ഫലവത്താകട്ടെ, പുനഃസംഘടന | മുഖപ്രസംഗം

മൂന്നു പതിറ്റാണ്ടായി ഗുജറാത്തിൽ അധികാരത്തിനു പുറത്താണു കോൺഗ്രസ്.
84th National Convention Of AICC

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനത്തിൽ നിന്ന്

Updated on

എൺപത്തിനാലാമത് എഐസിസി സമ്മേളനം ഗുജറാത്തിലെ അഹമ്മദാബാദിൽ ചേർന്നതു വ്യക്തമായ ലക്ഷ്യങ്ങളോടെ തന്നെയാവണം. വർഷങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനം എന്നതു മാത്രമല്ല ഗുജറാത്തിന്‍റെ പ്രത്യേകത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തട്ടകം കൂടിയാണത്. ഗുജറാത്തിൽ ഒരു തിരിച്ചുവരവിന് കോൺഗ്രസ് നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. മൂന്നു പതിറ്റാണ്ടായി ഗുജറാത്തിൽ അധികാരത്തിനു പുറത്താണു കോൺഗ്രസ്. പാർട്ടിയുടെ വേരുകൾ ദുർബലമായിരിക്കുന്നുവെന്നു വിശ്വസിക്കുന്ന മണ്ണിൽ നിന്ന് രാജ്യവ്യാപകമായി കോൺഗ്രസിന്‍റെ തിരിച്ചുവരവിന് ആവശ്യമായ ആത്മവിശ്വാസം ആർജിക്കുകയെന്ന ലക്ഷ്യം അഹമ്മദാബാദ് വേദിയായി നിശ്ചയിച്ചതിൽ ഉണ്ടായിരിക്കണം.

64 വർഷത്തിനിടെ ഇതാദ്യമായാണ് ഗുജറാത്തിൽ എഐസിസി സമ്മേളനം നടക്കുന്നത്. അതിലൂടെ കോൺഗ്രസ് പ്രവർത്തകർക്കു പാർട്ടി നൽകുന്ന സന്ദേശം പ്രതീക്ഷകളുടേതാണ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് മുഖ്യമന്ത്രിമാരും സംസ്ഥാന പ്രസിഡന്‍റുമാരും മറ്റു മുതിർന്ന നേതാക്കളും പങ്കെടുത്ത സമ്മേളനം പാർട്ടിയുടെ ഭാവി തന്ത്രങ്ങൾ ഗൗരവമായി ചർച്ച ചെയ്തുവെന്നാണ് അവകാശപ്പെടുന്നത്. രാജ്യവ്യാപകമായി സ്വാധീനം വർധിപ്പിക്കാനും ജനവിശ്വാസം ആർജിച്ച് ഭരണം പിടിക്കാനുമുള്ള ദൃഢനിശ്ചയം താഴേത്തട്ടുവരെ എത്തിക്കുകയെന്നതാണു പാർട്ടിക്കു മുന്നിലുള്ള വെല്ലുവിളി. അതേറ്റെടുക്കാൻ നേതാക്കൾ സജ്ജരാണോയെന്നു വരും നാളുകളിലെ പ്രവർത്തനങ്ങളിൽ നിന്നാണ് അറിയേണ്ടത്. കൂടുതൽ യുവാക്കളെ പാർട്ടിയിലേക്കു കൊണ്ടുവരുന്നതിന് അവരുടെ മനസിൽ സ്ഥാനം നേടേണ്ടതുണ്ട്.

ജനാധിപത്യത്തിൽ ഭരണകക്ഷി മാത്രമല്ല പ്രതിപക്ഷവും ശക്തമായിരിക്കേണ്ടത് അനിവാര്യമാണ്. ഭരണം ജനതാത്പര്യങ്ങൾക്കു വിരുദ്ധമായി മാറുമെന്നു തോന്നുമ്പോൾ ഉറച്ച പ്രതിരോധം തീർക്കണമെങ്കിൽ പ്രതിപക്ഷം ശക്തമായിരിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കോൺഗ്രസ് കരുത്താർജിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ കെട്ടുറപ്പിന് സഹായിക്കുന്നതാണ്. രാജ്യത്തിന്‍റെ പൊതുവികാരം ദേശീയതലത്തിൽ പ്രതിഫലിപ്പിക്കാൻ പ്രാദേശിക കക്ഷികൾ കരുത്താർജിച്ചതുകൊണ്ട് മാത്രമായില്ല. കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ഭരിക്കുന്ന ബിജെപിയുടെ ജാഗ്രത വർധിപ്പിക്കാൻ കോൺഗ്രസിന്‍റെ തിരിച്ചുവരവ് ഉപകരിക്കുമെന്നുറപ്പാണ്.

