ചരിത്രമെഴുതി ഇന്ത്യ, സഞ്ജു

മറ്റൊരു മഹാവിജയത്തിന്‍റെ അവിസ്മരണീയ മുഹൂർത്തങ്ങൾ ആഘോഷിക്കുകയാണ് ടീം ഇന്ത്യയും ക്രിക്കറ്റ് പ്രേമികളായ ഇവിടത്തെ ജനകോടികളും
Sanju Samson

സഞ്ജു സാംസൺ

File

Updated on

മറ്റൊരു മഹാവിജയത്തിന്‍റെ അവിസ്മരണീയ മുഹൂർത്തങ്ങൾ ആഘോഷിക്കുകയാണ് ടീം ഇന്ത്യയും ക്രിക്കറ്റ് പ്രേമികളായ ഇവിടത്തെ ജനകോടികളും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെ അമ്പേ തറപറ്റിച്ച് ഇന്ത്യ ടി20 ലോകകപ്പ് നിലനിർത്തിയതിന്‍റെ ആരവങ്ങൾ രാജ്യമെമ്പാടും ഉയരുന്നുണ്ട്. ഇതിലും നല്ലൊരു വിജയം ഒരു രാജ്യത്തിനും പ്രതീക്ഷിക്കാനുണ്ടാവില്ല. അത്ര മികച്ച പ്രകടനമാണ് ഫൈനലിൽ ഇന്ത്യ പുറത്തെടുത്തത്. ടി20 ലോകകപ്പിന്‍റെ ചരിത്രത്തിൽ ഇതുവരെ ഇന്ത്യയോടു തോറ്റിട്ടില്ലാത്ത കിവീസ് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്നാണല്ലോ സ്വാഭാവികമായും കരുതുക. തോൽവിയറിയാതെ സെമി വരെയെത്തിയ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് കലാശക്കളിക്ക് അർഹത നേടിയ കിവീസിനു പക്ഷേ, ആ പ്രകടനമൊന്നും ഫൈനലിൽ ആവർത്തിക്കാനായില്ല. ആതിഥേയരുടെ സമ്പൂർണാധിപത്യത്തിനു മുന്നിൽ തലകുനിച്ചു മടങ്ങാനേ അവർക്കു കഴിഞ്ഞുള്ളൂ.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലെന്നപോലെ ഫൈനലിലും ഇന്ത്യൻ ബാറ്റിങ്ങിനു ചുക്കാൻ പിടിച്ചതു മലയാളിയായ സഞ്ജു സാംസൺ എന്നതിൽ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്കു പ്രത്യേക ആഹ്ലാദവും അഭിമാനവുമുണ്ടാകും. ഇന്ത്യൻ ടീമിന്‍റെ രക്ഷകൻ എന്ന നിലയിലേക്കുള്ള സഞ്ജുവിന്‍റെ വളർച്ചയാണ് ഈ ലോകകപ്പിന്‍റെ പ്രധാന സവിശേഷത. തുടർച്ചയായ 3 മത്സരങ്ങളിൽ ടോപ് സ്കോററായി നിന്നുകൊണ്ട് ഇന്ത്യയെ ലോകകപ്പിലേക്കു നയിച്ചത് ഒരു മലയാളിയാണ് എന്നു പറയുമ്പോൾ നമുക്കതൊരു ചരിത്രം തന്നെയാണ്.

സഞ്ജുവിന്‍റെ ഈ വളർച്ച കേരള ക്രിക്കറ്റിനു പകരുന്ന ആവേശം ചെറുതൊന്നുമല്ല. വരും തലമുറകൾക്കു വഴികാട്ടാൻ പാകത്തിനുള്ളതാണ് ഈ പ്രകടനം. തിരിച്ചടികൾക്കും പ്രതിസന്ധികൾക്കും മുന്നിൽ പതറാതെ, കുറ്റപ്പെടുത്തലുകൾക്കും പരിഹാസങ്ങൾക്കും ചെവികൊടുക്കാതെ, തന്‍റെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച സഞ്ജു ഏറ്റവും അത്യാവശ്യമുള്ള സമയത്താണ് ഇന്ത്യൻ ടീമിനു നെടുന്തൂണാവുന്നത്.

