പോളിങ് പൂർണം, ഇനി വോട്ടെണ്ണലിനുള്ള കാത്തിരിപ്പ്

ഈ ദിവസങ്ങളിലെ രാഷ്ട്രീയ ചർച്ചകൾക്ക് എക്സിറ്റ് പോളുകൾ പ്രധാന ആശ്രയമാവും എന്നതു വസ്തുതയാണ്.
Mamata Banerjee

മമത ബാനർജി.

ഫയൽ ചിത്രം
Updated on

‌കേരളം, തമിഴ്നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പു ഘട്ടം പൂർത്തിയായിരിക്കുകയാണ്. ഇനി വോട്ടെണ്ണൽ ദിനത്തിനായുള്ള കാത്തിരിപ്പ്. മേയ് നാലിനാണു വോട്ടെണ്ണുന്നത്. നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ആരാണ് അധികാരത്തിലെത്തുക എന്നറിയാൻ വോട്ടിങ് യന്ത്രങ്ങളിലുള്ള ജനവിധി തുറന്നുനോക്കുക തന്നെ വേണം. ഇപ്പോൾ പുറത്തുവന്നിട്ടുള്ള എക്സിറ്റ് പോൾ ഫലങ്ങൾ ‍യഥാർഥ ജനവിധിയല്ല. വിവിധ ഏജൻസികൾ വോട്ടെടുപ്പിനു ശേഷം വോട്ടർമാരുടെ അഭിപ്രായം ശേഖരിച്ചു തയാറാക്കുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ. അതിൽ കാണുന്ന ട്രെൻഡ് യഥാർഥ ഫലത്തിൽ പ്രതിഫലിക്കുകയോ തെറ്റിപ്പോകുകയോ ചെയ്യാം.എന്തായാലും ഈ ദിവസങ്ങളിലെ രാഷ്ട്രീയ ചർച്ചകൾക്ക് എക്സിറ്റ് പോളുകൾ പ്രധാന ആശ്രയമാവും എന്നതു വസ്തുതയാണ്.

അന്തിമ ഫലം വരുമ്പോൾ ഭരണത്തുടർച്ചയായാലും പുതിയ സർക്കാരായാലും അതു ജനങ്ങളുടെ തെരഞ്ഞെടുപ്പാണ്. വരുന്ന അഞ്ചുവർഷം തങ്ങളെ ആരു ഭരിക്കണമെന്ന് ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞതുമാണ്. മികച്ച പോളിങ് ശതമാനമാണ് ഇക്കുറി എല്ലായിടത്തുമുണ്ടായത്. ജനാധിപത്യത്തിന്‍റെ കരുത്തുകാണിക്കുന്ന മനോഹരമായ കാഴ്ചയാണിത്. അതിൽ തന്നെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്നതാണു പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങൾക്കു പേരുകേട്ട സംസ്ഥാനമാണു ബംഗാൾ. നിരവധി ഘട്ടങ്ങളായി പോളിങ് നടക്കാറുള്ള സംസ്ഥാനം. ഇത്തവണ അവിടെ വോട്ടെടുപ്പ് രണ്ടു ഘട്ടമായി ചുരുക്കി. അങ്ങിങ്ങ് ഏതാനും അക്രമസംഭവങ്ങളുണ്ടായെങ്കിലും ക്രമസമാധാന നില മെച്ചപ്പെട്ട നിലയിലായിരുന്നു.

2021ലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ കനത്ത സുരക്ഷ സംസ്ഥാനത്തെങ്ങും ഏർപ്പെടുത്തിയിരുന്നു. വോട്ടെടുപ്പു തടസപ്പെടുത്താനായി ബോംബെറിയുന്നതു പോലുള്ള നീക്കങ്ങൾ തടയാൻ തെരഞ്ഞെടുപ്പു കമ്മിഷൻ ദേശീയ അന്വേഷണ ഏജൻസിയുടെ സഹായം തേടുകയുണ്ടായി. കമ്മിഷന്‍റെ ഇത്തരം നീക്കങ്ങൾ ഫലപ്രദമായിട്ടുണ്ടെന്നും വേണം കരുതാൻ. ‌തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങളുണ്ടാകുന്നതു നേരിടാൻ കേന്ദ്ര സേന രണ്ടു മാസം സംസ്ഥാനത്തു തുടരുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമങ്ങൾ ഏതു ഭാഗത്തുനിന്നുണ്ടായാലും ശക്തമായി അതിനെ നേരിടേണ്ടതുണ്ട്. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ അതിൽ വ്യത്യാസമുണ്ടാവരുത്.

