

താരിഫ് യുദ്ധം
symbolic image
ഇന്ത്യ- അമെരിക്ക വ്യാപാര ബന്ധങ്ങൾക്ക് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന ഭീഷണി വർധിക്കുകയാണ്. അമെരിക്കയുടെ സുഹൃദ് രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയുമാണ് അമെരിക്ക. പക്ഷേ, വ്യാപാര കരാർ യാഥാർഥ്യമാവാത്ത സാഹചര്യത്തിലും റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിലും ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ ഇപ്പോൾ തന്നെ പല മേഖലകളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ടെക്സ്റ്റൈൽസ്, ലെതർ, സമുദ്രോത്പന്നം, രത്നങ്ങളും ആഭരണങ്ങളും, എൻജിനീയറിങ് ഗുഡ്സ്, കെമിക്കലുകൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ തിരിച്ചടികളുണ്ടാവുന്നുണ്ട്. യൂറോപ്പിലും മറ്റും പുതിയ വിപണികൾ കണ്ടെത്തി യുഎസ് തീരുവയുടെ ആഘാതം കുറയ്ക്കാനാണ് ഇന്ത്യ പരിശ്രമിക്കുന്നത്.വ്യാപാര കരാർ നടപ്പിലായാൽ തീരുവ കുറയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും കരാർ ചർച്ചകളും എങ്ങും എത്തിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ വിളിക്കാത്തതു കൊണ്ടാണു കരാർ യാഥാർഥ്യമാകാത്തതെന്ന് യുഎസ് വ്യവസായ സെക്രട്ടറി ഹോവാഡ് ലുട്നിക് പറഞ്ഞതു കഴിഞ്ഞ ദിവസമാണ്. ഉഭയകക്ഷി വ്യാപാര കരാർ അന്തിമമാക്കുന്നതിന് ഇന്ത്യയും യുഎസും തമ്മിൽ പല റൗണ്ട് ചർച്ചകൾ നടന്നിട്ടുണ്ട്. പക്ഷേ, പൂർണമായ ധാരണയിൽ എത്തിയിട്ടില്ല.
അമെരിക്കയുടെ കാർഷികോത്പന്നങ്ങൾക്കും പാലുത്പന്നങ്ങൾക്കും ഇന്ത്യയിൽ വിപണി തുറന്നുകിട്ടുക എന്ന ട്രംപിന്‍റെ ലക്ഷ്യത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിക്കാത്തത് വ്യാപാര കരാറിനു തടസമാവുന്നുണ്ട്. രാജ്യത്തെ ചെറുകിട കർഷകരെ ബാധിക്കുമെന്നതിനാൽ ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഇന്ത്യയ്ക്കു കഴിയില്ല താനും.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ മൊത്തമുള്ള 50 ശതമാനം തീരുവയിൽ 25 ശതമാനം റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുകൊണ്ടാണ്. റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിനു ഫണ്ട് നൽകുന്നതാണ് ഇന്ത്യയുടെ നടപടിയെന്നു ട്രംപ് കുറ്റപ്പെടുത്തുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതു നിർത്തണമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. മറ്റാരും നൽകാത്തത്ര വലിയ ഇളവുകളാണ് റഷ്യ ഇന്ത്യയ്ക്കു നൽകുന്നത്.
കുറഞ്ഞ വിലയ്ക്കു കിട്ടുന്ന ക്രൂഡ് ഓയിൽ വേണ്ടെന്നു വയ്ക്കുന്നത് സാമ്പത്തികമായി ഇന്ത്യയ്ക്കു കനത്ത നഷ്ടമുണ്ടാക്കും.
അതുകൊണ്ടു തന്നെയാണു പൂർണമായും ട്രംപിനു വഴങ്ങാത്തത്. റിലയൻസ് റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്തിയിട്ടുണ്ടെങ്കിലും പൊതുമേഖലാ റിഫൈനറികൾ ഇപ്പോഴും റഷ്യയെ ആശ്രയിക്കുന്നുണ്ട്. ആഗോളതലത്തിലെ അനിശ്ചിതത്വത്തിനിടയിലും രാജ്യത്ത് ഇന്ധന വില പിടിച്ചുനിർത്താൻ ഇന്ത്യയെ സഹായിക്കുന്നതു റഷ്യൻ എണ്ണയാണ്.
ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
കൂടിയ തോതിലുള്ള ഇറക്കുമതി ആവശ്യമായതിനാൽ തന്നെ നേരിയ വിലക്കുറവുപോലും വലിയ ആശ്വാസമാണ്. ഈ സാഹചര്യത്തിലാണ് റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ അധികാരം നൽകുന്ന ബില്ലിന് ട്രംപ് അംഗീകാരം നൽകിയിരിക്കുന്നത്. ഇതു നടപ്പായാൽ വളരെ വലിയ തിരിച്ചടിയാവും ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തിലുണ്ടാവുക.
റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമും ഡെമൊക്രറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തലും ചേർന്നു രൂപം നൽകിയ ബിൽ ഏറ്റവും ദോഷകരമായി ബാധിക്കുന്ന രാജ്യമാവും ഇന്ത്യ എന്നാണു കരുതുന്നത്. ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെയും ബാധിക്കും. 500 ശതമാനം തീരുവ നൽകി ഇറക്കുമതി ചെയ്തു വിപണിയുണ്ടാക്കുക എന്നത് ഏതാണ്ട് അസാധ്യമായ കാര്യമാണ്.
ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി ഒന്നാകെ കടുത്ത പ്രതിസന്ധിയിലാവാൻ 500 ശതമാനം തീരുവ കാരണമാവും. സോഫ്റ്റ് വെയർ കമ്പനികളുടെ സേവന കയറ്റുമതിയെ വരെ ഇതു ബാധിക്കാം. ഇന്ത്യയും ചൈനയും റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതു പൂർണമായി അവസാനിപ്പിക്കാനുള്ള സമ്മർദ തന്ത്രമായി വിദഗ്ധർ ഇതിനെ കാണുന്നുണ്ട്. ഇന്ത്യയ്ക്കു മേലുള്ള തീരുവ വളരെ വേഗത്തിൽ ഉയർത്താൻ തനിക്കു കഴിയുമെന്ന് ഏതാനും ദിവസം മുൻപ് ട്രംപ് ഭീഷണി മുഴക്കുകയുണ്ടായി.
500 ശതമാനം തീരുവയെന്ന പുതിയ ഭീഷണി വ്യാപാര കരാറിന്‍റെ തുടർ ചർച്ചകളെ എങ്ങനെ ബാധിക്കുമെന്നു കണ്ടറിയേണ്ടതാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ യുഎസിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്. വ്യാപാര രംഗത്തു സംഘർഷം ലഘൂകരിക്കാനുള്ള മാർഗം എന്ന നിലയിലാണിത്. മറ്റു രാജ്യങ്ങൾ തനിക്കു പരിപൂർണമായി വഴങ്ങണമെന്ന ട്രംപിന്‍റെ പിടിവാശി ലോക വ്യാപാര രംഗത്തു വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുകയാണു ചെയ്യുന്നത്.