ജയിച്ചാൽ മാത്രം മുന്നോട്ട് എന്ന അവസ്ഥയിലെത്തിയ സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരേ ഒറ്റയ്ക്കു നിന്നു പൊരുതി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതു സഞ്ജുവായിരുന്നു. ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ നേട്ടം. ചില വിജയങ്ങൾക്ക് ആ മത്സരത്തിനപ്പുറം വളരെ വലിയ പ്രസക്തിയുണ്ടാവും. അങ്ങനെയൊരു വിജയമാണ് സഞ്ജുവിനത്. വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുമ്പോൾ 50 പന്തിൽ 97 റൺസെടുത്തു പുറത്താകാതെ നിൽക്കുകയായിരുന്നു ഈ വിക്കറ്റ് കീപ്പർ- ഓപ്പണർ.ഒരറ്റത്തു വിക്കറ്റ് വീഴുമ്പോഴും എതിരാളികളുടെ ആത്മവിശ്വാസം തല്ലിക്കെടുത്തി വിജയം പിടിച്ചുവാങ്ങിയ അസാമാന്യ പ്രകടനം. പിന്നീട് ഹൈ- സ്കോറിങ് ത്രില്ലറായിരുന്ന സെമി ഫൈനലിൽ ഇന്ത്യ 7 വിക്കറ്റിന് 253 റൺസ് അടിച്ചുകൂട്ടിയപ്പോൾ അതിനും ചുക്കാൻ പിടിച്ചതു സഞ്ജുവായിരുന്നു- 42 പന്തിൽ 89 റൺസ്. ലോകകപ്പിൽ തുടർച്ചയായ 2 അർധ സെഞ്ചുറികൾ ഈ മലയാളിയുടെ താരമൂല്യം പതിന്മടങ്ങാക്കി. ഫൈനലിൽ രാജ്യം മുഴുവൻ കാത്തിരുന്നതു സഞ്ജുവിന്‍റെ വെടിക്കെട്ടു കാണാൻ. അവിടെയും ഒരു തരിപോലും പതറിയില്ല. ടി20 ലോകകപ്പ് ചരിത്രത്തിൽ, ഫൈനലിൽ ഒരു താരം നേടുന്ന ഏറ്റവും വലിയ വ്യക്തിഗത സ്കോറാണ് ഈ മലയാളിയുടേത്- 46 പന്തിൽ 89.

2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റത് അഹമ്മദാബാദിലെ ഇതേ സ്റ്റേഡിയത്തിലാണ്. അതിന്‍റെ നിരാശപ്പെടുത്തുന്ന ഓർമകളാവില്ല ഇനി ഈ സ്റ്റേഡിയം പറഞ്ഞുകൊണ്ടിരിക്കുക. 20 ഓവർ വീതം മാത്രമുള്ള ഒരു മത്സരത്തിൽ 96 റൺസിനാണ് ഇന്ത്യ കിവീസിനെ തോൽപ്പിച്ചത് എന്നു പറയുമ്പോഴേ ആതിഥേയരുടെ ആധിപത്യം വ്യക്തം. ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിങ്ങിനു നിയോഗിച്ച തീരുമാനം തന്നെ പിഴച്ചു. സഞ്ജു മുന്നിൽ നിന്നു നയിച്ചപ്പോൾ ഇന്ത്യൻ ബാറ്റർമാർ വാരിക്കൂട്ടിയത് 5 വിക്കറ്റിന് 255 റൺസ്. ടി 20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോർ. അതു പിന്തുടർന്ന കിവീസ് 19 ഓവറിൽ 159നു പുറത്ത്. സഞ്ജുവും അഭിഷേകും ഇഷാനും അടിച്ചു തകർക്കുന്നതു തടയാനായില്ലെന്നു മാത്രമല്ല, ബുംറയും അക്ഷറുമൊക്കെ എറിഞ്ഞ പന്തുകൾക്കു മുന്നിൽ പതറിവീഴുകയും ചെയ്തു. ടി20 ലോകകിരീടം നിലനിർത്തുന്ന ആദ്യ ടീം എന്നതാണ് ഈ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കുന്ന ബഹുമതികളിലൊന്ന്. സ്വന്തം നാട്ടിൽ കിരീടം നേടുന്ന ആദ്യ ടീം, മൂന്ന് ടി20 കിരീടങ്ങൾ നേടുന്ന ആദ്യ ടീം എന്നീ ബഹുമതികളും ഇന്ത്യയ്ക്കുള്ളതാണ്. 2007ലും 2024ലുമാണ് ഇതിനു മുൻപ് ഇന്ത്യ ടി20 ലോകകപ്പ് ജേതാക്കളായിട്ടുള്ളത്. വെസ്റ്റിൻഡീസും ഇംഗ്ലണ്ടും രണ്ടു തവണ വീതം ജേതാക്കളായിട്ടുണ്ട്- 2012ലും 2016ലും വെസ്റ്റിൻഡീസും 2010ലും 2022ലും ഇംഗ്ലണ്ടും.

ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ സ്ഥാനം വർഷങ്ങളായി മുൻനിരയിൽ തന്നെയാണ്. 1983ൽ കപിൽ ദേവിന്‍റെ നേതൃത്വത്തിലുള്ള ടീം ഏകദിന ലോകകപ്പ് കിരീടം ഉയർത്തിയതോടെ ക്രിക്കറ്റ് ചരിത്രത്തിലെ പുതിയ അധ്യായത്തിന് ഇന്ത്യ തുടക്കമിടുകയായിരുന്നു. ലോർഡ്സിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ മാറോടണച്ച കന്നിക്കിരീടം "കപിൽസ് ഡെവിൾസി'ന്‍റെ കോടിക്കണക്കിന് ആരാധകരെ മാത്രമല്ല ക്രിക്കറ്റ് ലോകത്തെയാകെ അദ്ഭുതപ്പെടുത്തുന്നതായി. അതിനുശേഷം ഇങ്ങോട്ട് ഏകദിനത്തിലും ടി20യിലുമായി എത്തിപ്പിടിച്ച നേട്ടങ്ങളോടു ചേർത്തുവയ്ക്കാൻ ഇതാ ഒരു കിരീടം കൂടി, അതും ഒരു മലയാളിയുടെ വിലമതിക്കാനാവാത്ത സംഭാവനയുടെ ബലത്തിൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com