ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം പുതിയ തലത്തിലേക്ക്

ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഇന്ത്യ-ഫ്രാൻസ് ബന്ധങ്ങൾ ആവർത്തിച്ച് ഊട്ടിയുറപ്പിക്കപ്പെടുന്നത്.
India-France partnership reaches new level

ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം പുതിയ തലത്തിലേക്ക്

file photo

Updated on

ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കുന്നതുൾപ്പെടെ മൂന്നു ദിവസത്തെ പരിപാടികളുമായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിൽ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച ശക്തമായ രണ്ടു ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ വഴിതുറന്നിരിക്കുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം തന്ത്രപരമായ പ്രത്യേക ആഗോള പങ്കാളിത്തത്തിന്‍റെ തലത്തിലേക്ക് ഉയർത്താൻ ധാരണയായി എന്നതു എടുത്തുപറയേണ്ടതാണ്. ആഗോള സുസ്ഥിരതയ്ക്കു തന്നെ ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം വളരെ പ്രാധാന്യമുള്ളതാണെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാണിക്കുകയുണ്ടായി.

ഇന്ത്യ- ഫ്രാൻസ് ബന്ധത്തിന് അതിരുകളില്ലെന്നും ആഴക്കടൽ മുതൽ കൊടുമുടി വരെയെത്തുന്നതാണ് അതെന്നും ഇന്ത്യൻ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിനു ശക്തരായ പങ്കാളിയായി ഫ്രാൻസ് ഉണ്ടാകുമെന്ന് മാക്രോണും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധം, വ്യാപാരം, നിർണായക ധാതുക്കൾ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള കൂടിക്കാഴ്ചയിലെ തീരുമാനം ബന്ധങ്ങളിലെ കരുത്താണു തെളിയിക്കുന്നത്.

ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലാണ് ഇന്ത്യ-ഫ്രാൻസ് ബന്ധങ്ങൾ ആവർത്തിച്ച് ഊട്ടിയുറപ്പിക്കപ്പെടുന്നത്. തന്ത്രപരമായ പ്രത്യേക ആഗോള പങ്കാളിത്തം എന്നു പറയുന്നത് ഉഭയകക്ഷി സഹകരണത്തിന്‍റെ ഉയർന്ന തലത്തിലുള്ളതാണ്. ആഴത്തിലുള്ള പരസ്പര വിശ്വാസം, മൂല്യങ്ങളുടെ കൈമാറ്റം, പ്രതിരോധം, സാങ്കേതിക വിദ്യ, വ്യാപാരം തുടങ്ങിയ നിർണായക മേഖലകളിലെ ദീർഘകാല സഹകരണം എന്നിവയൊക്കെ ‍ഇതിലുൾപ്പെടുന്നു.

മാനുഫാക്ചറിങ്, ഡിസൈനിങ് മേഖലകളിലെ സംയുക്ത സംരംഭങ്ങളും ഇതിന്‍റെ ഭാഗമാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ), ഇന്നവേഷൻ മേഖലകളിലെ സഹകരണവും ഇരു രാജ്യങ്ങളും ഉറപ്പാക്കുകയാണ്. 2026 ഇന്ത്യ-ഫ്രാൻസ് ഇന്നവേഷൻ വർഷമായാണു പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി സാങ്കേതിക വിദ്യ, സ്റ്റാർട്ടപ്പുകൾ, ഗവേഷണം, അക്കാദമിക് സഹകരണം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം ശക്തമാക്കും.

എഐ, ക്വാണ്ടം ടെക്നോളജി, ബയോ ടെക്നോളജി, സെമി കണ്ടക്റ്റർ, ക്ലീൻ എനർജി തുടങ്ങിയവ ഫോക്കസ് മേഖലകളാവും. 2047ഓടെ വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ഇന്ത്യയെ ഈ സഹകരണം സഹായിക്കും. സിവിൽ ആണവ ഊർജ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതും ഇരു രാജ്യങ്ങളുടെയും ലക്ഷ്യമാണ്.

