വിഴിഞ്ഞം: ഇനി കരമാർഗവും ചരക്കു നീക്കം

ഇതോടെ രാജ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കവാടങ്ങളിലൊന്നായി വിഴിഞ്ഞം മാറി
editorial vizhinjam port

വിഴിഞ്ഞം

Updated on

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം നിർണായകമായ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ്. വികസന വഴിയിൽ ചരിത്രം കുറിച്ചുകൊണ്ടു മുന്നേറുന്ന ഈ തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ ഇനി കൂടുതൽ ഊർജസ്വലമാകും. സമ്പൂര്‍ണ കയറ്റുമതി- ഇറക്കുമതി (എക്സിം) തുറമുഖമായി വിഴിഞ്ഞം മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ അതിന്‍റെ ഉദ്ഘാടനവും നിർവഹിച്ചു. ഇനി വിഴിഞ്ഞത്തുനിന്ന് റോഡ്മാർഗം ചരക്കുകൾ കൊണ്ടുപോകാൻ കഴിയും. റോഡ് മാർഗം വിഴിഞ്ഞത്തേക്ക് ചരക്ക് എത്തിക്കാനുമാവും. ഇതുവരെ ഈ തുറമുഖം ടെർമിനലിൽ ചരക്ക് മാറ്റിക്കയറ്റുന്ന രാജ്യാന്തര ട്രാൻസ്ഷിപ്പ്മെന്‍റ് ഹബ്ബ് മാത്രമായിരുന്നു. ഇവിടെയിറക്കുന്ന കണ്ടെയ്നറുകൾ മറ്റു തുറമുഖങ്ങളിലേക്കു കപ്പൽ മാർഗം കൊണ്ടുപോകുകയായിരുന്നു. അവിടെ നിന്നാണ് റോഡ്മാർഗം കൊണ്ടുപോയിരുന്നത്. ഇനി അതിന്‍റെ ആവശ്യമില്ല. നേരിട്ട് റോഡ് മാർഗം കണ്ടെയ്നറുകൾ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യാം.

ഇതോടെ രാജ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കവാടങ്ങളിലൊന്നായി വിഴിഞ്ഞം മാറിയിരിക്കുകയാണ്. പാശ്ചാത്യ വിപണികളിലേക്ക് കൊളംബോ, സിംഗപ്പുര്‍, ദുബായ് തുറമുഖങ്ങള്‍ വഴി ചരക്ക് അയച്ചിരുന്നവര്‍ക്ക് ഇനി വിഴിഞ്ഞത്തു നിന്നു നേരിട്ട് ചരക്കുകള്‍ അയയ്ക്കാം. യാത്രാസമയം കുറയ്ക്കാനും ലോജിസ്റ്റിക്സ് ചെലവില്‍ വലിയ കുറവു വരുത്താനും ഇതുമൂലം സാധ്യമാവും. തിരുവനന്തപുരത്തും സമീപ ജില്ലകളിലും നേരിട്ടും പരോക്ഷമായും ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതു സഹായിക്കും. നിര്‍മാതാക്കള്‍ക്കും കയറ്റുമതിക്കാര്‍ക്കും കേരളത്തില്‍ തന്നെ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വിഴിഞ്ഞം പ്രചോദനമാകും. കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി, പോര്‍ട്ട് ചാര്‍ജുകള്‍ തുടങ്ങിയവയിലൂടെ സര്‍ക്കാര്‍ വരുമാനത്തിലും വലിയ വര്‍ധനയുണ്ടാകുമെന്നു കരുതാം. പുതുയുഗ കേരളത്തിന്‍റെ വികസനക്കുതിപ്പിനു ചരിത്ര വാതില്‍ തുറന്നിരിക്കുന്നു എന്നാണു സർക്കാർ വൃത്തങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്.

