കൂടുതൽ മെച്ചപ്പെടട്ടെ, ഇന്ത്യ- ചൈന ബന്ധങ്ങൾ

അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള ചൈനയുടെ നിലപാടുകൾ ഇതിനിടയിലും കല്ലുകടിയാവുകയാണ്.
May India-China relations improve further.

കൂടുതൽ മെച്ചപ്പെടട്ടെ, ഇന്ത്യ- ചൈന ബന്ധങ്ങൾ

Updated on

അയൽ രാജ്യങ്ങൾ എന്ന നിലയിൽ മാത്രമല്ല ലോകത്തെ പ്രമുഖ രാജ്യങ്ങൾ എന്ന നിലയിലും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധങ്ങൾ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തുന്നത് ഇരു കൂട്ടർക്കും പ്രയോജനകരമാണ്. അത്തരത്തിൽ ബന്ധങ്ങൾ വളർത്താൻ അനിവാര്യമായിട്ടുള്ള ഘടകം അതിർത്തി പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കുക എന്നതാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാവുന്ന ക്രിയാത്മക സമീപനത്തെ ചൈന ഉൾക്കൊള്ളാൻ തയാറാവുമോ എന്നതാണു പ്രശ്നമായി നിലനിൽക്കുന്നത്. നയതന്ത്ര-സൈനിക മാര്‍ഗങ്ങളിലൂടെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏതാനും ദിവസം മുൻപ് ന്യൂഡല്‍ഹിയില്‍ നടന്ന അതിര്‍ത്തി വിഷയങ്ങള്‍ക്കായുള്ള കൂടിയാലോചനയ്ക്കും ഏകോപനത്തിനുമുള്ള വര്‍ക്കിങ് മെക്കാനിസത്തിന്‍റെ (ഡബ്ല്യുഎംസിസി) യോഗത്തിലും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നു.

ഉഭയകക്ഷി ബന്ധങ്ങളുടെ പുരോഗതിക്ക് "നിയന്ത്രണ രേഖയില്‍' സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നു യോഗം ആവര്‍ത്തിച്ചു വ്യക്തമാക്കുകയുണ്ടായി. നിയന്ത്രണ രേഖയിലെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രാദേശിക കമാന്‍ഡര്‍ തലത്തിലുള്ള യോഗങ്ങള്‍, ഡബ്ല്യുഎംസിസി, മറ്റ് അംഗീകൃത സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിലവിലെ നയതന്ത്ര- സൈനിക മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും തീരുമാനമായി. അതിര്‍ത്തിയിലെ മൊത്തത്തിലുള്ള സാഹചര്യം യോഗം അവലോകനം ചെയ്യുകയും, അതിര്‍ത്തി നിര്‍ണയം, അതിര്‍ത്തി പരിപാലനം, സഹകരണം എന്നിവയുള്‍പ്പെടെ വിപുലമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി. ഇതെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകൾ തുറക്കുന്നതാണ്. എന്നാൽ, ഇന്ത്യയുടെ അവിഭാജ്യ ഘടകമായ അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള ചൈനയുടെ നിലപാടുകൾ ഇതിനിടയിലും കല്ലുകടിയാവുകയാണ്. അവിടുത്തെ 27 സ്ഥലങ്ങൾക്കും ഭൂപ്രദേശങ്ങൾക്കും ഭൂപടത്തിൽ അംഗീകൃത പേരുകൾ നൽകിയ ഇന്ത്യയുടെ നടപടിയെ ചൈന എതിർക്കുന്നത് നമുക്ക് അംഗീകരിച്ചുകൊടുക്കാനാവില്ല. ഇതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം ചൈനയ്ക്കു വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ട്.

