ആശങ്കയുയർത്തി മോർഫിങ് കേസുകൾ

മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതു ഗുരുതരമായ പ്രശ്നമായി മാറിയിട്ടുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രാലയവും തിരിച്ചറിയേണ്ടതുണ്ട്.
Morphing cases raise concerns

ആശങ്കയുയർത്തി മോർഫിങ് കേസുകൾ

Updated on

പെൺകുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ദുരുപയോഗം ചെയ്യുന്നതു സംസ്ഥാനത്തു വർധിച്ചുവരുകയാണെന്നാണ് ഈയിടെയുണ്ടായ സംഭവങ്ങൾ കാണിക്കുന്നത്. വളരെ ആശങ്കാജനകമായ ഒരു സാഹചര്യമാണിത്. കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കാനും സമൂഹത്തിൽ ആവശ്യമായ ബോധവത്കരണം നടത്താനും ബന്ധപ്പെട്ടവർ തയാറായില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നുറപ്പാണ്. മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതു ഗുരുതരമായ പ്രശ്നമായി മാറിയിട്ടുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രാലയവും തിരിച്ചറിയേണ്ടതുണ്ട്. മോർഫിങ്- ഡീപ് ഫേക്ക് കുറ്റങ്ങൾ തടയുന്നതിന് ഐടി മന്ത്രാലയം നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുകയുണ്ടായി. അതിനുശേഷവും ഇത്തരം പ്രവണതകൾ കുറയുന്നില്ല എന്നത് അതീവ ഗൗരവമുള്ള വിഷയമാണ്.

അധ്യാപികമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ തൃക്കാക്കര ഭാരത് മാതാ കോളെജിലെ ഒരു വിദ്യാർഥിയുടെ ഫോണിൽ നിന്നു കണ്ടെത്തിയതു സമീപനാളുകളിലാണ്. ഈ കേസിൽ രണ്ടു പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇതിലൊരാൾ ഭാരത് മാതാ കോളെജിലെ വിദ്യാർഥി തന്നെയാണ്. രണ്ടാമത്തെയാൾ മറ്റൊരു കോളെജ് വിദ്യാർഥിയും. ഒന്നാം പ്രതി മോർഫ് ചെയ്ത ചിത്രങ്ങൾ ഗ്രൂപ്പ് വഴി വിൽപ്പന നടത്തിയതു രണ്ടാം പ്രതിയാണത്രേ. മറ്റു ജില്ലകളിലേക്കും ഈ ഗ്രൂപ്പിന്‍റെ പ്രവർത്തനം വ്യാപിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. കൂടുതൽ അന്വേഷണം നടത്തുമ്പോൾ കൂടുതൽ അറസ്റ്റുകളും ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോളെജിലെ പരിപാടികൾക്കിടെ പകർത്തിയ ചിത്രങ്ങളും വിഡിയോകളുമാണ് മോർഫ് ചെയ്തു പ്രചരിപ്പിച്ചത്. സംഭവം പുറത്തായതിനു പിന്നാലെ കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്.

ഏറ്റുമാനൂരിലെ എൻജിനീയറിങ് കോളെജിലും സമാന സംഭവമുണ്ടായി. ഫോണിൽ സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് സൂക്ഷിച്ചിരുന്ന ഒരു വിദ്യാർഥിയെ വിദ്യാർഥികൾ തന്നെയാണു പിടികൂടിയത്. അവർ പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. മലപ്പുറത്തും കോളെജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. മലപ്പുറം ജില്ലയിൽ പന്ത്രണ്ടോളം കോളെജുകളിൽ നിന്ന് മോർഫിങ് സംബന്ധിച്ചു പരാതി ലഭിച്ചിട്ടുള്ളതായി സൈബർ പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിച്ചതു സംബന്ധിച്ച് സോഷ്യൽ മീഡിയ അധികൃതരോട് പൊലീസ് വിവരങ്ങൾ തേടിയിരിക്കുകയാണ്. മലപ്പുറത്തെ കേസിൽ വ്യാജ അക്കൗണ്ടുകൾ വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചതിലൂടെ പ്രതി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണു പൊലീസ് കരുതുന്നത്. നേരത്തേ, തിരുവനന്തപുരം മെഡിക്കൽ കോളെജിലെ എംബിബിഎസ് വിദ്യാർഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചതു സംബന്ധിച്ച റിപ്പോർട്ടുകളും ഞെട്ടലോടെയാണു കേരളം കണ്ടത്. ഇരുപതിലേറെ മെഡിക്കൽ വിദ്യാർഥിനികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചതെന്നു പൊലീസ് അറിയിക്കുകയുണ്ടായി. ‌

മെഡിക്കൽ കോളെജിലെ എംബിബിഎസ് വിദ്യാർഥിയായ ഇരുപത്തിമൂന്നുകാരനാണ് സഹപാഠികളും സീനിയർമാരുമായ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. വിദ്യാർഥിനികൾ അവരുടെ സ്വകാര്യ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലും സ്റ്റോറികളിലും പങ്കുവച്ചിരുന്ന സാധാരണ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ ഡൗൺലോഡ് ചെയ്യുകയോ സ്ക്രീൻഷോട്ട് എടുക്കുകയോ ചെയ്യുകയായിരുന്നു. അതിനുശേഷം ഈ ചിത്രങ്ങൾ ഡിജിറ്റൽ ടൂളുകൾ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയും മോശം അടിക്കുറിപ്പുകളോടെ വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. മോർഫ് ചെയ്ത ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതു വിദ്യാർഥിനികളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. അവർ നടത്തിയ അന്വേഷണത്തിലാണു പ്രതി സഹപാഠിയാണെന്നു വ്യക്തമാവുന്നത്. തുടക്കത്തിൽ രണ്ടു വിദ്യാർഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളെജ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാൽ, കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യം ലഭിച്ചു. പൊലീസ് പ്രതിക്കെതിരേ ലഘുവായ വകുപ്പുകൾ ചുമത്തിയതിനെ തുടർന്നാണ് ഇതെന്ന ആരോപണം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളെജിലെ വിദ്യാർഥികൾ ഒന്നടങ്കം രംഗത്തിറങ്ങുകയും പൊലീസ് സ്റ്റേഷനു മുന്നിൽ ധർണയും പ്രതിഷേധവും സംഘടിപ്പിക്കുകയും ചെയ്തു. ഓരോ സംഭവത്തിലും പ്രത്യേകമായി എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തണമെന്നുമായിരുന്നു വിദ്യാർഥികളുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പെൺകുട്ടികൾ പരാതിയുമായി മുന്നോട്ടു വരികയും പ്രതിക്കെതിരേ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുകയുമുണ്ടായി. പൊലീസ് ഇത്തരം കേസുകളെ ‌നിസാരമായി കാണരുത് എന്നതാണു പ്രത്യേകം പറയാനുള്ളത്.

logo
Metro Vaartha
www.metrovaartha.com