

ഇന്ധന വിലയിലെ കുതിച്ചുകയറ്റം
തുടർച്ചയായ ഇന്ധന വില വർധന സാധാരണക്കാരന്‍റെ ജീവിതച്ചെലവു കുത്തനെ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ അന്താരാഷ്‌ട്ര വില വർധനയുടെ പേരു പറഞ്ഞാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടി. ലിറ്ററിനു മൂന്നു രൂപയ്ക്കടുത്താണു വർധന. രണ്ടാഴ്ചക്കിടെ നാലു തവണ പെട്രോൾ, ഡീസൽ വില വർധിച്ചു കഴിഞ്ഞു. ഈ വർധനകളിലായി ലിറ്ററിന് 7.5 രൂപയിലേറെയാണു കൂടിയത്. മേയ് 15ന് ഇന്ധന വില ലിറ്ററിന് മൂന്നു രൂപ വീതം വർധിപ്പിച്ചിരുന്നു. മേയ് 19ന് 90 പൈസയുടെ വർധനയാണു വരുത്തിയത്. മേയ് 23ന് പെട്രോൾ വില 87 പൈസയും ഡീസൽ വില 91 പൈസയും കൂട്ടി. ഇപ്പോൾ പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണു വർധിപ്പിച്ചിരിക്കുന്നത്. മേയ് 2022നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലാണ് ഇപ്പോൾ പെട്രോളും ഡീസലുമുള്ളത്.
അമെരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിന് എത്രയും വേഗം അറുതി വന്നില്ലെങ്കിൽ ഇപ്പോൾ കാണുന്ന അസാധാരണമായ സാഹചര്യത്തിന്‍റെ കാഠിന്യമേറും. ഇരുപക്ഷവും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ഇറാനും യുഎസും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ സമാധാന കരാർ വൈകിയേക്കുമെന്നു റിപ്പോർട്ടുകൾ വരുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഇനിയും വില വർധിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഇന്ധന വിലക്കയറ്റത്തിൽ പ്രതിപക്ഷം അതിശക്തമായ വിമർശനമാണു കേന്ദ്ര സർക്കാരിനു നേരേ ഉയർത്തുന്നത്. എന്നാൽ, എണ്ണക്കമ്പനികൾക്കു പിടിച്ചുനിൽക്കാൻ വില വർധിപ്പിച്ചേ തീരൂ എന്ന നിലപാടാണു സർക്കാർ വൃത്തങ്ങൾക്കുള്ളത്. രാജ്യത്തെ ഇന്ധന വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്നത് പൊതുമേഖലാ വിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയാണ്. അതുകൊണ്ടു തന്നെ ഈ സ്ഥാപനങ്ങൾ വിൽപ്പന വില വർധിപ്പിക്കുമ്പോൾ അതു രാജ്യത്തെ മൊത്തം ബാധിക്കുന്നു.
നാലു വർഷക്കാലമായി രാജ്യത്ത് ഇന്ധന വില വർധന മരവിപ്പിച്ചിരിക്കുകയായിരുന്നു. അതിനിടയ്ക്ക് പൊതുതെരഞ്ഞെടുപ്പു വന്നപ്പോൾ 2024 മാർച്ചിൽ ലിറ്ററിനു രണ്ടു രൂപയുടെ കുറവു വരുത്തുകയും ചെയ്തിരുന്നു. ഇക്കാലയളവിൽ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞുനിന്നത് എണ്ണക്കമ്പനികൾക്കു വലിയ ആശ്വാസം നൽകിയിരുന്നതാണ്. എന്നാൽ, പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതോടെ ഇന്ധന വില കുതിച്ചുകയറുകയായിരുന്നു. ലോകത്തെ എണ്ണ വ്യാപാരത്തിന്‍റെ അഞ്ചിലൊന്നും നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് എണ്ണ വിതരണത്തെ ബാധിച്ചു. ക്രൂഡ് ഓയിൽ എത്തിക്കാനുള്ള ചെലവ് വൻ തോതിൽ വർധിച്ചിട്ടും രണ്ടര മാസത്തോളം എണ്ണക്കമ്പനികൾ ആഭ്യന്തര വിൽപ്പന വില കൂട്ടിയിരുന്നില്ല. ഇന്ധന വില വർധന മൂലമുണ്ടാവുന്ന സർവ മേഖലകളിലെയും വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തിലായിരുന്നു ഇത്. പശ്ചിമേഷ്യൻ സംഘർഷം പരിഹാരമില്ലാതെ നീണ്ടുപോയതോടെ പിടിച്ചുനിൽക്കുക അസാധ്യമായി എന്നാണ് എണ്ണക്കമ്പനികൾ അവകാശപ്പെടുന്നത്. ഈ വർഷം ഏപ്രിലിലെ ക്രൂഡ് ഓയിൽ ഇറക്കുമതി 4.3 ശതമാനം കുറഞ്ഞു എന്നാണു സർക്കാർ കണക്ക്. അപ്പോഴും ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് 50 ശതമാനം ഉയർന്നിട്ടുണ്ടത്രേ. അന്താരാഷ്‌ട്ര വിപണിയിലെ വിലക്കയറ്റത്തിന്‍റെ പ്രതിഫലനമാണിത്.
ഇന്ധന പ്രതിസന്ധി രൂക്ഷമാണ് എന്നതു കൊണ്ടാണ് രാജ്യത്ത് എണ്ണ ഉപയോഗം ജാഗ്രതയോടെ വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതാനും ദിവസം മുൻപ് ആഹ്വാനം ചെയ്തത്. പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കണമെന്നും കാർ പൂളിങ് പോലുള്ള സംവിധാനങ്ങളുടെ സാധ്യത ഉപയോഗിക്കണമെന്നും അദ്ദേഹം നിർദേശിക്കുകയുണ്ടായി. സാധിക്കുന്നവർ ഇലക്‌ട്രിക് വാഹനങ്ങളിലേക്കു മാറണം, വർക്ക് ഫ്രം ഹോം പരിഗണിക്കണം, ഒരു വർഷത്തേക്ക് അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. എന്തായാലും ഈ നിർണായക അവസരത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കുക എന്നത് അത്യാവശ്യമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഉദ്യോഗസ്ഥരും ജനങ്ങളുമെല്ലാം ഇന്ധന പ്രതിസന്ധിയെക്കുറിച്ചു ബോധ്യമുള്ളവരാവണം. നിലവിൽ രാജ്യത്ത് ക്രൂഡ് ഓയിൽ, എൽപിജി ശേഖരം ആവശ്യത്തിനുണ്ടെന്നും അതിൽ ആശങ്ക വേണ്ടെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ, വിലക്കയറ്റം സൃഷ്ടിക്കുന്ന ആശങ്ക സ്വാഭാവികമായും പൊതുജനങ്ങൾക്കുണ്ടാവും.