വലിയ റിയാക്റ്ററുകളുടെയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സ്മോൾ മോഡുലാർ റിയാക്റ്ററുകളുടെയും (എസ്എംആർ) കാര്യത്തിലുള്ള സഹകരണം വർധിപ്പിക്കും. 2047ഓടെ 100 ജിഗാവാട്ട് ആണവോർജം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഫ്രാൻസുമായുള്ള ഊർജപങ്കാളിത്തം ശക്തമാക്കുന്നത്.

പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനു ദീർഘകാല ചരിത്രമുണ്ട്. ഈ മേഖലയിലെ ഇന്ത്യയുടെ പ്രധാന പങ്കാളി തന്നെയാണു ഫ്രാൻസ്. റഫാൽ മുതൽ അന്തർവാഹിനി വരെ ഈ സഹകരണത്തിൽ ഉൾപ്പെടുന്നുണ്ട്. എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിൽ പറക്കുന്ന എയർബസ് എച്ച് 125 ഹെലികോപ്റ്ററുകളും ഹാമ്മർ മിസൈലുകളും ഇന്ത്യയിൽ നിർമിക്കാനുള്ള തീരുമാനം ഏറെ പ്രാധാന്യമുള്ളതാണ്.

കർണാടകയിലെ വെമഗലിൽ എയർബസ് എച്ച് 125 ഹെലികോപ്റ്റർ നിർമാണ യൂണിറ്റ് ഇരുനേതാക്കളും വെർച്വലായി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഈ ശ്രേണിയിലുള്ള വിവിധോദ്ദേശ്യ ഹെലികോപ്റ്ററുകൾ ഹിമാലയൻ അതിർത്തിയിൽ ഇന്ത്യൻ സേനയ്ക്ക് ഏറെ നിർണായകമാകും. ടാറ്റയും എയർബസും ചേർന്നാണ് ഈ "മെയ്ഡ് ഇൻ ഇന്ത്യ' കോപ്റ്ററുകൾ നിർമിക്കുന്നത്.

ആദ്യ എച്ച് 125 അടുത്ത വർഷം ആദ്യം പുറത്തിറങ്ങുമെന്നാണു പ്രഖ്യാപനം. ഈ ഹെലികോപ്റ്ററിന്‍റെ സൈനിക പതിപ്പ് എച്ച് 125 എം നിർമിക്കാനും പദ്ധതിയുണ്ട്. ഇപ്പോൾ ഫ്രാൻസിൽ നിർമിച്ച് ഇന്ത്യയ്ക്കു കൈമാറുന്ന ഹാമ്മർ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമിക്കുകയാണ്. ഭാരത് ഹെവി ഇലക്‌ട്രോണിക്സ് ലിമിറ്റഡും ഫ്രഞ്ച് കമ്പനി സഫ്രൻ ഇലക്‌ട്രോണിക്സ് ആൻഡ് ഡിഫൻസും ചേർന്നാണ് ഈ മിസൈൽ നിർമിക്കുന്നത്.

‌60-70 കിലോമീറ്ററാണ് ഇതിന്‍റെ ദൂരപരിധി. റഫാൽ വിമാനങ്ങളിൽ ഇതുപയോഗിച്ച് ശത്രുക്കളുടെ ബങ്കറുകളും മറ്റും തകർക്കാൻ ഇന്ത്യയ്ക്കു കഴിയും. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ നയം. ഹെലികോപ്റ്ററും മിസൈലുമൊക്കെ ഇന്ത്യയിൽ നിർമിക്കുന്നത് ഈ നയത്തിനു പിന്തുണ നൽകുകയാണ്. വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ തീരുമാനിച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

രാജ്യത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ കരാറായിരിക്കും ഇത്. 3.25 ലക്ഷം കോടി രൂപയുടെ കരാറിനാണു നീക്കമത്രേ. ഇതിൽ നൂറോളം റഫാൽ വിമാനവും ഇന്ത്യയിൽ തന്നെയാണു നിർമിക്കുക എന്നാണു പറയുന്നത്. പ്രതിരോധ മേഖലയിലെ "മെയ്ക്ക് ഇൻ ഇന്ത്യ' ലക്ഷ്യത്തിനു വലിയ കുതിപ്പാണ് ഇതു നൽകുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com