗ്ധനെ സമിതിയിൽ ഉൾപ്പെടുത്തുകയെന്ന ആവശ്യത്തിൽ സംസ്ഥാനം ഉറച്ചുനിൽക്കേണ്ടതുണ്ട്. നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷൻ (എന്‍എച്ച്പിസി) മുൻ ചെയർമാൻ ബൽരാജ് ജോഷി ചെയർമാനായി ഇക്കഴിഞ്ഞ ജനുവരിയിലാണ് 2021ലെ ഡാം സുരക്ഷാ നിയമപ്രകാരം സമഗ്ര സുരക്ഷാ പരിശോധനയ്ക്കായി വിദഗ്ധ സമിതി രൂപീകരിച്ചത്. അന്നു മുതൽ ശിവരാജനെ മാറ്റാൻ തമിഴ്നാട് സമ്മർദം ചെലുത്തുകയായിരുന്നുവെന്നാണു റിപ്പോർട്ടുകൾ. ഡാം സംബന്ധിച്ചു സമിതിയുടെ കണ്ടെത്തലുകൾ സുതാര്യമായിരിക്കില്ലെന്ന സംശയം ജനിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കങ്ങൾ. അതുകൊണ്ടു തന്നെ മുല്ലപ്പെരിയാറിന്‍റെ സുരക്ഷാ ഭീഷണിയുള്ളവരുടെ ആശങ്കയും വർധിക്കുകയാണ്.