

ഇനിയും ഉയരാതിരിക്കട്ടെ മാവോയിസ്റ്റ് ഭീഷണികൾ
file photo
കഴിഞ്ഞ പതിറ്റാണ്ടുകളിൽ ജനജീവിതത്തിനും രാജ്യസുരക്ഷയ്ക്കും ഏറെ ഭീഷണി ഉയർത്തിയ മാവോയിസ്റ്റ് തീവ്രവാദത്തിന് അന്ത്യം കുറിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച ലോക്സഭയിൽ വ്യക്തമാക്കുകയുണ്ടായി. മാവോയിസ്റ്റുകളുടെ സംഘടനാ സംവിധാനങ്ങളെ പൂർണമായും തകർത്തുവെന്നും രാജ്യം നക്സൽ വിമുക്തമായെന്നും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ നാട്ടിലെ കോടിക്കണക്കിനാളുകൾ ഈ പ്രഖ്യാപനം യാഥാർഥ്യമായി എന്നും നിലനിൽക്കട്ടെയെന്ന് ആഗ്രഹിക്കുന്നുണ്ടാവും. നക്സലുകളുടെ താവളമായ "ചുവന്ന ഇടനാഴി' എന്നറിയപ്പെട്ടിരുന്ന വലിയൊരു മേഖല തന്നെ രാജ്യത്തുണ്ടായിരുന്നു. എത്രയോ ആളുകളുടെ ജീവനാണ് ഈ മേഖലകളിൽ നക്സലുകൾ എടുത്തത്. അവരുടെ ആക്രമണങ്ങൾ ഭയന്ന് ഓരോ ദിവസവും കഴിയേണ്ടി വന്ന നിരവധിയാളുകൾ രാജ്യത്തുണ്ടായിട്ടുണ്ട്. ദേശസുരക്ഷയ്ക്കു വേണ്ടി നിയോഗിക്കപ്പെടുന്ന ധീരസേനാംഗങ്ങളുടെ ജീവൻ മാവോയിസ്റ്റ് തീവ്രവാദികൾ കവർന്നെടുക്കുന്നത് രാജ്യത്തിന് എത്രയോ വട്ടം കാണേണ്ടിവന്നു.
ഇനി രാജ്യത്ത് ഒരിടത്തും നക്സലുകളെ ഭയക്കാതെ ജീവിക്കാനുള്ള അവസരം ഉണ്ടാവുമെങ്കിൽ കേന്ദ്ര സർക്കാരിന്‍റെയും വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളുടെയും നേട്ടമായി അതിനെ കാണേണ്ടതുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സഹകരിച്ചുകൊണ്ടാണല്ലോ കഴിഞ്ഞ വർഷങ്ങളിൽ രാജ്യം നക്സൽ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നത്. 2026 മാർച്ച് 31ന് രാജ്യം നക്സൽ വിമുക്തമാവുമെന്നു നേരത്തേ തന്നെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളും നടന്നിരുന്നു. അതെല്ലാം വിജയിച്ചു എന്നാണ് ഇപ്പോൾ അമിത് ഷാ അവകാശപ്പെടുന്നത്. നക്സലുകളുടെ അവസാന താവളങ്ങളിൽ ഏറ്റവും പ്രമുഖമായിരുന്ന ഛത്തിസ്ഗഡിൽ നിന്ന് സായുധരായ നക്സലുകളെ തുടച്ചുനീക്കിയതായി സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും കേഡറുകൾ ബാക്കിയുണ്ടെങ്കിൽ അവരും ഉടൻ കീഴടങ്ങുമെന്നാണു സർക്കാർ അവകാശപ്പെടുന്നത്. നക്സൽ കേന്ദ്രമായിരുന്ന ബസ്തറിൽ നിലവിലുള്ള സുരക്ഷാ സേന കുറച്ചുകാലം കൂടി തുടരുമെന്നാണ് സർക്കാർ അറിയിക്കുന്നത്. ജനങ്ങളിൽ വിശ്വാസം വളർത്തുന്നതിന്‍റെ ഭാഗമായിട്ടാണിത്. ഉൾഭാഗങ്ങളിലുള്ള നാനൂറോളം സുരക്ഷാ ക്യാംപുകൾ ക്രമേണ പൊലീസ് സ്റ്റേഷനുകളും സ്കൂളുകളും ആശുപത്രികളും പഞ്ചായത്ത് കെട്ടിടങ്ങളും ഒക്കെയായി മാറുമെന്നാണു സംസ്ഥാന സർക്കാരിന്‍റെ വാദം.