സംഘടനാതലത്തിൽ വൻ അഴിച്ചുപണിക്കാണ് പാർട്ടി തയാറെടുക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അവകാശപ്പെടുകയുണ്ടായി. സർദാർ പട്ടേൽ മുന്നോട്ടുവച്ച സാമൂഹിക നീതിയുടെ വഴിയാണ് പാർട്ടി പിന്തുടരുകയെന്നും അദ്ദേഹം പറയുന്നുണ്ട്. വേണുഗോപാലിന്‍റെ വാക്കുകൾ വിശ്വസിക്കുകയാണെങ്കിൽ പാർട്ടിയുടെ ഈ വർഷത്തെ പ്രധാന ശ്രദ്ധ സമൂലമായ പാർട്ടി പുനഃസംഘടനയിലാണ്. ഇതേക്കുറിച്ചു നേതാക്കൾ വിശദമായി ചർച്ച ചെയ്തു കഴിഞ്ഞു എന്നാണു പറയുന്നത്. ഡിസിസികളെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടുള്ള പുനഃസംഘടനയാണു പാർട്ടി ലക്ഷ്യമിടുന്നത് എന്നു റിപ്പോർട്ടുകളുണ്ട്. ഡിസിസി പ്രസിഡന്‍റുമാർക്കു കൂടുതൽ ഉത്തരവാദിത്വമുണ്ടാവും. ഡിസിസികൾക്കും അധ്യക്ഷൻമാർക്കും പ്രവർത്തന മാർഗരേഖയുണ്ടാവും. അതു കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും നേതാക്കൾ അവകാശപ്പെടുന്നുണ്ട്. ഉത്തരവാദിത്വത്തോടെ ജോലിയെടുക്കാൻ തയാറുള്ളവർ മാത്രം പാർട്ടിചുമതലകൾ വഹിക്കട്ടെയെന്നാണു നിർദേശം. ഏതൊക്കെ തരത്തിലാണു പുനഃസംഘടന നടക്കുന്നതെന്ന് പാർട്ടി പ്രവർത്തകരെല്ലാം ഉറ്റുനോക്കുന്നുണ്ട്.

വ്യാപകമായ പുനഃസംഘടനയും കരുത്താർജിക്കലുമൊക്കെ വാക്കുകളിൽ മാത്രം ഒതുങ്ങുന്നതായാൽ ഈ സമ്മേളനവും യാതൊരു ഫലവും നൽകാത്തതായി മാറും. ഉത്തരവാദിത്വം നിറവേറ്റാത്തവർ പാർട്ടി പദവികളിൽ നിന്ന് ഒഴിയണമെന്ന് മല്ലികാർജുൻ ഖാർഗെ അടക്കം പറയുന്നുണ്ടെങ്കിലും അതു നടത്തിയെടുക്കുക എളുപ്പമല്ല. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്കു വഴങ്ങിയുള്ള വീതംവയ്പ്പുകൾ കൊണ്ട് പുനഃസംഘടന ഫലവത്താവുകയുമില്ല. ഗ്രൂപ്പ് കളികൾക്കു നിന്നുകൊടുക്കാത്ത ഭാരവാഹികളുണ്ടാവുക എന്നത് താഴെത്തട്ടു മുതൽ ആവശ്യമാണ്. രാജ്യം മുഴുവൻ സ്വാധീനമുള്ള ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയായിരുന്ന കോൺഗ്രസ് ഇന്നത്തെ അവസ്ഥയിൽ എത്തിയതിനു ഗ്രൂപ്പുകളികൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഗ്രൂപ്പില്ലാതെ എന്തു കോൺഗ്രസ് എന്നു ചോദിച്ചു സമാധാനിക്കാൻ ഇനി അവസരം ഒട്ടുമില്ല.

വലിയ തോതിൽ സമ്മേളനങ്ങൾ നടത്തിയതുകൊണ്ടോ പ്രമേയങ്ങൾ പാസാക്കിയതു കൊണ്ടോ പാർട്ടി തിരിച്ചുവരും എന്നു കരുതാനാവില്ല. സമ്മേളനത്തിൽ എടുത്ത തീരുമാനങ്ങൾ കർശനമായി നടപ്പാക്കണം. ബൂത്തുതലം മുതൽ പ്രവർത്തകരുടെയും നേതാക്കളുടെയും ഐക്യം ഉറപ്പിക്കുന്നതു ശ്രമകരമായ ദൗത്യമാണ്. തുടർച്ചയായി മൂന്നു തവണ കേന്ദ്രത്തിൽ അധികാരത്തിൽ നിന്നു മാറിനിൽക്കേണ്ടിവന്നത് നിരവധി പാഠങ്ങളാണു കോൺഗ്രസിനു നൽകിയിട്ടുള്ളത്. അതൊന്നും പഠിക്കാൻ ഇനിയും തയാറാവുന്നില്ലെങ്കിൽ തിരിച്ചുവരവും സ്വപ്നം മാത്രമായി അവശേഷിക്കും. സംഘടനാ സംവിധാനത്തിലുണ്ടായിട്ടുള്ള ദൗർബല്യം പരിഹരിക്കാതെ കോൺഗ്രസിനു മുന്നോട്ടുപോകാനാവില്ലെന്നത് എല്ലാവർക്കും അറിയാവുന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com