

അമെരിക്കയുടെ നീക്കം അടുക്കള വരെ
file photo
ഭൂഗോളത്തിന്‍റെ ഒരു പകുതിയിലുണ്ടാകുന്ന ചലനങ്ങൾ നിമിഷനേരം കൊണ്ട് മറുപകുതിയിൽ വരെ പ്രതിഫലിക്കുന്ന ആഗോള ഗ്രാമത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ലാറ്റിനമെരിക്കൻ രാജ്യമായ വെനസ്വേലയിൽ രൂപപ്പെട്ടിരിക്കുന്ന രാഷ്‌ട്രീയ അനിശ്ചിതത്വവും സംഘർഷങ്ങളും ഇതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ്. അവിടെ നടക്കുന്ന അധികാരം പിടിച്ചെടുക്കലുകളും സൈനിക നീക്കങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നത് കേവലം ആ ഭൂഖണ്ഡത്തിൽ മാത്രമല്ല. ഈ രാഷ്‌ട്രീയ വിസ്ഫോടനത്തിന്‍റെ പ്രത്യാഘാതങ്ങൾ ഇങ്ങു കേരളത്തിലെ സാധാരണക്കാരന്‍റെ അടുക്കളയിൽ വരെ അനുഭവപ്പെടാൻ പോകുന്നു എന്നത് ഗുരുതരമായ വസ്തുതയാണ്.
കഴിഞ്ഞ വർഷം യുദ്ധകലുഷിതമായിരുന്നു ലോകം. റഷ്യ - യുക്രെയിൻ സംഘർഷം, ഇസ്രയേൽ - ഹമാസ് യുദ്ധം, ഇന്ത്യ - പാക്കിസ്ഥാൻ പ്രശ്നം തുടങ്ങിയവ ലോകസമാധാനത്തിനു തന്നെ വലിയ ഭീഷണിയായിരുന്നു. അതെല്ലാം പരിഹരിക്കാൻ വിവിധ തലങ്ങളിൽ ശ്രമങ്ങളുണ്ടായി. സമാധാനശ്രമങ്ങൾ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. എന്നാൽ, ഈ വർഷവും ആഗോള രാഷ്‌ട്രീയം കലുഷിതമായിരിക്കുമെന്ന സൂചന നൽകിയാണ് പുതുവർഷത്തിന്‍റെ തുടക്കം.
വെനസ്വേലയിൽ യുഎസ് സ്വീകരിക്കുന്ന കടുപ്പമേറിയ നിലപാടുകൾ ആ രാജ്യത്തു മാത്രം ഒതുങ്ങിനിൽക്കുന്നതല്ല; ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾക്കും യുഎസ് നിലപാടുകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദത്തിലാക്കാനും മേഖലയിൽ രാഷ്‌ട്രീയ അസ്ഥിരത സൃഷ്ടിക്കാനുമുള്ള നീക്കങ്ങൾ ലാറ്റിനമെരിക്കയെ മുഴുവൻ ഒരു യുദ്ധക്കളമാക്കി മാറ്റുമോ എന്ന ഭീതി ശക്തമാണ്.
ലോകത്തെ ഏറ്റവും സമൃദ്ധമായ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയിലെ ഏത് അസ്ഥിരതയും ആഗോള ഇന്ധന വിപണിയെ നേരിട്ട് ബാധിക്കും. ഉത്പാദനത്തിലും വിതരണത്തിലും തടസങ്ങൾ ഉണ്ടാകുമെന്ന ഭീതി അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമാകുന്നു. ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ഒരു രാജ്യത്തിന് ഇത് കനത്ത തിരിച്ചടിയാണ്.
ഇന്ത്യ വെനസ്വേലയിൽ നിന്ന് നേരിട്ട് അധികം എണ്ണ വാങ്ങുന്നില്ലെങ്കിൽ പോലും, അവിടത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങൾ വില വർധിപ്പിക്കുമെന്നുറപ്പാണ്. ഇന്ധന വിലയിലുണ്ടാകുന്ന നേരിയ വർധന പോലും ചരക്കുനീക്കത്തിന്‍റെ ചെലവ് വർധിപ്പിക്കുകയും, അത് ഇന്ത്യയിൽ പൊതുവായും, ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ പ്രത്യേകിച്ചും വിപണികളിൽ പച്ചക്കറി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റത്തിന് വഴിതെളിക്കുകയും ചെയ്യും.
റീട്ടെയിൽ ഇൻഫ്ലേഷനും നാണ്യപ്പെരുപ്പവും പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ നടത്തിവരുന്ന ശ്രമങ്ങൾ പലതും നിഷ്പ്രഭമാക്കാൻ പോന്നതാണ് പുതിയ ലോക സാമ്പത്തിക ക്രമം. കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്ന ഇന്ത്യയെ സംബന്ധിച്ച്, ഇത്തരമൊരു വിലക്കയറ്റം താങ്ങാവുന്നതിലും അപ്പുറമായിരിക്കും.
