
വെല്ലുവിളികൾ അതിജീവിച്ച് കരുത്തോടെ മുന്നോട്ട്
ഇന്ന് ഓഗസ്റ്റ് 15. ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്‍റെ ദിനം. ബ്രിട്ടിഷ് ഭരണത്തിന് അന്ത്യം കുറിച്ച് സ്വതന്ത്ര ഇന്ത്യ പിറന്നത് 1947 ഓഗസ്റ്റ് 15നാണ്. ഇന്നു നാം ആഘോഷിക്കുന്നത് എഴുപത്തൊമ്പതാം സ്വാതന്ത്ര്യദിനം. സ്വാതന്ത്ര്യം നേടിയ ശേഷം ഇതുവരെയുണ്ടായ നമ്മുടെ പുരോഗതി ആരെയും അസൂയപ്പെടുത്തുന്നതാണ്. കരുത്തുറ്റ ജനാധിപത്യ സംവിധാനം നമുക്കുണ്ട്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. സാമ്പത്തിക രംഗത്തുണ്ടായ പുരോഗതിയും അഭിമാനകരമാണ്. ലോകത്തെ ഏറ്റവും വലിയ അഞ്ചു സാമ്പത്തിക വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക വ്യവസ്ഥയായി വളരാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ രാജ്യം. 2047 ആവുമ്പോഴേക്കും വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങൾ. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ഓരോ ഇന്ത്യക്കാരനും അവരവരുടെ പങ്ക് ഏറ്റവും ഭംഗിയായി നിർവഹിക്കേണ്ടതുണ്ട്. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യം കൂടിയാണ് ഇന്ത്യ. ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യം. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ജനസംഖ്യയുടെ 27 ശതമാനവും 15-29 പ്രായപരിധിയിലുള്ളവരാണ്. രാജ്യത്തിന്‍റെ ഭാവി ശോഭനമാണെന്ന് ഇതു വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനം അടക്കം ആഗോള വെല്ലുവിളികൾ പലതും നേരിടാനുണ്ട് രാജ്യത്തിന്.
അമെരിക്കൻ താത്പര്യങ്ങൾക്കു വഴങ്ങാത്തതുകൊണ്ടാണ് ഇന്ത്യയുടേത് "ഡെഡ് ഇക്കോണമി' എന്നൊക്കെ ട്രംപ് വിശേഷിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയെ ചെറുതാക്കിക്കണ്ട് ആധിപത്യം സ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്‍റിന്‍റെ നീക്കങ്ങളൊന്നും ഫലം കാണില്ലെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആഗോള വെല്ലുവിളികൾ മറികടന്നു കുതിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രതിഫലിക്കുമെന്നു തന്നെ കരുതണം. യുഎസിന്‍റെ നിർബന്ധത്തിനു വഴങ്ങി അവിടുത്തെ കമ്പനികൾക്കു വേണ്ടി ഇന്ത്യയുടെ കാർഷിക വിപണി തുറന്നുകൊടുക്കില്ലെന്ന് കേന്ദ്ര സർക്കാർ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ കയറ്റുമതിക്ക് യുഎസിൽ തിരിച്ചടിയുണ്ടാവുന്നുവെങ്കിൽ അതു മറികടക്കാനുള്ള പരിശ്രമങ്ങളും കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു. അമെരിക്കൻ സാമ്പത്തിക വ്യവസ്ഥയുടെ സംരക്ഷണമാണ് ട്രംപിന്‍റെ മുന്നിലുള്ള ഏക അജൻഡയെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച തടസപ്പെടാതെ സൂക്ഷിക്കുക നമ്മുടെ അജൻഡയാവണം. മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കുന്നത് യുഎസ് ഭീഷണി മറികടക്കാൻ സഹായിക്കും. കയറ്റുമതി മേഖലയ്ക്ക് ഉണർവേകാനുള്ള നടപടികൾ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നുണ്ട്. സ്വദേശി ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നതും ഈ അവസരത്തിൽ കൂടുതൽ പ്രാധാന്യത്തോടെ കാണേണ്ടതാണ്.
ഇന്ത്യൻ ജനാധിപത്യവുമായി ബന്ധപ്പെട്ട് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത് വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച "വോട്ട് കവർച്ച' ആരോപണം പ്രതിപക്ഷം മുഴുവൻ ഏറ്റുപിടിച്ചിരിക്കുകയാണ്. അതിനു പിന്നാലെ കേരളത്തിലും "വോട്ട് കവർച്ച' ആരോപണങ്ങൾ ഉയരുന്നുണ്ട്. കള്ളവോട്ട് സംബന്ധിച്ച് ഉയരുന്ന എല്ലാ ആരോപണങ്ങളും തെരഞ്ഞെടുപ്പു കമ്മിഷൻ പരിശോധിക്കേണ്ടതുണ്ട്. വോട്ടർപട്ടികയിൽ തട്ടിപ്പു നടത്താനുള്ള ശ്രമങ്ങൾ ഏതു ഭാഗത്തുനിന്നുണ്ടായാലും കർശനമായി തടയണം. അതല്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിനാണു കോട്ടം തട്ടുന്നത്. തെരഞ്ഞെടുപ്പു ജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ മാറ്റ് ഇടിക്കുന്ന ഒരു നടപടിക്കും ഒരു രാഷ്ട്രീയ കക്ഷിയും തുനിയാതിരിക്കണം.
പട്ടാള ഭരണവും ഏകാധിപത്യവും പേരിനു മാത്രമുള്ള ജനാധിപത്യവും പുലരുന്ന പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് സ്വതന്ത്ര ഇന്ത്യയുടെ കരുത്ത് വ്യക്തമാകുന്നത്. ഈ ജനാധിപത്യത്തെ ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ മുന്നോട്ടുകൊണ്ടുപോകേണ്ടത് ഓരോ ഇന്ത്യൻ പൗരന്‍റെയും കടമയാണ്. അഴിമതിയും അക്രമവും തുടങ്ങി രാജ്യത്തിനും ജനങ്ങൾക്കും ഹിതകരമല്ലാത്തവയെ പ്രതിരോധിക്കുന്നതിനുള്ള പ്രതിബദ്ധത നമുക്കുണ്ടാവണം. എത്രയോ സ്വാതന്ത്ര്യ സമര സേനാനികൾ രാജ്യത്തിനുവേണ്ടി ചെയ്ത ത്യാഗത്തിന്‍റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യം. അത് മറന്നുകൊണ്ട് നാം ഒന്നും ചെയ്തു കൂടാ. സ്വാതന്ത്ര്യ സമര സേനാനികളുടെ കഠിനമായ പോരാട്ടം നന്ദിയോടെ ഈ അവസരത്തിൽ നാം ഓർക്കണം. അതിർത്തിയിൽ ശത്രുക്കളെ തടയാൻ സദാസമയവും ജാഗ്രതയോടെ നിൽക്കുന്ന സൈനികരെയും ഓർക്കാതിരിക്കാനാവില്ല. രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷികളാവേണ്ടിവന്ന ധീരജവാന്മാരുടെ സ്മരണകൾക്കു മുന്നിൽ ആദരവോടെ നമിക്കാം. കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിന്‍റെയും അർപ്പണ മനോഭാവത്തിന്‍റെയും ദേശസ്നേഹത്തിന്‍റെയും ഫലമാണ് ഇന്നു കാണുന്ന പുരോഗതി. വികസിത രാജ്യത്തിലേക്കുള്ള കുതിപ്പിൽ ഈ കഠിനാധ്വാനവും അർപ്പണ മനോഭാവവും ദേശസ്നേഹവും തുടരേണ്ടതുണ്ട്.