സുരക്ഷാ സേനയുടെ പ്രശംസനീയമായ പ്രവർത്തനങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഇന്‍റലിജൻസ് നീക്കങ്ങളും രാജ്യത്തു നക്സൽ ഭീഷണി ഒഴിവാക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കൊടും വനങ്ങളുടെ അകത്തു വരെ താവളങ്ങൾ തുറന്നുകൊണ്ടാണു സേനകൾ നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഛത്തിസ്ഗഡിൽ മാത്രം അഞ്ഞൂറിലേറെ മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. മൂവായിരത്തിലേറെ നക്സലുകൾ കീഴടങ്ങി. മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഇതു കൂടാതെ 2,000ത്തിലേറെ പേർ അറസ്റ്റിലാവുകയും ചെയ്തു. ഒരു സമയത്ത് രാജ്യത്തെ 80 ശതമാനത്തിലേറെ നക്സൽ പ്രവർത്തനങ്ങളും നടന്നിരുന്ന സംസ്ഥാനമാണു ഛത്തിസ്ഗഡ്.
സമീപകാലത്ത് നക്സൽ ഭീഷണികളുണ്ടായിരുന്ന തെലങ്കാനയിലും ശക്തമായ നടപടികൾ സുരക്ഷാ സേന സ്വീകരിച്ചിരുന്നു. നേതാക്കൾ അടക്കം നിരവധി നക്സലുകൾ അവിടെയും കീഴടങ്ങി. മാവോയിസ്റ്റ് കേഡറുകൾക്ക് മുഖ്യധാരയിൽ തിരിച്ചെത്തുന്നതിനുള്ള സമയം 2026 മാർച്ച് 31 ആണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അടുത്തിടെ വ്യക്തമാക്കിയിരുന്നു. അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേരാൻ തെലങ്കാന പൊലീസ് ഡയറക്റ്റർ ജനറൽ ബി. ശിവധർ റെഡ്ഡി തിങ്കളാഴ്ചയും ശേഷിക്കുന്ന മാവോയിസ്റ്റുകളോട് അഭ്യർഥിക്കുകയുണ്ടായി. നക്സലിസത്തിന് അന്ത്യം കുറിക്കുന്നതിനായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ തെലങ്കാന പൊലീസ് നടത്തിയ ശ്രമങ്ങളുടെ ഫലമായി 721 മാവോയിസ്റ്റുകൾ കീഴടങ്ങിയെന്നും ശിവധർ റെഡ്ഡി അവകാശപ്പെടുന്നുണ്ട്. കീഴടങ്ങിയവരെയെല്ലാം പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ, സീനിയർ നേതാവ് അടക്കം ഒമ്പത് മാവോയിസ്റ്റുകൾ കഴിഞ്ഞദിവസം ആന്ധ്ര പ്രദേശിൽ പൊലീസിനു മുന്നിൽ കീഴടങ്ങി. മാർച്ച് 31ന് രാജ്യം നക്സൽ മുക്തമാവാനുള്ള പരിശ്രമങ്ങളിൽ ആന്ധ്രയും സഹകരിച്ചുവെന്നു സംസ്ഥാനത്തെ പൊലീസ് വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്. സംസ്ഥാനത്ത് സായുധരായ സജീവ കേഡറുകൾ ആരും തന്നെ ഇപ്പോൾ ഇല്ലെന്നാണ് വാദം. ഒഡിഷയിൽ ഒരു വനിതാ മാവോയിസ്റ്റ് കഴിഞ്ഞ ദിവസം പൊലീസിനു കീഴടങ്ങി. 2025 മുതൽ 77 മാവോയിസ്റ്റുകൾ ഒഡിഷ പൊലീസിനു കീഴടങ്ങിയിട്ടുണ്ട്. ഒഡിഷയിൽ നിന്നുള്ള 23 മാവോയിസ്റ്റുകൾ ഛത്തിസ്ഗഡ് പൊലീസിനും കീഴടങ്ങി. ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്ന് ഇടതു തീവ്രവാദം പൂർണമായും ഇല്ലാതാക്കിയെന്നു കേന്ദ്ര സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്‍റെ വനമേഖലകളിലെ നക്സൽ സംഘങ്ങളെ നേരിടാൻ തണ്ടർ ബോൾട്ട് എന്ന പ്രത്യേക തീവ്രവാദ വിരുദ്ധ സായുധ കമാൻഡോ സേനയെത്തന്നെ കേരള പൊലീസ് രൂപീകരിച്ചിട്ടുണ്ട്. ദാരിദ്ര്യം കൊണ്ടല്ല നക്സലിസം പടർന്നത്, മറിച്ച് നക്സലിസം കാരണമാണു ദാരിദ്ര്യം പടർന്നത് എന്ന അമിത് ഷായുടെ ലോക്സഭയിലെ പ്രസ്താവന ശ്രദ്ധേയമാണ്. നാടിനെ ദോഷകരമായി ബാധിക്കാൻ ഇനിയും തീവ്രവാദത്തെ അനുവദിച്ചുകൂടാ.