വൻ ശക്തികളുടെ ത്രികക്ഷി ചർച്ച

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ അമെരിക്ക എതിർത്തതുപോലുള്ള സാഹചര്യങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെ
 Trilateral talks
between major powers

വൻ ശക്തികളുടെ

ത്രികക്ഷി ചർച്ച

Updated on: 

ചൈനയിലെ ഷെൻഷെനിൽ ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്‍റി ഷീ ജിൻപിങ്ങും തമ്മിൽ നടന്ന 90 മിനിറ്റ് നീണ്ട ത്രികക്ഷി ചർച്ച ലോകരാഷ്‌ട്രീയത്തിൽ പുതിയ ചരിത്രം കുറിക്കുന്ന സംഭവവികാസമായി പലരും കാണുന്നുണ്ട്. ലോകത്തെ പ്രമുഖ ശക്തികളായ യുഎസും റഷ്യയും ചൈനയും ലോകസമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി സഹകരിക്കാൻ തയാറായാൽ അതു വലിയ കാര്യമാണല്ലോ. ഇവരുടെ കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറക്കിയ സംയുക്ത പ്രഖ്യാപനം ആണവയുദ്ധം തടയുന്നതിനു പ്രതിജ്ഞയെടുക്കുന്നതാണ്. ആഗോള സുരക്ഷ ശക്തമാക്കുക, അന്താരാഷ്‌ട്ര സ്ഥാപനങ്ങളിൽ പരിഷ്കരണങ്ങൾ കൊണ്ടുവരുക എന്നിവയും സംയുക്ത പ്രഖ്യാപനത്തിന്‍റെ ഭാഗമായിരിക്കുന്നു. ഊർജമേഖലയിലെ സഹകരണത്തെക്കുറിച്ചും ഇവർ പറയുന്നുണ്ട്. ഈ കൂടിക്കാഴ്ചയും പ്രഖ്യാപനങ്ങളും ആത്മാർഥതയോടെയുള്ളതാണെന്നു മൂന്നു നേതാക്കളും ലോകത്തെ ബോധ്യപ്പെടുത്തട്ടെ എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മൂന്നു വൻശക്തികളുടെയും നേതാക്കൾ ഒരുവേദിയിൽ ഇത്തരമൊരു കൂടിക്കാഴ്ചയും പ്രഖ്യാപനവും നടത്തുന്നത് ഇതാദ്യമാണ്. പല ചേരികൾ തമ്മിലുള്ള വടംവലികൾ ലോക സമാധാനത്തിനു തന്നെ ഭീഷണിയാവുമ്പോൾ ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾക്കു പ്രസക്തിയേറെയുണ്ട്.

ആണവ യുദ്ധത്തില്‍ വിജയമില്ലെന്നും അത് ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്നും മൂന്നു നേതാക്കളും ചേർന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആണവ റിസ്ക് കുറയ്ക്കുന്നതിനുള്ള ചർച്ചകൾക്കു മൂന്നു രാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനുള്ള താത്പര്യവും ഈ ലോക നേതാക്കൾ പ്രകടിപ്പിച്ചിരിക്കുന്നു. ഐക്യരാഷ്‌ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ഈ മൂന്നു രാജ്യങ്ങളും ആണവായുധങ്ങളുള്ള വൻ ശക്തികൾ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവർ തമ്മിലുള്ള ആണവ നിയന്ത്രണ ചർച്ചകൾക്കു പ്രസക്തിയേറെയുണ്ട്. ആണവായുധങ്ങൾ കുറയ്ക്കാനും അവ പ്രയോഗിക്കുന്നതു തടയാനും തങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് ലോക നേതാക്കൾ എല്ലാവരും കരുതുകയാണെങ്കിൽ വലിയൊരു ഭീഷണിയിൽ നിന്നു ലോകം രക്ഷപെടും. ആണവായുധങ്ങൾ പൂർണമായി നശിപ്പിക്കണമെന്നും ആണവായുധ മുക്ത ലോകം ഉണ്ടാവണമെന്നുമാണ് ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ് കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടതത്രേ. തങ്ങളെ അപേക്ഷിച്ച് കൂടുതൽ ആണവായുധങ്ങളുള്ളത് അമെരിക്കയ്ക്കും റഷ്യയ്ക്കുമാണ് എന്നതാണു ചൈന ചൂണ്ടിക്കാണിക്കുന്നത്. കൂടുതൽ ആണവായുധങ്ങളുള്ളവർ അവ കുറയ്ക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം ഏൽക്കണമെന്നതാണു ചൈനയുടെ നിലപാട്. ലോകത്തിലെ വലിയ മൂന്ന് ആണവ ശക്തികൾ ചരിത്രം സൃഷ്ടിക്കുന്നു എന്നാണ് ട്രംപ് ത്രികക്ഷി ചർച്ചയെക്കുറിച്ചു പറഞ്ഞത്. എന്തായാലും ആണവ ഭീഷണി ഒഴിവാക്കുന്നതിനെക്കുറിച്ച് ഏതു തരത്തിലുള്ള ചർച്ച നടക്കുന്നതും സ്വാഗതാർഹമാണ്.

