അടിമുടി ക്രമക്കേടോ, അയ്യപ്പ സംഗമത്തിൽ

ഭക്തര്‍ കാണിക്കയായി അര്‍പ്പിക്കുന്ന പണം എടുത്ത് ‌അയ്യപ്പ സംഗമത്തിനു ചെലവാക്കി എന്നാണെങ്കിൽ അതു അയ്യപ്പ ഭക്തരെ കബളിപ്പിക്കലാണ്
Extreme irregularities at global Ayyappa Sangamam editorial

അടിമുടി ക്രമക്കേടോ, അയ്യപ്പ സംഗമത്തിൽ

file photo

Updated on

ശബരിമലയിലെ ഭക്തരുടെ പണവും അയ്യപ്പന്‍റെ സ്വത്തുക്കളും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വല്ലാത്ത നിരാശയുണ്ടാക്കുന്ന റിപ്പോർട്ടുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്തൊരു കട്ടുമുടിക്കലാണിത് എന്നു സാധാരണ ജനങ്ങൾ സംശയിച്ചാൽ അതിനെ കുറ്റം പറയാനാവില്ല. കോടിക്കണക്കിനു രൂപയുടെ സ്വർണപ്പാളികൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണം ഇനിയും പൂർണതയിലെത്തിയിട്ടില്ല.

കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതു മൂലം അറസ്റ്റു ചെയ്യപ്പെട്ട പ്രതികൾ ഓരോരുത്തരായി ജാമ്യം നേടി പുറത്തു വന്നുകൊണ്ടിരിക്കുന്നു. എല്ലാ പരിധികളും കടന്ന മോഷണമാണ് ശബരിമലയിൽ നടന്നതെന്നും കൊടിമരത്തിലെ സ്വർണം വരെ മോഷ്ടിച്ചില്ലേയെന്നും സുപ്രീം കോടതി ആരാഞ്ഞതു കഴിഞ്ഞ ദിവസമാണ്. ലക്ഷക്കണക്കിന് അയ്യപ്പഭക്തരെ മുഴുവൻ ഞെട്ടിച്ച സംഭവമാണ് ഈ സ്വർണക്കടത്ത്.

ശബരിമലയിലെ സ്വത്തുക്കൾ കാത്തുസൂക്ഷിക്കേണ്ട ദേവസ്വം ബോർഡിലെ ചില ഉത്തരവാദപ്പെട്ടവർ തന്നെ ആരോപണ വിധേയരായ കേസ്. അതിനു പിന്നാലെയാണിപ്പോൾ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തീർഥാടനകാലത്ത് സന്നിധാനത്തു നിയോഗിച്ചിരുന്ന ചില ജീവനക്കാർ ലക്ഷങ്ങൾ തട്ടിയെടുത്ത് വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന സംശയവും ഇതിനിടെ ഉയർന്നിരിക്കുകയാണ്.

അവസരം കിട്ടിയപ്പോഴുള്ള മോഷണവും അവസരമുണ്ടാക്കിയുള്ള തട്ടിപ്പും ഒക്കെയായി ദേവസ്വം ബോർഡിനു നഷ്ടപ്പെട്ടിട്ടുള്ളതു കണക്കില്ലാത്ത സംഖ്യയാണ്. ശബരിമലയുമായി ബന്ധപ്പെട്ടു നടന്ന മുഴുവൻ തട്ടിപ്പുകളും പുറത്തുകൊണ്ടുവന്ന് കുറ്റക്കാരെ ശിക്ഷിക്കേണ്ടതുണ്ട്. അതിൽ ഒരു വീഴ്ചയും സംഭവിക്കരുതെന്ന് ആവർത്തിച്ചു പറയേണ്ടിവരുകയാണ്. അയ്യപ്പഭക്തരുടെ പണം ആർക്കും ധൂർത്തടിക്കാനുള്ളതോ കൈയിട്ടുവാരാനുള്ളതോ അല്ല.

കഴിഞ്ഞ വർഷം സെപ്റ്റംബർ 20ന് പമ്പാനദിക്കരയിൽ നടന്ന ആഗോള അയ്യപ്പ സംഗമം സംസ്ഥാന സർക്കാരിന്‍റെ രാഷ്‌ട്രീയ പരിപാടിയായി മാറുമെന്ന ആരോപണം നേരത്തേ ഉയർന്നതാണ്. എന്നാൽ, ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമായി ഉയർത്തുന്നതു ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമാണ് ഈ സംഗമമെന്നാണ് സർക്കാരും ദേവസ്വം ബോർഡും വ്യക്തമാക്കിയിരുന്നത്.