രണ്ടു വർഷം തികയുന്നതിനു മുൻപ് ആയിരം കപ്പലുകൾ നങ്കൂരമിട്ടതിന്‍റെ ചരിത്രനേട്ടം കൈവരിച്ച തുറമുഖമാണു വിഴിഞ്ഞം. 2024 ജൂലൈയിലാണ് ആദ്യ ചരക്കുകപ്പൽ ഇവിടെ ബർത്ത് ചെയ്യുന്നത്. ആയിരാമത്തെ കപ്പലായിരുന്ന എംഎസ്‌സി ലൂസിയാന 2026 ജൂണിൽ തുറമുഖത്തെത്തി. വാട്ടർ സല്യൂട്ടോടെ ആഘോഷപൂർവമാണ് കേരളം ഈ കപ്പലിനെ ബെർത്തിലെത്തിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 20 ലക്ഷത്തിലധികം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് അമ്പരപ്പിക്കുന്ന കുതിപ്പാണ് ഈ തുറമുഖം ഇതുവരെ കാഴ്ചവച്ചത്. അവസാന കണക്കനുസരിച്ച് 1,057 കൂറ്റന്‍ കപ്പലുകള്‍ വിഴിഞ്ഞത്ത് അടുത്തു. 22 ലക്ഷത്തിലധികം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു. പ്രതീക്ഷിച്ച വാർഷിക ശേഷി അനായാസം മറികടന്ന ചരിത്രമാണ‌ു വിഴിഞ്ഞത്തിനുള്ളത്. ലോകത്തെ ഏറ്റവും വലുതും ഏറ്റവും ഡ്രാഫ്റ്റ് കൂടിയതുമായ കപ്പലുകൾ വിഴിഞ്ഞത്തു നങ്കൂരമിട്ടുകഴിഞ്ഞു. അതുവഴി ഈ തുറമുഖത്തിന്‍റെ കരുത്ത് ലോകം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിൽ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ നിർമിച്ചു പ്രവർത്തിപ്പിക്കുന്ന ഈ തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നത് 2024 ഡിസംബറിലാണ്. 2025 മേയിൽ രാജ്യത്തിനു സമർപ്പിച്ചു. രാജ്യത്ത് ഒരു തുറമുഖവും ഇത്ര വേഗത്തിൽ ഇത്രയും വാണിജ്യ നേട്ടങ്ങൾ കൈവരിച്ചിട്ടില്ല. ലോക നിലവാരമുള്ള ട്രാൻസ്ഷിപ്പ്മെന്‍റ് ഹബ്ബായി മാറിയ വിഴിഞ്ഞം ആഗോള ഷിപ്പിങ് മേഖലയുടെ വിശ്വാസം നേടിയെടുക്കുന്നതിലും വിജയിച്ചു എന്നു നിസംശയം പറയാം. രാജ്യത്തെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത വേഗത്തിൽ ലോകത്തെ പ്രധാന സമുദ്ര വാണിജ്യ മേഖലകളുമായി ബന്ധം സ്ഥാപിക്കാൻ ഈ തുറമുഖത്തിനായിട്ടുണ്ട്. ഈ മുന്നേറ്റം തുടരുക എന്നതാണു നാടും നാട്ടുകാരും എല്ലാം ആഗ്രഹിക്കുന്നത്.

ഇപ്പോൾ നടന്നു വരുന്ന തുറമുഖത്തിന്‍റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ 2028 ഡിസംബറോടെ പൂർത്തിയാവുമെന്നാണു പറയുന്നത്. വികസനം യാഥാർഥ്യമാവുമ്പോൾ നിലവിലുള്ള 800 മീറ്റർ കണ്ടെയ്‌നർ ബെർത്ത് 2,000 മീറ്റർ ആയി മാറും. ഇതോടെ രാജ്യത്തെ ഏറ്റവും നീളം കൂടിയ കണ്ടെയ്‌നർ ബെർത്ത് വിഴിഞ്ഞത്താവും. തുറമുഖത്തിന്‍റെ ശേഷി പ്രതിവർഷം 10 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും.

ചെറുകിട തുറമുഖങ്ങളെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്നതിനൊപ്പം ഷിപ്പ് റിപ്പയര്‍ യൂണിറ്റുകള്‍, മള്‍ട്ടി- മോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍ എന്നിവ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയും സ്വകാര്യ നിക്ഷേപത്തിലൂടെയും സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുമെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ മുഖേന പ്രവര്‍ത്തിക്കുന്ന അത്യാധുനിക സമുദ്രോത്പന്ന പാര്‍ക്കും വിഴിഞ്ഞത്ത് വിഭാവനം ചെയ്യുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്‍റെ സാമ്പത്തിക മുന്നേറ്റം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. അതെല്ലാം വിജയിക്കട്ടെ എന്നു തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com