

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫയൽ. | ഫോട്ടോ കടപ്പാട്: പി.ടി.ഐ.
File. | Photo Credit: PTI
ട്രെയ്‌ൻ യാത്രക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസ് ഉടൻ തുടങ്ങുകയായി എന്നാണ് റെയ്‌ൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയ്‌ൻ ഈ മാസം തന്നെ ഓടിത്തുടങ്ങും. അസമിലെ ഗോഹത്തിക്കും പശ്ചിമ ബംഗാളിലെ കോൽക്കത്തയ്ക്കും ഇടയിലാണ് ആദ്യ സർവീസ്.
സമ്പൂർണ എസി ട്രെയ്‌നിന് 16 കോച്ചുകൾ: 11 ത്രീ ടയർ, 4 ടു ടയർ, ഒരു എസി ഫസ്റ്റ് കോച്ച്. ഇവയിൽ 823 യാത്രക്കാരെ ഉൾക്കൊള്ളാം. 180 കിലോമീറ്റർ വേഗത്തിൽ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി, ഈ ട്രെയ്‌ൻ. ഈ വേഗത്തിലും കുലുക്കമില്ലാത്ത യാത്ര സമ്മാനിക്കുന്നുവെന്നു റെയ്‌ൽവേ മന്ത്രി നേരത്തേ അവകാശപ്പെട്ടിരുന്നു. വാട്ടർ ടെസ്റ്റിന്‍റെ വിഡിയോയും അദ്ദേഹം എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. പരമാവധിയായ 180 കിലോമീറ്റർ വേഗത്തിലും വെള്ളം നിറച്ച ഗ്ലാസ് തുളുമ്പിയില്ല. ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക സംവിധാനങ്ങൾ കുലുക്കം നിയന്ത്രിക്കുന്നതിനു സഹായിച്ചിട്ടുണ്ട്.
ശബ്ദമലിനീകരണം കുറയ്ക്കാനുള്ള ആധുനിക സംവിധാനങ്ങളും ഇതിലുണ്ട്. കോച്ചുകളിൽ അണുനശീകരണത്തിനുള്ള സാങ്കേതിക വിദ്യ. ഓട്ടൊമാറ്റിക് ഡോറുകൾ, കവച് സുരക്ഷാ സംവിധാനം, ആധുനിക ഇന്‍റീരിയർ ഡിസൈനുകൾ, വിശാലമായ ബെർത്തുകൾ, വൈ-ഫൈ സംവിധാനം, മികച്ച ഭക്ഷണം, നൂതന ബയോ-വാക്വം ടോയ്‌ലറ്റുകൾ, വികലാംഗർക്കായി രൂപകൽപ്പന ചെയ്ത ടോയ്‌ലെറ്റുകൾ, ശിശു സംരക്ഷണ സ്ഥലം, ഫസ്റ്റ് ക്ലാസ് കോച്ചിൽ ചൂടുവെള്ളത്തോടു കൂടിയ ഷവർ സൗകര്യങ്ങൾ, ലോക്കോ പൈലറ്റുമായി നേരിട്ട് ബന്ധപ്പെടാൻ അനുവദിക്കുന്ന അടിയന്തര ആശയവിനിമയ സംവിധാനം, കേന്ദ്രീകൃത കോച്ച് മോണിറ്ററിങ് സംവിധാനം തുടങ്ങി യൂറോപ്യൻ ട്രെയ്‌ൻ മാതൃകയിൽ നിരവധി സൗകര്യങ്ങൾ. ശരാശരി 160 കിലോമീറ്റർ വേഗത്തിലായിരിക്കും ഇവ ഓടുക.
ദീർഘദൂര യാത്രകൾക്കും രാത്രി യാത്രകൾക്കും സൗകര്യപ്രദമായ ഈ ട്രെയ്‌ൻ രൂപകൽപ്പന ചെയ്തെടുത്ത ഇന്ത്യൻ റെയ്‌ൽവേ ഇനി യാത്രയിൽ പുതിയ അനുഭവങ്ങൾ നൽകാനാണു ലക്ഷ്യമിടുന്നത്. അതിവേഗ യാത്രയ്ക്കു സഹായകരമാവുന്ന വിധത്തിൽ വന്ദേഭാരത് ട്രെയ്‌നുകൾ ഇറക്കിയ ശേഷം രാത്രി കിടന്നുറങ്ങിയുള്ള ദീർഘയാത്രകൾക്ക് വന്ദേഭാരതിന്‍റെ സൗകര്യം ലഭിക്കുക എന്നതു യാത്രക്കാരുടെ ആഗ്രഹമായിരുന്നു.
6 മാസത്തിനകം 8 പുതിയ വന്ദേഭാരത് സ്ലീപ്പറുകൾ കൂടി പുറത്തിറങ്ങുമെന്നാണ് അശ്വിനി വൈഷ്ണവ് പറയുന്നത്. വർഷാവസാനത്തോടെ 12 വന്ദേഭാരത് സ്ലീപ്പറുകളാവുമത്രേ. അതിവേഗത്തിൽ തന്നെ വന്ദേഭാരത് സ്ലീപ്പറുകൾ രാജ്യത്തു വ്യാപകമാക്കുകയാണ് റെയ്‌ൽവേ ലക്ഷ്യമിടുന്നത് എന്നുവേണം കരുതാൻ. ഇപ്പോഴുള്ള സ്ലീപ്പർ ട്രെയ്‌നുകളെക്കാൾ കൂടുതൽ സുഖകരമായ യാത്ര ഉറപ്പുവരുത്തുന്നതു യാത്രക്കാരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യമാണ്.
