

ജാഗ്രത വേണം, എച്ച്ഐവിക്കെതിരേ
file photo
ആരോഗ്യ രംഗത്തു രാജ്യത്തിനു മാതൃകയായ സംസ്ഥാനമാണു കേരളം. ആരോഗ്യ സൂചികകളിലും പൊതുജനാരോഗ്യത്തിലും മികച്ച നിലവാരമാണു നമുക്കുള്ളത്. പക്ഷേ, നമ്മുടെ അതേ ആരോഗ്യരംഗം ഇന്നു പലവിധ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്. വിവിധ തരം പനികൾ അടക്കം പകർച്ചവ്യാധികൾ ഉയർത്തുന്ന ഭീഷണി ഒരു വശത്തുണ്ട്.
ജീവിതശൈലീ രോഗങ്ങളിലുണ്ടായിട്ടുള്ള വർധന മറു ഭാഗത്ത്. വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ, ഭാരിച്ച ചികിത്സാചെലവ് തുടങ്ങി നാടിന് അഭിമുഖീകരിക്കേണ്ട വിഷയങ്ങൾ പലതാണ്. നിപ, കൊവിഡ് പോലുള്ള ഭീഷണികളെയും സമീപകാലത്തു നേരിടേണ്ടിവന്നു. ഇപ്പോൾ പുറത്തുവന്ന ചില റിപ്പോർട്ടുകൾ കാണിക്കുന്നത് എച്ച്ഐവി രോഗബാധയും കേരളത്തിൽ വർധിക്കുന്നു എന്നതാണ്. അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്.
സംഘം ചേർന്നുള്ള മയക്കുമരുന്നുകളുടെ ഉപയോഗം എച്ച്ഐവി വൈറസിന്‍റെ വ്യാപനത്തിനു കാരണമാവുമെന്ന ആശങ്ക നേരത്തേ തന്നെ പലരും പ്രകടിപ്പിച്ചിട്ടുണ്ട്. യുവതലമുറക്കിടയിൽ എച്ച്ഐവി ബാധിതർ വർധിക്കുന്നതു തടഞ്ഞേതീരൂ. അതിനുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ ഊർജിതമാക്കേണ്ടതുണ്ട്. അതല്ലെങ്കിൽ നാടിനു വലിയ ദോഷമാണുണ്ടാവുക. മയക്കുമരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതുപോലെ പ്രധാനമാണ് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങൾ നിരുത്സാഹപ്പെടുത്തുന്നതും.
മനുഷ്യരാശിക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് എച്ച്ഐവിയും അതിന്‍റെ അവസാന ഘട്ടമായ എയ്ഡ്സും. ലോകത്തെ പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി അതു നിലനിൽക്കുകയാണ്. ഓരോ വർഷവും ലക്ഷക്കണക്കിനാളുകൾക്കാണ് എച്ച്ഐവി ബാധിക്കുന്നതും അതുമൂലം മരണം സംഭവിക്കുന്നതും. 2024ൽ മാത്രം 13 ലക്ഷം പേർക്ക് ലോകവ്യാപകമായി എച്ച്ഐവി ബാധിച്ചു. 6,30,000 പേർ എച്ച്ഐവി അനുബന്ധ രോഗങ്ങളാൽ മരിച്ചു. ഇതിനെക്കാൾ ഭയപ്പെടുത്തുന്ന കണക്കുകളായിരുന്നു മുൻപ് ഉണ്ടായിരുന്നത്.
എച്ച്ഐവി ബാധിതരുടെ എണ്ണം കുറയ്ക്കുന്നതിൽ വിജയം കാണുന്നുവെന്നാണു ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത്. 2030ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുക എന്നതാണ് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യം. എന്നാൽ, 2030നു മുൻപു തന്നെ പുതിയ എച്ച്ഐവി ബാധിതർ ഇല്ലാതാക്കുക എന്നതാണു കേരളത്തിന്‍റെ പദ്ധതി. രാജ്യത്ത് ഏറ്റവും കുറവ് എച്ച്ഐവി സാന്ദ്രതയുള്ള സംസ്ഥാനമാണു കേരളം.