ഇറാനുമായി അമെരിക്കയുടെ യുദ്ധവും യുക്രെയ്‌നിൽ റഷ്യയുടെ യുദ്ധവും ലോകത്ത് വലിയ തോതിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചിരിക്കുന്ന സമയത്താണ് ഈ ത്രികക്ഷി കൂടിക്കാഴ്ച നടന്നത് എന്നതു ശ്രദ്ധേയമാണ്. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അവസരമായി ഇതിനെ കാണാനാവുമോ എന്നു ലോകം ഉറ്റുനോക്കുന്നുണ്ട്. മാനസികമായ ശീതയുദ്ധം അവസാനിപ്പിച്ച് മൂന്നു രാജ്യങ്ങളും സുഹൃത്തുക്കളാവുക എന്ന ഷീയുടെ നിർദേശം പുടിനും ആവർത്തിച്ചു എന്നാണു കേൾക്കുന്നത്. ക്രിയാത്മകമായി സഹകരിക്കുകയാണെങ്കിൽ ആഗോള സ്ഥിരത ഉറപ്പുവരുത്താൻ തങ്ങൾക്കു പ്രധാന പങ്കുവഹിക്കാനാവുമെന്ന് പുടിൻ ചൂണ്ടിക്കാട്ടുകയുണ്ടായി. ആഗോള ഊർജ വിതരണം സുഗമമാക്കുന്നതിനെക്കുറിച്ചു സംയുക്ത പ്രഖ്യാപനം പറയുന്നുണ്ട്. അമെരിക്കയുടെ ഇറാൻ ആക്രമണം പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണത്തിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും പെട്രോളിയം നീക്കത്തിനു തടസമായി. എണ്ണ വിതരണത്തിന്‍റെ അഞ്ചിലൊന്നും നടന്നിരുന്ന കടലിടുക്കിലാണു പ്രതിസന്ധി രൂപപ്പെട്ടത്. യുക്രെയ്‌ൻ-റഷ്യ യുദ്ധത്തിൽ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുന്നതും ആഗോള ഊർജ മേഖലയിൽ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ആഗോള ഊർജ വിതരണം സുഗമമാക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല. ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും വർധിപ്പിക്കാൻ മൂന്നു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

ഐക്യരാഷ്‌ട്ര സഭയുടെ പരിഷ്കരണത്തിനു പ്രതിജ്ഞാബദ്ധമാണെന്ന് മൂന്നു രാജ്യങ്ങളും വ്യക്തമാക്കുന്നുണ്ട്. പുതിയ കാലത്തെ ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ഐക്യരാഷ്‌ട്ര സഭയെ പ്രാപ്തമാക്കുന്നതിന് പരിഷ്കരണം അത്യാവശ്യമാണ്. രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കു റഷ്യ പിന്തുണ നൽകുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യവും ശക്തമായ സാമ്പത്തിക വ്യവസ്ഥയുള്ള രാജ്യവുമാണ് ഇന്ത്യ. ഇന്ത്യയെ ഒഴിവാക്കി രക്ഷാസമിതിയുടെ പരിഷ്കരണം അതുകൊണ്ടു തന്നെ ചിന്തിക്കാൻ കൂടിയാവില്ല. ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനു ചൈനയുടെ ഭാഗത്തുനിന്ന് തടസമുണ്ടാവാതിരിക്കുക എന്നതു പ്രധാനമാണ്. മറ്റുള്ളവരുടെ താത്പര്യങ്ങൾ കൂടി പരിഗണിച്ചും പരസ്പര ബഹുമാനം പുലർത്തിയും ഇടപെടാൻ ഈ മൂന്നു രാജ്യങ്ങളും തയാറായാൽ അതു ലോകത്തു വലിയ മാറ്റങ്ങളുണ്ടാക്കും. ത്രികക്ഷി ചർച്ചയിൽ ധാരണയായതുപോലെ പെട്രോളിയം ഉത്പാദനവും വിതരണവും സുഗമമാവുന്നതും വിപണി സുസ്ഥിരമാവുന്നതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ അമെരിക്ക എതിർത്തതുപോലുള്ള സാഹചര്യങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെ.