

ഇൻഡിഗോയുടെ പ്രതിസന്ധി അന്താരാഷ്ട്ര ഫ്ലൈറ്റുകളെയും ആഭ്യന്തര ഫ്ലൈറ്റുകളെയും ബാധിക്കുന്നു
Filephoto
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വിമാനങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ റദ്ദാക്കപ്പെടുന്നത് ആയിരക്കണക്കിനു യാത്രക്കാരുടെ യാത്രാപദ്ധതികളെയാണു താളം തെറ്റിക്കുന്നത്. ഇൻഡിഗോയുടെ പ്രതിസന്ധി അന്താരാഷ്ട്ര ഫ്ലൈറ്റുകളെയും ആഭ്യന്തര ഫ്ലൈറ്റുകളെയും ബാധിക്കുന്നുണ്ട്. നിരവധി ഫ്ലൈറ്റുകൾ വൈകുന്നതു മൂലവും യാത്രക്കാർ വലയുന്നു.
വിമാനത്താവളങ്ങളിൽ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്നു. സമയനിഷ്ഠയുണ്ടെന്നു പൊതുവേ അറിയപ്പെട്ടിരുന്ന ഇൻഡിഗോയുടെ ആ പേര് നഷ്ടപ്പെട്ട അവസ്ഥയാണു കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. അവരുടെ "ഓൺ ടൈം പെർഫോർമൻസ്' അഥവാ സമയനിഷ്ഠ ബുധനാഴ്ച 19.7 ശതമാനമായി ഇടിഞ്ഞെന്നാണു റിപ്പോർട്ടുവന്നത്. ഡിസംബർ രണ്ടിന് 35 ശതമാനമായിരുന്നു ഇത്.
എത്രയും വേഗം ഈ പ്രതിസന്ധിയിൽ നിന്ന് ഇൻഡിഗോ പുറത്തുകടക്കേണ്ടതു യാത്രക്കാരുടെ കൂടി ആവശ്യമായിരിക്കുകയാണ്. കാരണം രാജ്യത്തെ ആഭ്യന്തര വിമാന സർവീസിന്‍റെ 60 ശതമാനത്തിലേറെയും നടത്തുന്നത് ഇൻഡിഗോയാണ്. വൈകിട്ടു വരെ മുന്നൂറിലേറെ ഫ്ലൈറ്റുകളാണ് ഇന്നലെ ഇൻഡിഗോ റദ്ദാക്കിയത്. ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളെയെല്ലാം ഇതു ബാധിച്ചിട്ടുണ്ട്.
അതുകൊണ്ടു തന്നെ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ രാജ്യവ്യാപകമാണെന്നു പറയാം. ഡൽഹി വിമാനത്താവളത്തിൽ നിന്നു മാത്രം ചുരുങ്ങിയത് 95 ഫ്ലൈറ്റുകൾ റദ്ദാക്കി. മുംബൈയിൽ നിന്ന് 85, ഹൈദരാബാദിൽ നിന്ന് 70, ബംഗളൂരുവിൽ നിന്ന് 50 എന്നിങ്ങനെയൊക്കെയാണു വൈകിട്ടോടെ പുറത്തുവന്ന കണക്കുകൾ. ചൊവ്വാഴ്ച നൂറിലേറെയും ബുധനാഴ്ച ഇരുനൂറിലേറെയും ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. കേരളത്തിൽ നിന്നുള്ള സർവീസുകളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
ചില സർവീസുകൾ റദ്ദാക്കിയപ്പോൾ നിരവധി സർവീസുകൾ മണിക്കൂറുകളോളം വൈകി. ഡയറക്റ്ററേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രതിസന്ധിക്കു കാരണം ബോധിപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടതായാണു റിപ്പോർട്ടുകൾ. എത്രയും വേഗം പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുമെന്നാണു കമ്പനി അവകാശപ്പെടുന്നത്. വിമാനത്താവളങ്ങളിൽ കുടുങ്ങി നിസഹായരായിപോകുന്ന നിരവധിയാളുകളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കു ഡിജിസിഎ പ്രത്യേക താത്പര്യം എടുക്കേണ്ടതുണ്ട്. ബദൽ യാത്രാക്രമീകരണം ഒരുക്കുന്നതടക്കം ഇതിൽ ഉൾപ്പെടും.
ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ നടപ്പിലായതോടെ ആവശ്യത്തിനു ജീവനക്കാരില്ലാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു പ്രധാന കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പൈലറ്റുമാരുടെ ക്ഷാമം സർവീസുകൾ കൃത്യമായി നടത്തുന്നതിനു തടസമാവുന്നു. കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന കോക്ക്പിറ്റ് ജീവനക്കാർക്കായുള്ള പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി നിയമം അനുസരിച്ച് പൈലറ്റുമാരുടെ ജോലി ചെയ്യുന്നതിനുള്ള സമയം കുറയ്ക്കുകയും നിർബന്ധമായും വിശ്രമിക്കുന്നതിനുള്ള സമയം വർധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
ഇതോടെ ആവശ്യത്തിന് പൈലറ്റുമാരില്ലാതായി. ജീവനക്കാർക്കു ക്ഷീണമില്ലാതെ ജോലി ചെയ്യുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (എഫ്ഡിടിഎൽ) നടപ്പിലാക്കിയിരിക്കുന്നത്. ഓരോ ആഴ്ചയിലും പൈലറ്റുമാർക്ക് ചുരുങ്ങിയത് 48 മണിക്കൂർ വിശ്രമം നിഷ്കർഷിച്ചിരിക്കുന്നു. 36 മണിക്കൂറിൽ നിന്നാണു നിർബന്ധിത വിശ്രമസമയം വർധിച്ചിരിക്കുന്നത്. അതിനൊപ്പം പൈലറ്റുമാരുടെ നൈറ്റ് ലാൻഡിങ്ങിന്‍റെ എണ്ണവും ആറിൽ നിന്ന് രണ്ടായി കുറച്ചു.
തുടർച്ചയായ ദിവസങ്ങളിൽ ജോലി ചെയ്ത് പൈലറ്റുമാർ ക്ഷീണിക്കുന്നത് ഒഴിവാക്കുന്നതിനുള്ള നിയമം നടപ്പാക്കാൻ രണ്ടു വർഷത്തെ തയാറെടുപ്പു സമയം ലഭിച്ചിട്ടും ഇൻഡിഗോ അതു വേണ്ടവിധം ഗൗനിച്ചില്ലെന്നാണ് പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഒഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി) കുറ്റപ്പെടുത്തുന്നത്. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തേണ്ടതിനു പകരം നിയമന നിരോധനമാണ് ഇൻഡിഗോ നടപ്പാക്കിയതെന്നാണ് അവർ ആരോപിക്കുന്നത്.
മറ്റു വിമാനക്കമ്പനികൾ ആവശ്യത്തിനു പൈലറ്റുമാരെ മുൻകൂട്ടി നിയമിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. ദിവസവും 2,300 ഫ്ലൈറ്റുകളാണ് ഇൻഡിഗോയ്ക്കുള്ളത്. അതുകൊണ്ടുതന്നെ പൈലറ്റുമാരുടെ വിശ്രമസമയം കൂടുന്നതു നിരവധി സർവീസുകളെ ബാധിക്കും. യാത്രക്കാരോടുള്ള ഉത്തരവാദിത്വം പാലിക്കുന്നതിൽ ഇൻഡിഗോ പരാജയപ്പെടുന്നുവെന്ന് എഫ്ഐപി കുറ്റപ്പെടുത്തുകയാണ്.
അതേസമയം, പ്രതീക്ഷിക്കാത്ത ചില വെല്ലുവിളികളാണു നേരിടുന്നതെന്നാണു കമ്പനിയുടെ അവകാശവാദം. ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് മാത്രമല്ല സാങ്കേതിക പ്രശ്നങ്ങൾ, ശൈത്യകാല ഷെഡ്യൂളിലെ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളും കമ്പനി ചൂണ്ടിക്കാണിക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സർവീസ് നടത്തുന്നതിന് ആവശ്യത്തിനു ജീവനക്കാരുണ്ടെന്ന് ഉറപ്പാക്കേണ്ടത് എന്തായാലും അത്യാവശ്യമാണ്.