ഇന്ത്യയിലെ സാന്ദ്രത 0.20 ആയിരിക്കേ കേരളത്തിലേത് 0.07 മാത്രമാണ്. അതുകൊണ്ടു തന്നെ ലക്ഷ്യം നേടാൻ താരതമ്യേന എളുപ്പമാണുതാനും. അതിനിടയിലാണ് ഐഐവി ബാധിതർ വർധിക്കുന്നു എന്ന റിപ്പോർട്ടുകൾ വരുന്നത്. മുൻകാലത്തെ അപേക്ഷിച്ച് കൂടുതൽ ആളുകൾ പരിശോധനയ്ക്കു തയാറായി രംഗത്തുവരുന്നത് കണക്കുകളിൽ ഐഐവി ബാധിതരുടെ എണ്ണം വർധിക്കുന്നതിനു കാരണമാവുന്നുണ്ടാവാം.
എന്നാൽ, അതു മാത്രമല്ല കാരണമെന്നു വ്യക്തമാണ്. കുത്തഴിഞ്ഞ ജീവിതരീതികൾ മൂലം എച്ച്ഐവിയെ ക്ഷണിച്ചുവരുത്തുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിൽ അതു തടയാൻ അടിയന്തര നടപടികൾ ആവശ്യമാണ്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം കേരളത്തിൽ 23,000ൽ ഏറെ എച്ച്ഐവി ബാധിതരാണുള്ളത്.
മൂവായിരത്തിലേറെ പുരുഷന്മാരും ആയിരത്തിലേറെ സ്ത്രീകളും ഏതാനും ട്രാൻസ്ജെൻഡർമാരും ഇവരിൽ ഉൾപ്പെടുന്നു. 15നും 24നും ഇടയിൽ പ്രായമുള്ളവരിൽ രോഗബാധ വർധിക്കുന്നതായാണ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പഠനം കാണിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്റ്റോബർ വരെ മാത്രമുള്ള പുതിയ രോഗബാധിതരിൽ 15.4 ശതമാനം പേർ ഈ പ്രായക്കാരാണ്. 2022ൽ ഈ പ്രായപരിധിയിൽ രോഗബാധിതരായിരുന്നവർ ഒമ്പതു ശതമാനം മാത്രമായിരുന്നു.
2023ൽ 12 ശതമാനവും 2024ൽ 14.2 ശതമാനവുമായി അതു വർധിച്ചു. ഈ പ്രായപരിധിയിലുള്ളവരിൽ വർഷം ചെല്ലുന്തോറും എച്ച്ഐവി ബാധിതർ കൂടുന്നു എന്നതു പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്. ലഹരി ഉപയോഗത്തിനായി ഒരേ സിറിഞ്ച് നിരവധി പേർ മാറി ഉപയോഗിക്കുന്നതു രോഗവ്യാപനത്തിനു കാരണമാവുന്നുണ്ടത്രേ.
ഇതിനൊപ്പമാണു സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും. ഡേറ്റിങ് ആപ്പുകളുടെ വ്യാപനം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വർധിപ്പിച്ചിട്ടുണ്ടെന്നും വിലയിരുത്തലുകളുണ്ട്. അശ്രദ്ധമായ ജീവിത രീതി പിന്തുടരുന്നവരെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ ഊർജിതമായ ബോധവത്കരണ പ്രവർത്തനങ്ങൾ ആവശ്യമാണ്. ഇപ്പോഴേ വേണ്ട ഗൗരവം നൽകിയില്ലെങ്കിൽ അത്യന്തം അപകടകരമായ സാഹചര്യത്തിലേക്കാവും ചെന്നെത്തുക. ചെറുപ്പക്കാര്‍ വഴിതെറ്റിപ്പോയി രോഗികളാകുന്ന സാഹചര്യം തടയുക തന്നെ വേണം.