രാഷ്‌ട്രീയ ലക്ഷ്യങ്ങളുള്ള ഒരു പരിപാടിക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കുന്നതു ശരിയല്ലെന്ന വാദം കോടതിയിലെത്തുകയുണ്ടായി. ഉപാധികളോടെയാണ് ഹൈക്കോടതി അയ്യപ്പ സംഗമത്തിന് അനുമതി നൽകിയത്. സർക്കാരിന്‍റെയോ ദേവസ്വം ബോർഡിന്‍റെയോ ഫണ്ട് ഉപയോഗിക്കാതെ സ്പോൺസർഷിപ്പിലൂടെ സംഗമത്തിനുള്ള പണം കണ്ടെത്തുമെന്നായിരുന്നു അന്നു പറഞ്ഞിരുന്നത്.

ഫണ്ട് വിനിയോഗം സുതാര്യമായിരിക്കണമെന്നു കോടതി നിർദേശിച്ചിരുന്നതാണ്. എന്നാൽ, അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്നാണ് സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുള്ളതത്രേ. കോടതി ഉത്തരവുകൾ ലംഘിക്കപ്പെട്ടിട്ടുണ്ട്. ചെലവിനുള്ള തുക മുഴുവൻ സ്പോൺസർഷിപ്പു വഴി ലഭിച്ചിട്ടില്ല.

സാമ്പത്തിക സുതാര്യതയില്ല. കൃത്യമായ കണക്കും ബില്ലുകളും ഇല്ല. പന്തൽ നിർമാണത്തിനടക്കം കരാർ നൽകിയത് ടെൻഡർ ഇല്ലാതെയാണ്. ഉപകരാറുകൾ ഓഡിറ്റിന് ഹാജരാക്കിയില്ല. രണ്ടു ലക്ഷത്തിനുള്ള കലാപരിപാടികൾ തീരുമാനിച്ചെങ്കിലും എട്ടു ലക്ഷം ചെലവാക്കി. അയ്യപ്പ സംഗമത്തിന്‍റെ അന്നു രാത്രി 500ൽ താഴെ ആളുകൾ മാത്രമാണ് ഭക്ഷണം കഴിച്ചതെങ്കിലും 3000 പേർ ഭക്ഷണം കഴിച്ചെന്നു കണക്കുണ്ടാക്കിയിരിക്കുന്നു എന്നും റിപ്പോർട്ടുണ്ട്.

സംഗമത്തിനായി രണ്ടു കോടി രൂപ സ്പോൺസർ ചെയ്തത് ആരെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പറയുന്നുണ്ട്. ജിഎസ്ടി ബില്ലുകൾ ഇല്ലാത്തതു മൂലം ദേവസ്വം ബോർഡിനു വൻ നഷ്ടം സംഭവിച്ചിട്ടുണ്ട്. എട്ടു കോടി രൂപയാണ് അയ്യപ്പ സംഗമത്തിന്‍റെ മൊത്തം ചെലവ് കണക്കാക്കിയിരിക്കുന്നത്.

ഇതില്‍ 3.4 കോടി രൂപ ഇപ്പോഴും കടമായി തുടരുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് തത്കാലത്തേക്കു ചെലവാക്കിയ രണ്ടു കോടിയിലേറെ രൂപ ഇതുവരെ തിരിച്ചെത്തിയിട്ടുമില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഭക്തര്‍ കാണിക്കയായി അര്‍പ്പിക്കുന്ന പണം എടുത്ത് ‌അയ്യപ്പ സംഗമത്തിനു ചെലവാക്കി എന്നാണെങ്കിൽ അതു വാഗ്ദാനലംഘനമാണ്, അയ്യപ്പ ഭക്തരെ കബളിപ്പിക്കലാണ്. സ്‌പോണ്‍സര്‍ഷിപ്പ് എന്നത് ഒരു പുകമറ മാത്രമായിരുന്നുവെന്ന ആരോപണത്തിനു മറുപടി പറയേണ്ടത് അന്നത്തെ ദേവസ്വം ബോർഡ് അധികൃതരാണ്.

തെറ്റായ സത്യവാങ്മൂലം നല്‍കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നതടക്കം വിഷയങ്ങൾ ഇതിലുണ്ട്. 10 ദിവസത്തിനകം വരവുചെലവ് കണക്കുകള്‍ ഉള്‍പ്പെടെ കൃത്യമായ കണക്കു നല്‍കാനാണ് ഹൈക്കോടതി ഇപ്പോൾ നിര്‍ദേശിച്ചിട്ടുള്ളത്. പരിപാടി കഴിഞ്ഞ് 45 ദിവസത്തിനകം കണക്ക് അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നതാണ്. പിന്നീടു സമയം നീട്ടി നൽകിയിട്ടും കൃത്യമായ കണക്കായിട്ടില്ല എന്നതാണ് ഓർക്കേണ്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com