നിർഭാഗ്യകരം 'നീറ്റ്' ചോർച്ച

വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലും നിരാശയിലുമാക്കുന്ന വിധത്തിലാവരുത് ഇനിയെങ്കിലും എൻടിഎയുടെ പരീക്ഷാ നടത്തിപ്പ്.
NEET exam irregularities editorial

നിർഭാഗ്യകരം "നീറ്റ് ' ചോർച്ച

Representative image

Updated on

രാജ്യത്തെ മെഡിക്കൽ യുജി പ്രവേശനത്തിനുള്ള പൊതുപരീക്ഷ "നീറ്റ് ' നടന്നത് ഈ മാസം മൂന്നിനാണ്. 23 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷ ചോദ്യം ചോർന്നുവെന്ന ആരോപണത്തെത്തുടർന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ) കഴിഞ്ഞ ദിവസം റദ്ദാക്കിയിരിക്കുന്നു. 10 ദിവസത്തിനകം പുതിയ പരീക്ഷയ്ക്കു തീയതി പ്രഖ്യാപിക്കുമെന്നാണ് എൻടിഎ അറിയിച്ചിരിക്കുന്നത്. ഇതോടെ ഈ വർഷം മെഡിക്കൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികളും വീണ്ടും പരീക്ഷയെഴുതേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. വീണ്ടും പരീക്ഷ നടത്തുക എന്ന ഭാരിച്ച ചുമതല എന്‍ടിഎയിലും വന്നു ചേർന്നിരിക്കുന്നു. അതിനൊപ്പം പ്രധാനമാണ് ടെസ്റ്റിങ് ഏജൻസിയുടെ പരീക്ഷാ നടത്തിപ്പിലുള്ള വിശ്വാസം ആവർത്തിച്ചു ചോദ്യം ചെയ്യപ്പെടുന്നു എന്നത്. പരാതികളില്ലാതെ പരീക്ഷ നടത്താൻ എന്‍ടിഎയ്ക്കു കഴിയുന്നില്ല എന്നാണ് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിക്കുന്നത്.

മുൻപ് പല വർഷങ്ങളിലും നീറ്റ് വലിയ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. പരീക്ഷാ പേപ്പർ ചോർച്ചയടക്കം ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് എൻടിഎയിൽ അഴിച്ചുപണികളും പരിഷ്കാരങ്ങളും നിർദേശിക്കപ്പെടുകയുണ്ടായി. പ്രവർത്തനങ്ങളിൽ സുതാര്യത വർധിപ്പിക്കുകയും പരീക്ഷാ നടത്തിപ്പിൽ കർശനമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുമ്പോഴും പാളിച്ചകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഏറെ നിരാശാജനകമായിട്ടുള്ളത്. ചോദ്യപേപ്പർ തയാറാക്കുന്നതു മുതൽ ഫലപ്രഖ്യാപനം വരെയുള്ള കാര്യങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നൊക്കെ പറയുമ്പോഴും അതൊന്നും നൂറു ശതമാനം ഉറപ്പിക്കാൻ കഴിയാതെ പോകുന്നുണ്ടോ എന്ന സംശയം ഉയരുകയാണ്.

ചോദ്യ പേപ്പർ ചോർച്ചയിൽ സിബിഐ കേസെടുത്തിട്ടുണ്ട്. അഴിമതി നിരോധന നിയമം, പൊതു പരീക്ഷാ ക്രമക്കേടു തടയൽ നിയമം, ഭാരതീയ ന്യായസംഹിതയിലെ തെളിവു നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. കേസ് പ്രാഥമികമായി രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയ രാജസ്ഥാൻ പൊലീസിന്‍റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ നിന്ന് കേന്ദ്ര ഏജൻസി വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിനു വ്യത്യസ്ത സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പലരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. സംഭവത്തിലെ മുഖ്യ സൂത്രധാരൻ എന്നു കരുതുന്ന മനീഷ് യാദവ് അടക്കം പിടിയിലായി. അന്വേഷണം പുരോഗമിക്കുമ്പോഴേ മുഴുവൻ ചിത്രവും പുറത്തുവരൂ.