സംസ്ഥാനത്തെ പോളിങ് ശതമാനം സർവകാല റെക്കോഡിലെത്തി എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. 294 അംഗ ബംഗാൾ നിയമസഭയിലെ 152 മണ്ഡലങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ ഏപ്രിൽ 23നു വോട്ടെടുപ്പു നടന്നത്. അതിൽ 93 ശതമാനം പേരാണു വോട്ടുചെയ്തതും. 2011ലുണ്ടായ 84.72 ശതമാനമായിരുന്നു ഇതിനു മുൻപ് സംസ്ഥാനത്തെ റെക്കോഡ്. അതിൽ നിന്ന് എട്ടുശതമാനത്തിലേറെ വർധനയുണ്ടായി എന്നു പറയുമ്പോൾ അതു വലിയ മാറ്റമാണ്. 2021ൽ 82 ശതമാനത്തോളമായിരുന്നു പശ്ചിമ ബംഗാളിലെ പോളിങ്. അതിൽ നിന്നു പത്തു ശതമാനത്തിലേറെയാണു വർധന. 142 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടന്ന രണ്ടാം ഘട്ടത്തിലും 90 ശതമാനത്തിനു മുകളിൽ പോളിങ് രേഖപ്പെടുത്തിയിരിക്കുകയാണ്. അന്തിമ കണക്കു വരുമ്പോൾ ഒന്നാം ഘട്ടത്തിലെ പോളിങ്ങിനെ മറികടക്കുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പങ്കുവച്ചത്. വൈകിട്ട് അഞ്ചുവരെയുള്ള കണക്കുപ്രകാരം 89.99 ശതമാനം പേർ വോട്ടു ചെയ്തു കഴിഞ്ഞിരുന്നു.

ഈ ഉയർന്ന പോളിങ് ശതമാനം ഭരണമാറ്റത്തിന്‍റെ സൂചനയാണു നൽകുന്നതെന്ന് ബിജെപി അവകാശപ്പെടുമ്പോൾ ഭരണത്തുടർച്ചയ്ക്കുള്ള ജനവിധിയാണിതെന്ന് തൃണമുൽ കോൺഗ്രസും കരുതുന്നുണ്ട്. 2011ലെ തെരഞ്ഞെടുപ്പിലാണ് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടതു ഭരണത്തിന് അന്ത്യം കുറിച്ച് മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസ് ആദ്യമായി അധികാരത്തിലെത്തിയത്. അന്നു കണ്ട റെക്കോഡ് പോളിങ് ഇക്കുറി മറികടക്കുമ്പോൾ അത് എന്തിന്‍റെ സൂചനയാണ് എന്ന ചർച്ചകൾ പശ്ചിമ ബംഗാളിൽ പൊടിപൊടിക്കുകയാണ്. തൃണമുൽ കോൺഗ്രസും ബിജെപിയും തമ്മിൽ വാശിയേറിയ പോരാട്ടമാണു നടന്നതെന്നതിൽ സംശയമില്ല. 2021ൽ തൃണമുലിനു വൻ വിജയം സമ്മാനിച്ച ദക്ഷിണ ബംഗാളിലെ മണ്ഡലങ്ങളിലാണ് ഇന്നലെ പ്രധാനമായും വോട്ടെടുപ്പു നടന്നത്.

അന്ന് ഈ മണ്ഡലങ്ങളിൽ 123ലും തൃണമുലാണു വിജയിച്ചത്. ബിജെപിക്കു 18 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. ഇത്തവണ ഇതിനൊരു മാറ്റം വരുമെന്നും ദക്ഷിണ ബംഗാളിലേക്കും കടന്നുകയറാനാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, തന്‍റെ തട്ടകത്തിൽ വിള്ളൽ വീഴ്ത്താൻ ബിജെപിക്കു കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണു മമതയുള്ളത്. ആരുടെ പ്രതീക്ഷകളാണ് ജനങ്ങൾ ശരിവയ്ക്കുന്നതെന്ന് മേയ് നാലിന് അറിയാം.

logo
Metro Vaartha
www.metrovaartha.com