അരുണാചൽ പ്രദേശ് ഇന്ത്യയുടേതാണ് എന്ന യാഥാർഥ്യത്തിനു മാറ്റം വരുത്താൻ ആർക്കും കഴിയില്ലെന്നു വിദേശകാര്യ മന്ത്രാലയം ചൈനയെ ആവർത്തിച്ച് ഓർമിപ്പിക്കുന്നുണ്ട്. ഉഭയകക്ഷി ബന്ധങ്ങൾ ഏറ്റവും മികച്ചതാക്കി മാറ്റുന്നതിന് ചൈന ഇത് ഉൾക്കൊള്ളുകയാണു വേണ്ടത്. നയതന്ത്ര- സൈനിക തലത്തിലുള്ള ചർച്ചകൾ നടക്കുമ്പോൾ തന്നെ ഇത്തരത്തിൽ ഇന്ത്യയുമായി കൊമ്പുകോർക്കാതിരിക്കാൻ അവർ ശ്രദ്ധിക്കേണ്ടതുണ്ട്. അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ ചില തർക്കങ്ങളുണ്ടായി എന്നു റിപ്പോർട്ടുകളുണ്ട്. ഡബ്ല്യുഎംസിസി യോഗത്തിൽ ഇക്കാര്യം ഇന്ത്യ വളരെ ഗൗരവത്തോടെ ഉന്നയിച്ചു എന്നാണ് അറിയുന്നത്. അരുണാചൽ പ്രദേശിൽ അവകാശവാദമുന്നയിക്കുന്ന ചൈനീസ് നടപടി ബന്ധങ്ങൾ വഷളാക്കാൻ മാത്രമാണ് ഉതകുക. ആറു വർഷം മുൻപ് ലഡാഖിൽ കടന്നുകയറാനുള്ള ചൈനീസ് ശ്രമങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിച്ചിരുന്നു. 2020 ജൂണിലാണ് 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടലുണ്ടായത്. യഥാർഥ നിയന്ത്രണ രേഖ ലംഘിച്ച് ടെന്‍റുയർത്തിയ ചൈനീസ് സേനക്കെതിരേ ഇന്ത്യ അതിശക്തമായി തിരിച്ചടിക്കുകയും ചെയ്തു. പിന്നീടു നടന്ന ചർച്ചകളുടെയും ധാരണയുടെയും അടിസ്ഥാനത്തിലാണ് അതിർത്തിയിലെ മുൻനിര സൈനികരെ പിൻവലിച്ചതും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതുമൊക്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയും പ്രയോജനപ്രദമായി. പക്വതയും പരസ്പര ബഹുമാനവും പ്രകടിപ്പിക്കാനും സമാധാനപരവും സുസ്ഥിരവുമായ ബന്ധം പുലർത്താനും ഈ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ശക്തമായി മുന്നോട്ടുപോകുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണിപ്പോൾ ചൈന. തുടർച്ചയായി നാലു വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്ന യുഎസിനെയാണ് ഉഭയകക്ഷി വ്യാപാരത്തിന്‍റെ കാര്യത്തിൽ ചൈന കടത്തിവെട്ടിയിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 15,110 കോടി ഡോളറിന്‍റേതാണ്. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 36.66 ശതമാനം ഉയർന്ന് 1947 കോടി ഡോളറിലെത്തി. ഇറക്കുമതി 17 ശതമാനത്തോളം വർധിച്ച് 13,163 കോടി ഡോളറിന്‍റേതായി. ഈ തരത്തിലുള്ള പുരോഗതി വ്യാപാര രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് അതിർത്തി മേഖലകളിൽ സമാധാനാന്തരീക്ഷം നിലനിർത്തേണ്ടതിന്‍റെ ആവശ്യകത എടുത്തുകാണിക്കേണ്ടിവരുന്നത്. തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിന് നയതന്ത്ര-സൈനിക ചാനലുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതു നല്ലതാണ്. അതിനൊപ്പം അവിശ്വാസം ജനിപ്പിക്കുന്ന നടപടികൾ ചൈനീസ് ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കുകയും വേണം. അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ് ഇന്ത്യയിലെത്തുമെന്നാണു കരുതുന്നത്. ഗാൽവൻ സംഘർഷത്തിനു ശേഷം അദ്ദേഹത്തിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാവും ഇത്. ഈ സാഹചര്യത്തിൽ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളുണ്ടാവും എന്നു പ്രതീക്ഷിക്കാം.

logo
Metro Vaartha
www.metrovaartha.com