മെഡിക്കൽ പ്രവേശനത്തിന് രാജ്യത്താകെ ഏക പരീക്ഷയായി നീറ്റ് (എൻഇഇടി) തുടങ്ങുന്നത് 2013ൽ ആണ്. എന്നാൽ, സുപ്രീം കോടതി അതേവർഷം തന്നെ ഇതു റദ്ദാക്കി. 2016ൽ സുപ്രീം കോടതി പഴയ വിധി പിൻവലിച്ചതോടെ രണ്ടു ഘട്ടമായി പരീക്ഷ നടന്നു. പിന്നീടുള്ള എല്ലാ വർഷവും വിവാദങ്ങളിലും വെല്ലുവിളികളിലുമായി നീറ്റ്. 2019ൽ തമിഴ്നാട്ടിൽ ആൾമാറാട്ടം, 2020ൽ കൊവിഡ് ലോക്ഡൗൺ, 2022ൽ കേരളത്തിൽ വിദ്യാർഥിനികളോട് ലോഹ നിർമിത ഹുക്കുകൾ ഉള്ളതിനാൽ അടിവസ്ത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെച്ചൊല്ലി വിവാദം, 2024ൽ ചോദ്യ ചോർച്ച തുടങ്ങി പ്രതിസന്ധികളേറെ നേരിട്ടു. 2024ലെ ചോദ്യ ചോർച്ചയിൽ 67 പേർ മുഴുവൻ മാർക്കും (720), നിരവധി പേർ 719, 718 മാർക്കുകളും നേടിയതിനെത്തുടർന്ന് ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്കു വീണ്ടും പരീക്ഷയെഴുതേണ്ടി വന്നു.

രസതന്ത്രത്തിന്‍റെ സാധ്യതാ ചോദ്യങ്ങളെന്ന പേരിൽ വിദ്യാർഥികൾക്കിടയിൽ പ്രചരിച്ച ചോദ്യപേപ്പറാണ് ഇത്തവണ സംശയത്തിന് ഇടനൽകിയത്. ഇതിലെ 410 ചോദ്യങ്ങളിൽ 120ഉം യഥാർഥ ചോദ്യ പേപ്പറിൽ ഉണ്ടായിരുന്നു. പരീക്ഷയ്ക്ക് മുൻപു തന്നെ വിവാദ ചോദ്യപേപ്പർ വിദ്യാർഥികളുടെ ഫോണുകളിൽ എത്തിയെന്നാണു പറയുന്നത്. നാസിക്കിലെ പ്രിന്‍റിങ് പ്രസിൽ നിന്നാണു ചോദ്യങ്ങൾ ചോർന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്തായാലും സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചിരിക്കുന്നു. അതിൽ ഉത്തരവാദപ്പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കേണ്ടതാണ്. കുറ്റക്കാരായ മുഴുവൻ പേരെയും പിടികൂടി തക്കതായ ശിക്ഷ ഉറപ്പാക്കുകയും വേണം. ഇനി ഇത് ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണം എന്നു കണ്ടെത്തി നടപ്പാക്കുന്നതും പ്രധാനമാണ്.

നീണ്ട തയാറെടുപ്പിനു ശേഷമാണ് വിദ്യാർഥികൾ മെഡിക്കൽ പ്രവേശന പരീക്ഷയെഴുതുന്നത്. കഠിനമായ പരിശീലനം അതിനു വേണ്ടതുണ്ട്. അതിന്‍റെ ഫലമായി നല്ല നിലയിൽ പരീക്ഷയെഴുതാൻ കഴിയുമ്പോഴാണ് അവർക്ക് ആശ്വാസമാവുന്നതും. പരീക്ഷയിൽ നല്ല മാർക്കും എംബിബിഎസ് പ്രവേശനവും കാത്തിരിക്കുന്ന കുട്ടികളോടു വീണ്ടും പരീക്ഷയെഴുതാൻ പറയുന്നത് ഒട്ടും സന്തോഷമുള്ള കാര്യമല്ല. എത്രമാത്രം മാനസിക സംഘർഷത്തിലേക്കാണു കുട്ടികൾ പോകുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. രണ്ടാമത്തെ പരീക്ഷ ആദ്യ പരീക്ഷ പോലെ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ ഉണ്ടാകാവുന്ന മാനസികാഘാതം എത്ര വലുതാണ്. വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലും നിരാശയിലുമാക്കുന്ന വിധത്തിലാവരുത് ഇനിയെങ്കിലും എൻടിഎയുടെ പരീക്ഷാ നടത്തിപ്പ്.

logo
Metro Vaartha
www.metrovaartha.com