മറ്റൊരു പ്രധാന ആശങ്ക ലാറ്റിനമെരിക്കൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികളെയും മറ്റ് ഇന്ത്യക്കാരെയും കുറിച്ചുള്ളതാണ്. വെനസ്വേല, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ എണ്ണ മേഖലയിലും ആരോഗ്യ രംഗത്തും നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നത് ഇവരുടെ സുരക്ഷയെയും തൊഴിലിനെയും ബാധിക്കും.
രാഷ്‌ട്രീയ അസ്ഥിരത മൂലം പ്രാദേശിക കറൻസികളുടെ മൂല്യം ഇടിയുന്നത് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്‍റെ അളവ് കുറയാനും കാരണമാകും. ഡോളറിന്‍റെ മൂല്യം ഉയർന്നു നിൽക്കുന്നതുകൊണ്ടുള്ള പ്രയോജനം പ്രവാസികൾക്കു പോലും നഷ്ടപ്പെടുമെന്നു ചുരുക്കം. യുക്രെയ്ൻ- റഷ്യ യുദ്ധകാലത്ത് കണ്ടതുപോലെ പ്രവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാൽ, രാജ്യത്തിനതു മറ്റൊരു വലിയ വെല്ലുവിളിയുമാകും.
ഇന്ധനത്തോടൊപ്പം തന്നെ ആശങ്കയുണ്ടാക്കുന്ന ഒന്നാണ് സ്വർണവിലയിലുണ്ടാകുന്ന കുതിച്ചുചാട്ടം. പെട്രോൾ - ഡീസൽ വില പോലെ നേരിട്ടു ബാധിക്കുന്നതല്ലെങ്കിലും, സമ്പദ് വ്യവസ്ഥയിൽ സ്വർണ വില ചെലുത്തുന്ന പരോക്ഷ സ്വാധീനം ആത്യന്തികമായി സാധാരണക്കാരന്‍റെ ചുമലിൽ തന്നെയാകും വന്നു പതിക്കുക. വെനസ്വേലയിലെ സംഭവവികാസങ്ങൾ സ്വർണവിലയെ പുതിയ റെക്കോർഡുകളിലേക്ക് നയിക്കുമ്പോൾ, അത് സാധാരണക്കാരന്‍റെ വിവാഹ ആവശ്യങ്ങളെയും സമ്പാദ്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.
സ്വർണത്തിന്‍റെ ഇറക്കുമതിക്കായി കൂടുതൽ വിദേശനാണ്യം ചെലവാക്കേണ്ടി വരുന്നത് ഇന്ത്യൻ രൂപയുടെ മൂല്യം കൂടുതൽ ഇടിയുന്നതിനും കാരണമാകും. റഷ്യ - യുക്രെയ്ൻ പ്രശ്നത്തിൽ ഇന്ത്യ സ്വീകരിച്ച നിഷ്പക്ഷ നിലപാടിനെ പാശ്ചാത്യ ലോകം വിമർശിച്ചപ്പോൽ, യൂറോപ്പിന്‍റെ പ്രശ്നമെന്നാൽ ലോകത്തിന്‍റെ മുഴുവൻ പ്രശ്നമാണെന്നു കരുതരുത് എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചത്.
എന്നാൽ, റഷ്യയുമായുള്ള സൗഹാർദം ഉപയോഗപ്പെടുത്തി ആ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു തന്നെ ശ്രമങ്ങളും നടത്തിയിരുന്നു. സമാനമായി, യുഎസ് - വെനസ്വേല പ്രശ്നത്തിലും ഇന്ത്യ പരമ്പരാഗതമായ ചേരിചേരാ നയം തന്നെയാകും പിന്തുടരുക. എന്നാൽ, അയൽരാജ്യങ്ങൾക്കു മേൽ യുഎസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ഏകപക്ഷീയമായ ഇടപെടലുകൾ ആഗോള സാമ്പത്തിക ക്രമത്തെയും സാധാരണക്കാരുടെ ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ്.
അതുകൊണ്ടു തന്നെ, സമാധാന ചർച്ചകളിലൂടെ ലാറ്റിനമെരിക്കൻ പ്രതിസന്ധിക്കു പരിഹാരം കാണാൻ അന്താരാഷ്‌ട്ര സമൂഹം നടത്തുന്ന ശ്രമങ്ങളിൽ ഇന്ത്യയും സുപ്രധാന പങ്ക് വഹിക്കുമെന്നു തന്നെ കരുതാം. ഇതിനൊപ്പം, നമ്മുടെ ആഭ്യന്തര വിപണിയിൽ വരാനിരിക്കുന്ന വലിയ പ്രത്യാഘാതങ്ങൾ തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൃത്യമായ സാമ്പത്തിക പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതും അനിവാര്യമാണ്.