ഇതിനൊപ്പം തന്നെയാണ് ബുള്ളറ്റ് ട്രെയ്നിന്‍റെ സർവീസിനായുള്ള അതിവേഗ റെയ്‌ൽപാത നിർമാണവും പുരോഗമിക്കുന്നത്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയ്‌ൻ റെയ്‌ൽവേയുടെ മറ്റൊരു ചരിത്ര കാൽവയ്പ്പാണ്. 2027 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയ്‌ൻ ഓടിത്തുടങ്ങുമെന്നാണ് അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുംബൈ-അഹമ്മദാബാദ് 508 കിലോമീറ്റർ റൂട്ടിലാണ് ആദ്യ ബുള്ളറ്റ് ട്രെയ്‌ൻ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്‍റെ ആദ്യ ഘട്ടമായി സൂററ്റ്- ബിലിമോറ അതിവേഗ പാതയിൽ അടുത്ത വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ബുള്ളറ്റ് ട്രെയ്‌ൻ കുതിച്ചുപായുമെന്നാണു പ്രഖ്യാപനം. നാലു ഘട്ടമായാണ് മുംബൈ- അഹമ്മദാബാദ് അതിവേഗ റെയ്‌ൽ ഇടനാഴി പൂർത്തിയാക്കുക. 2029 ഡിസംബറോടെ മുഴുവൻ നിർമാണവും പൂർത്തിയാവുമെന്നാണു കണക്കുകൂട്ടുന്നത്.
2017ൽ നിർമാണ ഉദ്ഘാടനം നടന്ന ബുള്ളറ്റ് ട്രെയ്‌ൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 2023 ഡിസംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുള്ളറ്റ് ട്രെയ്‌ൻ പാതയുടെ നിർമാണ പുരോഗതി പരിശോധിക്കുകയുണ്ടായി.
ബുള്ളറ്റ് ട്രെയ്‌നുകൾ വ്യാപകമാവുന്നതിനൊക്കെ ഇനിയും ഏറെ വർഷങ്ങൾ എടുത്തേക്കാം. പക്ഷേ, വന്ദേഭാരത് സ്ലീപ്പർ കേരളത്തിനും അനുവദിച്ചുകിട്ടാൻ ഏറെ വൈകരുത്. വന്ദേഭാരത് ആദ്യമായി ഇറങ്ങിയപ്പോൾ കേരളത്തിനു മുൻഗണന കിട്ടിയില്ല എന്ന പരാതി നമുക്കുണ്ടായിരുന്നു. രാജ്യത്തിന്‍റെ പല ഭാഗത്തും ഓടിത്തുടങ്ങിയ ശേഷമാണ് കേരളത്തിനു വന്ദേഭാരത് അനുവദിച്ചത്. വന്ദേഭാരത് സ്ലീപ്പറിന്‍റെ കാര്യത്തിൽ അത്രയും കാത്തിരിപ്പ് നമുക്കു വേണ്ടിവരില്ല എന്നു കരുതാം.
കേരളത്തിൽ ഇപ്പോൾ ഓടുന്ന വന്ദേഭാരത് ട്രെയ്നുകളിലെ സീറ്റുകളുടെ ഡിമാൻഡും സാമ്പത്തിക വിജയവും വേഗത്തിൽ സ്ലീപ്പർ ട്രെയ്‌ൻ അനുവദിക്കുന്നതിന് സഹായകരമാവേണ്ടതാണ്. ഉടൻ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യത്തെവന്ദേഭാരത് സ്ലീപ്പർ പ്രഖ്യാപിച്ചത് എന്നതിൽ രാഷ്‌ട്രീയവുമുണ്ട്. കേരളത്തിലും തെരഞ്ഞെടുപ്പു വരാൻ പോവുകയാണ്. അപ്പോൾ, അടുത്ത ബാച്ചിലെ ഒരെണ്ണം കേരളത്തിനു കിട്ടാൻ സാധ്യതയേറെയാണ്.
കേരളത്തിനു കിട്ടുന്ന ആദ്യ വന്ദേഭാരത് സ്ലീപ്പർ തിരുവനന്തപുരം- മംഗളൂരു റൂട്ടിലാവും സർവീസ് നടത്തുകയെന്ന് നേരത്തേ ചില റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷേ, തമിഴ്നാട്ടിലും തെരഞ്ഞെടുപ്പായതിനാൽ തിരുവനന്തപുരം- ചെന്നൈ റൂട്ടിൽ അതിലൊരെണ്ണം പ്രഖ്യാപിച്ചാലും അദ്ഭുമതപ്പെടേണ്ടതില്ല. രാത്രിയും പകലുമായി പല ട്രെയ്നുകൾ തിരുവനന്തപുരം- മംഗലാപുരം സർവീസ് നടത്തുന്നുണ്ടെങ്കിലും ആ റൂട്ടിൽ തിരക്ക് കുറയുന്നില്ല. പ്രത്യേകിച്ച് രാത്രിയാത്രകൾക്കു ടിക്കറ്റ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.
അതുകൊണ്ടു തന്നെ ആധുനിക സൗകര്യങ്ങളുള്ള പുതിയ ട്രെയ്‌ൻ അനുവദിച്ചാൽ യാത്രക്കാർക്കു വലിയ അനുഗ്രഹമാവും. ഏതു റൂട്ടായാലും, പുതിയ ട്രെയ്‌നിനായി റെയ്‌ൽവേയിലും കേന്ദ്ര സർക്കാരിലും സമ്മർദം ചെലുത്താൻ നമ്മുടെ കേന്ദ്രന്ത്രിമാർക്കും ജനപ്രതിനിധികൾക്കും സംസ്ഥാന സർക്കാരിനും കഴിയണം.